'വിഐപിയുടെ മകളായിരുന്നെങ്കില്‍ പൊലീസ് ഇങ്ങനെ ചെയ്യുമായിരുന്നോ?'; 15കാരിയുടേയും യുവാവിന്റെയും മൃതദേഹങ്ങള്‍ക്ക് മൂന്നാഴ്ച പഴക്കം

ആത്മഹത്യ തന്നെയാണ് മരണകാരണമെന്നും മൃതദേഹങ്ങള്‍ക്ക് മൂന്നാഴ്ച പഴക്കമുണ്ടെന്നുമാണ് പ്രാഥമിക പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നത്.
kasaragod death
മരിച്ച യുവാവ് ടിവി ദൃശ്യം
Updated on

കാസര്‍കോട്: മണ്ടേക്കാപ്പില്‍ ആത്മഹത്യ ചെയ്ത പതിനഞ്ചുകാരിയുടേയും യുവാവിന്റേയും പ്രാഥമിക പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്തുവന്നു. ആത്മഹത്യ തന്നെയാണ് മരണകാരണമെന്നും മൃതദേഹങ്ങള്‍ക്ക് മൂന്നാഴ്ച പഴക്കമുണ്ടെന്നുമാണ് പ്രാഥമിക പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നത്.

പരിയാരം മെഡിക്കല്‍ കോളജില്‍ തിങ്കളാഴ്ച രാവിലെയായിരുന്നു പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ പൂര്‍ത്തീകരിച്ചത്. അന്തിമ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് ഒരാഴ്ചയ്ക്കകം ലഭിക്കും. ആന്തരികാവയവങ്ങള്‍ വിദഗ്ധ പരിശോധനയ്ക്കായി ഫോറന്‍സിക് ലാബിലേയ്ക്ക് അയച്ചിട്ടുണ്ട്.

പൈവളിഗ സ്വദേശിയായ പത്താംക്ലാസുകാരിയേയും അയല്‍വാസി പ്രദീപിനേയും 26 ദിവസം മുമ്പാണ് കാണാതായത്. ഞായറാഴ്ച രാവിലെ പൊലീസും നാട്ടുകാരും ചേര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ പെണ്‍കുട്ടിയുടെ വീട്ടില്‍ നിന്ന് 200 മീറ്റര്‍ അകലെയുള്ള ഒഴിഞ്ഞ പ്രദേശത്താണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. ഇരുവര്‍ക്കുമായി പൊലീസ് ദിവസങ്ങള്‍ക്ക് മുമ്പ് തിരച്ചില്‍ നടത്തിയിരുന്നെങ്കിലും കണ്ടെത്താനായിരുന്നില്ല.

സംഭവത്തില്‍ ഹൈക്കോടതി പൊലീസിനെ വിമര്‍ശിച്ചു. ഒരു വിഐപിയുടെ മകളായിരുന്നെങ്കില്‍ പൊലീസ് ഇങ്ങനെയാണോ വിഷയം കൈകാര്യം ചെയ്യുക എന്ന് കോടതി ചോദിച്ചു. അന്വേഷണ ഉദ്യോഗസ്ഥന്‍ നാളെ കേസ് ഡയറിയുമായി കോടതി മുമ്പാകെ ഹാജരാകണമെന്നും കോടതി പറഞ്ഞു. പെണ്‍കുട്ടിയെ കാണാനില്ലെന്ന പരാതിയില്‍ കൃത്യമായ പൊലീസ് നടപടിയുണ്ടാകാത്തതിനെ തുടര്‍ന്ന് കുട്ടിയുടെ അമ്മ നല്‍കിയ ഹേബിയസ് കോര്‍പസ് ഹര്‍ജി പരിഗണിക്കവെയായിരുന്നു കോടതിയുടെ വിമര്‍ശനം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക

Related Stories

No stories found.
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com