'എല്ലാം ഇട്ടെറിഞ്ഞ് വീട്ടില്‍ വന്ന് നില്‍ക്കാന്‍ തോന്നി'; സിനിമയിലെ വയലന്‍സിനെ കുറിച്ച് പറയാന്‍ ഞാന്‍ ആളല്ല; സുരേഷ് ഗോപി

അങ്ങനെ ഒരു അവസ്ഥയുണ്ടായതുകൊണ്ടാണ് ആ ഒരുസിനിമ ഉണ്ടായത്. അല്ലാതെ വായുവില്‍ നിന്ന് ചിന്തയില്‍ നിന്ന് ആവാഹിച്ചെടുത്ത് നിങ്ങള്‍ക്ക് സമ്മാനിച്ചതാണോ?. അല്ലല്ലോ?.
suresh gopi on media
സുരേഷ് ഗോപി മാധ്യമങ്ങളെ കാണുന്നു ടെലിവിഷന്‍ ചിത്രം
Updated on

തിരുവനന്തപുരം: സമൂഹത്തില്‍ ഉണ്ടാകുന്ന അക്രമങ്ങളില്‍ സിനിമയ്ക്കും പങ്കുണ്ടാകാമെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി. എന്നാല്‍ എല്ലാം ഉത്ഭവിച്ചത് സിനിമയില്‍ നിന്നാണ് എന്ന് പറയരുത്. ഇത്തരം ആക്രമണങ്ങള്‍ തടയാന്‍ സമൂഹം ഒന്നായി രംഗത്ത് ഇറങ്ങണമെന്നും സുരേഷ് ഗോപി പറഞ്ഞു. സിനിമ കണ്ടാല്‍ മാത്രം പോരെന്നും വിവേകം ഉപയോഗിച്ച് മനസിലാക്കുക കൂടി വേണമെന്നും സുരേഷ് ഗോപി മാധ്യമങ്ങളോട് പറഞ്ഞു.

' എല്ലാവരും ഏറെ വിമര്‍ശിക്കുന്നത് ഇടുക്കി ഗോള്‍ഡ് എന്ന സിനിമയാണ്. അങ്ങനെ ഒരു അവസ്ഥയുണ്ടായതുകൊണ്ടാണ് ആ ഒരുസിനിമ ഉണ്ടായത്. അല്ലാതെ വായുവില്‍ നിന്ന് ചിന്തയില്‍ നിന്ന് ആവാഹിച്ചെടുത്ത് നിങ്ങള്‍ക്ക് സമ്മാനിച്ചതാണോ?. അല്ലല്ലോ?. അതിനെ മഹത്വവത്കരിച്ചതിന് പിന്നില്‍ എന്തെങ്കിലും ഉദ്ദേശ്യമുണ്ടോയെന്ന് ആ കലകാരന്‍മാരോട് ചോദിക്കണം.

ഈ മഹത്വവല്‍ക്കരണത്തിന്റെ അപകടം, ഈ വിഷയത്തിന്റെ വലിയ അപകട സൂചന നല്‍കിയില്ല എന്നത് ഓരോരുത്തരുടെയും വിവേകത്തിന്റെ ഭാഗമാണ്. വിവേകം ഒരു പുസ്തകത്തില്‍ ഉള്‍കൊള്ളണം എന്ന് പറഞ്ഞൂടല്ലോ. അത് മനസിലാക്കുന്നവരുടെ കൂടി വിഷയമാണ്. വായിച്ചാല്‍ മാത്രം പോരല്ലോ. അതിനെ മനസിലാക്കുക എന്നുകൂടി ഇല്ലേ? സിനിമയിലെ വയലന്‍സിനെക്കുറിച്ച് പറയാന്‍ ഞാന്‍ ആളല്ല. നേരിയ തോതിലെങ്കിലും സിനിമയില്‍ വയലന്‍സ് കാണിച്ച് വളര്‍ന്ന ആളാണ് ഞാന്‍. ഇത് നല്ലതല്ല, കണ്ടു ആനന്ദിക്കാനുള്ളതല്ല. പഠിക്കാനും മനസിലാക്കാനും വേണ്ടിയുള്ള സിനിമയാണ് അതൊക്കെ. മനസിലാക്കുക എന്നൊരു കാര്യം കൂടിയുണ്ടല്ലോ.' സുരേഷ് ഗോപി പറഞ്ഞു.

കുട്ടികള്‍ ഇങ്ങനെയാകുന്നത് കാണുമ്പോള്‍ എല്ലാം ഇട്ടെറിഞ്ഞ് വീട്ടില്‍ വന്ന് നില്‍ക്കണമെന്ന് തോന്നി. മക്കള്‍ എന്നുപറയുന്നത് ഓരോ കുടുംബത്തിന്റെ മാത്രം സ്വത്തല്ല, രാജ്യത്തിന്റെ സ്വത്താണ്. ഓരോ കുഞ്ഞും ജനിച്ചുവീഴുന്നത് രാജ്യത്തിന്റെ എല്ലാം അംശങ്ങളിലേക്കും ശുദ്ധമായി ശക്തമായി സംഭാവന നല്‍കി രാജ്യത്തെ രക്ഷിക്കാനാണ്. ഒരു കുഞ്ഞുപോലും പാഴായി പോകാനും പൊലിഞ്ഞുപോകാനും പാടില്ല. എല്ലാ പൂര്‍ണതയിലേക്ക് എത്തിച്ച് അടുത്ത തലമുറയെ എല്‍പ്പിച്ച് പോകുന്ന നല്ല മാനസികാരോഗ്യം അവര്‍ക്ക് വേണം'- സുരേഷ് ഗോപി പറഞ്ഞു.

ഇതിന് പരിഹാരം കാണാന്‍ ഒരുവീട്ടിലെ അച്ഛനും അമ്മയും മാത്രം വിചാരിച്ചാല്‍ സാധിക്കില്ല. റസിഡന്റ് അസോസിയേഷനുകള്‍ക്ക് നല്ല സംഭാവന നല്‍കാന്‍ കഴിയും. ഒാരോ പാര്‍ട്ടികള്‍ക്കും കഴിയും. ബുത്തുതലത്തില്‍ 50 വീടുകള്‍ ഏറ്റെടുത്താല്‍ ഹിതമല്ലാത്തതൊന്നും വരില്ല. അത്രയ്ക്ക് അപകട സ്ഥിതിയിലേക്ക് സംസ്ഥാനം പോയെന്നും സുരേഷ് ഗോപി പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക

Related Stories

No stories found.
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com