'15 മലയാളി സ്ത്രീ രത്നങ്ങൾക്ക് ആദരം'; ദി ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ് ദേവി അവാര്‍ഡ് സമര്‍പ്പണം- ലൈവ് വിഡിയോ

വനിതാ ശാക്തീകരണം ലക്ഷ്യമിട്ട് വിവിധ മേഖലകളില്‍ സംഭാവന നല്‍കി സമൂഹത്തിന് മാതൃകയായ 15 സ്ത്രീ രത്‌നങ്ങള്‍ക്ക് ദി ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസിന്റെ ആദരം
'15 മലയാളി സ്ത്രീ രത്നങ്ങൾക്ക് ആദരം'; ദി ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ് ദേവി അവാര്‍ഡ് സമര്‍പ്പണം- ലൈവ് വിഡിയോ

കൊച്ചി: വനിതാ ശാക്തീകരണം ലക്ഷ്യമിട്ട് വിവിധ മേഖലകളില്‍ സംഭാവന നല്‍കി സമൂഹ മുന്നേറ്റത്തിന് മാതൃകയായ 15 മലയാളി സ്ത്രീ രത്‌നങ്ങള്‍ക്ക് ദി ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസിന്റെ ആദരം. മറൈന്‍ ഡ്രൈവിലെ താജ് വിവാന്തയില്‍ നടക്കുന്ന ദേവി അവാര്‍ഡിന്‍റെ 32-ാം പതിപ്പില്‍ ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍ ഇവര്‍ക്കു പുരസ്‌കാരങ്ങള്‍ നല്‍കും. ഇതു രണ്ടാം തവണയാണ് കൊച്ചി ദേവി അവാര്‍ഡ് ചടങ്ങിനു വേദിയാവുന്നത്. ന്യൂ ഇന്ത്യന്‍ എക്സ്പ്രസ് സീനിയര്‍ എഡിറ്റോറിയല്‍ ടീമും സ്വതന്ത്ര ജൂറിയും ചേര്‍ന്നാണ് പുരസ്കാര ജേതാക്കളെ തെരഞ്ഞെടുത്തത്. അദാനി, മണപ്പുറം ഫിനാന്‍സ് ലിമിറ്റഡ്, ക്വസ്റ്റ് ഗ്ലോബല്‍, അമൃത വിശ്വവിദ്യാപീഠം, കാനാറ ബാങ്ക്, യുഎല്‍സിസിഎസ് ലിമിറ്റഡ്, റാഡികോ എന്നിവയാണ് രാജ്യത്തിന്‍റെ ഭാവിയില്‍ ചാലക ശക്തിയാവുന്ന വനിതകള്‍ക്ക് ആദരമര്‍പ്പിക്കുന്ന ചടങ്ങിന്‍റെ പങ്കാളികള്‍.

അഭിനയം, ആര്‍ക്കിടെക്റ്റ്, പാചകകല, നൃത്തം, സംരംഭം തുടങ്ങി വിവിധ രംഗങ്ങളില്‍ കഴിവ് തെളിയിച്ച് സമൂഹത്തിന് പ്രചോദനമായവരാണ് ഇവര്‍. ആദരം ഏറ്റുവാങ്ങുന്ന 15 സ്ത്രീരത്‌നങ്ങള്‍ ചുവടെ:

1. പൂര്‍ണിമ ഇന്ദ്രജിത്ത് (ഡിസൈനര്‍, നടി)

DEVI AWARDS 2025
പൂര്‍ണിമ ഇന്ദ്രജിത്ത്

നടി, സ്‌റ്റൈല്‍ ഐക്കണ്‍, സംരംഭക, ഫാഷന്‍ ഡിസൈനര്‍ എന്നിങ്ങനെ വിവിധ രംഗങ്ങളില്‍ കഴിവ് തെളിയിച്ച വ്യക്തിത്വമാണ് പൂര്‍ണിമ ഇന്ദ്രജിത്ത്. മലയാള ചലച്ചിത്ര വ്യവസായത്തിലും ബോളിവുഡിലും ഇതിനകം അറിയപ്പെടുന്ന പൂര്‍ണിമ, ഫാഷന്‍ ലോകത്തും നല്ല സ്വാധീനം ചെലുത്തുന്നു. 2013ലാണ് ഫാഷന്‍ ലേബലായ പ്രാണയ്ക്ക് തുടക്കമിട്ടത്. കേരള കൈത്തറിയെയും നെയ്ത്തുകളെയും ലോകത്തിന് മുന്‍പില്‍ പുനര്‍നിര്‍വചിച്ചതിനും ആധുനികവല്‍ക്കരിച്ചതിനും പ്രാണയ്ക്ക് വലിയ അംഗീകാരമാണ് ലഭിച്ചത്. സുസ്ഥിരതയ്ക്കും സാമ്പത്തിക ശാക്തീകരണത്തിനും വേണ്ടി നിലക്കൊള്ളുന്ന ഒരാള്‍ എന്ന നിലയില്‍, അവര്‍ എത്തിക്കല്‍ ഫാഷന്റെ ശക്തമായ വക്താവ് കൂടിയാണ്.

2. ശ്രീകുമാരി രാമചന്ദ്രന്‍ (എഴുത്തുകാരി)

DEVI AWARDS 2025
ശ്രീകുമാരി രാമചന്ദ്രന്‍

നൃത്തത്തിലും പാട്ടിലും കഴിവ് തെളിയിച്ച കലാകാരി ശ്രീകുമാരി രാമചന്ദ്രന്‍ ഒരു ദ്വിഭാഷാ എഴുത്തുകാരി കൂടിയാണ്. വൈവിധ്യമാര്‍ന്ന വിഷയങ്ങളില്‍ 40 പുസ്തകങ്ങളുടെ ശ്രദ്ധേയമായ ഒരു ശേഖരം അവരുടെ പക്കലുണ്ട്. 'ഐതിഹ്യമാല' എന്ന പ്രശസ്ത മലയാള കൃതിയുടെ ഇംഗ്ലീഷ് വിവര്‍ത്തനം ഒരു വിവര്‍ത്തക എന്ന നിലയില്‍ അവര്‍ക്ക് അന്താരാഷ്ട്ര അംഗീകാരം നേടിക്കൊടുത്തു. അവര്‍ കേരള സംഗീത നാടക അക്കാദമിയില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. കൂടാതെ ഇന്ത്യന്‍ സൊസൈറ്റി ഓഫ് ഓതേഴ്സിന്റെ കേരള ചാപ്റ്ററിന്റെ സ്ഥാപക പ്രസിഡന്റുമാണ്. ഓള്‍ ഇന്ത്യ റേഡിയോ, ദൂരദര്‍ശന്‍ എന്നിവയിലും പ്രവര്‍ത്തിച്ചിട്ടുണ്ട്.

3. സ്വാതി സുബ്രഹ്മണ്യന്‍ (ആര്‍ക്കിടെക്റ്റ്)

DEVI AWARDS 2025
സ്വാതി സുബ്രഹ്മണ്യന്‍

ഡല്‍ഹിയിലെ സ്‌കൂള്‍ ഓഫ് പ്ലാനിങ് ആന്റ് ആര്‍ക്കിടെക്ച്ചറില്‍ നിന്നുള്ള പൈതൃക സംരക്ഷണ വാസ്തുശില്പിയാണ് സ്വാതി. ഹൊയ്‌സാല വാസ്തുവിദ്യയുമായി ബന്ധപ്പെട്ട് യുനെസ്‌കോ വേള്‍ഡ് ഹെറിറ്റേജ് സൈറ്റ് ഡോസിയര്‍ തയ്യാറാക്കുന്നതില്‍ ഇന്‍ടാക് (INTACH) ബംഗളൂരു ചാപ്റ്റര്‍ ടീമിനൊപ്പം നിര്‍ണായക പങ്ക് വഹിച്ചു. യുനെസ്‌കോയുടെ ലോക പൈതൃക പട്ടികയില്‍ ഹൊയ്‌സാല ക്ഷേത്രങ്ങള്‍ ഇടംനേടിയിട്ടുണ്ട്. ഫോര്‍ട്ട് ഹൈസ്‌ക്കൂള്‍, കൊളോണിയല്‍ റെയില്‍വേ സ്റ്റേഷനുകള്‍, ചാമരാജ മെമ്മോറിയല്‍ ഹാള്‍, വാണി വിലാസ് വനിതാ പിയു കോളജ് തുടങ്ങി ബംഗളൂരുവിലെ വൈവിധ്യമാര്‍ന്ന ചരിത്രപരമായ പൊതു സ്ഥാപനങ്ങള്‍ പുനഃസ്ഥാപിക്കുന്നതില്‍ ഇന്‍ടാക് ബംഗളൂരു ചാപ്റ്ററിന് അവര്‍ ഗണ്യമായ സംഭാവനകള്‍ നല്‍കിയിട്ടുണ്ട്.

4. സവിത രാജന്‍ (ആര്‍ക്കിടെക്റ്റ്)

DEVI AWARDS 2025
സവിത രാജന്‍

ഡല്‍ഹിയിലെ സ്‌കൂള്‍ ഓഫ് പ്ലാനിങ് ആന്റ് ആര്‍ക്കിടെക്ച്ചറില്‍ നിന്ന് ആര്‍ക്കിടെക്ചറല്‍ കണ്‍സര്‍വേഷനില്‍ ബിരുദാനന്തര ബിരുദം നേടിയ സവിത രാജന് ആര്‍ക്കിടെക്ചറല്‍ കണ്‍സര്‍വേഷന്‍, കെട്ടിട പുനരുദ്ധാരണം, റെസിഡന്‍ഷ്യല്‍ ആര്‍ക്കിടെക്ചര്‍, ഇന്റീരിയര്‍ ഡിസൈന്‍ എന്നിവയില്‍ സമ്പന്നമായ പശ്ചാത്തലമുണ്ട്. രാഷ്ട്രപതി ഭവന്റെ കണ്‍സര്‍വേഷന്‍ മാനേജ്മെന്റ് പ്ലാന്‍, പ്രസിഡന്റ് എസ്റ്റേറ്റ് ബില്‍ഡിംഗ്സ് തുടങ്ങിയ സുപ്രധാന പദ്ധതികളില്‍ അവര്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. കശ്മീരിലെ ഹെലികോപ്റ്റര്‍ മെമ്മോറിയല്‍ പോലുള്ള പദ്ധതികളില്‍ ഇന്ത്യന്‍ ആര്‍മി ഏവിയേഷന്‍ യൂണിറ്റുമായും അവര്‍ സഹകരിച്ചിട്ടുണ്ട്. പിഡിലൈറ്റ് ഇന്‍ഡസ്ട്രീസിന്റെ പിന്തുണയുള്ള ഫൈന്‍മേക്ക് ടെക്നോളജീസിന് ആവശ്യമായ വൈദഗ്ധ്യം നല്‍കുന്നത് സവിതയാണ്. നിലവില്‍ ബംഗളൂരുവിലാണ് താമസിക്കുന്നത്.

5. ഋതു സാറ തോമസ് (ആര്‍ക്കിടെക്റ്റ്)

DEVI AWARDS 2025
ഋതു സാറ തോമസ്

ഋതു സാറ തോമസ് ഒരു കണ്‍സര്‍വേഷന്‍ ആര്‍ക്കിടെക്റ്റാണ്. ന്യൂഡല്‍ഹിയിലെ സ്‌കൂള്‍ ഓഫ് പ്ലാനിംഗ് ആന്‍ഡ് ആര്‍ക്കിടെക്ചറില്‍ നിന്ന് ആര്‍ക്കിടെക്ചറല്‍ കണ്‍സര്‍വേഷനില്‍ മാസ്റ്റര്‍ ഓഫ് ആര്‍ക്കിടെക്ച്ചറും കോഴിക്കോട്ടെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയില്‍ നിന്ന് ബാച്ചിലര്‍ ഓഫ് ആര്‍ക്കിടെക്ച്ചറും ഉയര്‍ന്ന മാര്‍ക്കോടെ പാസായി. ഹൈദരാബാദിലെ ബ്രിട്ടീഷ് റെസിഡന്‍സിയുടെ പുനരുദ്ധാരണം, മുസിരിസ് ഹെറിറ്റേജ് പ്രോജക്റ്റ്, ബെന്നി കുര്യാക്കോസിന്റെ(വേദിക, ചെന്നൈ) ഊട്ടിയിലെ ഗ്ലിന്‍ഗാര്‍ത്ത് വില്ല, ഖാദി വില്ലേജ് ഡെവലപ്മെന്റ് പ്രോജക്ട് എന്നിവയുള്‍പ്പെടെയുള്ള സംരക്ഷണ പദ്ധതികളില്‍ അവര്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. അവര്‍ ഇപ്പോള്‍ തിരുവനന്തപുരം കോളേജ് ഓഫ് ആര്‍ക്കിടെക്ചറില്‍ അസിസ്റ്റന്റ് പ്രൊഫസറായി ജോലി ചെയ്യുന്നു.

6. ലത കെ (ഷെഫ്)

DEVI AWARDS 2025
ലത കെ

കോഴിക്കോട് ഒരു ചെറിയ ഗ്രാമത്തില്‍ ജനിച്ച ലതയുടെ പാചക താരപദവിയിലേക്കുള്ള യാത്ര അവരുടെ അഭിരുചികള്‍ പോലെ തന്നെ പ്രചോദനാത്മകമാണ്. ഹോട്ടല്‍ മാനേജ്മെന്റില്‍ ബിരുദം നേടിയ അവര്‍ ഇന്ത്യയിലുടനീളമുള്ള പ്രശസ്ത റെസ്റ്റോറന്റുകളിലും ഹോട്ടലുകളിലും പ്രവര്‍ത്തിച്ചാണ് പാചകകലയിലുള്ള നൈപുണ്യം മെച്ചപ്പെടുത്തിയത്. ഇപ്പോള്‍ കേരളത്തിലെ പ്രശസ്ത ഷെഫായി മാറിയ അവര്‍ സ്വന്തമായി സുഗന്ധവ്യഞ്ജനങ്ങള്‍ പൊടിച്ച് ഓരോ വിഭവത്തിനും തന്റെ കയ്യൊപ്പ് ചാര്‍ത്തി. ഇത് പാരമ്പര്യത്തോടും അഭിരുചിയോടുമുള്ള അവരുടെ സമര്‍പ്പണത്തിന്റെ തെളിവാണ്. കൊച്ചിയിലെ ഗ്രാന്‍ഡ് ഹയാത്തിലെ മലബാര്‍ കഫേയിലെ മാസ്റ്റര്‍ഷെഫ് എന്ന നിലയില്‍, അവര്‍ തന്റെ അഭിനിവേശവും പുതുമയോടുള്ള അതിയായ താത്പര്യവും കേരള പാചകരീതിയെ പുനര്‍നിര്‍വചിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങളില്‍ മുഴുകാന്‍ അവരെ പ്രേരിപ്പിക്കുന്നു.

7. മായ മോഹന്‍ (തത്വ സെന്റര്‍ ഓഫ് ലേണിംഗ്- എംഡി)

DEVI AWARDS 2025
മായ മോഹന്‍

വടുതല ചിന്മയ വിദ്യാലയത്തില്‍ അധ്യാപികയായും പിന്നീട് പ്രിന്‍സിപ്പലായും സേവനമനുഷ്ഠിച്ച ശേഷമാണ് മായ മോഹന്‍ 2016ല്‍ തത്വ സെന്റര്‍ ഓഫ് ലേണിംഗ് സ്ഥാപിച്ചത്. ഒരു മൈക്രോ സ്‌കൂളായി രൂപകല്‍പ്പന ചെയ്ത തത്വ വ്യക്തിഗത വിദ്യാഭ്യാസത്തിലും നൈപുണ്യ വികസനത്തിലും ശ്രദ്ധ കേന്ദ്രീകരിക്കുന്നു. മികച്ച അധ്യാപികയ്ക്കുള്ള ദേശീയ അവാര്‍ഡ് ഉള്‍പ്പെടെ നിരവധി അവാര്‍ഡുകള്‍ മായ മോഹന്‍ നേടിയിട്ടുണ്ട്.

8. സിസ്റ്റര്‍ റോസ്‌ലിൻ (സ്‌നേഹതീരം സ്ഥാപക)

DEVI AWARDS 2025
സിസ്റ്റര്‍ റോസ്‌ലിൻ

സമൂഹം ഒറ്റപ്പെടുത്തിയ, മാനസിക വെല്ലുവിളികള്‍ നേരിടുന്നവര്‍ക്ക് ഒരു കൈത്താങ്ങാണ് സിസ്റ്റര്‍ റോസ്‌ലിൻ. വിവിധ മാനസികാരോഗ്യ കേന്ദ്രങ്ങളിലും തിരുവനന്തപുരത്തെ സര്‍ക്കാര്‍ മെഡിക്കല്‍ കോളജിലും ജോലി ചെയ്യുന്നതിനിടയില്‍ അവര്‍ നേരിട്ട കഷ്ടപ്പാടുകളും ബുദ്ധിമുട്ടുകളുമാണ് 2002 സെപ്റ്റംബറില്‍ സ്‌നേഹതീരം ചാരിറ്റബിള്‍ സൊസൈറ്റി സ്ഥാപിക്കാന്‍ അവരെ പ്രേരിപ്പിച്ചത്. മാനസിക വെല്ലുവിളി നേരിടുന്നവര്‍ക്ക് വീട്, ശരിയായ വൈദ്യചികിത്സ, സ്‌നേഹപൂര്‍വമായ പരിചരണം എന്നിവ ഉറപ്പാക്കി പുനരധിവസിപ്പിക്കാന്‍ വേണ്ട പ്രവര്‍ത്തനങ്ങള്‍ക്കാണ് അവര്‍ നേതൃത്വം നല്‍കുന്നത്.

9. സുധ ചന്ദ്രന്‍ (ഫോറസ്റ്റ് ഗൈഡ്)

DEVI AWARDS 2025
സുധ ചന്ദ്രന്‍

54 വര്‍ഷങ്ങള്‍ക്ക് മുന്‍പാണ് സുധ ചന്ദ്രന്‍ തട്ടേക്കാട് എത്തിയത്. അന്ന് ഇരുണ്ടതും ഇടതൂര്‍ന്നതുമായ കാടിനെ കണ്ട് അവര്‍ ഭയന്നിരുന്നു. എന്നാല്‍ 54 വര്‍ഷങ്ങള്‍ക്ക് ഇപ്പുറം തട്ടേക്കാട് വന്യജീവി സങ്കേതത്തിലെ ഉള്‍ക്കാട്ടിലേക്ക് സഞ്ചാരികളെ ഒരു ഭയവുമില്ലാതെ കൊണ്ടുപോകുന്ന അവര്‍ ജന്തുജാലങ്ങളെക്കുറിച്ച് വിശദമായി വിവരിക്കുന്നതില്‍ വിദഗ്ധയാണ്. കാന്‍സര്‍ അതിജീവിതയാണ്. 36 വര്‍ഷം മുമ്പ് ഭര്‍ത്താവിന്റെ മരണശേഷം ജീവിതത്തില്‍ നേരിടേണ്ടി വന്ന വെല്ലുവിളികളെ അവര്‍ സധൈര്യമാണ് നേരിട്ടത്. തന്റെ ഭയങ്ങളെ മറികടന്ന് സംസ്ഥാനത്തെ ആദ്യത്തെ വനിതാ ഫോറസ്റ്റ് ഗൈഡായി അവര്‍ മാറി. 2023 ലെ സാങ്ച്വറി വൈല്‍ഡ് ലൈഫ് സര്‍വീസ് അവാര്‍ഡ് ഉള്‍പ്പെടെ നിരവധി അവാര്‍ഡുകള്‍ നേടി.

10. വി പി  സുഹറ (സാമൂഹിക പ്രവര്‍ത്തകയും എഴുത്തുകാരിയും)

DEVI AWARDS 2025
വി പി സുഹറ

വി പി സുഹറ പ്രശസ്ത സാമൂഹിക പ്രവര്‍ത്തകയും എഴുത്തുകാരിയുമാണ്. സ്ത്രീകളുടെ അവകാശങ്ങള്‍ക്കായി, പ്രത്യേകിച്ച് കേരളത്തിലെ മുസ്ലീം സ്ത്രീകളുടെ ശാക്തീകരണത്തിനായി ഏകദേശം അഞ്ച് പതിറ്റാണ്ടുകളായി അവര്‍ പോരാടി വരികയാണ്. 1997 ല്‍ സ്ഥാപിതമായ പുരോഗമന വനിതാ സംഘടനയായ നിസയുടെ (എന്‍ഐഎസ്എ) സ്ഥാപകയാണ് അവര്‍. ലിംഗ നീതി, മുസ്ലീം വ്യക്തിനിയമത്തിന് കീഴിലുള്ള സമത്വം തുടങ്ങിയ വിഷയങ്ങള്‍ അഭിസംബോധന ചെയ്യുന്നതില്‍ നിര്‍ണായക പങ്ക് വഹിച്ചിട്ടുണ്ട്. എഴുത്തുകാരി എന്ന നിലയില്‍, അവരുടെ എഴുത്ത് സാമൂഹിക പരിഷ്‌കരണത്തോടുള്ള അവരുടെ പ്രതിബദ്ധതയെ പ്രതിഫലിപ്പിക്കുകയും വ്യവസ്ഥാപരമായ അടിച്ചമര്‍ത്തലുകള്‍ നേരിടുന്ന എണ്ണമറ്റ സ്ത്രീകള്‍ക്ക് ശബ്ദം നല്‍കുകയും ചെയ്യുന്നു. ദി ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ് പ്രസിദ്ധീകരണമായ സമകാലിക മലയാളം ഏര്‍പ്പെടുത്തിയ മികച്ച സാമൂഹിക സേവനത്തിനുള്ള പുരസ്‌കാരം വി പി സുഹറയ്ക്ക് ലഭിച്ചിട്ടുണ്ട്.

11. പി ജി ദീപമോള്‍ (ആംബുലന്‍സ് ഡ്രൈവര്‍)

DEVI AWARDS 2025
പി ജി ദീപമോള്‍

ടാക്‌സികള്‍, ടിപ്പര്‍ ലോറികള്‍, ഓഫ്-റോഡ് ജീപ്പുകള്‍ തുടങ്ങി എല്ലാത്തരം വാഹനങ്ങളും വര്‍ഷങ്ങളോളം ഓടിച്ച് ഡ്രൈവിങ്ങില്‍ തഴക്കവും വഴക്കവും നേടിയ ദീപമോള്‍ 2023ല്‍ കേരളത്തിലെ ആദ്യത്തെ വനിതാ ആംബുലന്‍സ് ഡ്രൈവറായി ചരിത്രം കുറിച്ചു. ഭര്‍ത്താവിന് അസുഖം വന്നപ്പോള്‍ കുടുംബം പോറ്റാനായി അവര്‍ പ്രൊഫഷണല്‍ ഡ്രൈവിങ്ങിലേക്ക് തിരിയുകയായിരുന്നു. സാമ്പത്തിക ബുദ്ധിമുട്ടുകള്‍ക്കിടയിലും 2021 ല്‍ കോട്ടയത്ത് നിന്ന് ലഡാക്കിലേക്കുള്ള സോളോ ബൈക്ക് യാത്ര അവരുടെ ഡ്രൈവിങ്ങിനോടുള്ള അഭിനിവേശത്തിന്റെ തെളിവാണ്. ഇപ്പോള്‍, ആംബുലന്‍സ് ഡ്രൈവര്‍ എന്ന നിലയില്‍, ഉയര്‍ന്ന സമ്മര്‍ദ്ദ സാഹചര്യങ്ങളെ ശാന്തതയോടെ നേരിട്ട് രോഗികളെ വേഗത്തിലും സുരക്ഷിതമായും ആശുപത്രികളില്‍ എത്തിക്കുന്നതില്‍ നിര്‍ണായ റോളാണ് അവര്‍ നിര്‍വഹിക്കുന്നത്.

12. വി ജെ ജോഷിത (ക്രിക്കറ്റ് താരം)

DEVI AWARDS 2025
വി ജെ ജോഷിത

കല്‍പ്പറ്റയിലെ ഒരു ചെറിയ ഗ്രാമത്തില്‍ നിന്ന് വനിതാ ക്രിക്കറ്റില്‍ ഉയരങ്ങള്‍ കീഴടക്കിയ താരമാണ് ജോഷിത. ജോഷിതയുടെ ക്രിക്കറ്റ് ജീവിതം ആരംഭിച്ചത് ആറാം ക്ലാസില്‍ പഠിക്കുമ്പോള്‍ കേരള ക്രിക്കറ്റ് അസോസിയേഷന്റെ കൃഷ്ണഗിരി ക്രിക്കറ്റ് അക്കാദമിയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടതോടെയാണ്. 2024 ലെ ഐസിസി വനിതാ അണ്ടര്‍ 19 ഏഷ്യാ കപ്പിലെ മികച്ച പ്രകടനങ്ങള്‍ ഇന്ത്യയുടെ ലോകകപ്പ് ടീമില്‍ ഇടം നേടിക്കൊടുത്തു. അവിടെ ഐസിസി അണ്ടര്‍ 19 വനിതാ ടി20 ലോകകപ്പ് നേടുന്നതില്‍ അവര്‍ നിര്‍ണായക പങ്ക് വഹിച്ചു.

13. ഉഷ നങ്ങ്യാര്‍ (കൂടിയാട്ടം കലാകാരി)

DEVI AWARDS 2025
ഉഷ നങ്ങ്യാര്‍

ഉഷ നങ്ങ്യാര്‍ എന്നറിയപ്പെടുന്ന ഉഷ പി കെ പ്രമുഖ പരമ്പരാഗത നര്‍ത്തകിയാണ്. മിഴാവ് കലാകാരന്മാരുടെ കുഴുപ്പിള്ളി നമ്പ്യാര്‍ കുടുംബത്തില്‍ ജനിച്ച അവര്‍ കൂടിയാട്ടത്തിലും നങ്ങ്യാര്‍ കൂത്തിലും പ്രാവീണ്യം നേടി. അമ്മന്നൂര്‍ മാധവ ചാക്യാര്‍, അമ്മന്നൂര്‍ കുട്ടന്‍ ചാക്യാര്‍ എന്നിവരില്‍ നിന്ന് പരിശീലനം നേടി. കൂടിയാട്ടത്തിന്റെ വക്താവായ അവര്‍ കഴിഞ്ഞ നാല് പതിറ്റാണ്ടുകളായി ഇന്ത്യയിലും ലോകമെമ്പാടും വിവിധ സ്റ്റേജ് ഷോകളില്‍ മികച്ച പ്രകടനം കാഴ്ചവച്ചിട്ടുണ്ട്. വര്‍ക്ക്‌ഷോപ്പുകളും സെമിനാറുകളും നടത്തിയിട്ടുണ്ട്.

14. ഷീല കൊച്ചൗസേപ്പ് (ബിസിനസുകാരി)

DEVI AWARDS 2025
ഷീല കൊച്ചൗസേപ്പ്

ഷീല കൊച്ചൗസേപ്പ് 1995 ല്‍ വി സ്റ്റാര്‍ ക്രിയേഷന്‍സ് ആരംഭിച്ചു. റെഡിമെയ്ഡ്, റെഡി-ടു-സ്റ്റിച്ച് എത്നിക് വസ്ത്രങ്ങളില്‍ നിന്നാണ് അവര്‍ തുടക്കം കുറിച്ചത്. തുടര്‍ന്ന് ലൈഫ്സ്‌റ്റൈല്‍ വസ്ത്രങ്ങളും ഇന്നര്‍വെയറുകളും അവതരിപ്പിച്ചു. വിസ്റ്റാറില്‍ 1200 ല്‍ അധികം ജീവനക്കാരുണ്ട്. ദക്ഷിണേന്ത്യയിലും മിഡില്‍ ഈസ്റ്റിലും ശ്രദ്ധേയമായ സാന്നിധ്യമുണ്ട്. ടൈ കേരളയുടെ വനിതാ സംരംഭക അവാര്‍ഡ്, ലയണ്‍സ് ക്ലബ് ഇന്റര്‍നാഷണല്‍ എന്നിവയുള്‍പ്പെടെ വിവിധ മേഖലകളിലെ മികച്ച സംഭാവനകള്‍ക്ക് ഷീല നിരവധി അവാര്‍ഡുകളും അംഗീകാരങ്ങളും നേടിയിട്ടുണ്ട്. വനിതാ സംരംഭകര്‍ക്ക് മാത്രമുള്ള സംഘടനയായ വനിതാ സംരംഭക നെറ്റ്വര്‍ക്കിന്റെ (WEN) സ്ഥാപക പ്രസിഡന്റായിരുന്നു അവര്‍.

15. രജിത (ക്രെയിന്‍ ഓപ്പറേറ്റര്‍)

DEVI AWARDS 2025
രജിത

വിഴിഞ്ഞം തുറമുഖത്ത് ഉയര്‍ന്ന വൈദഗ്ധ്യമുള്ള CRMG ക്രെയിന്‍ ഓപ്പറേറ്ററാണ് രജിത. തുറമുഖങ്ങളിലെ കണ്ടെയ്‌നര്‍ മാനേജ്‌മെന്റിന് ഒഴിച്ചുകൂടാനാവാത്ത ഈ കൂറ്റന്‍ ക്രെയിനുകള്‍ പ്രവര്‍ത്തിപ്പിക്കുന്ന 9 അംഗ വനിതാ സംഘത്തിന്റെ ഭാഗമാണ് ഇവര്‍. സ്ത്രീ ശാക്തീകരണത്തിന്റെ തിളക്കമാര്‍ന്ന മാതൃകയായാണ് ഈ ടീം സൃഷ്ടിച്ചിരിക്കുന്നത്. ഇന്ത്യയില്‍ ഇതാദ്യമായാണ് സ്ത്രീകള്‍ ഓട്ടോമേറ്റഡ് CRMG ക്രെയിനുകളുടെ നിയന്ത്രണം ഏറ്റെടുക്കുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക

Related Stories

No stories found.
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com