
കണ്ണൂര്‍: സിപിഎം സംസ്ഥാന സമ്മേളനം പൂര്‍ത്തിയായതിന് പിന്നാലെ സംസ്ഥാന സമിതിയിലെയും സെക്രട്ടേറിയറ്റിലെയും അംഗത്വത്തെ ചൊല്ലി പല കോണുകളില്‍ നിന്നും അതൃപ്തി ഉയരുന്നുണ്ട്. എ പത്മകുമാര്‍, പി ജയരാജന്‍ തുടങ്ങിയവരെ തഴഞ്ഞതില്‍ അമര്‍ഷം ഉയരുന്നതിനിടെ മഹിളാ അസോസിയേഷന്‍ നേതാവ് എന്‍ സുകന്യയ്ക്കും സംസ്ഥാന സമിതിയില്‍ ഇടംലഭിക്കാതെ പോയതും പ്രധാന ചര്‍ച്ചാ വിഷയമായി മാറിയിരിക്കുകയാണ്.
പി ജയരാജനേക്കാള്‍ താരതമ്യേന ജൂനിയറായ എം വി ജയരാജനെ സംസ്ഥാന സെക്രട്ടേറിയറ്റില്‍ ഉള്‍പ്പെടുത്തിയതാണ് അമര്‍ഷം വര്‍ദ്ധിപ്പിക്കുന്നത്. പിണറായി വിജയനെപ്പോലെ ജില്ലയില്‍ ഒരുകാലത്ത് ജനപ്രിയനായിരുന്ന പി ജയരാജനെ ഒതുക്കാനുള്ള ശ്രമങ്ങള്‍ നടക്കുന്നതായും ആക്ഷേപങ്ങള്‍ ഉയരുന്നതിനാല്‍ വരും ദിവസങ്ങളില്‍ ചര്‍ച്ച കനക്കും. ജയരാജന്റെ മകന്‍ ജെയിന്‍ രാജും സുകന്യയും സോഷ്യല്‍ മീഡിയ പോസ്റ്റുകളിലൂടെ തങ്ങളുടെ അതൃപ്തിയെക്കുറിച്ച് സൂചന നല്‍കിയിട്ടുണ്ട്.
സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം എം സ്വരാജിന്റെ മുന്‍കാല സോഷ്യല്‍ മീഡിയ പോസ്റ്റിന്റെ സ്‌ക്രീന്‍ഷോട്ട് പങ്ക് വെച്ചാണ് ജെയിന്‍ രാജ് അതൃപ്തി സൂചിപ്പിച്ചത്. രാമജന്മഭൂമി-ബാബറി മസ്ജിദ് തര്‍ക്ക വിധി വേളയില്‍ പോസ്റ്റ് ചെയ്ത സ്വരാജിന്റെ പോസ്റ്റിന്റെ സ്‌ക്രീന്‍ഷോട്ട് ആണ് പങ്കുവെച്ചത്. 'നിങ്ങള്‍ നിരപരാധികളായ ജനങ്ങള്‍ ഈ ആധുനിക ഇന്ത്യയില്‍ വ്യത്യസ്തമായ ഒരു വിധി പ്രതീക്ഷിച്ചിരുന്നോ?'- പുതിയ സെക്രട്ടേറിയറ്റ് പട്ടിക പ്രഖ്യാപിച്ചപ്പോള്‍ ജെയിന്‍ തന്റെ വാട്സ്ആപ്പ് സ്റ്റാറ്റസായി ഇട്ടത് ഇതാണ്.
പി ജയരാജന്‍ 27 വര്‍ഷമായി സിപിഎം സംസ്ഥാന കമ്മിറ്റിയുടെ ഭാഗമാണ്. 2028 ലെ അടുത്ത സംസ്ഥാന സമ്മേളനമാകുമ്പോഴേക്കും അദ്ദേഹത്തിന് 75 വയസ്സ് തികയും. പാര്‍ട്ടിയുടെ പ്രായ പരിധി മാനദണ്ഡങ്ങള്‍ പ്രകാരം അദ്ദേഹം അയോഗ്യനാകാന്‍ സാധ്യതയുണ്ട്. പി ജയരാജന്റെ വിവാദ പരാമര്‍ശങ്ങളില്‍ സംസ്ഥാന, ജില്ലാ നേതാക്കള്‍ക്കിടയിലുള്ള അതൃപ്തിയാണ് സെക്രട്ടേറിയറ്റില്‍ അദ്ദേഹത്തെ ഉള്‍പ്പെടുത്താതിരുന്നതിന് പിന്നിലെ കാരണമെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.
സുകന്യയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റും ചര്‍ച്ചകള്‍ക്ക് വഴിയൊരുക്കിയിട്ടുണ്ട്. ചെഗുവേരയെ ഉദ്ധരിച്ചാണ് സുകന്യയുടെ പോസ്റ്റ്. 'ഓരോ അനീതിയിലും നിങ്ങള്‍ കോപത്താല്‍ വിറയ്ക്കുന്നുണ്ടെങ്കില്‍ നിങ്ങള്‍ എന്റെ സഖാവാണ്- ചെഗുവേര'- എന്നാണ് സുകന്യ ഫെയ്‌സബുക്കില്‍ കുറിച്ചത്. ഫെയ്‌സ്ബുക്കില്‍ പ്രൊഫൈല്‍ ചിത്രം മാറ്റിയതിനൊപ്പമാണ് സുകന്യ കുറിപ്പും പങ്കുവെച്ചത്. പിന്നീട് ഫെയ്‌സ്ബുക്ക് പോസ്റ്റ് ചര്‍ച്ചയായതിന് പിന്നാലെ വിശദീകരണവുമായി സുകന്യ രംഗത്തെത്തി. 'മാധ്യമങ്ങള്‍ നടത്തുന്ന ദുര്‍വ്യാഖ്യാനങ്ങളാണ് ഇതൊക്കെ.പാര്‍ട്ടി എന്റെ പ്രവര്‍ത്തനങ്ങളെ അംഗീകരിച്ചിട്ടുണ്ട്. കമ്മിറ്റി തീരുമാനങ്ങള്‍ വിവിധ ഘടകങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്. എന്നാല്‍ എന്റെ അഭിപ്രായത്തില്‍, സംസ്ഥാന നേതൃത്വത്തില്‍ കൂടുതല്‍ സ്ത്രീ പ്രാതിനിധ്യം ആവശ്യമാണ്'- സുകന്യ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
അതേസമയം, പി ജയരാജനും സുകന്യയും സിപിഎം നേതൃത്വത്തിന്റെ തീരുമാനങ്ങളില്‍ ഒരു അതൃപ്തിയും പ്രകടിപ്പിച്ചിട്ടില്ലെന്ന് എം വി ജയരാജന്‍ പറഞ്ഞു.'പരിമിതമായ സീറ്റുകള്‍ മാത്രമേയുള്ളൂ, ഇത് തെരഞ്ഞെടുപ്പ് പ്രക്രിയയെ വെല്ലുവിളി നിറഞ്ഞതാക്കുന്നു. പി ജയരാജനും സുകന്യയും അര്‍പ്പണബോധമുള്ള പാര്‍ട്ടി പ്രവര്‍ത്തകരാണ്, ഉന്നത സ്ഥാനങ്ങള്‍ വഹിക്കാതെ തന്നെ അവര്‍ക്ക് പാര്‍ട്ടിക്ക് സംഭാവന നല്‍കുന്നത് തുടരാം,'- എം വി ജയരാജന്‍ പറഞ്ഞു.
അതേസമയം, മഹിളാ അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്റ് സൂസന്‍ കോടിയെ സംസ്ഥാന കമ്മിറ്റിയില്‍ നിന്ന് പുറത്താക്കിയത് വിഭാഗീയ പ്രവണതകള്‍ തടയാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് കാണുന്നതെന്ന് പാര്‍ട്ടി വൃത്തങ്ങള്‍ പറഞ്ഞു. പാര്‍ട്ടിക്ക് വേണ്ടി പ്രവര്‍ത്തിക്കുന്നത് തുടരുമെന്ന് സൂസന്‍ കോടി പറഞ്ഞു. 'ഈ തീരുമാനം താല്‍ക്കാലികമാണെന്ന് സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ പറഞ്ഞു. പാര്‍ട്ടിയുടെ തീരുമാനത്തില്‍ ഞാന്‍ ഉറച്ചുനില്‍ക്കുന്നു, ഞാന്‍ വിഭാഗീയതയിലോ അഴിമതിയിലോ ഉള്‍പ്പെട്ടിട്ടുണ്ടെന്ന് നേതൃത്വം വിശ്വസിക്കുന്നുവെങ്കില്‍, അവര്‍ അന്വേഷിക്കട്ടെ. എല്ലാം മായ്ക്കാനുള്ള മികച്ച അവസരമാണിത്,'- സൂസന്‍ കോടി ദി ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസിനോട് പറഞ്ഞു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക