തിരുവനന്തപുരം: താന്‍ നടത്തിയത് പ്രൊഫഷണല്‍ സൂയിസൈഡ് ആയിരുന്നുവെന്ന് ഡോ. ഹാരിസ് ചിറയ്ക്കല്‍. എല്ലാ വഴിയും അടഞ്ഞപ്പോഴാണ് തുറന്ന് പറഞ്ഞത്. തുറന്നു പറച്ചിലിന് ശിക്ഷാനടപടി പ്രതീക്ഷിച്ചിരുന്നു. എല്ലാ വാതിലും കൊട്ടിയടച്ചപ്പോഴാണ് തുറന്നു പറയാന്‍ നിര്‍ബന്ധിതനായത്. സര്‍ക്കാരിനെയോ ആരോഗ്യമന്ത്രിയേയോ കുറ്റപ്പെടുത്തിയിട്ടില്ല. ബ്യൂറോക്രസിയെയാണ് കുറ്റപ്പെടുത്തിയതെന്നും ഡോ. ഹാരിസ് പറഞ്ഞു.
ബ്യൂറോക്രസിയുടെ ചുവപ്പുനാടയ്ക്കും മെല്ലെപ്പോക്കിനുമെതിരെ, സംവിധാനം നന്നാകാനാണ് പ്രതികരിച്ചത്. ഇപ്പോഴും ബ്യൂറോക്രസിയെയാണ് കുറ്റപ്പെടുത്തുന്നത്. ബ്യൂറോക്രസിക്ക് ഇപ്പോഴും പ്രശ്‌നങ്ങളുണ്ട്. മെഡിക്കല്‍ കോളജിലെ ഉപകരണങ്ങളുടെ പ്രതിസന്ധി പരിഹരിച്ചു. രോഗികളുടെ സര്‍ജറി കഴിഞ്ഞു. അവരെ ഇന്നോ നാളെയോ ഡിസ്ചാര്‍ജ് ചെയ്യാന്‍ സാധിക്കും. പക്ഷെ ഉപകരണങ്ങളുടെ ക്ഷാമം പലതും നിലവിലുണ്ട്. വിദഗ്ധ സമിതിയെ തെളിവുകള്‍ സഹിതം സൂചിപ്പിച്ചതാണ്. അന്ന് അവര്‍ ചില പ്രതിവിധികള്‍ നിര്‍ദേശിച്ചിരുന്നു. അത് നടപ്പിലാകണമെന്നതാണ് തന്റെ ആഗ്രഹമെന്ന് ഡോ. ഹാരിസ് പറഞ്ഞു.
ഇത്തരം പ്രശ്‌നങ്ങള്‍ ശാശ്വതമായി പരിഹരിക്കാനുള്ള സംവിധാനങ്ങള്‍ ഉണ്ടാകണം. ഇത്തവണ തന്റെ കരിയറും ജോലിയുമെല്ലാം ത്യജിക്കുന്ന തരത്തില്‍, വലിയ റിസ്‌കെടുത്താണ് മുന്നോട്ടു വന്നത്. ഇങ്ങനെ ആരും മുന്നോട്ടു വരുമെന്ന് തോന്നുന്നില്ല. തനിക്കും ഇങ്ങനെ ഇനി വരാനാകുമോയെന്ന് അറിയില്ല. താനില്ലാതായാലും പ്രശ്‌നങ്ങള്‍ ഇല്ലാതാകില്ലല്ലോ. അത് പരിഹരിക്കാനുള്ള നടപടി ഉണ്ടാകണം. മുമ്പോട്ടു പോകാന്‍ പല മാര്‍ഗങ്ങളും ശ്രമിച്ച് പരാജയപ്പെടുമ്പോഴാണല്ലോ പലരും ആത്മഹത്യ ചെയ്യുന്നത്. അതുപ്രകാരം തന്റേത് പ്രൊഫഷണല്‍ സൂയിസൈഡ് ആണെന്ന് പറയാമെന്ന് ഡോ. ഹാരിസ് പറഞ്ഞു.
തനിക്കുമേല്‍ ഒരു സമ്മര്‍ദ്ദവുമില്ല. താന്‍ പറഞ്ഞതിനെ ആരെങ്കിലും എതിര്‍ക്കുമെന്ന് വിചാരിച്ചിരുന്നു. എന്നാല്‍ ഒരാള്‍ പോലും താന്‍ ഉന്നയിച്ച വിഷയത്തില്‍ എതിര്‍ത്തിട്ടില്ല. തനിക്കെതിരെ കുറ്റപ്പെടുത്തലും നടപടിയുമുണ്ടായാലും നിലപാട് തുടരും. ആരോഗ്യവകുപ്പിനെ മോശക്കാരനാക്കി കാണിക്കാന്‍ ഉദ്ദേശിച്ചിട്ടില്ല. ആശുപത്രികളിലേക്ക് പ്രതിഷേധം സംഘടിപ്പിക്കുകയോ ചികിത്സ തടസ്സപ്പെടുത്തുകയോ ചെയ്യരുത്. തന്റെ വെളിപ്പെടുത്തലിനെതിരായ മുഖ്യമന്ത്രിയുടെ കുറ്റപ്പെടുത്തലില്‍ വിഷമമില്ല. അദ്ദേഹം ഗുരുനാഥന് തുല്യനാണെന്നും ഹാരിസ് ചിറയ്ക്കല്‍ പറഞ്ഞു. ഇത്രനാളും ചുവപ്പുനാടയില്‍ കുടുങ്ങിക്കിടന്ന ഫയല്‍ ഒറ്റരാത്രി കൊണ്ട് ശരിയായി. ഹൈദരാബാദില്‍ നിന്നും എങ്ങനെ ഇത്ര പെട്ടെന്ന് ഉപകരണങ്ങള്‍ എത്തി?. പ്രതികരിച്ചാലേ പരിഹാരം ഉണ്ടാകൂ എന്നാണോ?. പ്രശ്‌നങ്ങള്‍ പരിഹരിച്ചാല്‍ ആരോഗ്യമേഖലയുടെ വളര്‍ച്ച നല്ല നിലയില്‍ ഉണ്ടാകുമെന്നും ഡോ. ഹാരിസ് പറഞ്ഞു.
താന്‍ ഉന്നയിച്ച വിഷയത്തിലെ കാരണം വിദഗ്ധ സമിതി കണ്ടെത്തുമെന്ന് ഡോ. ഹാരിസ് അഭിപ്രായപ്പെട്ടു. കളക്ടറേറ്റില്‍ രണ്ടുമാസമാണ് ഫയല്‍ മുടങ്ങിക്കിടന്നത്. ചികിത്സയ്ക്ക് ആവശ്യമായ ഫയല്‍ എങ്ങനെയാണ് കലക്ടറേറ്റില്‍ മുടങ്ങിക്കിടക്കുക?. പുറത്തു പറഞ്ഞ അന്നു രാത്രി തന്നെ പ്രശ്‌നം സോള്‍വായി ഒറ്റരാത്രി കൊണ്ടു തന്നെ ഹൈദരാബാദില്‍ പോയതെങ്ങനെയാണ്?. ആവശ്യപ്പെട്ട 10 ഡിഗ്രി ടെലസ്‌കോപ്പും ആശുപത്രിയില്‍ എത്തിച്ചു. മാസങ്ങളും വര്‍ഷങ്ങളും മുടങ്ങിക്കിടന്നത് ഇത്ര വേഗത്തില്‍ എങ്ങനെ എത്തിച്ചു?. ഈ നടപടികളെല്ലാം ഒറ്റദിവസം കൊണ്ട് എങ്ങനെ പൂര്‍ത്തീകരിക്കാന്‍ സാധിച്ചു?. ഇതിനര്‍ത്ഥം പ്രശ്‌നമുണ്ടാക്കിയാല്‍ മാത്രമേ നടപടിയുള്ളൂ എന്നാണോ?. ഇടതുപക്ഷ സഹയാത്രികന്‍ എന്ന നിലയില്‍ മുഖ്യമന്ത്രിയെ ആദരിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്നു. എന്നെ എന്തുചെയ്താലും അദ്ദേഹത്തോടുള്ള ബഹുമാനത്തില്‍ ഒരു കുറവും ഉണ്ടാവുകയില്ലെന്നും ഡോ. ഹാരിസ് ചിറയ്ക്കല്‍ പറഞ്ഞു.
Dr. Haris Chirakkal said he did not blame Kerala government. He spoke out when all other avenues were closed. Harris also said he expected punishment for speaking out.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates