
കൊച്ചി: നിരോധിത സംഘടനയായ പോപ്പുലര്‍ ഫ്രണ്ട് കേരളത്തിലെ 950-ലധികം പേരുടെ ഹിറ്റ് ലിസ്റ്റ് തയ്യാറാക്കിയിരുന്നതായി എന്‍ഐഎ. പ്രതികളുടെ പക്കല്‍ നിന്നും ഈ ലിസ്റ്റ് കണ്ടെടുത്തിട്ടുണ്ട്. പാലക്കാട് സ്വദേശികളായ മുഹമ്മദ് ബിലാല്‍, റിയാസുദ്ധീന്‍, അന്‍സാര്‍ കെ പി, സഹീര്‍ കെ വി എന്നിവരുടെ ജാമ്യാപേക്ഷകള്‍ പരിഗണിക്കുന്നതിനിടെയാണ് ദേശീയ അന്വേഷണ ഏജന്‍സി എന്‍ഐഎ കോടതിയില്‍ ഇക്കാര്യം അറിയിച്ചത്. പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരുടെ ജാമ്യാപേക്ഷയെ എന്‍ഐഎ എതിര്‍ത്തു.
കേസിലെ 51-ാം പ്രതി സിറാജുദ്ദീനില്‍ നിന്ന് പിടിച്ചെടുത്ത എട്ട് രേഖകളില്‍ മറ്റ് സമുദായങ്ങളില്‍ നിന്നുള്ള 240 പേരുടെ പട്ടികയാണുള്ളതെന്ന് എന്‍ഐഎ കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ വ്യക്തമാക്കി. ആലുവയിലെ പെരിയാര്‍ വാലി കാമ്പസില്‍ നടത്തിയ പരിശോധനയില്‍, നിലവില്‍ ഒളിവില്‍ കഴിയുന്ന 15-ാം പ്രതി അബ്ദുള്‍ വഹാദിന്റെ പഴ്സില്‍ നിന്ന് ലക്ഷ്യമിട്ട അഞ്ച് പേരുടെ വിവരങ്ങള്‍ കണ്ടെടുത്തു. ഈ പട്ടികയില്‍ ഒരു മുന്‍ ജില്ലാ ജഡ്ജിയുടെ പേരും ഉള്‍പ്പെടുന്നു.
പ്രതികളില്‍ ഒരാളില്‍ നിന്ന് പിടിച്ചെടുത്ത രേഖയില്‍ 232 പേരുടെ പേരുകള്‍ അടങ്ങിയ ഹിറ്റ് ലിസ്റ്റ് ഉണ്ടായിരുന്നു. ഇയാള്‍ പിന്നീട് മാപ്പുസാക്ഷിയായി. 69-ാം പ്രതിയായ അയൂബ് ടി എയുടെ വീട്ടില്‍ നടത്തിയ പരിശോധനയില്‍ ഏതാണ്ട് 500 പേരുടെ പേരുകള്‍ അടങ്ങിയ ഹിറ്റ് ലിസ്റ്റ് കണ്ടെടുത്തിട്ടുണ്ട്. ആലുവയിലെ പെരിയാര്‍ വാലി കാമ്പസ് പി.എഫ്.ഐയുടെ ആയുധ പരിശീലന കേന്ദ്രമായിരുന്നു. അത് നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ തടയല്‍ നിയമപ്രകാരം കണ്ടുകെട്ടിയെന്നും എന്‍ഐഎ കോടതിയെ അറിയിച്ചു.
പോപ്പുലര്‍ ഫ്രണ്ടിനെതിരായ ആദ്യ കേസ്, 2022-ല്‍ ബിഹാറിലെ ഫുല്‍വാരി ഷെരീഫ് പൊലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത കേസാണ്. ആ കേസിലെ പ്രതിയായ മുഹമ്മദ് ജമാലുദ്ദീനില്‍ നിന്ന് 'ഇന്ത്യ 2047' എന്ന ആറ് പേജുള്ള ഒരു രേഖ, കേസ് അന്വേഷിച്ച എന്‍ഐഎ ന്യൂഡല്‍ഹി യൂണിറ്റ് കണ്ടെടുത്തിരുന്നു. ഇന്ത്യയില്‍ ഇസ്ലാമിക ഭരണം സ്ഥാപിക്കുക എന്നതാണ് ആ രേഖയിലെ മുഖ്യ അജണ്ടയെന്നും എന്‍ഐഎ കോടതിയില്‍ അറിയിച്ചു. ഇന്ത്യ 2047 പദ്ധതിയെക്കുറിച്ചുള്ള ഓഡിയോ ക്ലിപ്പുകള്‍ ഓഡിയോ ക്ലിപ്പുകളിലൂടെ പ്രചരിച്ചതായി വെളിപ്പെടുത്തുന്ന ശബ്ദ ക്ലിപ്പുകളും സാക്ഷി മൊഴികളും തങ്ങളുടെ കൈവശമുണ്ടെന്നും എന്‍ഐഎ അവകാശപ്പെട്ടു.
