
തിരുവനന്തപുരം: ലഹരിക്കെതിരെ എന്ന പേരില്‍ വിദേശ ചരക്കായ സൂംബ നൃത്തം വിദ്യാര്‍ത്ഥികളുടെ മേല്‍ അടിച്ചേല്‍പ്പിക്കുന്നത് ദുരുദ്ദേശ്യപരമാണെന്ന് ഭാരതീയ വിചാര കേന്ദ്രം. കേരളത്തിലേക്ക് ലഹരി കടത്തി കൊണ്ടുവരുന്ന കള്ളക്കടത്ത് ശൃംഖലകളെ ഇല്ലായ്മ ചെയ്യാതെ, ലഹരിക്കിരയായവരെ മാത്രം അറസ്റ്റ് ചെയ്ത് പൊതുജനമധ്യത്തില്‍ പ്രദര്‍ശിപ്പിക്കുന്ന ചടങ്ങ് മാത്രമാണ് സര്‍ക്കാര്‍ നിലവില്‍ ചെയ്തുകൊണ്ടിരിക്കുന്നത്.
ഈ പശ്ചാത്തലത്തിലാണ് സൂംബയുടെ പേരില്‍ മേനി പറയുന്ന സര്‍ക്കാര്‍ കാപട്യം വ്യക്തമാവുന്നത്. യഥാര്‍ത്ഥത്തില്‍ സൂംബ ഈ നാടിന്റെ സാംസ്‌കാരിക സ്വത്വത്തിനും പാരമ്പര്യത്തിനും നേരെയുള്ള കടന്നുകയറ്റവും അധിനിവേശവുമാണ്.
കലാകായികരംഗത്ത് കേരളത്തിന് ഒരു മഹത്തായ പാരമ്പര്യമുണ്ട്. അതിനെ പുഷ്ടിപ്പെടുത്താനോ സംരക്ഷിക്കാനോ യാതൊരു പരിശ്രമവും ചെയ്യാത്ത സര്‍ക്കാര്‍ സൂംബ പോലുള്ള വിദേശ ഉല്‍പ്പന്നങ്ങള്‍ പ്രചരിപ്പിക്കുന്നതിന്റെ പിന്നില്‍ ചില തല്‍പ്പര കക്ഷികളുടെ ഗൂഢലക്ഷ്യങ്ങള്‍ ഉണ്ട്.
കേരളത്തിന്റെ പരമ്പരാഗത കായിക അധ്യാപകര്‍ക്കും ഇപ്പോള്‍ പരക്കെ അംഗീകാരം ലഭിച്ചുകൊണ്ടിരിക്കുന്ന യോഗ പരിശീലകര്‍ക്കും അവസരം നിഷേധിക്കുക എന്നതാണ് സൂംബ ഇറക്കുമതിയിലൂടെ ലക്ഷ്യമിടുന്നത്. പിഎസ്‌സി വഴി തിരഞ്ഞെടുക്കപ്പെട്ട കായിക അധ്യാപകര്‍ക്ക് സമയത്ത് നിയമനം നല്‍കുന്നില്ല എന്ന കാര്യവും ഇവിടെ ഓര്‍ക്കേണ്ടതാണ്. ഇതുവഴി സൂംബ പരിശീലകരുടെ പിന്‍വാതില്‍ നിയമനവും സുഗമമാവും.
ഈ നാട്ടില്‍ പ്രതിഭാധനന്‍മാരായ കലാകാരന്മാര്‍ക്കോ കായിക പരിശീലകര്‍ക്കോ നൃത്ത സംവിധായകര്‍ക്കോ ഒന്നും യാതൊരു പഞ്ഞവുമില്ല. നവീനമായ ആവിഷ്‌കാരങ്ങള്‍ വേണമെന്നുണ്ടെങ്കില്‍ അത്തരക്കാരുടെ സേവനം പ്രയോജനപ്പെടുത്താവുന്നതാണ്. പക്ഷേ അവര്‍ക്കൊന്നും സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് യാതൊരു പിന്തുണയും ലഭിക്കുന്നില്ല. നാടിന്റെ തനിമക്കെതിരെ നടക്കുന്ന ഇത്തരം നിഗൂഢ നീക്കങ്ങളെ തിരിച്ചറിയാനും പ്രതിരോധിക്കാനും സമൂഹം, പ്രത്യേകിച്ച് രക്ഷാകര്‍ത്താക്കളും അധ്യാപക സംഘടനകളും ശക്തമായി മുന്നോട്ടു വരണമെന്ന് ഭാരതീയ വിചാര കേന്ദ്രം അഭ്യര്‍ത്ഥിക്കുന്നു.
The Bharatiya Vichara Kendra says that imposing Zumba dance, a foreign commodity, on students in the name of fighting addiction is malicious.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates