
തൊടുപുഴ: പീരുമേട് മണ്ഡലത്തിലെ നൂറ് വർഷത്തിലധികം പഴക്കമുള്ള വണ്ടിപ്പെരിയാർ പാലം പൈതൃക നിർമ്മിതിയായും പീരുമേട് മണ്ഡലത്തിലെ കുട്ടിക്കാനം അമ്മച്ചിക്കൊട്ടാരം സംരക്ഷിത സ്മാരകമായും പ്രഖ്യാപിക്കാൻ നടപടി സ്വീകരിക്കുമെന്ന് പുരാവസ്തു വകുപ്പ് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി. വാഴൂർ സോമൻ എംഎൽഎ നിയമസഭയിൽ ഉന്നയിച്ച ചോദ്യത്തിന് മറുപടിയായാണ് മന്ത്രി ഇക്കാര്യമറിയിച്ചത്.
വണ്ടിപ്പെരിയാർ പാലത്തിന് ഒരു നൂറ്റാണ്ടോളം പഴക്കമുണ്ടെങ്കിലും തിരക്കേറിയ വാഹന സഞ്ചാരമുള്ള പാലമായതിനാൽ 1968 ലെ കേരള പ്രാചീന സ്മാരക പുരാവസ്തു സങ്കേത പുരാവശിഷ്ട ആക്ട് പ്രകാരം സംരക്ഷിത സ്മാരകമാക്കുന്നത് പ്രായോഗികമല്ല. അതിനാൽ ഇടുക്കി ജില്ലയുടെ പ്രധാന പൈതൃക അടയാളങ്ങളിലൊന്നായ പാലത്തെ പൈതൃക നിർമ്മിതിയായി പ്രഖ്യാപിച്ച് സംസ്ഥാന ആർട്ട് ആൻഡ് ഹെറിറ്റേജ് കമ്മീഷന്റെ പരിധിയിൽ ഉൾപ്പെടുത്താനുള്ള നടപടികളാണ് പുരാവസ്തു വകുപ്പ് നിർദേശിച്ചിട്ടുള്ളത്.
കുട്ടിക്കാനത്തെ അമ്മച്ചിക്കൊട്ടാരം സംരക്ഷിത സ്മാരകമായി പ്രഖ്യാപിക്കുന്നതിന് ആവശ്യമായ വിവരങ്ങൾ ലഭ്യമാക്കുന്നതിന് ഇടുക്കി ജില്ലാ കളക്ടർക്ക് പുരാവസ്തു വകുപ്പ് നിർദേശം നൽകിയിട്ടുണ്ട്. ഇത് ലഭിക്കുന്നതോടെ സംരക്ഷിത സ്മാരക പ്രഖ്യാപനം ഉണ്ടാകുമെന്നും മന്ത്രി അറിയിച്ചു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക