
മലപ്പുറം: പി വി അൻവർ നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പില്‍ മത്സരിച്ചാലും ഇല്ലെങ്കിലും ഇടതുമുന്നണിക്ക് ഒന്നുമില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ ( M V Govindan ). അന്‍വര്‍ ഒരു പാര്‍ട്ടിയുടെ നേതാവ്. തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നു. അദ്ദേഹം മത്സരിച്ചാലും ഇല്ലെങ്കിലും ഇടതുപക്ഷ ജനാധിപത്യ മുന്നണിക്ക് നിലമ്പൂര്‍ മണ്ഡലത്തില്‍ ഒരു പ്രയാസവുമില്ലെന്ന് എം വി ഗോവിന്ദന്‍ പറഞ്ഞു.
അന്‍വര്‍ സിപിഎമ്മില്‍ നിന്നും ഇടതുപക്ഷ മുന്നണിയില്‍ നിന്നും യുഡിഎഫിന്റെ ഭാഗമാകാന്‍ പോയി. അദ്ദേഹം എടുത്തുകൊണ്ടിരിക്കുന്ന നിലപാട് തെറ്റാണെന്ന് ഞങ്ങള്‍ അന്നേ പറഞ്ഞതാണ്. അദ്ദേഹത്തിന് പരിപൂര്‍ണമായ പിന്തുണ കൊടുത്തുകൊണ്ടിരുന്നത് കോണ്‍ഗ്രസും യുഡിഎഫുമാണ്. കോണ്‍ഗ്രസ് അദ്ദേഹത്തിനെതിരെ ഗൂഢാലോചന നടത്തിയെന്നാണ് അദ്ദേഹം ഇപ്പോള്‍ പറയുന്നത്.
അന്‍വര്‍ നിര്‍ദേശിച്ച സ്ഥാനാര്‍ത്ഥിയെ യുഡിഎഫ് നിര്‍ത്തിയില്ല എന്നു മാത്രമല്ല, ഒരിക്കലും ജയിക്കാന്‍ സാധ്യതയില്ലാത്ത, നിരവധിയായ പ്രശ്‌നങ്ങള്‍ അഭിമുഖീകരിക്കുന്ന ഒരു സ്ഥാനാര്‍ത്ഥിയെ നിര്‍ത്തി എന്നും അന്‍വര്‍ പറയുകയാണ്. യുഡിഎഫ് സ്ഥാനാര്‍ത്ഥിയെപ്പറ്റി ഇടതു നേതാക്കള്‍ പോലും പറയാത്ത കാര്യമാണ് അന്‍വര്‍ പറഞ്ഞതെന്നും എംവി ഗോവിന്ദന്‍ പറഞ്ഞു.
നിലമ്പൂരില്‍ യുഡിഎഫ് സ്ഥാനാര്‍ഥി ആര്യാടന്‍ ഷൗക്കത്ത് ജയിക്കില്ലെന്ന് പിവി അന്‍വര്‍ ആവർത്തിച്ചു. ഷൗക്കത്ത് തോല്‍ക്കാനുള്ള കാരണങ്ങള്‍ ഒന്നൊന്നായി പിവി അന്‍വര്‍ വാര്‍ത്താസമ്മേളനത്തില്‍ ചൂണ്ടിക്കാട്ടി. പിണറായിസത്ത അവസാനിപ്പിക്കാന്‍ ഷൗക്കത്തിന് കഴിയില്ലെന്നും അന്‍വര്‍ പറഞ്ഞു.2016ല്‍ 12,000 വോട്ടിനാണ് നിലമ്പൂരില്‍ ആര്യാടന്‍ ഷൗക്കത്ത് തന്നോട് തോറ്റത്. കഴിഞ്ഞ തവണ രണ്ടായിരത്തിലേറെ വോട്ടിനും. അദ്ദേഹത്തിനോടുള്ള ആ നാട്ടിലെ ജനങ്ങളുടെ വികാരമാണ് അവിടെ പ്രതിഫലിച്ചത്.
ആര്യാടന്‍ ഷൗക്കത്തിനെ മുസ്ലീം സമുദായത്തിന്റെ ആളായി ഒരാളും അംഗീകരിക്കില്ല. ഒരു മുസല്‍മാന്‍ മുസ്ലീം സമുദായത്തെ പറ്റി മോശമായിപ്പറഞ്ഞാല്‍ ആരും അംഗീകരിക്കല്ല, അതാണ് ആര്യാടന്‍ ഷൗക്കത്ത്. അതിന്റെ ഒരുദാഹരണമാണ് പികെ സൈനബയെ മഞ്ചേരിയില്‍ സ്ഥാനാര്‍ഥിയാക്കിയപ്പോള്‍ കണ്ടത്. അവരുടെ വേഷവിതാനം പോലും ഇസ്ലാമിനെതിരൊണ്. അവിടെ കമ്യൂണിസ്റ്റുകാര്‍പോലും മതനിഷേധിക്ക് വോട്ട് ചെയ്തു. അത് തെരഞ്ഞെടുപ്പില്‍ പ്രതിഫലിച്ചു.
നിലമ്പൂരില്‍ അത് തന്നെയാണ് സ്വരാജിന് സംഭവിക്കുക. ശബരിമലയില്‍ വിശ്വാസികള്‍ക്കെതിരെ സംസ്ഥാനം മുഴുവന്‍ പറഞ്ഞുനടന്ന ആളാണ് സ്വരാജെന്നും അന്‍വര്‍ പറഞ്ഞു.പിണറായി സര്‍ക്കാരിന്റെ മോശപ്പെട്ട പ്രവര്‍ത്തനങ്ങളെയും പൊലീസിലെ ആര്‍എസ്എസ് വത്കരണം ഉള്‍പ്പടെയുള്ള കാര്യങ്ങളാണ് താന്‍ എതിര്‍ത്തത്. സിപിഎമ്മിന്റെ നയങ്ങള്‍ക്കെതിരായിട്ടാണ് സര്‍ക്കാര്‍ പ്രവര്‍ത്തിക്കുന്നത്. സഖാക്കള്‍ക്കും ജനങ്ങള്‍ക്കും നീതി ലഭിക്കുന്നില്ലെന്നും ചൂണ്ടിക്കാട്ടിയാണ് രാജിവച്ചത് എന്നും പി വി അൻവർ പറഞ്ഞു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ ക്ലിക്ക് ചെയ്യൂ