പൊലീസ് മേധാവി നിയമനം: അജിത് കുമാര്‍ ഒഴികെ പട്ടികയിലുള്ളവര്‍ക്കെതിരെ പരാതി പ്രളയം

പട്ടികയില്‍ ഒന്നാമതുള്ള നിതിന്‍ അഗര്‍വാളിനെതിരെ മൂന്നു പരാതികളാണ് ലഭിച്ചിട്ടുള്ളത്
DGP Shaikh Darvesh Sahib, M R Ajith Kumar
DGP Shaikh Darvesh Sahib, M R Ajith Kumar
Updated on

തിരുവനന്തപുരം: സംസ്ഥാന പൊലീസ് മേധാവി ( State Police Chief ) സ്ഥാനത്തേക്ക് മത്സരം മുറുകുന്നു. ഡിജിപി സ്ഥാനത്തേക്ക് പരിഗണിക്കാനായി സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ പട്ടികയില്‍ ഇടംപിടിച്ചവര്‍ക്കെതിരെ യുപിഎസ് സിയിലേക്ക് പരാതി പ്രളയമാണ്. രണ്ടാഴ്ചയ്ക്കുള്ളില്‍ അടുത്ത ഡിജിപി ( DGP ) സംബന്ധിച്ച് യുപിഎസ് സി അന്തിമ പട്ടിക തയ്യാറാക്കി കേരളത്തിന് സമര്‍പ്പിക്കാനിരിക്കെയാണ് പരാതികളുടെ കുത്തൊഴുക്ക്.

സംസ്ഥാനത്തെ ഏറ്റവും മുതിര്‍ന്ന ഐപിഎസ് ഉദ്യോഗസ്ഥരായ നിതിന്‍ അഗര്‍വാള്‍, റവാഡ ചന്ദ്രശേഖര്‍, യോഗേഷ് ഗുപ്ത, മനോജ് എബ്രഹാം, സുരേഷ് രാജ് പുരോഹിത്, എം ആര്‍ അജിത് കുമാര്‍ എന്നീ ആറ് ഉദ്യോഗസ്ഥരാണ് സംസ്ഥാന സര്‍ക്കാര്‍ ഡിജിപി സ്ഥാനത്തേക്ക് പരിഗണിക്കാനായി സമര്‍പ്പിച്ച പട്ടികയില്‍ ഇടംപിടിച്ചിട്ടുള്ളത്. ഇതില്‍ നിന്നും മൂന്നുപേരുടെ അന്തിമ പട്ടിക തയ്യാറാക്കി യുപിഎസ് സി സംസ്ഥാന സര്‍ക്കാരിന് കൈമാറും. ഇതില്‍ നിന്നാണ് പുതിയ പൊലീസ് മേധാവിയെ സംസ്ഥാന സര്‍ക്കാര്‍ നിയമിക്കുക.

യുപിഎസ് സി സംസ്ഥാന സര്‍ക്കാര്‍ സമര്‍പ്പിച്ച ഉദ്യോഗസ്ഥരുടെ ട്രാക്ക് റെക്കോര്‍ഡുകള്‍ അടക്കം പരിശോധിക്കുന്നതിനിടെയാണ്, ഉദ്യോഗസ്ഥര്‍ക്കെതിരെ തുരുതുരാ പരാതികള്‍ ലഭിക്കുന്നത്. പട്ടികയില്‍ ഒന്നാമതുള്ള നിതിന്‍ അഗര്‍വാളിനെതിരെ മൂന്നു പരാതികളാണ് ലഭിച്ചിട്ടുള്ളത്. നിലവില്‍ റോഡ് സുരക്ഷാ കമ്മീഷണറാണ് നിതിന്‍ അഗര്‍വാള്‍. പട്ടികയില്‍ രണ്ടാമതുള്ള റവാഡ ചന്ദ്രശേഖര്‍ ഐബി ഡെപ്യൂട്ടി ഡയറക്ടറാണ്. സംസ്ഥാന ഫയര്‍ഫോഴ്സ് മേധാവി യോഗേഷ് ഗുപ്തയാണ് മൂന്നാമന്‍. സംസ്ഥാന വിജിലന്‍സ് ഡയറക്ടര്‍ മനോജ് എബ്രഹാം ആണ് നാലാമന്‍. സുരേഷ് രാജ് പുരോഹിതന്‍ ആണ് അഞ്ചാമന്‍. പട്ടികയില്‍ ആറാമനാണ് എം ആര്‍ അജിത് കുമാര്‍.

പട്ടികയില്‍ ഇടംപിടിച്ച എം ആര്‍ അജിത് കുമാര്‍ ഒഴികെയുള്ളവര്‍ക്കെതിരെയെല്ലാം യുപിഎസ്സിക്ക് പരാതികള്‍ ലഭിച്ചു. കേന്ദ്ര ഡെപ്യൂട്ടേഷനിലുള്ള റവാഡ ചന്ദ്രശേഖര്‍, സുരേഷ് രാജ് പുരോഹിത് എന്നിവരെ പൊലീസ് മേധാവി സ്ഥാനത്തേക്ക് പരിഗണിക്കരുതെന്ന് ആവശ്യപ്പെട്ട് അജ്ഞാത പരാതികള്‍ ലഭിച്ചതായാണ് റിപ്പോര്‍ട്ട്. സര്‍ക്കാരിന്റെ ഗുഡ് ലിസ്റ്റിലുള്ള മനോജ് എബ്രഹാമിനെ ഡിജിപിയായി നിയമിക്കരുതെന്ന് ആവശ്യപ്പെട്ട് സ്വകാര്യ വ്യക്തി ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയിട്ടുണ്ട്. എംആര്‍ അജിത് കുമാറിനെതിരെ ആക്ഷേപം ഉയര്‍ന്നപ്പോള്‍, അദ്ദേഹത്തെ അനുകൂലിച്ചവരാണ് പരാതിക്ക് പിന്നിലെന്നാണ് ആരോപണം ഉയരുന്നത്.

കേന്ദ്ര ഡെപ്യൂട്ടേഷനിലുള്ള റവാഡ ചന്ദ്രശേഖര്‍, സുരേഷ് രാജ് പുരോഹിത് എന്നിവര്‍ പൊലീസ് മേധാവി സ്ഥാനം ലഭിച്ചാല്‍ കേരളത്തിലേക്ക് മടങ്ങിയെത്താമെന്ന് അറിയിച്ചതായാണ് റിപ്പോര്‍ട്ട്. ഈ മാസം 20 ന് പുതിയ ഡിജിപിയുടെ അന്തിമ പട്ടിക തയ്യാറാക്കാനായി യുപിഎസ് സിയുടെ യോഗം ചേരുമെന്നാണ് സൂചന. നിലവിലെ സംസ്ഥാന പൊലീസ് മേധാവി ഷെയ്ഖ് ദര്‍വേഷ് സാഹിബ് ഈ മാസം 30 ന് വിരമിക്കുന്ന ഒഴിവിലാണ് പുതിയ ഡിജിപിയെ നിയമിക്കുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക

ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com