
കോഴിക്കോട്: കോഴിക്കോട് സാമൂതിരി രാജ കെ സി ആര്‍ രാജ എന്ന കോട്ടയ്ക്കല്‍ കിഴക്കേ കോവിലകാംഗം രാമചന്ദ്രന്‍ രാജ (93) അന്തരിച്ചു. വാര്‍ദ്ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് ചികിത്സയിലായിരുന്ന അദ്ദേഹം ബംഗളൂരുവിലെ സ്വകാര്യ ആശുപത്രിയില്‍ വച്ച് ഇന്ന് പുലര്‍ച്ചെയാണ് മരിച്ചത്. രാജ്യാന്തരതലത്തില്‍ അറിയപ്പെടുന്ന മാനേജ്‌മെന്റ് കണ്‍സള്‍ട്ടന്റ് വിദഗ്ധന്‍ കൂടിയായ അദ്ദേഹം രണ്ടു മാസം മുമ്പാണ് സാമൂതിരിയായി തെരഞ്ഞെടുക്കപ്പെട്ടത്.
തന്റെ മുന്‍ഗാമിയായ കെ സി ഉണ്ണിയനുജന്‍ രാജയുടെ നിര്യാണത്തെത്തുടര്‍ന്ന് ഏപ്രില്‍ മൂന്നിനാണ് രാമചന്ദ്രന്‍ രാജ സാമൂതിരിയുടെ ആചാരപരമായ സ്ഥാനത്തേക്ക് ഉയര്‍ന്നത്. എന്നിരുന്നാലും, ആരോഗ്യപ്രശ്‌നങ്ങള്‍ കാരണം സാമൂതിരിയുടെ ട്രസ്റ്റിന് കീഴിലുള്ള ക്ഷേത്രങ്ങളുടെയും വിദ്യാഭ്യാസ സ്ഥാപനങ്ങളുടെയും ഭരണം നേരിട്ട് ഏറ്റെടുക്കാന്‍ അദ്ദേഹത്തിന് കോഴിക്കോട്ടേക്ക് പോകാന്‍ കഴിഞ്ഞിരുന്നില്ല.
ബംഗളൂരുവിലെ വൈറ്റ്ഫീല്‍ഡിലെ താമസക്കാരനായ കെസിആര്‍ രാജ നാല്‍പ്പതു വര്‍ഷത്തിലേറെ ബിസിനസ് മാനേജ്‌മെന്റ്- മാനേജ്മെന്റ് അധ്യയന- മാനേജ്മെന്റ് കണ്‍സള്‍ട്ടന്‍സി മേഖലയിലെ സജീവ സാന്നിധ്യമായിരുന്നു. എസ്പി ജെയിന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റ് സ്റ്റഡീസ് ഡയറക്ടര്‍, മുംബൈ ഗാര്‍വേര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കരിയര്‍ എജുക്കേഷന്‍ സ്ഥാപക ഡയറക്ടര്‍, ജിഐഡിസി രാജ്ജു ഷോര്‍ഫ് റോഫേല്‍ മാ നേജ്‌മെന്റ് ഇന്‍സ്റ്റിറ്റ്യൂട്ട് അഡൈ്വസര്‍, മുംബൈ മാനേജ്‌മെന്റ് അസോസിയേഷന്‍ ഗവേഷണവിഭാഗം ചെയര്‍മാന്‍, അഹമ്മദാബാദ് മാനേജ്മെന്റ് അസോസിയേഷന്‍ അക്കാദമിക് അഡൈ്വസര്‍ തുടങ്ങി ഒട്ടേറെ സ്ഥാനങ്ങള്‍ വഹിച്ചിട്ടുണ്ട്.
1932 ഏപ്രില്‍ 27 നാണ് രാമചന്ദ്രന്‍ രാജ ജനിച്ചത്. കോട്ടയ്ക്കല്‍ കെപി സ്‌കൂളിലും രാജാസ് ഹൈസ്‌കൂളിലും ആരംഭിച്ച അദ്ദേഹത്തിന്റെ അക്കാദമിക് യാത്ര പിന്നീട് ഡല്‍ഹിയില്‍ തുടര്‍ന്നു. ഡല്‍ഹിയിലെ സെന്റ് സ്റ്റീഫന്‍സ് കോളേജില്‍ നിന്ന് സാമ്പത്തിക ശാസ്ത്രത്തില്‍ ബിഎ (ഓണേഴ്‌സ്) ബിരുദവും ലണ്ടന്‍ സ്‌കൂള്‍ ഓഫ് ഇക്കണോമിക്‌സില്‍ നിന്ന് ഉന്നത പഠനവും കരസ്ഥമാക്കി.
അക്കാദമിക് മേഖലയിലേക്ക് തിരിയുന്നതിന് മുമ്പ് മെറ്റല്‍ ബോക്‌സില്‍ കൊമേഴ്സ്യല്‍ മാനേജരായി സേവനമനുഷ്ഠിച്ചു. ഇന്ത്യയിലെ മാനേജ്മെന്റ് വിദ്യാഭ്യാസത്തിന് അദ്ദേഹം നല്‍കിയ സംഭാവനകള്‍ ശ്രദ്ധേയമാണ്. ഗാര്‍വെയര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കരിയര്‍ എഡ്യൂക്കേഷന്‍ ആന്‍ഡ് ഡെവലപ്മെന്റിന്റെ സ്ഥാപക ഡയറക്ടറാകുന്നതിന് മുമ്പ് അദ്ദേഹം മുംബൈയിലെ ജംനാലാല്‍ ബജാജ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് സ്റ്റഡീസില്‍ ഫാക്കല്‍റ്റി അംഗമായും പിന്നീട് എസ്പി ജെയിന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റിന്റെ ഡയറക്ടറായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. അടുത്ത കാലം വരെ, ഗുജറാത്തിലെ വാപ്പി സര്‍വകലാശാലയുടെ ഗവേണിങ് കൗണ്‍സില്‍ അംഗമായിരുന്നു അദ്ദേഹം.
കാലടി മന ജാതവേദന്‍ നമ്പൂതിരിയുടെയും കിഴക്കെ കോവിലകത്ത് മഹാദേവി തമ്പുരാട്ടിയുടെയും മകനാണ്. ഭാര്യ: ഇന്ദിര രാജ മേനോന്‍. മക്കള്‍: കല്യാണി രാജ മേനോന്‍ (ബംഗളൂരൂ), നാരായണ്‍മേനോന്‍ (യുഎസ്എ). മരുമക്കള്‍: കൊങ്ങശ്ശേരി രവീന്ദ്രനാഥ് മേനോന്‍ (റിട്ട. സിവില്‍ എന്‍ജിനിയര്‍, അബുദാബി), മിനി ഉണ്ണികൃഷ്ണമേനോന്‍ (യുഎസ്എ)
Kozhikode Zamorin K.C. Ramachandran Raja (93) Passes Away
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates