
തിരുവനന്തപുരം: രാജ്യസഭയില്‍ കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്‍ നടത്തിയത് കേരളത്തെക്കുറിച്ച് തെറ്റിദ്ധാരണ പരത്തുന്ന പ്രസ്താവനയാണെന്ന് മന്ത്രി വി ശിവന്‍കുട്ടി. ഒറ്റപ്പെട്ട സംഭവങ്ങള്‍ പര്‍വതീകരിച്ചു കാണിച്ച് കേരളത്തെ അപമാനിക്കാനാണ് ധനമന്ത്രി ശ്രമിച്ചത്. കേരളത്തില്‍ നോക്കുകൂലി നിരോധിച്ചിട്ടുണ്ട്. ഒറ്റപ്പെട്ട സംഭവങ്ങള്‍ ഉണ്ടായപ്പോള്‍ കര്‍ശനമായ നടപടി തൊഴില്‍ വകുപ്പ് സ്വീകരിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
കേരളത്തില്‍ ബസില്‍ നിന്നിറങ്ങി ലഗേജുമായി പോകുന്നവര്‍ക്കെതിരെ പോലും നോക്കുകൂലി ചുമത്തും എന്നായിരുന്നു നിര്‍മല സീതാരാമന്റെ പ്രസ്താവന. സിപിഎമ്മുകാരാണ് നോക്കുകൂലിക്ക് പിന്നില്‍. അങ്ങനെയുള്ള കമ്യൂണിസമാണ് കേരളത്തിലുള്ളത്. ആ കമ്യൂണിസമാണ് കേരളത്തില്‍ വ്യവസായം തകര്‍ത്തതെന്നും മന്ത്രി ആരോപിച്ചിരുന്നു.
നോക്കുകൂലി അടക്കമുള്ള അനഭിലഷണീയമായ പ്രവണതകള്‍ക്കെതിരെ സര്‍ക്കാര്‍ ഉത്തരവിലൂടെ തന്നെ നിലപാടെടുത്ത സംസ്ഥാനമാണ് കേരളം. 511/2018/തൊഴില്‍ - സര്‍ക്കാര്‍ ഉത്തരവ് പ്രകാരം അമിത കൂലി ആവശ്യപ്പെടുന്നതും ചെയ്യാത്ത ജോലിക്ക് കൂലി ആവശ്യപ്പെടുന്നതും വിലക്കിയിട്ടുണ്ടെന്നും കേന്ദ്ര ധനമന്ത്രിക്ക് മറുപടിയായി ശിവന്‍കുട്ടി പറഞ്ഞു.
'അവകാശങ്ങളെ പോലെ കടമകളെ കുറിച്ചും ബോധവാന്മാരാണ് കേരളത്തിലെ തൊഴിലാളികള്‍. തൊഴിലാളി സംഘടനകള്‍ ആകെ നോക്കുകൂലി അടക്കമുള്ള പിന്തിരിപ്പന്‍ രീതികളെ തള്ളിക്കളയുന്നു. എന്നിട്ടും കേരളത്തെക്കുറിച്ച് തെറ്റിദ്ധാരണ പരത്തുന്ന രീതിയില്‍ കേന്ദ്ര ധനമന്ത്രി സംസാരിച്ചത് നിഷ്‌കളങ്കമാണെന്ന് കരുതാനാവില്ല.കേന്ദ്ര ധനമന്ത്രിയുടെ ഇപ്പോഴത്തെ നോട്ടവും വാക്കും എല്ലാം കമ്യൂണിസ്റ്റ് വിരോധം നിറഞ്ഞതും കേരളാ വിരുദ്ധവുമാണ്. ആ ചിന്തയില്‍ നിന്നാണ് ഇത്തരത്തിലുള്ള അഭിപ്രായപ്രകടനങ്ങള്‍ ഉണ്ടാകുന്നത്. കേരളത്തിലെ തൊഴിലന്തരീക്ഷം നേരിട്ട് മനസ്സിലാക്കാന്‍ ധനമന്ത്രിയെ കേരളത്തിലേയ്ക്ക് ക്ഷണിക്കുന്നു. കേരളത്തെ വ്യവസായ സൗഹൃദ സംസ്ഥാനമെന്ന് വ്യവസായ പ്രമുഖരടക്കം വ്യക്തമാക്കിയിട്ടുണ്ട്. തൊഴിലാളി വിരുദ്ധ ലേബര്‍ കോഡുകള്‍ അടിച്ചേല്‍പ്പിക്കാന്‍ ശ്രമിക്കുന്ന സര്‍ക്കാരിന്റെ ഭാഗമാണ് നിര്‍മല സീതാരാമനെന്നും' മന്ത്രി വ്യക്തമാക്കി.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക