ഭര്‍ത്താവിനെ കത്തിമുനയില്‍ നിര്‍ത്തി ഭാര്യയോടൊപ്പം സെല്‍ഫി എടുക്കാന്‍ ശ്രമം, രണ്ട് പേര്‍ അറസ്റ്റില്‍

യുവതി കുടുംബസമേതം വോക്വേയില്‍ എത്തിയപ്പോഴായിരുന്നു യുവാക്കള്‍ മോശമായി പെരുമാറിയത്.
accused
പിടിയിലായ പ്രതികള്‍
Updated on

കൊച്ചി: മറൈന്‍ഡ്രൈവ് ക്വീന്‍സ് വോക്വേയില്‍ ഭര്‍ത്താവിനെ കത്തിമുനയില്‍ നിര്‍ത്തി ഭാര്യയോട് അപമര്യാദയായി പെരുമാറാന്‍ ശ്രമിച്ച യുവാക്കളെ പൊലീസ് അറസ്റ്റ് ചെയ്തു. മലപ്പുറം പൊന്നാനി സ്വദേശികളായ അബ്ദുല്‍ ഹക്കീം (25), അന്‍സാര്‍ (28) എന്നിവരെയാണ് എറണാകുളം സെന്‍ട്രല്‍ പൊലീസ് അറസ്റ്റ് ചെയ്തത്.

യുവതി കുടുംബസമേതം വോക്വേയില്‍ എത്തിയപ്പോഴായിരുന്നു യുവാക്കള്‍ മോശമായി പെരുമാറിയത്. യുവതിയുടെ ദേഹത്ത് സ്പര്‍ശിക്കുകയും എതിര്‍ത്തപ്പോള്‍ കത്തികാണിച്ചു ഭീഷണിപ്പെടുത്തുകയും ചെയ്തു. ചേര്‍ത്തുനിര്‍ത്തി സെല്‍ഫി എടുക്കാനും മറ്റും തുടങ്ങിയതോടെ ഇവര്‍ പൊലീസില്‍ വിവരമറിയിച്ചു. തിങ്കളാഴ്ച രാത്രിയായിരുന്നു സംഭവം. ഈ സമയം നഗരത്തില്‍ ഡി ഹണ്ട് ലഹരി പരിശോധനയിലുണ്ടായിരുന്ന സെന്‍ട്രല്‍ പൊലീസ് സംഘം സ്ഥലത്തെത്തി ഇരുവരെയും പിടികൂടി. പിടികൂടിയ യുവാക്കളെ പൊലീസ് വാഹനത്തില്‍ കൊണ്ടുവരുന്ന വഴി ഇവര്‍ വാഹനത്തിന്റെ ചില്ല് ഇടിച്ചു പൊട്ടിച്ചു.

പൊതുഇടത്തില്‍ സ്ത്രീകളോടു മോശമായി പെരുമാറിയതിനും പൊലീസ് വാഹനത്തിന്റെ ചില്ല് അടിച്ചുതകര്‍ത്തതിനുമാണ് ഇരുവര്‍ക്കുമെതിരെ കേസ്. ഇരുവരും ലഹരി ഉപയോഗിച്ചിരുന്നതായാണു സൂചന. പ്രതികളായ അബ്ദുല്‍ ഹക്കീമിന് കോഴിക്കോട് പന്നിയങ്കര പൊലീസ് സ്റ്റേഷനില്‍ അടിപിടി കേസും അന്‍സാറിന്റെ പേരില്‍ മലപ്പുറത്തും വിവിധ കേസുകളുണ്ട്. സെന്‍ട്രല്‍ പൊലീസ് സ്റ്റേഷന്‍ ഇന്‍സ്‌പെക്ടര്‍ അനീഷ് ജോയി, സബ് ഇന്‍സ്‌പെക്ടര്‍മാരായ സന്തോഷ്‌കുമാര്‍, സി.അനൂപ്, സിപിഒ വിനു കുട്ടന്‍, വിജീഷ് എന്നിവര്‍ ചേര്‍ന്നാണ് അറസ്റ്റ് ചെയ്തത്. പ്രതികളെ റിമാന്‍ഡ് ചെയ്തു. കുടുംബസമേതം സായാഹ്നം ചെലവിടാന്‍ ഒട്ടേറെപ്പേരെത്തുന്ന ക്വീന്‍സ് വോക്വേയില്‍ ഇത്തരം സംഭവം നടന്നതു നഗരത്തെ ഞെട്ടിച്ചു. ലഹരിസംഘങ്ങളുടെ വിളയാട്ടത്തിന്റെയും ആക്രമണ പരമ്പരയുടെയും പശ്ചാത്തലത്തില്‍ ഈ ഭാഗത്തു കൂടുതല്‍ പൊലീസ് സുരക്ഷ വേണമെന്ന ആവശ്യം ശക്തമാണ്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക

Related Stories

No stories found.
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com