'കാലം എല്ലാത്തിനും കണക്ക് ചോദിക്കും'- തൊട്ടുകൂടായ്മയുടെ പേരിൽ ​​ഗാന്ധിജിയെ പുറത്തിരുത്തി; 'ഇണ്ടംതുരുത്തി മന' ഇന്ന് ചെത്തു തൊഴിലാളി യൂണിയൻ ഓഫീസ്!

ഗാന്ധിജിയുടെ ഇണ്ടംതുരുത്തി മന സന്ദർശനത്തിന്റെ ശതാബ്ദി ആഘോഷം തിങ്കളാഴ്ച
A poetic justice served after 100 years!
ഇണ്ടംതുരുത്തി മന
Updated on

കോട്ടയം: ജാതീയതയും തൊട്ടുകൂടായ്മയും കൊടുമ്പിരിക്കൊണ്ട കാലത്താണ് ചരിത്ര പ്രസിദ്ധമായ വൈക്കം സത്യാഗ്രഹത്തിൽ ഒരു പ്രധാന സ്ഥാനം വഹിച്ച ഇണ്ടംതുരുത്തി മനയിൽ 1925 മാർച്ച് 10ന് മഹാത്മാഗാന്ധി എത്തിയത്. തിരുവിതാംകൂർ മേഖലയിലെ എല്ലാ വിഭാഗം ഹിന്ദുക്കൾക്കും വൈക്കത്തെ പ്രശസ്തമായ ശിവ ക്ഷേത്രത്തിലേക്കുള്ള വഴി തുറന്നുകൊടുക്കുന്നതിനായി ഉയർന്ന ജാതിയിൽപ്പെട്ടവരുമായി ചർച്ചകൾ നടത്തുക എന്നതായിരുന്നു അദ്ദേഹത്തിന്റെ ദൗത്യം. എന്നാൽ ഗാന്ധി തന്നെ അതിന്റെ ഇരയായി മാറുന്ന കാഴ്ചയാണ് അന്ന് മനയിൽ അരങ്ങേറിയത്.

അന്നത്തെ ക്ഷേത്രത്തിന്റെ മുഖ്യ ട്രസ്റ്റിയും ഇണ്ടംതുരുത്തി മനയിലെ കാരണവരുമായ ദേവൻ നീലകണ്ഠൻ നമ്പൂതിരി, ഗാന്ധിജിയെ വീട്ടിൽ പ്രവേശിക്കാൻ അനുവദിച്ചില്ല. വിലക്കിനു കാരണമായി നമ്പൂതിരി പറഞ്ഞത് ​ഗാന്ധിജി ഒരു 'വൈശ്യ'നായിരുന്നു എന്നാണ്. നീലകണ്ഠനും മറ്റ് ഉയർന്ന ജാതി ഹിന്ദുക്കളും വീടിനുള്ളിൽ ഇരുന്നപ്പോൾ ഗാന്ധിജിക്ക് പുറത്ത് സ്ഥാപിച്ച ഒരു താത്കാലിക പന്തലിൽ ഇരുന്നാണ് ചർച്ചകൾ നടത്തേണ്ടി വന്നത്.

'നിലവിൽ ഇണ്ടംതുരുത്തി മന കള്ളുചെത്ത് തൊഴിലാളികളുടെ യൂണിയൻ (എഐടിയുസി) ഓഫീസാണ്. ഗാന്ധിജിയുടെ വൈക്കം സന്ദർശനത്തിന്റെ ശതാബ്ദി വർഷത്തിൽ ഈ മാറ്റം ഒരു കാവ്യ നീതിയായി മാറുകയാണ്. 100 വർഷങ്ങൾക്ക് ശേഷം മഹാത്മാഗാന്ധിയുടെ കൊച്ചുമകനായ തുഷാർ ഗാന്ധിയെ ഇണ്ടംതുരുത്തി മനയിലേക്ക് സ്വാഗതം ചെയ്തതും ചരിത്രം. സികെ വിശ്വനാഥൻ അനുസ്മരണ ചടങ്ങിന്റെ ഭാഗമായി പ്രശസ്ത എഴുത്തുകാരനായ തുഷാർ ഗാന്ധിയെ ഞങ്ങൾ മനയിൽ ക്ഷണിച്ച് അവാർഡ് നൽകി. 2024 ഡിസംബർ 24 ന് അവാർഡ് സ്വീകരിക്കാൻ അദ്ദേഹം മനയിലെത്തി. നടുമുറ്റമുള്ള ഇരുനില കെട്ടിടത്തിലേക്ക് ഗാന്ധിജിക്ക് പ്രവേശനം നിഷേധിച്ചപ്പോൾ 100 വർഷങ്ങൾക്കിപ്പുറം അദ്ദേഹത്തിന്റെ ചെറുമകന് ഗംഭീരമായ സ്വീകരണമാണ് നൽകിയത്'- എഐടിയുസി ചെത്തുതൊഴിലാളി യൂണിയൻ ജനറൽ സെക്രട്ടറി ടിഎൻ രമേശ് 'ദി ന്യൂ ഇന്ത്യൻ എക്സ്പ്രസി'നോടു പറഞ്ഞു. വൈക്കം ക്ഷേത്രത്തിനടുത്തുള്ള കൊച്ചാലും ചുവട് ജങ്ഷനിൽ സ്ഥിതി ചെയ്യുന്ന പരമ്പരാഗത കെട്ടിടം ഇപ്പോൾ യൂണിയന്റെ കൈവശമാണ്.

'മന' എങ്ങനെ കൈ മാറി?

'നടുവഴി' എന്ന പാരമ്പര്യ പദവി വഹിച്ചിരുന്ന നീലകണ്ഠനുമായുള്ള ചർച്ചകൾക്ക് ശേഷം ഗാന്ധി നിരാശനായി മടങ്ങി. 'നമ്മുടെ മതത്തിൽ ഒരു കറുത്ത പാടുണ്ട് അത് നീക്കം ചെയ്യേണ്ടതുണ്ട്. അത് തൊട്ടുകൂടായ്മയും തീണ്ടിക്കൂടായ്മയുമാണ്. ഈ തൊട്ടുകൂടായ്മയും തീണ്ടിക്കൂടായ്മയും ഹിന്ദുമതത്തിന്റെ ഭാഗമാകാൻ കഴിയില്ലെന്ന് ഞാൻ അവരോട് പറയാൻ ആഗ്രഹിക്കുന്നു. വൈക്കത്തെ അനീതിക്കെതിരെ പോരാടുന്ന സത്യാഗ്രഹികൾ മതത്തെ നശിപ്പിക്കാനല്ല, മറിച്ച് അതിനെ പരിഷ്കരിക്കാനാണെന്നു അവരോട് പറയാനാണ് വന്നത്. ഈ പോരാട്ടത്തിന്റെ എല്ലാ പ്രത്യാഘാതങ്ങളെക്കുറിച്ചും ഞാൻ അവരോട് പറയാൻ ആ​ഗ്രഹിച്ചിരുന്നു'- വാർധയിലെ സേവാഗ്രാം ആശ്രമ പ്രതിഷ്ഠാനത്തിലെ ശ്രീ ജംനാലാൽ ബജാജ് മെമ്മോറിയൽ ലൈബ്രറി ആൻഡ് റിസർച്ച് സെന്റർ ഫോർ ഗാന്ധിയൻ സ്റ്റഡീസിന്റെ ഡയറക്ടർ ഡോ. സിബി കെ ജോസഫ് ഗാന്ധിയുടെ വാക്കുകൾ ഉദ്ധരിച്ചു.

'​ഗാന്ധിയുടെ വരവിനെ തുടർന്നു നീലകണ്ഠൻ അവിടെ ഒരു ശുദ്ധീകരണ ചടങ്ങു പോലും നടത്തി. എന്നാൽ ഒരു നിശബ്ദ വിപ്ലവം സംഭവിക്കുകയായിരുന്നു. അതിനുശേഷം കാര്യങ്ങൾ വേഗത്തിൽ മാറി. 32 വർഷങ്ങൾക്ക് ശേഷം 1957ൽ ഇഎംഎസ് നമ്പൂതിരിപ്പാടിന്റെ നേതൃത്വത്തിലുള്ള കമ്മ്യൂണിസ്റ്റ് സർക്കാർ അധികാരത്തിൽ വന്നു അവതരിപ്പിച്ച ആദ്യത്തെ പരിഷ്കാരങ്ങളിലൊന്ന് ഭൂപരിഷ്കരണത്തെക്കുറിച്ചുള്ള പുതിയ നിയമ നിർമാണം ആയിരുന്നു. പിന്നീട് 'പാട്ടം' പോലും ലഭിക്കാതെ വന്നതോടെ ഭൂവുടമകളുടെ പ്രധാന വരുമാന മാർ​ഗങ്ങളും നിലച്ചു.'

മനയിലേക്കുള്ള വഴി
മനയിലേക്കുള്ള വഴി

ഇണ്ടംതുരുത്തി മനയുടെ അടുത്ത തലമുറ വലിയ സാമ്പത്തിക ബുദ്ധിമുട്ടുകൾ നേരിട്ടു. വരുമാന സ്രോതസുകൾ വറ്റിവരണ്ടതോടെ വീട്ടുകാർക്ക് മന വിൽപ്പനയ്ക്ക് വയ്ക്കുകയല്ലാതെ മറ്റ് മാർഗമില്ലെന്ന അവസ്ഥയായി.

'അടുത്ത തലമുറ വന്നപ്പോഴേക്കും കാര്യങ്ങൾ മാറിമറിഞ്ഞിരുന്നു. കുടുംബനാഥനായ വാസുദേവൽ നമ്പൂതിരിക്ക് ചികിത്സിക്കേണ്ട ഒരു രോഗാവസ്ഥ ഉണ്ടായി. ഹോമിയോ ഡോക്ടറായ ഡോ. വർഗീസ് മൂത്തേടം ആ കെട്ടിടം വിൽക്കാനുള്ള പദ്ധതികളെക്കുറിച്ച് മനസിലാക്കുകയും, സ്വാതന്ത്ര്യസമര സേനാനിയും രണ്ടു തവണ എംഎൽഎയുമായ ചെത്തു തൊഴിലാലി യൂണിയൻ സ്ഥാപിച്ച സഖാവ് സികെ വിശ്വനാഥനെ ഇക്കാര്യം അറിയിക്കുകയും ചെയ്തു.'

സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വത്തിന്റെ പിതാവായ വിശ്വനാഥൻ മനയും 1.75 ഏക്കർ സ്ഥലവും വാങ്ങി. 1964ൽ ചെത്തു തൊഴിലാളി യൂണിയൻ ഓഫീസാക്കി മാറ്റി.

'അക്കാലം വരെ മറ്റ് സമുദായങ്ങളിലെ ആളുകൾക്ക് അടുത്തുള്ള ബസ് സ്റ്റോപ്പിൽ നിന്ന് മനയിലേക്ക് നോക്കാൻ മാത്രമേ കഴിയുമായിരുന്നുള്ളൂ. വിവിധ ജാതികളിൽ നിന്നുള്ള നിരവധി ആളുകൾ കെട്ടിടത്തിലേക്ക് പ്രവേശിച്ചപ്പോൾ യൂണിയൻ ഒരു പ്രവേശനോത്സവം തന്നെ നടത്തി. കെട്ടിടം വളരെ ജീർണാവസ്ഥയിലായിരുന്നു, എന്നാൽ യൂണിയൻ പഴയ രൂപകൽപ്പനയും ഘടനയും നിലനിർത്തിക്കൊണ്ട് 2009ൽ ഏകദേശം 45 ലക്ഷം രൂപ ചെലവഴിച്ച് പുതുക്കിപ്പണിതു'- രമേശ് കൂട്ടിച്ചേർത്തു.

ഗാന്ധിജിയുടെ ഇണ്ടംതുരുത്തി മന സന്ദർശനത്തിന്റെ ശതാബ്ദി ആഘോഷം തിങ്കളാഴ്ച രാവിലെ 10.30 ന് മനയിൽ നടക്കും. ദേവസ്വം മന്ത്രി വി എൻ വാസവൻ, സിപിഐ സംസ്ഥാന കൗൺസിൽ സെക്രട്ടറി ബിനോയ് വിശ്വം, എഐസിസി വർക്കിങ് കമ്മിറ്റി അംഗം രമേശ് ചെന്നിത്തല എന്നിവർ ചടങ്ങിൽ പങ്കെടുക്കും.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക

Related Stories

No stories found.
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com