
കൊച്ചി: നടുവേദനയ്ക്കുള്ള താക്കോല്‍ദ്വാര ശസ്ത്രക്രിയയെ തുടര്‍ന്ന് രോഗി മരിച്ച സംഭവത്തില്‍ ആശുപത്രിക്കെതിരെ ആരോപണവുമായി സഹോദരന്‍. ചോറ്റാനിക്കര പഞ്ചായത്തിലെ കടുങ്ങമംഗലത്ത് ഞാളിയത്ത് വീട്ടില്‍ ബിജു തോമസ് (54) ആണ് തിങ്കളാഴ്ച മരിച്ചത്. ആലുവ രാജഗിരി ആശുപത്രിയിലെ ചികിത്സാ പിഴവ് മൂലമാണ് തന്റെ സഹോദരന്‍ മരിച്ചതെന്നാണ് ബിനു തോമസിന്റെ ആരോപണം.
വീട്ടില്‍ ഒരു ചെറിയ കാറ്ററിംഗ് യൂണിറ്റ് നടത്തിയിരുന്ന ബിജു നടുവേദനയെ തുടര്‍ന്നാണ് ചികിത്സ തേടിയത്. കുടുബത്തിന്റെ പരാതിയുടെ അടിസ്ഥാനത്തില്‍ ഭാരതീയ നാഗരിക് സുരക്ഷാ സംഹിത (ബിഎന്‍എസ്എസ്) പ്രകാരം എടത്തല പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. 'ഒന്നിലധികം ശസ്ത്രക്രിയകള്‍ക്ക് ശേഷം ആശുപത്രിയുടെ അശ്രദ്ധ മൂലമാണ് എന്റെ സഹോദരന്‍ മരിച്ചത്,'-ബിനു തോമസ് ദി ന്യൂ ഇന്ത്യന്‍ എക്സ്പ്രസിനോട് പറഞ്ഞു.
പത്ത് ദിവസം മുന്‍പാണ് ബിജുവിന് ആദ്യം നടുവേദന അനുഭവപ്പെട്ടതെന്നും എറണാകുളത്തെ മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയിലെ ഒരു ഡോക്ടറെ കണ്ടതായും അദ്ദേഹം പറഞ്ഞു. സിടി സ്‌കാന്‍ നടത്തിയപ്പോള്‍ നട്ടെല്ല് ഡിസ്‌കുകള്‍ക്കിടയില്‍ ഞരമ്പ് കയറിയതായി കണ്ടെത്തിയിരുന്നു. തുടര്‍ന്ന് വിദഗ്ദ്ധ ചികിത്സയ്ക്കായി രാജഗിരി ആശുപത്രിയെ സമീപിക്കുകയും ജൂണ്‍ 25 ന് ഒരു ന്യൂറോ സര്‍ജന്റെ മേല്‍നോട്ടത്തില്‍ ചികിത്സ നടത്തുകയും ചെയ്തു. അദ്ദേഹമാണ് ശസ്ത്രക്രിയ നിര്‍ദ്ദേശിച്ചത്. ജൂണ്‍ 27നായിരുന്നു ശസ്ത്രക്രിയ എന്നും ബിനു പറഞ്ഞു.
'അന്ന് രാത്രിയില്‍, മുറിയിലേക്ക് മാറ്റിയപ്പോള്‍, അദ്ദേഹത്തിന് കഠിനമായ വയറുവേദന അനുഭവപ്പെട്ടു, വയറു വീര്‍ത്തതായി തോന്നി. ഗ്യാസ്‌ട്രോഎന്‍ട്രോളജിസ്റ്റ് അത് ഗ്യാസ് പ്രശ്നമാണെന്ന് കണ്ടെത്തി മരുന്നുകള്‍ നിര്‍ദ്ദേശിച്ചു. എന്നാല്‍ അദ്ദേഹത്തിന്റെ നില വഷളായി, രക്തസമ്മര്‍ദ്ദം കുറഞ്ഞു, അദ്ദേഹത്തെ ഐസിയുവിലേക്ക് കൊണ്ടുപോയി,'- ബിനു പറഞ്ഞു.
പിന്നീട് നടത്തിയ സ്‌കാനിംഗില്‍ ആന്തരിക രക്തസ്രാവം കണ്ടെത്തി. ഇതിന് പിന്നാലെ വയറില്‍ നിന്ന് രക്തം നീക്കം ചെയ്യുന്നതിനായി രണ്ടാമത്തെ ശസ്ത്രക്രിയ നടത്തി. ഇതിനുശേഷം ബിജുവിന് ബോധം തിരിച്ചുകിട്ടിയില്ല എന്നും ആശുപത്രി ജീവനക്കാരുടെ അശ്രദ്ധയാണ് ഇതിന് കാരണമെന്നും ബിനു ആരോപിച്ചു. ബിജുവിന്റെ മരണവുമായി ബന്ധപ്പെട്ട ഏത് അന്വേഷണത്തോടും സഹകരിക്കുമെന്ന് ആലുവയിലെ രാജഗിരി ആശുപത്രി പ്രസ്താവനയില്‍ വ്യക്തമാക്കി.
ബിജുവിനെ ശസ്ത്രക്രിയയ്ക്ക് ശേഷം രണ്ടു മണിക്കൂര്‍ നിരീക്ഷിച്ചു. യാതൊരു പ്രശ്‌നങ്ങളുമില്ല എന്ന് ബോധ്യമായതിന്റെ അടിസ്ഥാനത്തിലാണ് മുറിയിലേക്ക് മാറ്റിയത്. രോഗി രാത്രി ചെറിയ അസ്വസ്ഥതകള്‍ പ്രകടിപ്പിച്ചു. തുടര്‍ന്ന് വിദഗ്ധ പരിശോധന നടത്തുകയും സ്‌കാനിങ്ങിന് വിധേയനാക്കുകയും ചെയ്തു. പരിശോധനയില്‍ ബോധ്യമായ കാര്യങ്ങള്‍ പരിഹരിക്കുന്നതിന് തുടര്‍ ചികിത്സകളും നല്‍കിയതായും ആശുപത്രി മെഡിക്കല്‍ സൂപ്രണ്ട് ഡോ. സണ്ണി പി ഓരത്തേല്‍ വ്യക്തമാക്കി.
രോഗിയുടെ ജീവന്‍ രക്ഷിക്കുന്നതിന് സാധ്യമായതെല്ലാം വിവിധ വിഭാഗങ്ങളിലെ വിദഗ്ധ ഡോക്ടര്‍മാരുടെ നേതൃത്വത്തില്‍ നല്‍കിയിട്ടുണ്ടെന്നും ആശുപത്രി പറയുന്നു. ബിജുവിന്റെ കുടുംബാംഗങ്ങളുടെ ദുഃഖത്തില്‍ പങ്കു ചേരുന്നെന്നും മരണകാരണം വ്യക്തമാകുന്നതിനായി പോസ്റ്റ്‌മോര്‍ട്ടം വേണമെന്ന ആവശ്യം തങ്ങള്‍ തന്നെയാണ് രോഗിയുടെ ബന്ധുക്കളോടും പൊലീസിനോടും ആവശ്യപ്പെട്ടതെന്നും ആശുപത്രി അധികൃതര്‍ പ്രസ്താവനയില്‍ വ്യക്തമാക്കി.
Edathala police have registered a case of unnatural death and launched an investigation into the alleged medical lapse
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates