
ചരിത്രത്തിലാദ്യമായി, സംസ്ഥാന പൊലീസ് മൗണ്ടഡ് വിങ്ങിന് ( mounted police -കുതിരപൊലീസ് എന്നും അശ്വാരൂഢസേന എന്നും ഇത് അറിയപ്പെടുന്നു) പ്രൊഫഷണലായി പരിശീലനം ലഭിച്ച കുതിരസവാരിക്കാരായ കോൺസ്റ്റബിൾമാരെ നിയമിക്കുന്നു. ജൂൺ നാലിന് പബ്ലിക് സർവീസ് കമ്മീഷൻ പൊലീസ് കോൺസ്റ്റബിളുകളുടെ (മൗണ്ടഡ് പൊലീസ്) റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു, അതിൽ നിന്ന് രണ്ടോ മൂന്നോ മാസത്തിനുള്ളിൽ നിയമനം നടക്കുമെന്ന് ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു.
ഇതുവരെ ഡെപ്യൂട്ടേഷനിലാണ് അശ്വാരൂഢസേനയിൽ പൊലീസുകാർ ജോലി ചെയ്തിരുന്നത്. പിഎസ്‌സി വഴി നേരിട്ട് നിയമനം നടത്തുന്നത് ഇതാദ്യമായാണ്. പുതുതായി നിയമിക്കപ്പെടുന്നവർക്ക് പൊലീസ് അക്കാദമിയിൽ ഒമ്പത് മാസത്തെ പരിശീലനം നൽകും, അതിനുശേഷം അവരെ മൗണ്ടഡ് പൊലീസ് വിഭാഗത്തിൽ നിയമിക്കുമെന്ന് ഔദ്യോഗിക വൃത്തങ്ങൾ പറഞ്ഞു.
നിലവിൽ കുതിര പൊലീസിൽ 14 ഒഴിവുകളുണ്ട്, അത് നികത്തുന്നതിനായി 19 പേരുകൾ ഉൾപ്പെടുന്ന റാങ്ക് ലിസ്റ്റാണുള്ളത്. ഇതിൽ നിന്നാകും നിയമനം നടത്തുക. റാങ്ക് ജേതാക്കളിൽ രണ്ടുപേർ വിമുക്തഭടന്മാരാണ്, സായുധ സേനയിലെ കുതിരസവാരി പരിചയം പരിഗണിച്ച് അവർക്ക് ഉയർന്ന പ്രായപരിധിയിൽ ഇളവ് അനുവദിച്ചിരുന്നു. സംസ്ഥാന അല്ലെങ്കിൽ കേന്ദ്ര സർക്കാരിന്റെയോ സംസ്ഥാന സ്പോർട്സ് കൗൺസിലിന്റെയോ സ്പോർട്സ് അതോറിറ്റി ഓഫ് ഇന്ത്യയുടെയോ രജിസ്ട്രേഷൻ ഉള്ള സ്ഥാപനത്തിൽ നിന്നോ സ്പോർട്സ് ക്ലബ്ബിൽ നിന്നോ കുതിരസവാരിയിൽ കുറഞ്ഞത് ഒരു വർഷത്തെ പരിചയം ഉദ്യോഗാർത്ഥികൾക്ക് ഉണ്ടായിരിക്കണമെന്ന് പി എസ് സി വിജ്ഞാപനത്തിൽ നിർബന്ധമാക്കിയിരുന്നു.
പിഎസ്‌സി, 2023 സെപ്റ്റംബറിൽ 31100-66800 രൂപ ശമ്പള സ്കെയിലുള്ള 14 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചുകൊണ്ട് വിജ്ഞാപനം പുറപ്പെടുവിച്ചിരുന്നു. നിയമനം പിഎസ്‌സിക്ക് വിടുന്നതിന് മുമ്പ്, 23 പൊലീസുകാർ ഈ വിഭാഗത്തിൽ ഡെപ്യൂട്ടേഷനിൽ ജോലി ചെയ്തിരുന്നു. കുതിര പൊലീസിൽ പ്രവർത്തിക്കാനുള്ള താൽപ്പര്യം പ്രകടിപ്പിച്ചതിന്റെ അടിസ്ഥാനത്തിലാണ് അവരെ വിന്യസിച്ചത്. ഈ വിഭാഗത്തിൽ പ്രവർത്തിക്കാൻ പൊലീസ് വകുപ്പ് നിശ്ചയിച്ച പ്രായ പരിധിയായ 31 വയസ്സ് കഴിഞ്ഞ 14 പേരെ തിരിച്ചയച്ചു, അതേസമയം പ്രായപരിധിക്കുള്ളിൽ വരുന്ന ഒമ്പത് പേരെ നിലനിർത്തിയിട്ടുണ്ട്.
കുതിരകളുടെ അംഗീകൃത അംഗബലം 25 ആണെങ്കിലും നിലവിൽ 11 കുതിരകൾ മാത്രമേയുള്ളൂ, അതിൽ കത്തിയവാരി, മാർവാരി, തോറോബ്രിഡ് ഇനങ്ങൾ എന്നിവ ഉൾപ്പെടുന്നു. ആർമിയുടെ റീമൗണ്ട് വെറ്ററിനറി കോർപ്‌സിൽ (ആർവിസി) നിന്നുള്ള മൂന്ന് ആർമി തോറോബ്രിഡ് കുതിരകളെയും ഈ മാസം യൂണിറ്റിന്റെ ഭാഗമാക്കും. കുതിര പൊലീസ് പ്രധാനമായും രാത്രി പട്രോളിങ്, പരേഡുകൾ, പത്മനാഭ സ്വാമിക്ഷേത്രത്തിലെ ആറാട്ടുപോലെ ചില ചടങ്ങുകൾ എന്നിവയ്ക്കാണ് ഉപയോഗിക്കുന്നത്.
അതേസമയം, നവംബറോടെ കൂടുതൽ കുതിരകളെ വിതരണം ചെയ്യാൻ തയ്യാറാണെന്ന് സൈന്യം സംസ്ഥാന പൊലീസിനെ അറിയിച്ചിട്ടുണ്ട്. ഏഴ് കുതിരകളെ ആവശ്യപ്പെട്ട് പൊലീസ് നേരത്തെ സൈന്യത്തിന് കത്തെഴുതിയിരുന്നു, എന്നാൽ പരിശീലനം ലഭിച്ച കുതിരകളുടെ കുറവ് കാരണം മൂന്നെണ്ണത്തിന് മാത്രമേ അനുമതി നൽകിയുള്ളൂ. എന്നാൽ, നിലവിലുള്ള കുതിരകളുടെ പരിശീലനം ഈ വർഷം അവസാനത്തോടെ പൂർത്തിയാകും, അതിനുശേഷം കേരള പൊലീസിന് അവരിൽ നിന്ന് കുതിരകളെ വാങ്ങാൻ കഴിയും.
ഇന്ന് മൗണ്ട്ഡ് പൊലീസ് എന്നറിയപ്പെടുന്ന ഈ വിഭാഗം കുതിരപ്പട്ടാളമെന്ന നിലയിൽ രൂപംകൊണ്ടിട്ട് ഏകദേശം ഒന്നരനൂറ്റാണ്ടാകുന്നു. തിരുവിതാംകൂർ രാജാവായിരുന്ന വിശാഖം തിരുനാൾ 1880 ൽ രൂപം നൽകിയതാണ് ഈ സേനാ വിഭാഗത്തിന്. രാജപ്രമുഖാസ് ബോഡി ഗാർഡ് എന്ന പേരിലാണ് ഈ കുതിരപ്പട്ടാളത്തെ രൂപീകരിച്ചത്.
ഐക്യ കേരളം രൂപപ്പെട്ട് അഞ്ച് വർഷമായപ്പോൾ 1961-ൽ കുതിരപ്പട്ടാളത്തെ കേരള പൊലീസിന്റെ ഭാഗമാക്കി. കേരളാ പൊലീസിന്റെ കീഴിലുള്ള അശ്വാരൂഢ സേന എന്നാണ് അറിയപ്പെടുന്നത്. നാട്ടുകാർ ഇന്നും ഇതിനെ കുതിരപൊലീസ് എന്നും കുതിരപ്പട്ടാളമെന്നും വിളിക്കുന്നു. തിരുവനന്തപുരം സിറ്റി ആംഡ് റിസർവ് ബറ്റാലിയന്റെ ഭാഗമാണിപ്പോൾ മൗണ്ടഡ് പൊലീസ് എന്ന ഈ വിഭാഗം. തിരുവനന്തപുരം സിറ്റി പൊലീസ് കമ്മീഷണറുടെ കീഴിലാണ് പ്രവർത്തിക്കുന്നത്.
രാജഭരണകാലത്ത് പാളയത്ത് ആയിരുന്നു കുതിരപ്പട്ടാളത്തിന്റെ ആസ്ഥാനമായിരുന്നത്. 1961 ൽ കേരളാ പൊലീസിന്റെ ഭാഗമായ ശേഷം തിരുവനന്തപുരം ജഗതി കണ്ണേറ്റ് മുക്കിലായി കുതിരപൊലീസ് എന്ന അശ്വാരൂഢസേനയുടെ ആസ്ഥാനം. ഒരേക്കറോളം വരുന്ന സ്ഥലത്താണ് ഇവർക്കുള്ള താവളം ഒരുക്കിയിട്ടുള്ളത്. സാധാരണ ഗതിയിൽ ദിവസം രണ്ട് നേരം വീതം രണ്ട് ബാച്ചായി കുതിരപൊലീസ് പട്രോളിങ് ഡ്യൂട്ടി ചെയ്യാറുണ്ട്. രാവിലെ അഞ്ച് മണിക്ക് ആരംഭിച്ച് ഏഴ് മണിവരെയും വൈകുന്നരം ഏഴ് മണിക്ക് ആരംഭിച്ച് ഒമ്പത് മണിയോടെയും ആണ് പട്രോളിങ് നടത്തുന്നത്. കുതിരകളുടെ നടത്തം അവയ്ക്ക് ആവശ്യമായതിനാൽ ഈ പട്രോളിങ് അവയുടെ ആരോഗ്യത്തിനും ഗുണകരമാണെന്ന് ഇതുമായി ബന്ധപ്പെട്ടവർ പറയുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates