
തിരുവനന്തപുരം: കൊല്ലപ്പെട്ടയാളുടെ മൃതദേഹാവശിഷ്ടങ്ങള്‍ ഒന്നും തന്നെ ലഭിക്കാതെ കേരള പൊലീസ് അന്വേഷിച്ച, കോളിളക്കം സൃഷ്ടിച്ച മൂന്നാമത്തെ കൊലക്കേസാണ് നാട്ടുവൈദ്യന്‍ ഷാബാ ഷെരീഫിന്റെ കൊലപാതകം. കേരള രാഷ്ട്രീയചരിത്രത്തില്‍ ഏറെ കോളിളക്കമുണ്ടാക്കിയ രാജന്‍ കേസും ചേകനൂര്‍ മൗലവി തിരോധാനക്കേസുമാണ് മരിച്ചെന്ന് കരുതപ്പെടുന്നയാളുടെ ശരീരാവശിഷ്ടങ്ങളൊന്നും ലഭിക്കാതെ പൊലീസ് അന്വേഷിച്ചത്. അടിയന്തരാവസ്ഥയിലെ പൊലീസ് ഭീകരതയുടെ പ്രതീകമായാണ് രാജന്‍ കേസ് അറിയപ്പെടുന്നത്.
കോഴിക്കോട് റീജിയണല്‍ എഞ്ചിനീറിങ് കോളജിലെ വിദ്യാര്‍ത്ഥിയായിരുന്ന രാജനെ പൊലീസ് പിടിച്ചുകൊണ്ടുപോയതാണ് കേസിനാധാരമായ സംഭവം. നക്‌സലുകളെ നേരിടുന്നതിനായി പ്രവര്‍ത്തിച്ചുവന്ന കക്കയം പൊലീസ് ക്യാമ്പില്‍ വെച്ച് രാജന്‍ കൊല്ലപ്പെട്ടുവന്ന് പൊലീസ് പിന്നീട് സമ്മതിച്ചു. എന്നാല്‍ രാജന്റെ ശരീരഭാഗങ്ങളൊന്നും കണ്ടെടുക്കാന്‍ സാധിച്ചിരുന്നില്ല. രാഷ്ട്രീയ പ്രാധാന്യം കണക്കിലെടുത്തും ആരോപണവിധേയര്‍ സംസ്ഥാന പൊലീസിലെ ഉന്നതരാണെന്നതും കണക്കിലെടുത്ത് കേസിന്റെ വിചാരണ തമിഴ്‌നാട്ടിലേക്ക് മാറ്റിയിരുന്നു.
അടിയന്തരാവസ്ഥയ്ക്കു ശേഷം രാജന്‍ കേസില്‍ കോടതിയില്‍ വ്യാജസത്യവാങ്മൂലം നല്‍കിയതിന്റെ പേരില്‍ കെ കരുണാകരന് മുഖ്യമന്ത്രിസ്ഥാനം രാജിവെക്കേണ്ടി വന്നതും ചരിത്രം. ഇസ്ലാമിക പണ്ഡിതനും വാഗ്മിയുമായിരുന്ന ചേകനൂര്‍ പി കെ മുഹമ്മദ് അബുല്‍ ഹസന്‍ മൗലവി എന്ന ചേകനൂര്‍ മൗലവിയെ 1993 ജൂലