പ്രതിന്ധികളോട് പട പൊരുതി, ചരിത്രം കുറിച്ച് ദീപമോളും സുധ ചന്ദ്രനും; മാനസിക വെല്ലുവിളി നേരിടുന്നവർക്ക് കൈത്താങ്ങായി റോസ്‌ലിൻ, അതിജീവനകഥ

ജീവിതത്തിൽ നേരിട്ട വെല്ലുവിളികളിൽ തളരാതെ പട പൊരുതി ജീവിത വിജയം നേടി സമൂഹത്തിന് മാതൃകയായ സ്ത്രീ മുന്നേറ്റ കഥകൾക്ക് ഉദാഹരണമാണ് ദീപമോളുടെയും സുധ ചന്ദ്രന്റെയും സിസ്റ്റർ റോസ്‌ലിന്റെയും അതിജീവനം
devi awards 2025
ദീപമോള്‍, സിസ്റ്റര്‍ റോസ്‌ലിൻ , സുധ ചന്ദ്രന്‍

ജീവിതത്തിൽ നേരിട്ട വെല്ലുവിളികളിൽ തളരാതെ പട പൊരുതി ജീവിത വിജയം നേടി സമൂഹത്തിന് മാതൃകയായ സ്ത്രീ മുന്നേറ്റ കഥകൾക്ക് ഉദാഹരണമാണ് ദീപമോളുടെയും സുധ ചന്ദ്രന്റെയും സിസ്റ്റർ റോസ്‌ലിന്റെയും അതിജീവനം. ന്യൂ ഇന്ത്യന്‍ എക്സ്പ്രസിന്‍റെ ദേവി അവാര്‍ഡില്‍ ആദരിക്കപ്പെടുന്ന മൂവരുടെയും കഥ അറിയാം. ഭർത്താവിന് അസുഖം വന്നപ്പോൾ കുടുംബം പോറ്റാനായി പ്രൊഫഷണൽ ഡ്രൈവിങ്ങിലേക്ക് ദീപമോൾ തിരിഞ്ഞപ്പോൾ കേരളത്തിലെ സ്ത്രീ മുന്നേറ്റത്തിൽ അത് ഒരു പുതിയ ചരിത്രമായി. കേരളത്തിലെ ആദ്യത്തെ വനിതാ ആംബുലൻസ് ഡ്രൈവറായാണ് ദീപമോൾ ചരിത്രം കുറിച്ചത്.

36 വർഷം മുമ്പ് ഭർത്താവിന്റെ മരണശേഷം ജീവിതത്തിൽ നേരിടേണ്ടി വന്ന വെല്ലുവിളികളിൽ പകച്ചുനിൽക്കാതെ പോരാടാൻ തീരുമാനിച്ചപ്പോൾ സുധ ചന്ദ്രന് മുന്നിൽ ചരിത്രം വഴിമാറി. തുടക്കത്തിൽ കാടിനോട് ഉണ്ടായിരുന്ന ഭയം, ജീവിതത്തിൽ പ്രതിസന്ധികൾ ഉണ്ടായപ്പോൾ ഇനി ഭയന്ന് ഇരുന്നാൽ ജീവിതം കൈവിട്ടു പോകുമെന്ന ചിന്തയിൽ ഇറങ്ങി തിരിച്ചപ്പോൾ സംസ്ഥാനത്തെ ആദ്യത്തെ വനിതാ ഫോറസ്റ്റ് ഗൈഡായി സുധ ചന്ദ്രൻ ചരിത്രം കുറിച്ചു.

വിവിധ മാനസികാരോഗ്യ കേന്ദ്രങ്ങളിലും തിരുവനന്തപുരത്തെ സർക്കാർ മെഡിക്കൽ കോളജിലും ജോലി ചെയ്യുന്നതിനിടയിൽ നേരിട്ട കഷ്ടപ്പാടുകളും ബുദ്ധിമുട്ടുകളുമാണ് 2002 സെപ്റ്റംബറിൽ സ്‌നേഹതീരം ചാരിറ്റബിൾ സൊസൈറ്റി സ്ഥാപിക്കാൻ സിസ്റ്റർ റോസ്‌ലിനെ പ്രേരിപ്പിച്ചത്. ഇന്ന് മാനസിക വെല്ലുവിളി നേരിടുന്നവർക്ക് കൈത്താങ്ങാണ് റോസ് ലിൻ.

1. സിസ്റ്റര്‍ റോസ്‌ലിൻ (സ്‌നേഹതീരം സ്ഥാപക)

DEVI AWARDS 2025
സിസ്റ്റര്‍ റോസ്‌ലിൻ

സമൂഹം ഒറ്റപ്പെടുത്തിയ, മാനസിക വെല്ലുവിളികള്‍ നേരിടുന്നവര്‍ക്ക് ഒരു കൈത്താങ്ങാണ് സിസ്റ്റര്‍ റോസ്‌ലിൻ. വിവിധ മാനസികാരോഗ്യ കേന്ദ്രങ്ങളിലും തിരുവനന്തപുരത്തെ സര്‍ക്കാര്‍ മെഡിക്കല്‍ കോളജിലും ജോലി ചെയ്യുന്നതിനിടയില്‍ അവര്‍ നേരിട്ട കഷ്ടപ്പാടുകളും ബുദ്ധിമുട്ടുകളുമാണ് 2002 സെപ്റ്റംബറില്‍ സ്‌നേഹതീരം ചാരിറ്റബിള്‍ സൊസൈറ്റി സ്ഥാപിക്കാന്‍ അവരെ പ്രേരിപ്പിച്ചത്. മാനസിക വെല്ലുവിളി നേരിടുന്നവര്‍ക്ക് വീട്, ശരിയായ വൈദ്യചികിത്സ, സ്‌നേഹപൂര്‍വമായ പരിചരണം എന്നിവ ഉറപ്പാക്കി പുനരധിവസിപ്പിക്കാന്‍ വേണ്ട പ്രവര്‍ത്തനങ്ങള്‍ക്കാണ് അവര്‍ നേതൃത്വം നല്‍കുന്നത്.

2. സുധ ചന്ദ്രന്‍ (ഫോറസ്റ്റ് ഗൈഡ്)

DEVI AWARDS 2025
സുധ ചന്ദ്രന്‍

54 വര്‍ഷങ്ങള്‍ക്ക് മുന്‍പാണ് സുധ ചന്ദ്രന്‍ തട്ടേക്കാട് എത്തിയത്. അന്ന് ഇരുണ്ടതും ഇടതൂര്‍ന്നതുമായ കാടിനെ കണ്ട് അവര്‍ ഭയന്നിരുന്നു. എന്നാല്‍ 54 വര്‍ഷങ്ങള്‍ക്ക് ഇപ്പുറം തട്ടേക്കാട് വന്യജീവി സങ്കേതത്തിലെ ഉള്‍ക്കാട്ടിലേക്ക് സഞ്ചാരികളെ ഒരു ഭയവുമില്ലാതെ കൊണ്ടുപോകുന്ന അവര്‍ ജന്തുജാലങ്ങളെക്കുറിച്ച് വിശദമായി വിവരിക്കുന്നതില്‍ വിദഗ്ധയാണ്. കാന്‍സര്‍ അതിജീവിതയാണ്. 36 വര്‍ഷം മുമ്പ് ഭര്‍ത്താവിന്റെ മരണശേഷം ജീവിതത്തില്‍ നേരിടേണ്ടി വന്ന വെല്ലുവിളികളെ അവര്‍ സധൈര്യമാണ് നേരിട്ടത്. തന്റെ ഭയങ്ങളെ മറികടന്ന് സംസ്ഥാനത്തെ ആദ്യത്തെ വനിതാ ഫോറസ്റ്റ് ഗൈഡായി അവര്‍ മാറി. 2023 ലെ സാങ്ച്വറി വൈല്‍ഡ് ലൈഫ് സര്‍വീസ് അവാര്‍ഡ് ഉള്‍പ്പെടെ നിരവധി അവാര്‍ഡുകള്‍ നേടി.

3. പി ജി ദീപമോള്‍ (ആംബുലന്‍സ് ഡ്രൈവര്‍)

DEVI AWARDS 2025
പി ജി ദീപമോള്‍

ടാക്‌സികള്‍, ടിപ്പര്‍ ലോറികള്‍, ഓഫ്-റോഡ് ജീപ്പുകള്‍ തുടങ്ങി എല്ലാത്തരം വാഹനങ്ങളും വര്‍ഷങ്ങളോളം ഓടിച്ച് ഡ്രൈവിങ്ങില്‍ തഴക്കവും വഴക്കവും നേടിയ ദീപമോള്‍ 2023ല്‍ കേരളത്തിലെ ആദ്യത്തെ വനിതാ ആംബുലന്‍സ് ഡ്രൈവറായി ചരിത്രം കുറിച്ചു. ഭര്‍ത്താവിന് അസുഖം വന്നപ്പോള്‍ കുടുംബം പോറ്റാനായി അവര്‍ പ്രൊഫഷണല്‍ ഡ്രൈവിങ്ങിലേക്ക് തിരിയുകയായിരുന്നു. സാമ്പത്തിക ബുദ്ധിമുട്ടുകള്‍ക്കിടയിലും 2021 ല്‍ കോട്ടയത്ത് നിന്ന് ലഡാക്കിലേക്കുള്ള സോളോ ബൈക്ക് യാത്ര അവരുടെ ഡ്രൈവിങ്ങിനോടുള്ള അഭിനിവേശത്തിന്റെ തെളിവാണ്. ഇപ്പോള്‍, ആംബുലന്‍സ് ഡ്രൈവര്‍ എന്ന നിലയില്‍, ഉയര്‍ന്ന സമ്മര്‍ദ്ദ സാഹചര്യങ്ങളെ ശാന്തതയോടെ നേരിട്ട് രോഗികളെ വേഗത്തിലും സുരക്ഷിതമായും ആശുപത്രികളില്‍ എത്തിക്കുന്നതില്‍ നിര്‍ണായ റോളാണ് അവര്‍ നിര്‍വഹിക്കുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക

Related Stories

No stories found.
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com