
തൊടുപുഴ: അന്‍പതാം വാര്‍ഷികത്തിന്റെ നിറവില്‍ നില്‍ക്കുന്ന ഇടുക്കിയിലെ ഇരവികുളം ദേശീയോദ്യാനത്തിന് ഇന്ത്യയിലെ ഏറ്റവും മികച്ച ദേശീയോദ്യാനമെന്ന അംഗീകാരവും. കേന്ദ്ര പരിസ്ഥിതി, വനം, കാലാവസ്ഥാ വ്യതിയാന മന്ത്രാലയം 2020 മുതല്‍ 2025 വരെ സംരക്ഷിത വനമേഖലകളില്‍ നടത്തിയ മാനേജ്മെന്റ് എഫക്ടീവ് എവാല്യൂവേഷന്റെ അടിസ്ഥാനത്തിലാണ് ഈ നേട്ടത്തിന് മൂന്നാര്‍ വന്യജീവി ഡിവിഷനു കീഴിലുള്ള ഇരവികുളം തിരഞ്ഞെടുക്കപ്പെട്ടത്. വരയാടുകളുടെയും നീലക്കുറിഞ്ഞികളുടെയും പേരില്‍ പ്രശസ്തമായ ഇരവികുളം വിനോദസഞ്ചാരികളുടെ പ്രിയപ്പെട്ട ഇടമാണ്.
രാജ്യത്തെ 438 സംരക്ഷിത വനമേഖലകളില്‍ പലഘട്ടങ്ങളിലായി വിദഗ്ധസമിതി നടത്തിയ പരിശോധനകളുടെയും വിലയിരുത്തലുകളുടെയും അടിസ്ഥാനത്തിലാണ് 92.97 ശതമാനം സ്‌കോര്‍ നേടി ഇരവികുളം ദേശീയോദ്യാനത്തിന് ഒന്നാം സ്ഥാനം കരസ്ഥമാക്കിയത്. ഇന്റര്‍നാഷണല്‍ യൂണിയന്‍ ഫോര്‍ കണ്‍സര്‍വേഷന്‍ ഓഫ് നേച്ചര്‍, വേള്‍ഡ് കമ്മീഷന്‍ ഓണ്‍ പ്രൊട്ടക്ടഡ് ഏരിയ എന്നിവയുടെ മൂല്യ നിര്‍ണ്ണയ ചട്ടക്കൂട് അടിസ്ഥാനമാക്കിയാണ് സ്‌കോര്‍ നിര്‍ണയിച്ചത്. ആറു പ്രധാനസംരക്ഷണ ഘടകങ്ങളെ വിലയിരുത്തുന്നതിനായി 32 മാനദണ്ഡങ്ങളെ അടിസ്ഥാനപ്പെടുത്തിയാണ് സ്‌കോര്‍ നല്‍കിയത്.
90.63 ശതമാനം സ്‌കോറോടെ മൂന്നാര്‍ വന്യജീവി ഡിവിഷനിലെ മതികെട്ടാന്‍ഷോല നാഷണല്‍ പാര്‍ക്കും 89.84 ശതമാനം സ്‌കോറോടെ ചിന്നാര്‍ വന്യജീവി സങ്കേതവും മികച്ച സംരക്ഷിത വനമേഖലകളായി ഇരവികുളം ദേശീയോദ്യാനത്തിന്റെ തൊട്ടു പിന്നിലായി പട്ടികയില്‍ ഇടം നേടി.
പശ്ചിമ ഘട്ട മലനിരകളില്‍ 97 സ്‌ക്വയര്‍ കീലോമീറ്ററാണ് ഇരവികുളം ദേശീയോദ്യാനത്തിന്റെ വിസ്തീര്‍ണം. പുല്‍മേടും, ഷോലവനങ്ങളും നിറഞ്ഞ ജൈവ സമ്പന്നമായ അതീവ പരിസ്ഥിതി പ്രാധാന്യമുള്ള മേഖലയാണ് ഈ ദേശീയോദ്യാനം. ലോകത്ത് ഏറ്റവും അധികം വരയാടുകള്‍ കാണപ്പെടുന്ന പ്രദേശം കൂടിയാണ് ഇവിടം. കൂടാതെ 12 വര്‍ഷത്തിലൊരിക്കല്‍ പൂക്കുന്ന അപൂര്‍വയിനത്തില്‍പ്പെടുന്ന നീലക്കുറിഞ്ഞി ഉള്‍പ്പെടെ 20 ഓളം കുറിഞ്ഞി ഇനങ്ങളും ഇവിടെയുണ്ട്. ഇന്ത്യയിലെ ഏറ്റവും വൃത്തിയുള്ള നാഷണല്‍ പാര്‍ക്കുകളില്‍ ഒന്നായി അറിയപ്പെടുന്ന ഇരവികുളം പ്രാദേശിക ജന വിഭാഗങ്ങളുടെ പങ്കാളിത്തത്തോടെയുള്ള ഇക്കോ-ടൂറിസത്തിന്റെ ഏറ്റവും മികച്ച മാതൃകയാണെന്നും മാനേജ്മെന്റ് എഫക്ടീവ് എവാല്യൂവേഷന്‍ റിപ്പോര്‍ട്ടില്‍ വിലയിരുത്തിയിട്ടുണ്ട്.
കേരളത്തിലും തമിഴ്നാട്ടിലുമുള്ള നിരവധി സംരക്ഷിത മേഖലകളേയും റിസര്‍വ് ഫോറസ്റ്റുകളേയും ബന്ധിപ്പിക്കുന്ന ജൈവവൈവിധ്യമേഖലയാണ് ഈ പ്രദേശം. ഉഷ്ണമേഖല പര്‍വത ആവാസവ്യവസ്ഥക്ക് അനുയോജ്യമായ രീതിയില്‍ സസ്യ-ജന്തു ജാലങ്ങളുടെ വിപുലമായ പട്ടിക രൂപപ്പെടുത്തി, ദേശീയോദ്യാനത്തില്‍ സംരക്ഷിച്ചു വരുന്നതായും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.
സംരക്ഷിത വനമേഖലയ്ക്ക് കോട്ടം താട്ടാത്ത രീതിയില്‍ നന്നായി വേര്‍തിരിക്കപ്പെട്ടതും നിയന്ത്രിതവുമായ ടൂറിസം സോണ്‍, ഇന്റര്‍പ്രട്ടേഷന്‍ സെന്റര്‍, ഓര്‍ക്കിഡേറിയം, ഫേണറി, ആവാസവ്യവസ്ഥയില്‍ കടന്നുകയറാതെ ജൈവവൈവിധ്യം ആസ്വദിക്കുന്നതിനുള്ള വെര്‍ച്വല്‍ റിയാലിറ്റി എക്സ്പീരിയന്‍സ് സെന്റര്‍, നേച്ചര്‍ എജ്യുക്കേഷന്‍ സെന്റര്‍ എന്നിവ ഇരവികുളത്തിന്റെ പ്രത്യേകതകളാണ്.
ഡോ. എസ്. വി കുമാര്‍ ചെയര്‍മാനായിട്ടുള്ള ഡോ. ജ്യോതി കശ്യപ്, ഡോ. ജി അരീന്ദ്രന്‍, ഡോ. ജെ എ ജോണ്‍സണ്‍ എന്നിവരടങ്ങുന്ന വിദഗ്ധസംഘമാണ് മാനേജ്മെന്റ് എഫക്ടീവ് എവാല്യൂവേഷനായി ഇരവികുളം ദേശീയോദ്യാനത്തില്‍ പരിശോധനനടത്തിയത്.
Eravikulam National Park in Idukki, which is celebrating its 50th anniversary, has also been recognized as the best national park in India.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates