
കൊല്ലം: സിപിഎം സംസ്ഥാന സമ്മേളനത്തിലെ സംഘടനാ റിപ്പോര്‍ട്ടില്‍ മന്ത്രിമാരെയും നേതാക്കന്‍മാരെയും വിമര്‍ശിച്ചും പ്രശംസിച്ചും സംഘടനാ റിപ്പോര്‍ട്ട്. മുഹമ്മദ് റിയാസിനെയും കെഎന്‍ ബാലഗോപാലിനെയും എകെ ബാലനെയും പ്രശംസിച്ച റിപ്പോര്‍ട്ടില്‍ എം സ്വരാജും തോമസ് ഐസക്കും സംഘടനാരംഗത്ത് കൂടുതല്‍ ശ്രദ്ധിക്കണമെന്നും നിര്‍ദേശത്തിലുണ്ട്.
ഇപി ജയരാജന്‍: വിവിധ സബ് കമ്മിറ്റികളുടെയും ഫ്രാക്ഷനുകളുടെയും ചുമതല നിര്‍വഹിക്കുന്നുണ്ട്. യുവജന രംഗം, സഹകരണ രംഗം എന്നിവയുടെ ചുമതലയുണ്ട്. ഇടക്കാലത്ത് പ്രവര്‍ത്തനങ്ങളില്‍ സജീവമല്ലാത്ത നിലയുണ്ടായിരുന്നു. എല്‍ഡിഎഫ് കണ്‍വീനര്‍ എന്ന നിലയില്‍ പ്രവര്‍ത്തിച്ചിരുന്നെങ്കിലും പിന്നീട് മാറ്റം വരുത്തുകയാണ് ഉണ്ടായത്. സമ്മേളന ഘട്ടത്തില്‍ സജീവമായുണ്ട്.
പികെ ശ്രീമതി: പാര്‍ട്ടി കേന്ദ്രത്തിന്റെ ഭാഗമായാണ് പ്രവര്‍ത്തിക്കുന്നത്. അഖിലേന്ത്യ ജനാധിപത്യ മഹിളാ അസോസിയേഷന്റെ അഖിലേന്ത്യാ പ്രസിഡന്റായി പ്രവര്‍ത്തിക്കുന്നു. മഹിളാ മുന്നണിയുടെ ചാര്‍ജ് സഖാവിനാണ്. കണ്ണൂര്‍, കാസര്‍കോട്, ജില്ലാ കമ്മിറ്റികളെയാണ് മുഖ്യമായും സഹായിക്കുന്നത്. സംസ്ഥാന കേന്ദ്രം നല്‍കുന്ന പരിപാടികളില്‍ വിവിധ ജില്ലകളില്‍ പങ്കെടുത്തിട്ടുണ്ട്. അഖിലേന്ത്യാതലത്തില്‍ പ്രവര്‍ത്തിക്കേണ്ടതുകൊണ്ട് നേരത്തെ ഉണ്ടായിരുന്നതുപോലെ സമയം ലഭിക്കാറില്ല. സംഘടനാ രംഗത്തും ക്യാംപയിനുകളിലും ശ്രദ്ധിക്കുന്നുണ്ട്.
തോമസ് ഐസക്: പാര്‍ട്ടി കേന്ദ്രത്തിന്റെ ഭാഗമായാണ് പ്രവര്‍ത്തിക്കുന്നത്. പാര്‍ട്ടി വിദ്യാഭ്യാസം, നവമാധ്യമം തുടങ്ങിയ രംഗങ്ങളിലെ ചുമതല സഖാവിനാണ്. പാര്‍ട്ടി കേന്ദ്രം നിര്‍ദേശിക്കുന്ന പരിപാടികളില്‍ പങ്കെടുക്കാറുണ്ട്. അവൈലബിള്‍ സെക്രട്ടേറിയറ്റ് യോഗത്തില്‍ പങ്കെടുക്കുന്നതില്‍ കൂടുതല്‍ ശ്രദ്ധിക്കണം. ഇപ്പോള്‍ സംസ്ഥാന സര്‍ക്കാരിന്റെ കേരള എക്‌ണോമി മിഷന്‍ പദ്ധതിയുടെ ഉപദേശകനായി പ്രവര്‍ത്തിക്കുന്നു. പത്തനംതിട്ട, ആലപ്പുഴ ജില്ലകളില്‍ പാര്‍ട്ടിയെ സഹായിച്ച് സംഘടനാ രംഗത്ത് ശ്രദ്ധിക്കുന്നു.
എകെ ബാലന്‍: പാര്‍ട്ടി കേന്ദ്രത്തില്‍ കേന്ദ്രീകരിച്ചുകൊണ്ട് പ്രവര്‍ത്തിക്കുന്നു. പാലക്കാട് ജില്ലാ കമ്മിറ്റിയെയും സഹായിക്കാറുണ്ട്. വിദ്യാര്‍ഥി/ ട്രേഡ് യൂണിയന്‍, കോളജ് അധ്യാപക രംഗം, എസ് സി/ എസ് ടി രംഗത്തും നല്‍കിയ ഉത്തരവാദിത്തങ്ങളാണ് നിര്‍വഹിക്കുന്നത്. സെക്രട്ടേറിയറ്റ് നിശ്ചയിക്കുന്ന ജില്ലാ കമ്മിറ്റി യോഗങ്ങളിലും, മറ്റ് പരിപാടികളിലും പങ്കെടുക്കാറുണ്ട്. അവൈലബിള്‍ സെക്രട്ടേറിയറ്റ് യോഗത്തില്‍ പങ്കെടുക്കുന്നുണ്ട്. സെന്റര്‍ പ്രവര്‍ത്തനങ്ങളില്‍ ശ്രദ്ധിക്കാറുണ്ട്. രാഷ്ട്രീയ കാര്യങ്ങളില്‍ പ്രതികരിച്ച് നിലപാട് വ്യക്തമാക്കുന്ന നിലയുണ്ട്.
ടിപി രാമകൃഷ്ണന്‍: എംഎല്‍എ എന്ന നിലയില്‍ പാര്‍ലമെന്ററി രംഗത്താണ് മുഖ്യമായും പ്രവര്‍ത്തിക്കുന്നത്. പാര്‍ലമെന്ററി പാര്‍ട്ടി സെക്രട്ടറിയാണ്. ഇപ്പോള്‍ എല്‍ഡിഎഫ് കണ്‍വീനറായി പ്രവര്‍ത്തിക്കുന്നു. പാര്‍ട്ടി സെന്റര്‍ നിര്‍ദേശിച്ച വിധം മറ്റ് ഉത്തരവാദിത്വങ്ങളും നിര്‍വഹിക്കുന്നുണ്ട്. ചുമട്ടുതൊഴിലാളി യൂണിയന്‍ പ്രസിഡന്റ് എന്ന നിലയിലും സിഐടിയു രംഗത്ത് പ്രത്യേകം ഇടപെടുന്നുണ്ട്. കോഴിക്കോട്, വയനാട് ജില്ലാ പാര്‍ട്ടിയെ സഹായിക്കുന്ന രീതി ഉണ്ടായിട്ടുണ്ട്. എല്‍ഡിഎഫ് കണ്‍വീനറായ ശേഷം പാര്‍ട്ടി കേന്ദ്രത്തില്‍ ശ്രദ്ധിക്കുന്നുണ്ട്.
കെഎന്‍ ബാലഗോപാല്‍: നിയമസഭാ തെരഞ്ഞെടുപ്പുവരെ സംഘടനാ രംഗത്താണ് പ്രവര്‍ത്തിച്ചിരുന്നത്. സാമ്പത്തിക പ്രതിസന്ധിയുടെ ഘട്ടത്തില്‍ ധനമന്ത്രിയായി പ്രവര്‍ത്തിക്കുകയെന്ന ശ്രമകരമായ ദൗത്യമാണ് ഏറ്റെടുത്തിരിക്കുന്നത്. കൊല്ലം ജില്ലാ കമ്മിറ്റിയെ സഹായിക്കുന്നു.
എം സ്വരാജ്: ദേശാഭിമാനിയുടെ റസിഡന്റ് എഡിറ്ററാണ്. ചിന്താ പബ്ലിഷേഴ്‌സിന്റെ ചുമതല നിര്‍വഹിക്കുന്നു. കര്‍ഷക സംഘത്തില്‍ പ്രവര്‍ത്തിക്കുന്നു. വിദ്യാര്‍ഥി രംഗത്തിന്റെ ചുമതലയുണ്ട്. പാര്‍ടി കേന്ദ്രം ഏല്‍പ്പിക്കുന്ന പ്രവര്‍ത്തനങ്ങള്‍ നിര്‍വഹിക്കുന്നു. പ്രചരണ - ക്യാംപെയ്ന്‍ പ്രവര്‍ത്തനങ്ങളില്‍ സജീവമായി ഇടപെടുന്നു. അവൈലബിള്‍ യോഗത്തിലെ പങ്കാളിത്തം വര്‍ധിപ്പിക്കണം.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക