
ഇടുക്കി: 2010ല്‍ അരിക്കൊമ്പന്‍റെ ആക്രമണത്തില്‍ വലതു തോളിന് ഗുരുതരമായി പരിക്കേറ്റ 68 കാരന്‍ തോമസിനേയും ഭാര്യ വിജയമ്മയേയും അത്ര പെട്ടെന്ന് മറക്കാനിടയില്ല. പരിക്ക് പറ്റിയിട്ടും അരിക്കൊമ്പനെ ചിന്നക്കനാലിലെ ആവാസ വ്യവസ്ഥയില്‍ തന്നെ തുടരാനനുവദിക്കണമെന്ന നിലപാടില്‍ അവര്‍ ഉറച്ചു നിന്നു. അങ്ങനെയാണ് ഇരുവരും വാര്‍ത്തകളില്‍ ഇടംപിടിച്ചത്. ഇപ്പോള്‍ ഇവര്‍ക്ക് കണ്ടെയ്‌നര്‍ ഹോം നിര്‍മിച്ച് നല്‍കിയിരിക്കുകയാണ് കൊച്ചി ആസ്ഥാനമായുള്ള അരിക്കൊമ്പന്‍ ഫാന്‍സ് അസോസിയേഷന്‍ അംഗങ്ങള്‍. ആറ് മാസം മുമ്പാണ് ഇവരുടെ താല്‍ക്കാലിക ഷെഡിന് സമീപത്തു തന്നെ പുതിയ കണ്ടെയ്‌നര്‍ ഹോം നിര്‍മിച്ച് നല്‍കിയത്.
2003ല്‍ സര്‍ക്കാര്‍ ഒരു ഏക്കര്‍ സ്ഥലം നല്‍കി ഇവരെ പുനരധിവസിപ്പിക്കുകയായിരുന്നു. എന്നാല്‍ ഈ പ്രദേശത്ത് ആന ശല്യം രൂക്ഷമായിരുന്നുവെന്ന് തോമസ് പറയുന്നു. കഴിഞ്ഞ 21 വര്‍ഷത്തിനിടയില്‍ കാട്ടാനകള്‍ തങ്ങളുടെ താല്‍ക്കാലിക ഷെഡ് ആറ് തണവയെങ്കിലും തകര്‍ത്തിട്ടുണ്ട്. മിക്ക ആക്രമണങ്ങള്‍ക്കും നേതൃത്വം നല്‍കിയത് മുറിവാലന്‍ എന്ന ആനയാണ്. ആറ് മാസം മുമ്പ് ഈ ആന ചെരിഞ്ഞു.
2010 നവംബര്‍ 1 അര്‍ധരാത്രിയോടെ ലോട്ടറി ടിക്കറ്റ് വിറ്റ ശേഷം വീട്ടിലേയ്ക്ക് മടങ്ങുമ്പോഴാണ് അരിക്കൊമ്പന്‍ തോമസിനെ ആക്രമിക്കുന്നത്. ''എന്നെ വെറുതെ വിടണമെന്ന് ഞാന്‍ അവനോട് അപേക്ഷിച്ചു. എന്നിട്ടും അവന്‍ എന്നെ ഇടത് തോളില്‍ കുത്തിയെറിഞ്ഞു. സഹായം തേടി നാട്ടുകാരെ വിളിക്കാന്‍ എനിക്ക് കഴിഞ്ഞു. അങ്ങനെയാണ് എന്നെ അടുത്തുള്ള ആശുപത്രിയിലേയ്ക്ക് മാറ്റുന്നത്'', തോമസ് ദി ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ്സിനോട് പറഞ്ഞു.
ആനകള്‍ നാശങ്ങള്‍ സൃഷ്ടിച്ചിട്ടുണ്ടെങ്കിലും അവയോട് ഒരു വിദ്വേഷവും തോന്നുന്നില്ലെന്ന് തോമസ് പറയുന്നു, ഇടുക്കിയിലെ പീരുമേട്ടിലെ മലയരയന്‍ ഗോത്ര സമൂഹത്തില്‍ ജനിച്ചതിനാല്‍ ഞങ്ങള്‍ എപ്പോഴും വനത്തില്‍ താമസിക്കുകയും വന്യമൃഗങ്ങളുമായി അടുത്തിടപഴകുകയും ചെയ്തിട്ടുണ്ട്. അരിക്കൊമ്പനെ ചിന്നക്കനാലിലേയ്ക്ക് തന്നെ കൊണ്ടുവരണമെന്നാണ് വിജമ്മയുടേയും അഭിപ്രായം. മറ്റ് കാട്ടാനകളുമായി താരതമ്യം ചെയ്യുമ്പോള്‍ അരിക്കൊമ്പന്‍ പ്രശ്‌നക്കാരനല്ലായിരുന്നു. എന്നിട്ടും എല്ലാ കുറ്റങ്ങളും അവന്റെ മേല്‍ വന്നു, വിജയമ്മ പറഞ്ഞു.
സോഷ്യല്‍ മീഡിയയിലൂടെയും വാര്‍ത്തകളിലൂടെയുമാണ് അരിക്കൊമ്പന്‍ ആരാധക അസോസിയേഷന്‍ ഈ ദമ്പതികളെക്കുറിച്ച് അറിഞ്ഞത്. ആറ് മാസം മുമ്പാണ് തങ്ങള്‍ക്ക് കണ്ടെയ്‌നര്‍ ഹോം നിര്‍മിച്ച് നല്‍കിയത്. അതിന് ശേഷം ഞങ്ങള്‍ക്ക് ആക്രമണങ്ങള്‍ നേരിടേണ്ടി വന്നിട്ടില്ല. പുതിയ വീട്ടിലേയ്ക്കുള്ള വൈദ്യുതി കണക്ഷന് അപേക്ഷിച്ചിട്ടുണ്ടെന്നും വിജയമ്മ പറയുന്നു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക