
കൊച്ചി : കോട്ടയം മെഡിക്കല്‍ കോളജ് അപകടത്തില്‍ മന്ത്രിമാരും സര്‍ക്കാരും കാണിച്ചത് നിരുത്തരവാദപരമായ സമീപനമായിരുന്നെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. രക്ഷാപ്രവര്‍ത്തനം നടത്തേണ്ട സ്ഥലത്ത് അതുചെയ്യാതെ, അവിടെ നിന്ന് ആരോഗ്യവകുപ്പിന്റെ നേട്ടങ്ങളെക്കുറിച്ച് പ്രസംഗിക്കുകയാണ് മന്ത്രി ചെയ്ത്. മന്ത്രി വീണാ ജോര്‍ജ് വന്ന് ഒന്നും നഷ്ടപ്പെട്ടിട്ടില്ലെന്ന് പറഞ്ഞതാണ് രക്ഷാപ്രവര്‍ത്തനം വൈകാന്‍ കാരണമെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.
ചാണ്ടി ഉമ്മന്‍ എംഎല്‍എ അവിടെ വന്നു ബഹളം ഉണ്ടാക്കിയപ്പോഴാണ് രക്ഷാപ്രവര്‍ത്തനം ആരംഭിച്ചത്. സര്‍ക്കാരിലെ ഒരാളു പോലും ദുരന്തത്തില്‍പ്പെട്ട കുടുംബത്തിലെ ആരെയും വിളിച്ചിട്ടില്ല, ആശ്വസിപ്പിച്ചിട്ടില്ല. ആ അമ്മയാണ് ആ കുടുംബം നടത്തിക്കൊണ്ടുപോകുന്നത്, നഷ്ടപരിഹാരം നല്‍കാമെന്നു പോലും പറഞ്ഞിട്ടില്ല. മകള്‍ക്ക് ഗുരുതരമായ അസുഖം ബാധിച്ച് സര്‍ജറിക്കായി മെഡിക്കല്‍ കോളജിലെത്തിയതാണ്.
വീടുപണി പോലും പൂര്‍ത്തിയാക്കാത്ത കുടുംബമാണ് ബിന്ദുവിന്റേത്. ആ കുടുംബത്തിന് മിനിമം 25 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണം. ആ കുട്ടിയുടെ ചികിത്സ സര്‍ക്കാര്‍ ഏറ്റെടുക്കണം. കുടുംബത്തിലെ ഒരാള്‍ക്ക് ജോലി കൊടുക്കണമെന്നും വിഡി സതീശന്‍ ആവശ്യപ്പെട്ടു. വീണാ ജോര്‍ജ് ഒരുനിമിഷം പോലും മന്ത്രിസ്ഥാനത്ത് തുടരാന്‍ അര്‍ഹയല്ല. ആരോഗ്യകേരളത്തെ മന്ത്രി വെന്റിലേറ്ററിലാക്കി. പി ആര്‍ പ്രൊപ്പഗാണ്ട മാത്രമാണ് നടക്കുന്നത്.
കേരളത്തിലെ മുഴുവന്‍ മെഡിക്കല്‍ കോളജുകളിലും സര്‍ക്കാര്‍ ആശുപത്രികളിലും ഇതുതന്നെയാണ് സ്ഥിതി. മരുന്നും നൂലും പഞ്ഞി പോലുമില്ല. കോടിക്കണക്കിന് രൂപ കൊടുക്കാനുള്ളതുകൊണ്ട് മരുന്നു സപ്ലൈ പോലും നിര്‍ത്തിവെച്ചിരിക്കുകയാണ്. പാവപ്പെട്ട രോഗികള്‍ വരുമ്പോള്‍ മരുന്ന് പുറത്തേക്ക് എഴുതിക്കൊടുക്കുകയാണ്. എങ്കില്‍ പിന്നെ എന്തിനാണ് സര്‍ക്കാര്‍ ആശുപത്രിയെന്ന് വിഡി സതീശന്‍ ചോദിച്ചു. എന്തുകാര്യം സംഭവിച്ചാലും മന്ത്രി റിപ്പോര്‍ട്ട് തേടിക്കൊണ്ടിരിക്കലാണ്. മന്ത്രിക്ക് ലഭിച്ച റിപ്പോര്‍ട്ടുകള്‍ എല്ലാം സമാഹരിച്ചുവെച്ചാല്‍ അഞ്ചെട്ട് വോള്യമെങ്കിലും ഉണ്ടാകുമെന്ന് പ്രതിപക്ഷ നേതാവ് പരിഹസിച്ചു.
അത്രമാത്രം പ്രശ്‌നങ്ങളാണ് ഈ കാലഘട്ടത്തില്‍ കേരളത്തിലുണ്ടായിരിക്കുന്നത്. ഈ വാചകമടിയും പി ആര്‍ വര്‍ക്കും മാത്രമാണ് നടക്കുന്നത്. ലോകത്തുള്ള എല്ലാ പകര്‍ച്ചവ്യാധികളും ഇപ്പോള്‍ കേരളത്തിലുണ്ട്. ഇതിനെക്കുറിച്ച് പഠിക്കാനോ, ഡാറ്റ കലക്ട് ചെയ്യാനോ മന്ത്രി തയ്യാറാകുന്നില്ല. ഒരു ഗവേര്‍ണന്‍സ് വകുപ്പില്‍ നടക്കുന്നില്ല. സര്‍ക്കാരില്ലായ്മയുടെ അവസാനത്തെ ഉദാഹരണമാണ് കോട്ടയം മെഡിക്കല്‍ കോളജില്‍ കണ്ടത്. ആശുപത്രികളില്‍ ആവശ്യത്തിന് ഉപകരണങ്ങള്‍ ഇല്ലെന്നാണല്ലോ ഇപ്പോള്‍ പറയുന്നത്. കുറേ സാധനങ്ങള്‍ വാങ്ങിച്ചുവെച്ചിരിക്കുന്നത് ആവശ്യമുള്ളതാണോ എന്ന് മാധ്യമങ്ങൾ അന്വേഷിക്കണം.
ആവശ്യമില്ലാതെ പല സാധനങ്ങളും വാങ്ങി വെച്ചിട്ടുണ്ട്. ഇതിനു പിന്നിലെന്താണെന്ന് അറിയാമല്ലോ?. എക്‌സ്പയറി ഡേറ്റ് കഴിഞ്ഞ മരുന്നു പോലും വിതരണം നടത്തിയ ആളുകളാണ്. സര്‍ക്കാരില്ലായ്മ സംസ്ഥാനത്ത് പ്രകടമാണ്. കോണ്‍ഗ്രസും യുഡിഎഫും ഇതിനെതിരെ ശക്തമായ സമരവുമായി മുന്നോട്ടു പോകും. ആരോഗ്യമന്ത്രി രാജിവെച്ച് പുറത്തുപോകണമെന്ന് പ്രതിപക്ഷം ആവശ്യപ്പെടുകയാണ്. മുഖ്യമന്ത്രി പതിവുപോലെ മൗനത്തിലാണല്ലോ. നിലമ്പൂര്‍ ഇലക്ഷന്‍ കഴിഞ്ഞശേഷം അദ്ദേഹം ഒരക്ഷരം പോലും മിണ്ടിയിട്ടില്ല. ആവശ്യമുള്ള സമയത്ത് മിണ്ടാതിരിക്കുന്നത് ഒരു കൗശലമായി എടുത്തിരിക്കുകയാണ് മുഖ്യമന്ത്രിയെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.
Opposition leader VD Satheesan says ministers and government showed irresponsible approach in Kottayam Medical College accident. Opposition leader demands that Minister Veena George resign.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates