പൊലീസ് മേധാവി നിയമനം:രമൺ ശ്രീവാസ്തവ മുതൽ റവാഡ ചന്ദ്രശേഖർ വരെ വിവാദങ്ങളും വിധിയും 'മറക്കാനാവാത്ത അധ്യായങ്ങളും'; സർക്കാരുകളെ വെട്ടിലാക്കിയ പ്രകാശ് സിങ് ആരാണ്?
കേരളത്തിൽ പുതിയ സംസ്ഥാന പൊലീസ് മേധാവിയായി റവാഡ എ. ചന്ദ്രശേഖറെ നിയമിക്കാനുള്ള തീരുമാനം സർക്കാർ എടുത്തു. യു പി എസ് സി നൽകുന്ന മൂന്ന് പേരുടെ പട്ടികയിൽ നിന്ന് ഒരാളെ നിയമിക്കാൻ മാത്രമേ പുതിയ നിയമം അനുസരിച്ച് സർക്കാരിന് സാധിക്കുകയുള്ളൂ. സർക്കാർ നൽകിയ പട്ടികയിലുണ്ടായിരുന്നത് നിധിൻ അഗർവാൾ, റവാഡ ചന്ദ്രശേഖർ, യോഗേഷ് ഗുപ്ത, മനോജ് എബ്രഹാം, എം ആർ അജിത് കുമാർ, സുരേഷ് രാജ് പുരോഹിത് എന്നിവരായിരുന്നു. അതിൽ സീനിയോറിട്ടി അനുസരിച്ച് ആദ്യ മൂന്ന് പേരുടെ പേരുകളാണ് യു പി എസ് സി അംഗീകരിച്ച് സംസ്ഥാന സർക്കാരിന് തിരികെ നൽകിയത്.
സർക്കാരിനെ സംബന്ധിടത്തോളം ഈ മൂന്നുപേരുകാരും പല കാരണങ്ങളാൽ അത്ര അഭിമതരായയിരുന്നില്ല. കൂത്തുപറമ്പ് കേസിൽ സിപി എം നേരിട്ട് റവാഡ ചന്ദ്രശേഖറിനെതിരെ കേസ് നൽകിയ കാലം ഇപ്പോഴും പലരും ഓർമ്മിപ്പിക്കുന്നുണ്ട്. റവാഡ ചന്ദ്രശേഖർ എ എസ് പി ആയിരിക്കെയായിരുന്നു കൂത്തുപറമ്പ് വെടിവെയ്പ് നടന്നത്. കേരള ചരിത്രത്തിലെയും സിപിഎമ്മിന്റെ ചരിത്രത്തിലെയും മറക്കാനാവാത്ത സംഭവമാണ് 1994 നവംബര്‍ 25ലെ കൂത്തുപറമ്പ് വെടിവയ്പ്. സഹകരണ മന്ത്രിയായിരുന്ന എം വി രാഘവനെതിരെ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ കരിങ്കൊടിയുമായി പ്രതിഷേധിച്ചു. വഴി തടഞ്ഞ ഡിവൈഎഫ്‌ഐക്കാരെ പിരിച്ചുവിടുന്നതിന് വെടിവയ്ക്കാന്‍ അന്ന് കണ്ണൂര്‍ എ എസ്പിയായിരുന്ന റവാഡ എ ചന്ദ്രശേഖര്‍ ഐപിഎസ് ഉത്തരവിട്ടു. ചാര്‍ജെടുത്തതിന്റെ പിറ്റേന്നാണ് സംഭവം.
എന്നാൽ റവാഡ ചന്ദ്രശേഖർ മാത്രമല്ല, സർക്കാരുകളെ പ്രതിസന്ധിയിലാക്കിയ ഡി ജി പി മാർ. പ്രത്യേകിച്ച് പിണറായി വിജയൻ സർക്കാരിന്റെ തുടക്ക കാലം മുതൽ ഡി ജി പി നിയമനം കീറാമുട്ടിയായിട്ടുണ്ട്.പലപ്പോഴും വിവാദങ്ങളിലും പെട്ടിട്ടുണ്ട്. ഒന്നാം പിണറായി സർക്കാർ മുൻ ഡി ജി പിയെ ഉപദേഷ്ടാവായി നിയമിച്ചതും വിവാദമായിരുന്നു.

കേരളത്തിലെ സി പി എമ്മുമായി അധികാരത്തിലുള്ളപ്പോഴും പ്രതിപക്ഷത്തിരുന്നപ്പോഴും ഇടഞ്ഞിട്ടുള്ള പല പൊലീസ് ഉദ്യോഗസ്ഥരും പിന്നീട് സി പി എം ഭരിക്കുമ്പോൾ തന്നെ ഉന്നത സ്ഥാനങ്ങളിലെത്തിയിട്ടുണ്ട്. ചിലരെ നിയമപരമായി നിയമിക്കാൻ ബാധ്യസ്ഥരായ സർക്കാർ തമ്മില്‍ ഭേദം എന്ന നിലയിൽ നിയമനം നടത്തുന്നു. ഇത്തരം നിർബന്ധങ്ങളില്ലാത്ത കാലത്തും ഇങ്ങനെ ഒരുകാലത്ത് എതിർത്തവരെ നിയമിക്കാനും ഇടതുപക്ഷ സർക്കാരിന് കഴിഞ്ഞിട്ടുണ്ട്. അതിശക്തമായി എതിർത്തവരെ മറ്റ് പ്രധാനപ്പെട്ട അനൗപചാരിക തസ്തികകളിൽ നിയമിച്ച, അധികം പഴക്കമില്ലാത്ത ചരിത്രവും എൽ ഡി എഫിനുണ്ട്.
പ്രകാശ് സിങ് കേസും വിധിയും
സംസ്ഥാന പൊലീസ് മേധാവി നിയമനത്തിൽ യു ഡി എഫിനെയും കോൺഗ്രസിനെയും സംബന്ധിച്ച് ഇത്തരം നിയമപരമായ നൂലാമാലകളിൽ ഇടപെടേണ്ട സാഹചര്യം വന്നിട്ടില്ല. എന്നാൽ, അവരും എതിർക്കുകയും ആരോപണം ഉന്നയിക്കുകയും ചെയ്ത പൊലീസ് ഉദ്യോഗസ്ഥനെ സീനിയോറിട്ടി മറികടന്ന്, സംസ്ഥാന പൊലീസ് മേധാവിയാക്കിയ ചരിത്രമുണ്ട്. ഇതൊന്നും അക്കാലത്ത് ഇതൊന്നും നിയമപ്രശ്നങ്ങളായി പൊന്തിവന്നിരുന്നില്ല. അതിന് പല കാരണങ്ങളുണ്ട്. പൊലീസ് സംസ്ഥാനത്തിന് അധികാരമുള്ള വകുപ്പാണ്. അതുകൊണ്ട് തന്നെ സംസ്ഥാന പൊലീസ് മേധാവി നിയമനത്തിനു സംസ്ഥാനത്തിന് പൂർണ്ണ അധികാരം ഉണ്ടായിരുന്നു. ഇതിന് ഒരു കേന്ദ്ര സംവിധാനത്തിന് കൂടി അധികാരം വരുന്നത് പിന്നീടാണ്. അതു വന്നതിന് ശേഷം ഒരു യു ഡി എഫ് സർക്കാർ മാത്രമേ അധികാരത്തിൽ വന്നുള്ളൂ.
സംസ്ഥാന പൊലീസ് മേധാവി നിയമനത്തിൽ അങ്ങനെയൊരു ഭേദഗതി വന്നതിന് പിന്നിൽ പത്ത് വർഷം നീണ്ട നിയമ പോരാട്ടത്തിന്റെ കഥയുണ്ട്. അതിന് പുറമെ സർക്കാരുകൾ അത് മറികടക്കാൻ ശ്രമിച്ച നിയമങ്ങളുടെ ചരിത്രമുണ്ട്. അതുമായി ബന്ധപ്പെട്ട് സുപ്രീം കോടതിയുടെ വിധികളുണ്ട്.
ഇന്ത്യയുടെ പൊലീസ് വകുപ്പുമായി ബന്ധപ്പെട്ട് ഔദ്യോഗികമായും അല്ലാതെയും പ്രവർത്തിച്ച വ്യക്തിയാണ് പ്രകാശ് സിങ്. ബി എസ് എഫ് മേധാവിയും ഡി ജി പിയുമൊക്കയായി വിരമിച്ച ഉത്തർപ്രദേശ് സ്വദേശിയായ പ്രകാശ് സിങ് നൽകിയ കേസാണ് സംസ്ഥാന സർക്കാരുകളുടെ താൽപ്പര്യത്തിന് തടസ്സമായി മാറിയത്. 1996 ൽ പ്രകാശ് സിങ് , സുപ്രീം കോടതിയിൽ നൽകിയ പൊതുതാൽപര്യ ഹർജിയാണ് സംസ്ഥാന പൊലീസ് മേധാവിമാരുടെ നിയമനത്തിന് മാനദണ്ഡങ്ങൾ നിശ്ചയിക്കുന്നതിന് കാരണമായത്. 1996ലാണ് കേസ് നൽകിയതെങ്കിലും വിധി വന്നത് പത്ത് വർഷം കഴിഞ്ഞ് 2006 ലാണ്.
ഇന്ത്യയിലെ പൊലീസ് പരിഷ്കാരങ്ങളുടെ പ്രധാന ശിൽപ്പി എന്ന നിലയിൽ പ്രകാശ് സിങ് ഏറ്റവും മികച്ച പോലീസ് ഓഫീസർമാരിൽ ഒരാളായി കണക്കാക്കപ്പെടുന്നു.1996-ൽ സർവീസിൽ നിന്ന് വിരമിച്ച ശേഷം, അദ്ദേഹം സുപ്രീം കോടതിയിൽ പൊതു താൽപ്പര്യ ഹർജി നൽകിയത്. ഇതിലെ വിധിയിലാണ് പൊലീസിനെ ബാഹ്യ സമ്മർദ്ദങ്ങളിൽ നിന്ന് സംരക്ഷിക്കുന്നതിനും ജനങ്ങളോട് ഉത്തരവാദിത്തമുള്ളതാക്കുന്നതിനും വേണ്ടി ഘടനാപരമായ മാറ്റങ്ങൾ വരുത്താൻ സുപ്രീം കോടതി കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്ക് പ്രത്യേക നിർദ്ദേശങ്ങൾ നൽകിയത്. ഇത് പൊലീസ് ചരിത്രത്തിലെ നാഴികക്കല്ലുകളിലൊന്നായി പലരും വിലയിരുത്തുന്നു.
ഉത്തർപ്രദേശ് കേഡറിലെ 1959 ബാച്ച് ഇന്ത്യൻ പൊലീസ് സർവീസ് (ഐ പി എസ്) ഓഫീസറാണ് പ്രകാശ് സിങ്. ഐപിഎസ് ഓഫീസറായി അദ്ദേഹത്തിന് ലഭിച്ച ആദ്യ നിയമനം കാൺപൂരിലെ അസിസ്റ്റന്റ് പൊലീസ് സൂപ്രണ്ട് (എഎസ് പി കാൺപൂർ) ആയിട്ടായിരുന്നു. അലഹാബാദ് സർവകലാശാലയിൽ നിന്നും ചരിത്രത്തിൽ ബിരുദവും ബിരുദാനന്തര ബിരുദവും നേടിയ ശേഷമാണ് അദ്ദേഹം ഐ പി എസ്സിൽ എത്തുന്നത്. അസം, ഉത്തർപ്രദേശ് എന്നിവിടങ്ങിൽ ഡി ജി പിയായി സേവനമനുഷ്ഠിച്ചു. ബി എസ് എഫിന്റെ ഡയറക്ടർ ജനറൽ എന്ന നിലയിലും പ്രവർത്തിച്ച ശേഷമാണ് അദ്ദേഹം ഔദ്യോഗിക ജീവിതത്തിൽ നിന്നും വിരമിച്ചത്. പിന്നീട് ഇന്ത്യൻ പൊലീസ് ഫൗണ്ടേഷൻ ആൻഡ് ഇൻസ്റ്റിറ്റ്യൂട്ട് ചെയർമാനായും അഞ്ച് വർഷത്തോളം പ്രവർത്തിച്ചു. 'മെമ്മറീസ് ഓഫ് എ ടോപ് കോപ്പ്, അൺഫൊർഗറ്റബിൾ ചാപ്റ്റേഴ്സ്' എന്നത് അദ്ദേഹത്തിന്റെ ആത്മകഥയാണ്.
സുപ്രീം കോടതി 2006 സെപ്തംബർ 22 ന് പ്രഖ്യാപിച്ച വിധിയിൽ പ്രധാനമായും ചൂണ്ടിക്കാട്ടിയ കാര്യങ്ങൾ : എല്ലാ സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കും പൊലീസ് പരിഷ്കാരങ്ങൾ നടപ്പാക്കാൻ നിർദ്ദേശിച്ചു. ഇതിൽ രാഷ്ട്രീയ സ്വാധീനം കുറയ്ക്കുകയും, പൊലീസിൻ്റെ സുതാര്യതയും കാര്യക്ഷമതയും വർദ്ധിപ്പിക്കുകയും ചെയ്യേണ്ടത് അത്യാവശ്യമാണെന്ന് കോടതി വ്യക്തമാക്കി.
ഈ വിധിന്യായത്തിൽ, പൊലീസ് മേധാവികളുടെ കാലാവധി ഉറപ്പാക്കുക, പൊലീസ് കമ്മീഷനുകളെ നിയമിക്കുക, പൊലീസിനെ രാഷ്ട്രീയവൽക്കരിക്കുന്നതിൽ നിന്ന് തടയുക തുടങ്ങിയ നിരവധി സുപ്രധാന നിർദ്ദേശങ്ങൾ നൽകി.
ഉമ്മൻ ചാണ്ടിയും കോടിയേരിയും പിണറായിയും പിന്നെ, രമൺ ശ്രീവാസ്തവയും
സുപ്രീം കോടതി വിധി ഇങ്ങനെ വ്യക്തമാക്കിയെങ്കിലും ഇന്നും ഈ നിർദ്ദേശങ്ങൾ നടപ്പാക്കാത്ത നിരവധി സംസ്ഥാനങ്ങൾ ഇന്ത്യയിലുണ്ട്. കേരളത്തിൽ ഈ സുപ്രീം കോടതി വിധി വരുന്നതിന് ഏതാനും മാസം മുമ്പാണ് വിവാദനായകനായ രമൺ ശ്രീവാസ്തവയെ സീനിയോറിട്ടി മറികടന്ന് സംസ്ഥാന പൊലീസ് മേധാവിയാകുന്നത്. അന്ന് സംസ്ഥാന പൊലീസ് മേധാവി എന്നത് ക്രമസമാധാന ചുമതലയുള്ള ഡി ജി പിയായി നിയമിച്ചത്. ഡി ജി പി മാരില്‍ ഏറ്റവും സീനിയറായ വിജിലന്‍സ് ഡയറക്ടർ ജേക്കബ് പുന്നൂസിനെയും രണ്ടാമനായ ജയില്‍ മേധാവി എം ജി എ രാമനേയും മറികടന്നാണ് രമണ്‍ ശ്രീവാസ്തവയ്ക്ക് ക്രമസമാധാനത്തിന്റെ ചുതമല നൽകിയത്. 2005 ഫെബ്രുവരി ഒന്നാം തിയ്യതി മുതൽ ആ ചുമതല രമൺ ശ്രീവാസ്തവയ്ക്ക് നൽകാനുള്ള തീരുമാനം സ്വീകരിക്കുന്നത്. ഉമ്മൻചാണ്ടി മുഖ്യമന്ത്രിയായ ആദ്യ യു ഡി എഫ് ഭരണമാണ്.
ഇതിന് പതിനാല് വർഷം മുമ്പ് പ്രതിപക്ഷമായ ഇടതുപക്ഷത്തിനൊപ്പം മുസ്ലിം ലീഗും കോൺഗ്രസിലെ എ വിഭാഗവും രമൺ ശ്രീവസ്തവയ്ക്കെതിരെ രംഗത്തു വന്നിരുന്നു. 1991 ഡിസംബർ 15ന് പാലക്കാട് പുതുപ്പള്ളി തെരുവിലെ സിറാജുന്നിസ എന്ന 11കാരി പൊലീസ് വെടിവെപ്പിൽ മരിച്ചിരുന്നു. ഇതിന് കാരണമായത് ശ്രീവാസ്തവയുടെ വിവാദ വയർലെസ് സന്ദേശമായിരുന്നു എന്നാണ് ആരോപണം. അന്ന് രമൺ ശ്രീവാസ്തവ പാലക്കാടിന്റെ ചുമതലയുള്ള ഐ ജിയായിരുന്നു. മൂന്ന് വർഷമാകുമ്പോഴേക്കും വീണ്ടും രമൺ ശ്രീവാസ്തവ വിവാദനായകനായി. ഐ എസ് ആർ ഒ ചാരക്കേസ് വിവാദത്തിൽ കരുണാകരനൊപ്പം ആരോപണവിധേയനായ ശ്രീവാസ്തവയ്ക്കെതിരെ പ്രതിപക്ഷത്തിനേക്കാൾ ശക്തമായി നിലയുറപ്പിച്ചത് ഉമ്മൻചാണ്ടിയുടെ നേതൃത്വത്തിലുള്ള കോൺഗ്രസിലെ എ ഗ്രൂപ്പുകാരായിരുന്നു.
പതിനൊന്ന് വർഷം മുമ്പ് രമൺശ്രീവാസ്തവയെ വിമർശിച്ച കോൺഗ്രസ് വിഭാഗത്തെ നയിച്ച ഉമ്മൻ ചാണ്ടി തന്നെ അദ്ദേഹത്തെ ഡി ജി പിയാക്കി നിയമിച്ചു. അതും അന്നത്തെ സീനിയോറിട്ടി മറികടന്നായിരുന്നു ആ നിയമനം. പക്ഷേ, അധികം വൈകാതെ ഇടതുപക്ഷം അധികാരത്തിലെത്തി. അന്നത്തെ സാധ്യതകൾ വച്ച് വേണമെങ്കിൽ രമൺ ശ്രീവാസ്തവയെ മാറ്റാൻ സംസ്ഥാന സർക്കാരിന് പറ്റുമായിരുന്നുവെങ്കിലും അത് ചെയ്തില്ല. 2006 സെപ്തംബറിൽ പ്രകാശസിങ് കേസിൽ വന്ന സുപ്രീം കോടതി വിധിയുടെ കാര്യം ചൂണ്ടിക്കാട്ടിയും മറ്റും അദ്ദേഹത്തെ തുടരാൻ അനുവദിച്ചു. വി എസ് അച്യുതാനന്ദൻ മുഖ്യമന്ത്രിയും കോടിയേരി ബാലകൃഷ്ണൻ ആഭ്യന്തരമന്ത്രിയുമായിരുന്ന സർക്കാരിന്റെ കാലത്ത് രമൺശ്രീവാസ്ത സംസ്ഥാന ഡി ജി പി യായി 2008 നവംബർ 30 വരെ തുടർന്നു.
എന്നാൽ അതിന് തൊട്ടുപിന്നാലെ നടന്ന നിയമനങ്ങളൊന്നും അതിനെ ബാധിച്ചില്ല. ഡി ജി പി ജേക്കബ് പുന്നൂസായിരന്നു രമൺ ശ്രീവാസ്തവ മാറിയശേഷം ഡി ജി പിയായത്. ജേക്കബ് പുന്നൂസിനെ നിയമിച്ചത് എൽ ഡി എഫ് സർക്കാരായിരുന്നുവെങ്കിലും പിന്നീട് യു ഡി എഫ് സർക്കാരിന്റെ കാലത്തും അദ്ദേഹം തുടർന്നു. ഇതിനിടയിൽ കേരള സർക്കാർ 2011ൽ കേരളാ പൊലീസ് ആക്ട് നടപ്പിലാക്കി. സംസ്ഥാന പൊലീസ് മേധാവി എന്ന പൊലീസ് മേധാവിയുടെ സ്ഥാനം ഇത് പ്രകാരം നിശ്ചയിച്ചു. 2006 ലെ പ്രകാശ് സിങ് കേസിലെ വിധിയെ മറികടക്കാനാണ് ഇങ്ങനെ ഒരു നിയമം കൊണ്ടുവന്നത് എന്ന ആരോപണമുണ്ടായെങ്കിലും അതായിരുന്നില്ല അതിലെ പ്രധാന ഉള്ളടക്കം. പക്ഷേ, നിയമനം ഇതനുസരിച്ചായിരുന്നു. അക്കാലങ്ങളിൽ ഏതാണ്ട് എല്ലാ സംസ്ഥാനങ്ങളിലും ഈ തസ്തികയിൽ യു പി എസ് സിക്ക് പോകാതെ അതത് സംസ്ഥാനങ്ങൾ ത്നെ നിയമനം നടത്തുന്ന കാലമായിരുന്നു.
ജേക്കബ് പുന്നൂസിന്റെ കാലവധിക്ക് ശേഷം കെ എസ് ബാലസുബ്രഹ്മണ്യത്തിന്റെ നിയമനവും യു പി എസ് സിക്ക് പട്ടിക നൽകാതെയുള്ള സംസ്ഥാന സർക്കാർ നിയമനം തന്നെയായിരുന്നു. അന്ന് മുഖ്യമന്ത്രിയായിരുന്നത് ഉമ്മൻ ചാണ്ടിയും ഭരണം യു ഡി എഫും ആഭ്യന്തരമന്ത്രി തിരുവഞ്ചൂർ രാധാകൃഷ്ണനുമായിരുന്നു. അദ്ദേഹത്തിന്റെ കാലാവധി കഴിഞ്ഞപ്പോൾ സംസ്ഥാന സർക്കാർ ടി പി സെൻകുമാറിനെ സംസ്ഥാന പൊലീസ് മേധാവിയാക്കി നിയമിച്ചു. അതിലും യു പി എസ് സിയുടെ പരിഗണനയ്ക്ക് പട്ടിക നൽകിയിരുന്നില്ല. 2015 ജൂൺ ഒന്നിന് സെൻകുമാറിനെ നിയമിക്കുമ്പോൾ ഉമ്മൻചാണ്ടി മുഖ്യമന്ത്രിയും രമേശ് ചെന്നിത്തല ആഭ്യന്തരമന്ത്രിയുമായി യു ഡി എഫ് സർക്കാരാണ് ഭരിക്കുന്നത്.
എൽ ഡി എഫ് സർക്കാരും പൊലീസ് മേധാവി നിയമത്തിലെ വിവാദങ്ങളും
പിണറായി വിജയൻ നേതൃത്വം നൽകുന്ന എൽ ഡി എഫിന്റെ ആദ്യ സർക്കാരിന്റെ പുത്തരിയിൽ കല്ലുകടിയായിരുന്നു സംസ്ഥാന പൊലീസ് മേധാവി നിയമനം. 2016 മേയ് 25 ന് ഒന്നാം പിണറായി സർക്കാർ അധികാരമേറ്റ ശേഷം ആദ്യം ചെയ്ത ഉദ്യോഗസ്ഥ അഴിച്ചുപണിയിൽ സ്ഥാനം തെറിച്ചത് അന്നത്തെ ഡി ജി പിയായിരുന്ന ടി പി സെൻകുമാറിന്റേതായിരുന്നു. നിയമപ്രശ്നങ്ങളുന്നയിച്ചായിരുന്നു സെൻകുമാറിനെ ആ സ്ഥാനത്ത് നിന്നും മാറ്റി പകരം കേന്ദ്ര സർവീസിൽ നിന്നും തിരികെ എത്തിയ ലോകനാഥ് ബെഹ്റയെ ഡി ജി പിയാക്കിയത്. നിയമ പ്രശ്നങ്ങളാണ് പറഞ്ഞതെങ്കിലും സെൻകുമാറിന് ഉണ്ടായിരുന്നതായി പറയപ്പെട്ടിരുന്ന കോൺഗ്രസ്, ആർ എസ് എസ് അനുകൂല സമീപനമായിരുന്നു അദ്ദേഹത്തെ മാറ്റി ലോകനാഥ് ബെഹറയെ തൽസ്ഥാനത്ത് നിയമിക്കാൻ സർക്കാരിന് പ്രചോദിപ്പിച്ച മുഖ്യഘടകം. അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലിലും ഹൈക്കോടതിയും കേസ് തോറ്റ സെൻകുമാർ സുപ്രീം കോടതിയെ സമീപിച്ച് കാലാവധിയുടെ അടിസ്ഥാനത്തിൽ അനുകൂല വിധി നേടി തിരികെ വന്ന് ഡി ജി പിയായി. പിന്നീട് വിരമിച്ച ശേഷം ബി ജെ പിയോടും ഹിന്ദു ഐക്യവേദിയോടും സഹകരിച്ച് പ്രവർത്തിച്ചു തുടങ്ങി.
തിരുവനന്തപുരം എം ജി കോളജിനുള്ളിൽ നിന്ന് എ ബി വി പി പ്രവർത്തകർ പൊലീസിന് നേരെ ബോംബെറിയുകയും പൊലീസുകാർക്ക് ഗൂരുതരമായ പരുക്കേൽക്കുകയും ചെയ്തതോടെ പൊലീസ് കോളജിൽ കയറി ലാത്തിചാർജ് നടത്തി. ഇതിനിടയിൽ കോളജിൽ പാഞ്ഞെത്തിയ സെൻകുമാർ ഒരു പൊലീസ് ഉദ്യോഗസ്ഥനെ കോളറിൽ പിടിക്കുകയും തൊപ്പി വലിച്ചൂരി സസ്പെൻഡ് ചെയ്യുകയും ചെയ്തു. ഇതിനെതിരെ വിമർശനം ഉയർന്നെങ്കിലും പൊലീസ് നടപടിക്കെതിരെ ഉന്നത ഉദ്യോഗസ്ഥൻ എന്ന നിലയിൽ താൻ സ്വീകരിച്ച നിലപാടിൽ സെൻകുമാർ ഉറച്ചു നിന്നു. അതിന് തൊട്ടുപിന്നാലെ തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളജിൽ, എസ് എഫ് ഐക്കാർക്കെതിരെ നടപടിയെടുക്കാൻ പൊലീസ് കയറിയതിനെയും അദ്ദേഹം ന്യായീകരിക്കുകയും ചെയ്തിരുന്നു.
പുറ്റിങ്ങൽ അപകടം , ജിഷയുടെ കൊലപാതകം എന്നിവയിൽ സെൻകുമാറിന് പാളിച്ച പറ്റി എന്ന നിഗമനം എൽ ഡി എഫിന് ഉണ്ടായിരുന്നു. പൊലീസ് ഉദ്യോഗസ്ഥൻ എന്ന നിലയിൽ സെൻകുമാറിന് പ്രധാന ഉത്തരാവാദിത്വം ഏൽപ്പിക്കുന്നതിൽ ഇടതുപക്ഷ സർക്കാരിന് വിശ്വാസം കുറവായിരുന്നു. അതിനു കാരണം അദ്ദേഹത്തിനുള്ള രാഷ്ട്രീയ നിലപാടും ബന്ധങ്ങളെ കുറിച്ചുള്ള സംശയങ്ങളുമായിരുന്നു. ഇതെല്ലാം സെൻകുമാറിനെ ഒഴിവാക്കാൻ പിണറായി വിജയൻ സർക്കാരിനെ സ്വാധീനിച്ചിരിക്കാമെന്ന് ഒരു പൊലീസ് ഉദ്യോഗസ്ഥൻ സമകാലിക മലയാളത്തോട് പറഞ്ഞു.
സുപ്രീം കോടതി അനുകൂല വിധി നൽകിയതോടെ സെൻകുമാറിനെ തിരികെ നിയമിക്കുക എന്നതല്ലാതെ മറ്റ് വഴികൾ സർക്കാരിന് മുന്നിൽ ഇല്ലായിരന്നു. 2017 മേയ് ആറ് മുതൽ 2017 ജൂൺ 30 വരെ അദ്ദേഹം സംസ്ഥാന പൊലീസ് മേധാവിയായി തുടർന്നു. അതിന് ശേഷം ലോകനാഥ് ബെഹ്റ വീണ്ടും സംസ്ഥാന പൊലീസ് മേധാവിയായി.കോൺഗ്രസ് നേതാവ് കെ കരുണാകരനുമായുള്ള അടുപ്പത്തിന്റെ പേരിൽ മുൻകാലങ്ങളിൽ ഇടതുപക്ഷ പ്രവർത്തകരിൽ നിന്ന് രമൺ ശ്രീവാസ്തവ, ജയറാം പടിക്കൽ, ലക്ഷ്മണ, മധുസൂദനൻ തുടങ്ങിയ പൊലീസ് ഉദ്യോഗസ്ഥരെ പോലെ ഏറെ വിമർശനവും പരിഹാസവും കേൾക്കേണ്ടി വന്നിട്ടുള്ള ഉദ്യോഗസ്ഥനായിരന്നു ബെഹ്റയും പക്ഷേ അദ്ദേഹം പിന്നീട് ഇടതുപക്ഷത്തിന്റെ കണ്ണിലുണ്ണിയായി. ഡി ജി പി സ്ഥാനത്ത് നിന്ന് വിരമിച്ച ശേഷം കൊച്ചി മെട്രോയുടെ,( കെ എം ആർ എൽ) മാനേജിങ് ഡയറക്ടർ എന്ന സുപ്രധാന ചുമതലയിൽ പുനർ നിയമനം നൽകുകയും ചെയ്തു.

ലോകനാഥ് ബെഹ്റയുടെ നിയമനം കൂടെ കഴിഞ്ഞതോടെ സർക്കാരിന് സംസ്ഥാന പൊലീസ് മേധാവി നിയമനത്തിൽ കൈ പൊള്ളേണ്ടതില്ല എന്ന തീരുമാനത്തിലേക്ക് എത്തേണ്ടി വന്നു. സെൻകുമാറിന് സുപ്രീം കോടതിയിൽ നിന്ന് ലഭിച്ച അനുകൂല വിധിയുടെ സാഹചര്യത്തിൽ പ്രകാശ് സിങ് കേസിലെ വിധി നടപ്പാക്കുന്നതിനാകും നല്ലതെന്ന് സർക്കാരിനും ബോധ്യപ്പെട്ടിട്ടുണ്ടാകാം. അതിന് ശേഷം നടന്ന അനിൽ കാന്തിനെ സംസ്ഥാന പൊലീസ് മേധാവിയായി നിയമിക്കുന്നത് മുതലാണ് യു പി എസ് സിക്ക് പട്ടിക നൽകി മൂന്ന് പേരുടെ ചുരുക്കപ്പട്ടിക സ്വീകരിച്ച് നിയമനം നടത്തുന്ന രീതി സംസ്ഥാനം സ്വീകരിച്ചത്. അതിന് ശേഷം ദർവേഷ് സാഹിബിന്റെ നിയമനവും പിന്നീട് ഇപ്പോൾ റവാഡ ചന്ദ്രശേഖറിന്റെ നിയമനവുമാണ് ഈ പട്ടികയിൽ വന്നത്.
രമൺ ശ്രീവാസ്തയുടെ ഉപദേശക വേഷം
സംസ്ഥാന പൊലീസ് മേധാവി നിയമനത്തിന്റെ പേരിൽ സർക്കാർ പുലിവാൽ പിടിച്ച കാലത്താണ് പണ്ട് എതിർക്കുകയും പിന്നീട് ഡി ജി പിയായി തുടരാൻ അനുവദിക്കുകയും ചെയ്ത രമൺശ്രീവാസ്തവയെ മുഖ്യമന്ത്രിയുടെ ഉപദേശകനായി കൊണ്ടു വന്നത്. സി പി എമ്മുകാരെ പോലും അത്ഭുതപ്പെടുത്തിയ തായിരുന്നു ഒന്നാം പിണറായി സർക്കാരിന്റെ കാലത്ത് രമൺ ശ്രീവാസ്തവയുടെ ഉപദേശക റോളിലുള്ള നിയമനം. അതുകൊണ്ട് കേരളത്തിനോ ആഭ്യന്തര വകുപ്പിനോ പ്രത്യേകിച്ച് എന്തെങ്കിലും പ്രയോജനം കിട്ടിയിട്ടുണ്ടോ എന്നറിയില്ല. എന്നാൽ, രണ്ടാം സർക്കാരിൽ അത്തരമൊരു നിയമനം ഉണ്ടായില്ല.
Prakash Singh, who won the case in the supreme court for the transparency in the posting of state police chief From Raman Srivastava to Ravada Chandrasekhar, controversy, verdicts
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates