
കൊച്ചി: സിബിഎസ്ഇ പത്താംക്ലാസ് പരീക്ഷയുടെ കരട് പദ്ധതിയില്‍ ആശയക്കുഴപ്പം. വിദ്യാര്‍ഥികളുടെ പ്രകടനം മെച്ചപ്പെടുത്തുന്നതിനായി പത്താം ക്ലാസിലേയ്ക്ക് രണ്ട് പരീക്ഷകള്‍ നടത്തുമെന്നാണ് പറയുന്നത്. ഇത് മാതാപിതാക്കളെ ആശങ്കയിലാക്കിയിട്ടുണ്ട്.
നിലവിലെ സിബിഎസ്ഇ ഷെഡ്യൂള്‍ അനുസരിച്ച് പരീക്ഷകള്‍ മെയ് വരെ നീളും. മെയ് അവസാനമോ ജൂണ്‍ ആദ്യമോ മാത്രമേ പരീക്ഷാ ഫലം വരൂ. കേരളത്തിലേയും മറ്റ് ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലും സംസ്ഥാന ബോര്‍ഡുകള്‍ക്ക് കീഴിലുള്ള പതിനൊന്നാം ക്ലാസുകളിലേയ്ക്കുള്ള പ്രവേശനം മെയ് മാസത്തില്‍ ആരംഭിച്ച് ജൂണ്‍ മാസത്തില്‍ അവസാനിക്കും. ഇത് സ്റ്റേറ്റ് സിലബസില്‍ ചേരാന്‍ ആഗ്രഹിക്കുന്ന സിബിഎസ്ഇ വിദ്യാര്‍ഥികളെ പ്രതിസന്ധിയിലാക്കുമെന്നും കൊച്ചിയിലെ ഒരു സിബിഎസ്ഇ സ്‌കൂളിലെ അധ്യാപിക പറയുന്നു.
മാര്‍ക്ക് മെച്ചപ്പെടുത്താന്‍ അവസരം ലഭിക്കുന്നത് വളരെ നല്ലതാണ്. എന്നാല്‍ സ്‌റ്റേറ്റ് സിലബസിലേയ്ക്കുള്ള അപേക്ഷകള്‍ സമര്‍പ്പിക്കാനുള്ള അവസാന തിയതിക്ക് ശേഷം ഫലം വന്നാല്‍ എത്രത്തോളം പ്രയോജനകരമായിരിക്കുമെന്നും അവര്‍ ചോദിക്കുന്നു.
മെയ് മാസത്തിലെ പ്രതികൂല കാലാവസ്ഥയും ഒരു വെല്ലുവിളിയാണ്. വേനല്‍ക്കാലത്ത് വിദ്യാര്‍ഥികളെ പരീക്ഷ എഴുതാന്‍ നിര്‍ബന്ധിക്കരുതെന്ന നിര്‍ദേശം നിലനില്‍ക്കുമ്പോള്‍ മെയ് മാസത്തില്‍ പരീക്ഷ ഷെഡ്യൂള്‍ ചെയ്യുന്നത് പരസ്പര വിരുദ്ധമാണെന്ന് മറ്റൊരധ്യാപിക പറയുന്നു.
നേരത്തെ കരട് പദ്ധതി പ്രസിദ്ധീകരിച്ച ദിവസം സിബിഎസ്ഇ വെബ്‌സൈറ്റില്‍ ചില പ്രാദേശിക ഭാഷകള്‍ ഉള്‍പ്പെടുത്താത്തത് ആശയക്കുഴപ്പം സൃഷ്ടിച്ചിരുന്നു. ഇതേത്തുടര്‍ന്ന് വിവിധ കോണുകളില്‍ നിന്ന് പ്രതിഷേധങ്ങള്‍ ഉയര്‍ന്നിരുന്നു. എന്നാല്‍ അന്നത്തെ ഡേറ്റ് ഷീറ്റ് ഒരു ഉദാഹരണം എ്‌ന രീതിയില്‍ മാത്രമാണ് നല്‍കിയതെന്നായിരുന്നു സിബിഎസ്ഇയുടെ വിശദീകരണം. 2025-26 അധ്യയ വര്‍ഷത്തില്‍ വാഗ്ദാനം ചെയ്ത എല്ലാ വിഷയങ്ങളും ഭാഷകളും തുടരുമെന്നും സിബിഎസ്ഇ വ്യക്തമാക്കി.
നിര്‍ദിഷ്ട രണ്ട് പരീക്ഷാ നയത്തെക്കുറിച്ചുള്ള സംസ്ഥാനത്തിന്റെ അഭിപ്രായങ്ങള്‍ ഏകീകരിക്കുന്നതിനായി നാഷണല്‍ കൗണ്‍സില്‍ ഓഫ് സിബിഎസ്ഇ സ്‌കൂള്‍സ് രാജ്യവ്യാപകമായി തന്നെ വിഷയം ഏറ്റെടുത്തിട്ടുണ്ടെന്ന് നാഷണല്‍ കൗണ്‍സില്‍ ഓഫ് സിബിഎസ്ഇ സ്‌കൂള്‍സ് (എന്‍സിസിഎസ്) സെക്രട്ടറി ജനറല്‍ ഇന്ദിര രാജന്‍ പറഞ്ഞു. വിദ്യാര്‍ഥി ക്ഷേമം, അക്കാദമിക് സമ്മര്‍ദം, പ്രവര്‍ത്തന പരവും ഭരണപരവുമായ വെല്ലുവിളികള്‍, മൂല്യനിര്‍ണ മാനദണ്ഡങ്ങള്‍, വിദ്യാര്‍ഥി പ്രകടനം, ഉന്നത വിദ്യാഭ്യാസവും കരിയര്‍ അവസരങ്ങളും, കാലാവസ്ഥ, പ്രാദേശിക വെല്ലുവിളികള്‍ തുടങ്ങിയ പ്രധാന ഘടകങ്ങള്‍ ഇവര്‍ പരിഗണിക്കും.
ഇത്തരത്തില്‍ വൈവിധ്യമാര്‍ന്ന കാഴ്ചപ്പാടുകള്‍ ശേഖരിക്കുന്നത് നയം പരിഷ്‌കരിക്കാന്‍ സഹായിക്കുമെന്ന് സിബിഎസ്ഇ-അഫിലിയേറ്റഡ് സ്‌കൂളുകളുടെ മാനേജ്‌മെന്റുകള്‍ക്കും പ്രിന്‍സിപ്പല്‍മാര്‍ക്കും അയച്ച കത്തില്‍ പറയുന്നു. ഇതിന്റെ ഭാഗമായി സംസ്ഥാനത്തുടനീളമുള്ള സ്‌കൂളുകളില്‍ നിന്ന് സിബിഎസ്ഇ സ്‌കൂള്‍സ് കൗണ്‍സില്‍ വിവരങ്ങള്‍ ശേഖരിക്കും. ഏകീകൃത ഫീഡ്ബാക്ക് മെമ്മോറാണ്ടമായി സമാഹരിച്ച് വിദ്യാഭ്യാസ മന്ത്രാലയം, ഇന്ത്യ ഗവണ്‍മെന്റ്, സിബിഎസ്ഇ അധികാരികള്‍ എന്നിവര്‍ക്ക് സമര്‍പ്പിക്കും. സ്‌കൂളുകളുടെ ആശങ്കകളും ശുപാര്‍ശകളും ദേശീയ തലത്തില്‍ ഫലപ്രദമായി ആശയവിനിമയം നടത്തുന്നുണ്ടെന്ന് ഉറപ്പാക്കുമന്നും സിസിസിഎസ്‌കെ പറഞ്ഞു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക