
കൊച്ചി: എം വി കൈരളി, കേരള ഷിപ്പിങ് കോര്‍പ്പറേഷന്റെ സ്വന്തം കപ്പല്‍. 19000 ടണ്‍ ഇരുമ്പ് അയിരുമായി ഗോവയിലെ മര്‍ഗോവാ തുറമുഖത്ത് നിന്നും ഈസ്റ്റ് ജര്‍മനിയിലെ റോസ്‌റ്റോക്കിലേക്ക് പുറപ്പെട്ട എം വി കൈരളി അപ്രത്യക്ഷമായിട്ട് ഇന്നേക്ക് 46 വര്‍ഷം. കോട്ടയം സ്വദേശി ക്യാപ്റ്റന്‍ മരിയദാസ് ജോസഫ് കപ്പിത്താനായ കപ്പലില്‍ 23 മലയാളകള്‍ അടക്കം 51 പേരായിരുന്നു ഉണ്ടായിരുന്നത്. ഇവരും കപ്പലിനൊപ്പം അഗാധതയില്‍ മറഞ്ഞു.
ജൂണ്‍ മുപ്പതിന് യാത്ര തിരിച്ച കപ്പല്‍ ജൂലൈ 8 ന് ജിബൂട്ടി തുറമുഖത്ത് ഇന്ധനം നിറയ്ക്കാന്‍ എത്തുമെന്നായിരുന്നു അവസാന ആശയ വിനിമം. എന്നാല്‍ ജൂലൈ 11 മുതല്‍ കപ്പലിലെ റേഡിയോ നിശബ്ദമായി. കപ്പലുമായുള്ള ബന്ധം നഷ്ടപ്പെട്ട വിവരം ആദ്യമായി സ്ഥിരീകരിച്ചത് ജൂലൈ 15 ന് ആയിരുന്നു.
കപ്പലിന് എന്ത് സംഭവിച്ചെന്ന വിവരങ്ങള്‍ തേടി നാവികരുടെ കുടുംബം നടത്തിയ പോരാട്ടങ്ങളില്‍ സജീവമായിരുന്നു അഗസ്റ്റിന്‍ ജോസിയുടെ കുടുംബം. തന്റെ അമ്മയുടെ പോരാട്ട വീര്യം കണ്ട കാലം കൂടിയായിരുന്നു ഇത്. 'ഏകദേശം ഒരു ദശാബ്ദക്കാലം, അവര്‍ ആക്ഷന്‍ കമ്മിറ്റിയുടെ എല്ലാ യോഗങ്ങളിലും പങ്കെടുത്തു, തിരുവനന്തപുരത്ത് മന്ത്രിമാരെയും അഭ്യുദയകാംക്ഷികളെയും കണ്ടു'' അമ്മയുടെ യാത്രകളില്‍ കുട്ടിയായിരിക്കുമ്പോള്‍ തന്നെയും കൂടെ കൂട്ടിയിരുന്നതായി ഗോഡ്വിന്‍ ജോസി പറയുന്നു.
എം വി കൈരളിക്കൊപ്പം തന്റെ സഹോദരനെ നഷ്ടപ്പെട്ട കഥയാണ് കോട്ടയം നിവാസിയായ ജോസ് പൈകടയ്ക്ക് പറയാനുള്ളത്. കപ്പലിലെ അഞ്ചാമത്തെ എഞ്ചിനീയറായിരുന്നു അന്ന് 22 വയസ്സുള്ള സഹോദരന്‍ ഗില്‍ബെര്‍ട്ട് പൈകട. 'കോതമംഗലം എഞ്ചിനീയറിംഗ് കോളജില്‍ നിന്ന് ബിടെകും, തിരുവനന്തപുരത്ത് എംടെക്കും പൂര്‍ത്തിയാക്കിയ ശേഷമാണ് ഗില്‍ബെര്‍ട്ട് എം വി കൈരളിയില്‍ ജോലിക്കു കയറിയത്. എന്നാല്‍ ജോലിയില്‍ ഒമ്പത് മാസം പിന്നിട്ടപ്പോഴേക്കും എം വി കൈരളിക്കൊപ്പം ഗില്‍ബര്‍ട്ടും കടലില്‍ മറഞ്ഞു. എം വി കൈരളിക്ക് എന്ത് സംഭവിച്ചു എന്നത് ഇന്നും അവ്യക്തമായി തുടരുന്നു.