പാലക്കാട്ടെ ആര്‍എസ്എസ് നേതാവ് ശ്രീനിവാസന്റെ കൊലപാതകം ഈ വലിയ ഗൂഢാലോചനയുടെ ഭാഗമാണെന്നും എന്‍ഐഎ വാദിച്ചു. രാജ്യത്ത് ദേശവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നത് സംബന്ധിച്ച് അന്വേഷിക്കാനുള്ള കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശ പ്രകാരം, 2022 മെയ് മാസത്തിലാണ് പിഎഫ്ഐയ്ക്കെതിരെ എന്‍ഐഎ കേസ് രജിസ്റ്റര്‍ ചെയ്തത്. 2022 ഡിസംബറില്‍ പാലക്കാട്ടെ ആര്‍എസ്എസ് നേതാവ് ശ്രീനിവാസന്റെ കൊലപാതക അന്വേഷണവും എന്‍ഐഎ ഏറ്റെടുത്തു.
പിന്നീട് കൊലപാതക കേസ് പിഎഫ്ഐ കേസുമായി ലയിപ്പിക്കുകയായിരുന്നു. പിഎഫ്ഐക്ക് ഭീഷണിയായ മറ്റ് സമുദായങ്ങളിലെ നേതാക്കളെ സംഘടനയുടെ 'റിപ്പോര്‍ട്ടര്‍ വിങ്' കണ്ടെത്തുന്നു. സംഘടനയുടെ സര്‍വീസ് വിങ്/ഹിറ്റ് ടീമുകള്‍ എതിരാളികളെ ഇല്ലാതാക്കാന്‍ പ്രവര്‍ത്തിക്കുന്നു. അതിനായി കേഡര്‍മാര്‍ക്ക് ശാരീരിക, ആയുധ പരിശീലനം നല്‍കുന്നതിനുള്ള വിഭാഗവും പോപ്പുവര്‍ ഫ്രണ്ടിനുണ്ട് എന്നും എന്‍ഐഎ ചൂണ്ടിക്കാട്ടുന്നു.
എന്നാല്‍ തങ്ങള്‍ക്കെതിരായ ആരോപണങ്ങള്‍ കെട്ടിച്ചമച്ചതാണെന്ന് ഹര്‍ജിക്കാര്‍ ആരോപിച്ചു. തങ്ങള്‍ നിരപരാധികളാണ്. മൂന്ന് വര്‍ഷത്തിലേറെയായി കസ്റ്റഡിയിലാണ്. കേസില്‍ അന്വേഷണം പൂര്‍ത്തിയായി. വിചാരണ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാകാന്‍ സമയമെടുക്കുമെന്നതിനാല്‍, ജാമ്യം അനുവദിക്കണമെന്ന് നാലു ഹര്‍ജിക്കാരും ആവശ്യപ്പെട്ടു. രേഖകള്‍ പരിശോധിച്ച കോടതി, ഹര്‍ജിക്കാര്‍ക്കെതിരായ ആരോപണം പ്രഥമദൃഷ്ട്യാ ശരിയാണെന്ന് വിശ്വസിക്കാന്‍ ന്യായമായ കാരണങ്ങളുണ്ടെന്ന് നിരീക്ഷിച്ചു.
ഹര്‍ജിക്കാര്‍ക്കെതിരായ ആരോപണങ്ങള്‍ ഗൗരവമുള്ളതാണ്. കേസില്‍ അന്തിമ റിപ്പോര്‍ട്ട് ഇതിനകം ഫയല്‍ ചെയ്തിട്ടുണ്ട്. കേസ് വിചാരണയ്ക്ക് മാറ്റിവെച്ചിരിക്കുന്നു. യുഎപിഎയിലെ സെക്ഷന്‍ 43ഉ(5) പ്രകാരമുള്ള വ്യവസ്ഥ ഈ കേസില്‍ ബാധകമാണ്. ആയതിനാല്‍ ഈ ഘട്ടത്തില്‍ ഹര്‍ജിക്കാര്‍ക്ക് ജാമ്യം ലഭിക്കാന്‍ അര്‍ഹതയില്ല. അതിനാല്‍ ഹര്‍ജി തള്ളിക്കളയുന്നതായി എന്‍ഐഎ കോടതി ഉത്തരവിട്ടു.
National Investigation Agency (NIA) which is probing the anti-national activities of the banned Popular Front of India (PFI) has recovered multiple hit lists containing names of over 950 persons in Kerala from the accused persons
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates