
നിലമ്പൂർ ഉപതെരഞ്ഞെടുപ്പിൽ മത്സരിക്കാൻ പി വി അൻവർ (PV Anvar)ഒരുങ്ങുന്നു.മത്സരിക്കില്ലെന്ന് ആവർത്തിച്ച് അവകാശപ്പെടുന്നതിനിടയിലാണ് അദ്ദേഹത്തിന്റെ ഈ നീക്കം. നാമനിർദ്ദേശ പത്രികയ്ക്കൊപ്പം നൽകേണ്ടുന്ന ബാധ്യതാരഹിത സാക്ഷ്യപത്രം (നോൺ-ലയബിലിറ്റി സർട്ടിഫിക്കറ്റ്) നിയമസഭയിൽ നിന്നും അദ്ദേഹം വാങ്ങി. ഇത് വാങ്ങിയതോടെയാണ് അൻവർ മത്സരിക്കാനുള്ള സാധ്യത ഉയർന്നത്.
തൃണമൂൽ കോൺഗ്രസ് സംസ്ഥാന കൺവീനറായയ അൻവർ നാളെ (ജൂൺ 2) നാമനിർദ്ദേശ പത്രിക സമർപ്പിക്കുമെന്ന് ടി എം സി സംസ്ഥാന സെക്രട്ടേറിയറ്റ് അംഗമായ ഇ.എ. സുകു ന്യൂ ഇന്ത്യൻ എക്സ്പ്രസ്സിനോട് പറഞ്ഞു.
നാമനിർദ്ദേശ പത്രിക സമർപ്പിക്കാനുള്ള അവസാന തീയതി ജൂൺ രണ്ട് തിങ്കളാഴ്ചയാണ്.
ഇടതുപക്ഷ സ്വതന്ത്രനായി മത്സരിച്ച ജയിച്ച അൻവർ രാജിവെച്ചതിനെ തുടർന്നാണ് നിലമ്പൂരിൽ ഉപതെരഞ്ഞെടുപ്പിന് കളമൊരുങ്ങിയത്. എൽ ഡി എഫിനോട് വിടപറഞ്ഞ് യു ഡി എഫിനൊപ്പം ചേരാൻ അൻവർ ശ്രമിച്ചിരുന്നുവെങ്കിലും അവർ അവസാനം അൻവറിനെ കൈവിടുകയായിരുന്നു.
സംസ്ഥാന നിയമസഭ നൽകിയ ബാധ്യതാരഹിത സാക്ഷ്യപത്രം (നോൺ-ലയബിലിറ്റി സർട്ടിഫിക്കറ്റ്) ശനിയാഴ്ച അൻവറിന് ലഭിച്ചു. അൻവറിന് ഇതുമായി ബന്ധപ്പെട്ട രേഖകൾ നൽകിയതായി നിയമസഭയിലെ ഉദ്യോഗസ്ഥർ സ്ഥിരീകരിച്ചു. “അപേക്ഷ പരിഗണിച്ചതിന് ശേഷം ശനിയാഴ്ച അൻവറിന് ബാധ്യതാരഹിത സാക്ഷ്യപത്രം (നോൺ-ലയബിലിറ്റി സർട്ടിഫിക്കറ്റ്) നൽകിയിട്ടുണ്ട്,” നിയമസഭാ വൃത്തങ്ങൾ ന്യൂ ഇന്ത്യൻ എക്സ്പ്രസ്സിനോട് പറഞ്ഞു.
നിയമസഭാംഗമായിരുന്നതിനാൽ സംസ്ഥാനത്തിനോ സംസ്ഥാന സർക്കാരിനു കീഴിലുള്ള ഏതെങ്കിലും സ്ഥാപനത്തിനോ ബാധ്യതകളൊന്നുമില്ലെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന് നാമനിർദ്ദേശ പത്രിക നൽകുന്നതിന് ബാധ്യതാ സർട്ടിഫിക്കറ്റ് നിർബന്ധമാണ്.
യു ഡി എഫിന്റെ ഭാഗമാകില്ലെന്നും തെരഞ്ഞെടുപ്പിന് മത്സരിക്കുന്നില്ലെന്നും പരസ്യമായി പ്രഖ്യാപിച്ച് മണിക്കൂറുകൾക്കമാണ് അൻവറിന്റെ നാടകീയ നീക്കങ്ങൾ.
“അൻവർ ടി.എം.സിയുടെ ബാനറിൽ മത്സരിക്കും. സാമ്പത്തിക, രാഷ്ട്രീയ സഹായത്തിനായി ഞങ്ങൾ കേന്ദ്ര നേതൃത്വത്തെയും സമീപിച്ചിട്ടുണ്ട്. പശ്ചിമ ബംഗാളിൽ നിന്നുള്ള നേതാക്കളും ഇവിടെയെത്തി അൻവറിനുവേണ്ടി പ്രചാരണം നടത്താൻ സാധ്യതയുണ്ട്,” സുകു പറഞ്ഞു. ഇക്കാര്യം നേരിട്ട് സ്ഥിരീകരിക്കുന്നതിനായി ന്യൂ ഇന്ത്യൻ എക്സപ്രസ് പി.വി. അൻവറിനെ പലതവണ ബന്ധപ്പെടാൻ ശ്രമിച്ചുവെങ്കിലും അദ്ദേഹം പ്രതികരിച്ചില്ല.
ശനിയാഴ്ച വൈകുന്നേരം മാധ്യമങ്ങളോട് സംസാരിക്കവെ, സാമ്പത്തിക ബുദ്ധിമുട്ടുകൾ കാരണം മാത്രമാണ് മത്സരിക്കേണ്ടെന്ന് തീരുമാനിച്ചതെന്നും വേണ്ടത്ര പിന്തുണയില്ലാത്തതുകൊണ്ടല്ലെന്നും അൻവർ പറഞ്ഞിരുന്നു. “ഇപ്പോൾ ആളുകൾ പണവുമായി മുന്നോട്ടുവന്ന് പണം നൽകാമെന്ന് പറയുന്നു. അവർ 5000 രൂപ, 2000 രൂപ, 1000 രൂപ എന്നിങ്ങനെ സഹായം നൽകുന്നു.വാർഡുകളുടെ കാര്യങ്ങൾ തങ്ങൾ നോക്കിക്കൊള്ളാമെന്നും നാമനിർദ്ദേശ പത്രിക സമർപ്പിച്ച ശേഷം വീട്ടിലിരുന്നാൽ മതിയെന്നും നിരവധി ആളുകൾ എന്നോട് പറയുന്നു. ഉപതെരഞ്ഞെടുപ്പിൽ നിന്ന് വിട്ടുനിൽക്കരുതെന്ന് എല്ലാവരും പറയാൻ തുടങ്ങിയാൽ ഞാൻ എന്തുചെയ്യും?” അദ്ദേഹം ചോദിച്ചു.
ഉപതെരഞ്ഞെടുപ്പിൽ മത്സരിക്കാനുള്ള അൻവറിന്റെ നീക്കം യുഡിഎഫ് നേതാക്കളും അറിഞ്ഞിട്ടുണ്ട്. അൻവറിന്റെ നീക്കത്തെക്കുറിച്ച് തങ്ങൾക്ക് അറിയാമെന്നും ഏത് വെല്ലുവിളിയെയും നേരിടാൻ തയ്യാറാണെന്നും ഒരു ഉന്നത യുഡിഎഫ് നേതാവ് ന്യൂ ഇന്ത്യൻ എക്സ്പ്രസ്സിനോട് പറഞ്ഞു. "യുഡിഎഫിൽ ആഭ്യന്തര പ്രശ്നങ്ങളൊന്നുമില്ല. ഞങ്ങൾ പ്രചാരണവുമായി മുന്നോട്ട് പോകുകയാണ്," അദ്ദേഹം പറഞ്ഞു.
“വി ഡി സതീശന്റെ പിടിവാശിയാണ് പ്രശ്‌നം ഇത്രയും വഷളാക്കിയത്,” എന്ന് ഇഎ സുകു ന്യൂ ഇന്ത്യൻ എക്സ്പ്രസ്സിനോട് പറഞ്ഞു. സതീശൻ, അന്നത്തെ കെപിസിസി പ്രസിഡൻ്റ് കെ സുധാകരൻ, യുഡിഎഫ് കൺവീനർ എംഎം ഹസ്സൻ, മുതിർന്ന നേതാവ് രമേശ് ചെന്നിത്തല എന്നിവരുമായി അൻവർ ചർച്ച നടത്തിയ ദിവസം തന്നെ ടിഎംസിയെ യുഡിഎഫിൽ അസോസിയേറ്റ് അംഗമായി ഉൾപ്പെടുത്താനുള്ള തീരുമാനമെടുത്തിരുന്നു. തീരുമാനം പരസ്യമായി പ്രഖ്യാപിക്കാൻ യുഡിഎഫ് ചെയർമാൻ സതീശനെ ചുമതലപ്പെടുത്തുകയും ചെയ്തു.
എന്നാൽ, ഇന്നുവരെ അദ്ദേഹം അത് പ്രഖ്യാപിക്കാത്തതിന് പിന്നിലെ കാരണം ഞങ്ങൾക്കറിയില്ല. ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിനുശേഷവും സതീശൻ ഇക്കാര്യം രഹസ്യമാക്കി വച്ചു. അൻവർ, പരസ്യമായി വിമർശിച്ച, ഷൗക്കത്തിനെ സ്ഥാനാർത്ഥിയായി തീരുമാനിക്കുന്നതിന് മുമ്പ് കോൺഗ്രസിന് അദ്ദേഹത്തെ വിശ്വാസത്തിലെടുക്കാമായിരുന്നു. അതും സംഭവിച്ചില്ല. വി ഡി സതീശൻ, ഷാഫി പറമ്പിൽ, രാഹുൽ മാങ്കൂട്ടത്തിൽ എന്നിവരടങ്ങുന്ന ഒരു ഗ്രൂപ്പാണ് ഇപ്പോൾ കോൺഗ്രസിലെ കാര്യങ്ങൾ തീരുമാനിക്കുന്നത്, ”അദ്ദേഹം ആരോപിച്ചു.
ദിവസങ്ങൾക്ക് മുമ്പ് ചേർന്ന ടിഎംസിയുടെ നിലമ്പൂർ നിയോജകമണ്ഡലം കമ്മിറ്റി അൻവറിനെ മത്സരിക്കാൻ ആവശ്യപ്പെട്ടിരുന്നു. വ്യാഴാഴ്ച ചേർന്ന സംസ്ഥാന സെക്രട്ടേറിയറ്റ് യോഗവും ഇതേ ആവശ്യം ഉന്നയിക്കുകയും അന്തിമ തീരുമാനം എടുക്കാൻ അൻവറിനെ ചുമതലപ്പെടുത്തുകയും ചെയ്തിരുന്നു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ ക്ലിക്ക് ചെയ്യൂ