എംവി കൈരളി കാണാതായെന്ന വാര്‍ത്ത റേഡിയോയിലൂടെ അറിയുമ്പോള്‍ ആറ് വയസുമാത്രമായിരുന്നു ഗോഡ്വിന്‍ ജോസിക്ക്. ജോസിയുടെ പിതാവ് പടപുരക്കല്‍ അഗസ്റ്റിന്‍ ജോസി കപ്പലിലെ എഞ്ചിന്‍ റൂം കസബ് ആയിരുന്നു. പിന്നീടുള്ള ദിവസങ്ങള്‍ അഗസ്റ്റിന്‍ ജോസിയുടെയും എം വി കൈരളിയുടെയും വിവരങ്ങള്‍ തേടിയുള്ള ഗോഡ്വിന്റെ കുടുംബത്തിന്റെ യാത്രകളുടേത് കൂടിയായിരുന്നു. അമ്മയ്ക്കും ബന്ധുക്കള്‍ക്കും ഒപ്പം കപ്പല്‍ കമ്പനിയുടെ ഓഫീസ് സന്ദര്‍ശിച്ചതുള്‍പ്പെടെ ഇപ്പോളും ഓര്‍മ്മയിലുണ്ട് ഗോഡ്വിന്‍ ജോസിക്ക്.
കപ്പല്‍ തിരോധാനം സംബന്ധിച്ച ആക്ഷന്‍ കമ്മിറ്റിയിലെ പ്രധാന അംഗമായരുന്നു പിന്നീടുള്ള കാലം ജോസ് പൈകട. എന്നാല്‍ കപ്പല്‍ തിരോധാനവുമായി ബന്ധപ്പെട്ട് നിരവധി അഭ്യൂഹങ്ങള്‍ നിലനിന്നിരുന്നതായും ജോസ് പൈകട പറയുന്നു. ''കപ്പലില്‍ ഇരുമ്പയിര് അമിതമായി നിറച്ചിരുന്നു, സുരക്ഷാ മാനദണ്ഡങ്ങള്‍ പാടെ അവഗണിക്കപ്പെട്ടിരുന്നു എന്നും അന്ന് വാദങ്ങള്‍ ഉണ്ടായിരുന്നതായി ജോസ് പൈകട ചൂണ്ടിക്കാട്ടുന്നു.
റഡാര്‍ തകരാര്‍ പരിഹരിക്കാതെ ആയിരുന്നു എം വി കൈരളി യാത്ര തിരിച്ചത് എന്നാണ് മറ്റൊരു വാദം. തകരാറുകള്‍ ചൂണ്ടിക്കാട്ടി ക്യാപ്റ്റന്‍ മരിയദാസ് ജോസഫ് കപ്പല്‍ യാത്രയ്ക്ക് വിമുഖത കാട്ടിയിരുന്നു എന്നും അദ്ദേഹത്തെ നിര്‍ബന്ധിച്ച് യാത്ര ചെയ്യിപ്പിക്കുകയുമായിരുന്നു എന്നും ആക്ഷേപങ്ങള്‍ ഉണ്ടായിരുന്നു. പ്രതികൂല കാലാവസ്ഥയും സാങ്കേതിക പ്രശ്‌നങ്ങളും കപ്പല്‍ തകരുന്നതിനും മുങ്ങുന്നതിനും കാരണമായിരിക്കാം എന്നും ജോസ് കൂട്ടിച്ചേര്‍ക്കുന്നു.
കപ്പല്‍ കടല്‍ക്കൊള്ളക്കാര്‍ തട്ടിയെടുക്കാനുള്ള സാധ്യതകളെ കുറിച്ചുള്ള ചര്‍ച്ചകളും അന്ന് സജീവമായിരുന്നു എന്നും ജോസ് ചൂണ്ടിക്കാട്ടുന്നു. കപ്പല്‍ കാണാതായ സംഭവത്തില്‍ ഷിപ്പിങ് കമ്പനിയുടെ ഇടപെടലുകളില്‍ സുതാര്യതയും കാര്യക്ഷമതയും ഉണ്ടായിരുന്നില്ലെന്നും ജോസ് പൈകട ആരോപിക്കുന്നു.
'കപ്പലിനെയും ജീവനക്കാരെയും കണ്ടെത്താന്‍ സഹായം വാഗ്ദാനം ചെയ്ത് സിംഗപ്പൂര്‍ ആസ്ഥാനമായുള്ള പാന്‍ അറേബ്യ എന്ന കമ്പനി ഷിപ്പിങ് കോര്‍പ്പറേഷനെ സമീപിച്ചിരുന്നു. അവരുടെ സന്ദേശം നിഗൂഢമായിരുന്നു. 300,000 ഡോളര്‍ ആണ് അവര്‍ ആവശ്യപ്പെട്ടത്. പാന്‍ അറേബ്യയുടെ പ്രതിനിധി സംസ്ഥാന സര്‍ക്കാര്‍ ഉദ്യോഗസ്ഥരുമായി പോലും കൂടിക്കാഴ്ച നടത്തിയതായും വിവരങ്ങള്‍ പുറത്തുവന്നു. എന്നാല്‍ കേരളത്തിലെ സര്‍ക്കാര്‍ മാറ്റം ഉള്‍പ്പെടെയുള്ള രാഷ്ട്രീയ സാഹചര്യങ്ങള്‍ മൂലം ഈ നീക്കം പൂര്‍ത്തിയായില്ല. ഇതിനിടെ ഇന്ത്യന്‍ നാവിക സേന ഇന്ത്യന്‍ മഹാസമുദ്രത്തിലെ ഒരു ദ്വീപിനടുത്ത് കപ്പല്‍ കണ്ടതായി അവകാശപ്പെട്ടിരുന്നു. പിന്നീട് ഈ വാദം അവര്‍ പിന്‍വലിക്കുകയും ചെയ്തു.
കപ്പല്‍ തിരോധാനം സംബന്ധിച്ച കൃത്യമായ വിവരങ്ങള്‍ ലഭിക്കാതിരുന്ന കാലമത്രയും കപ്പലില്‍ ഉണ്ടായിരുന്നവരുടെ കുടുംബം വലിയ വൈകാരികമായ പ്രശ്‌നങ്ങളിലൂടെയാണ് കടന്നു പോയതെന്നും ബന്ധുക്കള്‍ പറയുന്നു. പിതാവ് തിരിച്ചുവരുമെന്ന് മാതാവ് കാലങ്ങളോളും വിശ്വസിച്ചിരുന്നു എന്ന് ഗോഡ്വിന്‍ പറയുന്നു. രണ്ട് വര്‍ഷങ്ങള്‍ക്ക് മുന്‍പാണ് അമ്മ മരിച്ചത്. അമ്മ ഒരിക്കലും പിതാവിന്റെ മരണാനന്തര ചടങ്ങുകള്‍ നടത്താന്‍ അനുവദിച്ചിരുന്നില്ലെന്നും ഗോഡ്വിന്‍ പറയുന്നു. കപ്പല്‍ തിരോധാനം ഉണ്ടായി പത്ത് വര്‍ഷത്തോളം കഴിഞ്ഞാണ് ഏകദേശം 80,000 രൂപയുടെ നഷ്ടപരിഹാരം ലഭിച്ചതെന്നും ഗോഡ്വിന്‍ കൂട്ടിച്ചേര്‍ത്തു.
കാണാതായ തന്റെ സഹോദരന് വേണ്ടി തന്റെ കുടുംബവും മരണാനന്തര ചടങ്ങുകള്‍ നടത്തിയിരുന്നെന്ന് ജോസ് പടിക്കൈയും പറയുന്നു. കപ്പല്‍ ജീവനക്കാരായിരുന്നവരുടെ കുടുംബാംഗങ്ങള്‍ ഇപ്പോഴും അനിശ്ചിതത്വത്തില്‍ ആണ് ജീവിക്കുന്നത്. പലരും തങ്ങളുടെ പ്രിയപ്പെട്ടവര്‍ക്ക് എന്ത് സംഭവിച്ചു എന്നതിന് ഉത്തരം ലഭിക്കാതെയാണ് പലരും ലോകത്തോട് വിടപറഞ്ഞതെന്നും ജോസ് പറയുന്നു.
കപ്പലിലെ കേഡറ്റായിരുന്ന തോമ്മാച്ചന്‍ കെ ജോസിനെക്കുറിച്ചുള്ള വാര്‍ത്തകള്‍ തേടി തന്നെ സമീപിച്ചിരുന്ന കറുകച്ചാല്‍ സ്വദേശി എല്‍സമ്മ 'ചേച്ചി' (88), ഇവരില്‍ ഒരാളാണ്. മകന്‍ തോമ്മാച്ചന്‍ കെ ജോസിനെക്കുറിച്ചുള്ള വാര്‍ത്തകള്‍ പ്രതീക്ഷിച്ചായിരുന്നു അവരുടെ ഓരോ യാത്രയും. മകന്‍ ജീവിച്ചിരിക്കുന്നു എന്ന് അവര്‍ ഇപ്പോഴും പ്രതീക്ഷിക്കുന്നതായും ജോസ് പറയുന്നു.
one of the mysteries in the history of Kerala 46 years since the disappearance of MV Kairali.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates