
കൊച്ചി: എട്ടു ദിവസത്തെ ദൗത്യത്തിനായി രാജ്യാന്തര ബഹിരാകാശ നിലയിലേക്കു പോയി, സാങ്കേതിക തടസ്സത്തെത്തുടര്‍ന്ന് ഒന്‍പതു മാസം അവിടെ കഴിയേണ്ടി വന്ന സുനിത വില്യംസ് ഭൂമിയിലേക്കു മടങ്ങുമ്പോള്‍ കൗതുകകരമായ ചര്‍ച്ച നടക്കുകയാണ്, മലയാളത്തിലെ സൈബര്‍ സ്‌പെയ്‌സില്‍. അനിശ്ചിതത്വത്തിനൊടുവില്‍ സുനിത മടങ്ങുന്നത് ശാസ്ത്രത്തിന്റെ ശക്തിയിലോ അതു ദൈവാധീനം കൊണ്ടോ? സുനിത സുരക്ഷിതമായി തിരിച്ചിറങ്ങട്ടെ എന്നതില്‍ പക്ഷഭേദമൊന്നുമില്ലെങ്കിലും ശക്തമാണ്, ഇരുപക്ഷത്തെയും വാദങ്ങള്‍.
എട്ടു ദിവസത്തേക്കായി ആകാശത്തേക്കു പോയ സുനിത ഒന്‍പതു മാസം കഴിഞ്ഞു തിരിച്ചെത്തുന്നത് സയന്‍സിന്റെ മെച്ചമൊന്നുമല്ലെന്ന് പറയുന്നു, ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ അശോക് കര്‍ത്ത. ദൈവാധീനം കൊണ്ടാണ് സുനിത തിരിച്ചെത്തുന്നത്. സയന്‍സ് അത്ര ഷാര്‍പ്പ് ആയിരുന്നെങ്കില്‍ എട്ടാം ദിവസം നാസയില്‍ വന്നിറങ്ങി, വാഷ് റൂമില്‍ പോയി തിരിച്ചുവന്ന്, ഒരു സ്‌ട്രോങ് കാപ്പി വിത്തൗട്ട് എന്നു പറഞ്ഞ് കഫീറ്റയിലെ ടേബിളിനു പിന്നിലിരുന്നേനെ സുനിത എന്നും പറയുന്നു, കര്‍ത്ത.
ഒരാഴ്ച കൊണ്ടു തിരിച്ചു വന്നാല്‍ ഇത്രയും വാര്‍ത്താ പ്രാധാന്യം ഉണ്ടാവുമായിരുന്നില്ലെന്നും കര്‍ത്തയ്ക്ക് അഭിപ്രായമുണ്ട്. ''മാര്‍ക്കറ്റിങ്ങിലാണ് കച്ചവടത്തിന്റെ കണ്ണ്. ഇതൊന്നും മനസ്സിലാക്കാനുള്ള മസ്തിഷ്‌കം മലയാളി ബൗദ്ധന്മാര്‍ക്കില്ല. ഇത്ര മണ്ടന്മാര്‍ ഉള്ള വേറൊരു സ്ഥലം ലോകത്തൊരിടത്തുമില്ലെന്ന് ഓര്‍ത്ത് മസ്‌ക് ഊറിച്ചിരിക്കുന്നു''- കര്‍ത്തയുടെ പോസ്റ്റ് ഇങ്ങനെ പോവുന്നു.
ശാസ്ത്രവാദികളേക്കാള്‍ യുക്തി മതവിശ്വാസികള്‍ക്കാണെന്ന പക്ഷക്കാരനാണ് ശങ്കു ടി ദാസ്. വിശ്വാസി മിനിമം അവനവന്റെ മത പുസ്തകത്തില്‍ എന്താണ് പറഞ്ഞിരിക്കുന്നതെന്ന് സ്വയം വായിച്ചു മനസ്സിലാക്കി ബോധ്യപ്പെട്ടാണ് അതു വിശ്വസിക്കുന്നത്. ശാസ്ത്രവാദികളാവട്ടെ, ആരൊക്കെയോ പറയുന്നത് അടിപൊളി ആണെന്നു ഹരം പിടിച്ച് ആവേശത്തോടെ ശാസ്ത്ര ദിഗ്വിജയത്തിന് ഇറങ്ങിയിരിക്കുകയാണെന്ന് പറയുന്നു, ശങ്കു. ''വെറുതെയിരിക്കുമ്പോള്‍ ശാസ്ത്രത്തിനു ജയ് വിളിക്കുക, ദൈവത്തിനു നന്ദിക്കു പകരം ശാസ്ത്രത്തിനു നന്ദി എന്നു ടൈറ്റില്‍ കാര്‍ഡ് ഇറക്കുക, വീടിന്റെ കട്ടിളപ്പടിയില്‍ ശാസ്ത്രം ഈ വീടിന്റെ ഐശ്വര്യം എന്നു ബോര്‍ഡ് വയ്ക്കുക, ശാസ്ത്രത്തിന് ഉദയാസ്തമന പൂജ കഴിക്കുക തുടങ്ങി എന്തെക്കെയൊ വിചിത്രമായ ഹോബികളുണ്ട് ഇവര്‍ക്ക്''- ശങ്കു ടി ദാസിന്റെ കമന്റ് ഇങ്ങനെ.
എന്നാല്‍ പിന്നെ സയന്‍സ് പരാജയപ്പെട്ടപ്പോള്‍ ദൈവത്തിന് എട്ടാം ദിവസം കൊണ്ടു വന്നാല്‍ പോരായിരുന്നോ എന്നുമുണ്ട്, പോസ്റ്റിന് അടിയില്‍ ചോദ്യം. അതിനുള്ള ഉത്തരവും കമന്റില്‍ റെഡിയാണ്. എന്തായാലും സുനിത പതിനേഴു മണിക്കൂര്‍ നീളുന്ന മടക്കയാത്രയ്ക്കു തുടക്കം കുറിക്കുമ്പോഴും മല്ലു സൈബര്‍ സ്‌പെയ്‌സില്‍ അവസാനിക്കാത്ത ചര്‍ച്ചകള്‍ തുടരുകയാണ്; ദൈവാധീനമോ അതോ ശാസ്ത്രമോ? അതൊരിക്കലും തീരില്ല.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക