
തിരുവനന്തപുരം: നിലമ്പൂർ മുൻ എംഎൽഎ പിവി അൻവറിനു വിവരം ചോർത്തി നൽകിയെന്നു ആരോപിച്ച് ഡിവൈഎസ്പി എംഐ ഷാജിയെ സസ്പെൻഡ് ചെയ്തു. സന്ദീപാനന്ദഗിരിയുടെ ആശ്രമം കത്തിച്ച കേസുമായി ബന്ധപ്പെട്ട ആന്വേഷണ റിപ്പോർട്ട് ഉൾപ്പെടെ ചോർത്തിയെന്ന ഇന്റലിജൻസ് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണു നടപടി.
സന്ദീപാനന്ദഗിരിയുടെ ആശ്രമം കത്തിച്ച കേസിന്റെ അന്വേഷണം ചില ഉദ്യോഗസ്ഥർ അട്ടിമറിച്ചുവെന്നു അൻവർ ആരോപിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ടു ക്രൈംബ്രാഞ്ച് കൊടുത്ത രഹസ്യ റിപ്പോർട്ടിൽ ഉദ്യോഗസ്ഥർക്കെതിരെ നടപടി ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഉദ്യോഗസ്ഥർക്കു ബിജെപി ബന്ധമുണ്ടെന്നും നടപടി ഒന്നും ഉണ്ടായില്ലെന്നും അൻവർ ആരോപിച്ചു.
പിന്നാലെയാണ് ക്രൈംബ്രാഞ്ച് നൽകിയ രഹസ്യ റിപ്പോർട്ട് അൻവറിനു ലഭിച്ചതിനെക്കുറിച്ചു ഇന്റലജൻസ് വിഭാഗം അന്വേഷിച്ചത്. ക്രൈംബ്രാഞ്ചിൽ അന്വേഷണ ഉദ്യോഗസ്ഥനായിരുന്ന എംഐ ഷാജിയാണു വിവരങ്ങൾ ചോർത്തിയതെന്നു കണ്ടെത്തി. അൻവറുമായി ഷാജി ഫോണിൽ ബന്ധപ്പെട്ടിരുന്നുവെന്നും നേരിൽ കണ്ടുവെന്നും ഇന്റലിജൻസ് ഡിജിപിക്കു റിപ്പോർട്ടു നൽകി. ഈ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. തിരുവനന്തപുരത്തു കൺട്രോൾ റൂമിൽ ജോലി ചെയ്തിരുന്ന ഷാജിയെ നേരത്തെ കാസർക്കോട്ടേയ്ക്കു മാറ്റിയിരുന്നു.
മദ്യപിച്ചു വാഹനം ഓടിച്ച സംസ്ഥാന ക്രൈം റെക്കോർഡ് ബ്യൂറോ ഡിവൈഎസ്പി അനിൽകുമാറിനേയും സസ്പെൻഡ് ചെയ്തു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക