
തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ ശസ്ത്രക്രിയ പ്രതിസന്ധിയില്‍ രാജിവയ്ക്കാന്‍ ഒരുങ്ങി യൂറോളജി വിഭാഗം മേധാവി ഡോക്ടര്‍ ഹാരിസ് ചിറക്കല്‍. ഉപകരണങ്ങള്‍ ലഭ്യമാകാത്തതോടെ ശസ്ത്രക്രിയകള്‍ മാറ്റിയെന്നും ഉപകരണങ്ങള്‍ എത്തിക്കാന്‍ ഒരു രൂപയുടെ പോലും പര്‍ച്ചേസിങ് പവര്‍ ഇല്ലാത്ത വകുപ്പ് മേധാവി ഓഫീസുകള്‍ കയറിയിറങ്ങി ചെരിപ്പ് തേഞ്ഞു രാഷ്ട്രീയക്കാരോടും ഉദ്യോഗസ്ഥരോടും അപേക്ഷിച്ചു മടുത്തുവെന്നും ഹാരിസ് ചിറയ്ക്കല്‍ പറഞ്ഞു. മാസങ്ങള്‍ക്ക് മുമ്പ് നല്‍കിയ അപേക്ഷയില്‍ നടപടി എടുത്തില്ല. ബ്യൂറോക്രസിയോട് ഏറ്റുമുട്ടാന്‍ താനില്ലെന്നും ഡോക്ടര്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചു. അതേസമയം ഡോക്ടറുടെ വാദം അടിസ്ഥാനമില്ലാത്താതാണെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു. ഉപകരണങ്ങള്‍ വാങ്ങുന്നതിലുണ്ടായ കാലതാമസം സാങ്കേതികം മാത്രമാണെന്നും ഒറ്റദിവസം മാത്രമാണ് പ്രശ്‌നമുണ്ടായതെന്നുമാണ് ആരോഗ്യവകുപ്പിന്റെ വിശദീകരണം. വിവാദമായതിന് പിന്നാലെ ഡോക്ടര്‍ കുറിപ്പ് പിന്‍വലിച്ചു
മകന്റെ പ്രായമുള്ള വിദ്യാര്‍ഥിയുടെ ശസ്ത്രക്രിയ മാറ്റിവയ്‌ക്കേണ്ടി വന്നതായും ഇതില്‍ ലജ്ജയും നിരാശയും ഉണ്ടെന്നും ഡിപ്പാര്‍ട്ട്‌മെന്റ് മെച്ചപ്പെടുത്താന്‍ ഓടിയോടി ക്ഷീണിച്ചെന്നും ഡോക്ടര്‍ കുറിപ്പില്‍ പറയുന്നു. ഈ 56-ാം വയസ്സിലും വര്‍ഷത്തില്‍ 360 ദിവസം ആണ് കഴിഞ്ഞ വര്‍ഷം ഞാന്‍ ആശുപത്രിയില്‍ ജോലി ചെയ്തത്. സപ്പോര്‍ട്ട് ഇല്ലാതെ നിസ്സഹായാവസ്ഥയിലാണ് ഇന്ന്. ഔദ്യോഗിക ജീവിതത്തില്‍ നിന്ന് ഒരുപക്ഷെ പുറത്താകുകയോ പുറത്താക്കുകയോ ചെയ്‌തേക്കാം. മാസം മൂന്നര ലക്ഷം രൂപയിലേറെ പൊതുഖജനാവില്‍ നിന്ന് ശമ്പളം വാങ്ങുന്ന എനിക്ക്, പൊതുജനങ്ങള്‍ക്ക് അതിനനുസരിച്ച് തിരിച്ച് സേവനം ചെയ്യാന്‍ സാധിക്കുന്നില്ലെങ്കില്‍ അതുതന്നെയാണ് നല്ലതെന്നും അദ്ദേഹം കുറിപ്പില്‍ പറയുന്നു.
സ്വകാര്യ ആശുപത്രികളിലൊന്നും പോകാന്‍ സാമ്പത്തിക ശേഷിയില്ലാത്ത നൂറുകണക്കിന് ജനങ്ങളാണ് തിരുവനന്തപുരം സര്‍ക്കാര്‍ മെഡിക്കല്‍ കോളജില്‍ അഭയം തേടുന്നത്. തീവ്രമായ വേദനയോടെ, ഗുരുതരമായ വൃക്കരോഗങ്ങളാല്‍ ഒക്കെ അവശരായ നിരവധി സാധാരണ ജനങ്ങള്‍ ചികിത്സയ്ക്കായി ഒരു വശത്ത്, എതിര്‍ വശത്ത് ഉപകരങ്ങളുടെ ക്ഷാമം, അത് പരിഹരിക്കാന്‍ താത്പര്യം ഇല്ലാത്ത ഉദ്യോഗസ്ഥ വൃന്ദങ്ങള്‍, നിയമങ്ങളുടെ നൂലാമാലകള്‍. നിസ്സഹായാവസ്ഥയില്‍ ആകുന്നത് ഡോക്ടര്‍മാരും വകുപ്പ് മേധാവിയുമാണ്.
പല രോഗികളും പണം പിരിച്ചെടുത്ത് ഉപകരണങ്ങള്‍ വാങ്ങി തരുന്നത് കൊണ്ടാണ് കുറെയെങ്കിലും ഓപ്പറേഷനും ചികിത്സയും നടന്നുപോകുന്നത്. മാസങ്ങളോളം രോഗികള്‍ ഓപ്പറേഷന് കാത്തിരിക്കുമ്പോള്‍ ദയവായി നിങ്ങള്‍ ഡോക്ടര്‍മാരെ കുറ്റം പറയരുത്. നിങ്ങളുടെ വേദനയും അലച്ചിലും ബുദ്ധിമുട്ടുകളും ഞങ്ങള്‍ക്ക് അറിയാത്തത് കൊണ്ടല്ല. അഹങ്കാരം കൊണ്ടോ കൈക്കൂലി തരാത്തത് കൊണ്ടോ അല്ല. പരിമിതികള്‍ മൂലമാണ്. പലരോടും അപേക്ഷിച്ച് നടന്നിട്ടും യാതൊരു പരിഹാരവും ഇല്ലാത്തത് കൊണ്ടാണ് പൊതുജനങ്ങളുടെ മുന്നില്‍ ഒരു വകുപ്പ് മേധാവി എന്ന നിലയില്‍ ഈ കാര്യങ്ങള്‍ തുറന്നു പറയുന്നതെന്നും അദ്ദേഹം പറഞ്ഞു.
ഫെയ്‌സ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം
സര്‍ക്കാര്‍ മെഡിക്കല്‍ കോളേജിലെ ഒരു വകുപ്പ് മേധാവിയുടെ ഏറ്റവും വലിയ നിസ്സഹായ അവസ്ഥയാണ് ചികിത്സയ്ക്ക് ആവശ്യമായ ഉപകരണങ്ങളുടെ ലഭ്യത കുറവ്. ഇന്ന് നിരവധി ഓപ്പറേഷനുകളാണ് മാറ്റി വെയ്‌ക്കേണ്ടി വന്നത്. സ്വകാര്യ ആശുപത്രികളിലൊന്നും പോകാന്‍ സാമ്പത്തിക ശേഷിയില്ലാത്ത നൂറുകണക്കിന് ജനങ്ങളാണ് തിരുവനന്തപുരം സര്‍ക്കാര്‍ മെഡിക്കല്‍ കോളേജില്‍ അഭയം തേടുന്നത്. തീവ്രമായ വേദനയോടെ, ഗുരുതരമായ വൃക്കരോഗങ്ങളാല്‍ ഒക്കെ അവശരായ നിരവധി സാധാരണ ജനങ്ങള്‍ ചികിത്സയ്ക്കായി ഒരു വശത്ത്, എതിര്‍ വശത്ത് ഉപകരങ്ങളുടെ ക്ഷാമം, അത് പരിഹരിക്കാന്‍ താത്പര്യം ഇല്ലാത്ത ഉദ്യോഗസ്ഥ വൃന്ദങ്ങള്‍, നിയമങ്ങളുടെ നൂലാമാലകള്‍. നിസ്സഹായാവസ്ഥയില്‍ ആകുന്നത് ഡോക്ടര്‍മാരും വകുപ്പ് മേധാവിയും. ഒരു രൂപയുടെ പോലും പര്‍ച്ചേസിംഗ് പവര്‍ ഇല്ലാത്ത വകുപ്പ് മേധാവി ഓഫീസുകള്‍ കയറിയിറങ്ങി, ചെരുപ്പ് തേഞ്ഞ്, രാഷ്ട്രീയക്കാരോടും ഉദ്യോഗസ്ഥരോടും അപേക്ഷിച്ചും സാഹചര്യങ്ങള്‍ വിശദീകരിച്ചും മടുത്തു.
മാസങ്ങള്‍ക്ക് മുമ്പ് നല്‍കിയ അപേക്ഷയില്‍ നടപടി ആകുകയോ ഉപകരണം വാങ്ങി തരികയോ ചെയ്യാത്തതിനാല്‍ ഇന്ന് ഓപ്പറേഷന്‍ ക്യാന്‍സല്‍ ചെയ്തതില്‍ ഒരാള്‍ ഒരു കോളേജ് വിദ്യാര്‍ത്ഥിയാണ്. എന്റെ മകന്റെ അതേ പ്രായം. ഇന്ന് ഓപ്പറേഷന്‍ ക്യാന്‍സല്‍ ചെയ്തു എന്ന് അവനോട് പറയുമ്പോള്‍ ലജ്ജയും നിരാശയും ആണ് തോന്നുന്നത്. ഇതുപോലെ എത്രയോ പേര്‍.
ഉപജീവനം നഷ്ടപ്പെടുത്തി ചികിത്സയ്ക്കായി ആഴ്ചകളോളം കിടക്കുന്നവര്‍, കൂടെ ഇരിക്കാന്‍ ബന്ധുക്കള്‍ ഇല്ലാതെ കൂലി കൊടുത്ത് ആരെയെങ്കിലും ഒപ്പം നിര്‍ത്തുന്നവര്‍, ആരോടെങ്കിലും പണം കടംവാങ്ങിയും സ്വന്തം ഓട്ടോറിക്ഷയോ മറ്റോ ഈട് നിര്‍ത്തി ലോണ്‍ എടുത്തും ചികിത്സയ്ക്ക് വരുന്നവര്‍, ബന്ധുക്കള്‍ അനാഥാലയങ്ങളില്‍ തള്ളിയവര്‍, ലോട്ടറി കച്ചവടം ചെയ്തും വഴിയില്‍ ഭിക്ഷ എടുത്തും ഒക്കെ വരുന്ന ധാരാളം പേര്‍. സമൂഹത്തില്‍ ബുദ്ധിമുട്ട് അനുഭവിക്കുന്ന വലിയൊരു വിഭാഗം ജനങ്ങളുടെ പരിഛേദമാണ് ദിവസവും ഞാന്‍ മെഡിക്കല്‍ കോളേജില്‍ കാണുന്നത്. അവര്‍ക്ക് കൃത്യ സമയത്ത്, മികച്ച ചികിത്സ നല്‍കാന്‍ ഞാനും എന്റെ ഒപ്പം ജോലി ചെയ്യുന്ന ഡോക്ടര്‍മാരും രാപ്പകല്‍ തയ്യാറാണ്. പക്ഷെ, അനങ്ങാപ്പാറ പോലെ ബ്യൂറോക്രസിയുടെ മതില്‍ മുന്നില്‍ നില്‍ക്കുന്നു. പല രോഗികളും പണം പിരിച്ചെടുത്ത് ഉപകരണങ്ങള്‍ വാങ്ങി തരുന്നത് കൊണ്ടാണ് കുറെയെങ്കിലും ഓപ്പറേഷനും ചികിത്സയും നടന്നുപോകുന്നത്.
മാസങ്ങളോളം രോഗികള്‍ ഓപ്പറേഷന് കാത്തിരിക്കുമ്പോള്‍ ദയവായി നിങ്ങള്‍ ഡോക്ടര്‍മാരെ കുറ്റം പറയരുത്. നിങ്ങളുടെ വേദനയും അലച്ചിലും ബുദ്ധിമുട്ടുകളും ഞങ്ങള്‍ക്ക് അറിയാത്തത് കൊണ്ടല്ല. അഹങ്കാരം കൊണ്ടോ കൈക്കൂലി തരാത്തത് കൊണ്ടോ അല്ല. പരിമിതികള്‍ മൂലമാണ്. പലരോടും അപേക്ഷിച്ച് നടന്നിട്ടും യാതൊരു പരിഹാരവും ഇല്ലാത്തത് കൊണ്ടാണ് പൊതുജനങ്ങളുടെ മുന്നില്‍ ഒരു വകുപ്പ് മേധാവി എന്ന നിലയില്‍ ഈ കാര്യങ്ങള്‍ തുറന്നു പറയുന്നത്. ജോലി രാജിവെച്ച് പോയാലോ എന്ന ചിന്ത ശക്തമായി മനസില്‍ വരുന്നു.
Dr. Harris Chirakkal, head of the urology department, is preparing to resign amid a surgical crisis at Thiruvananthapuram Medical College.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates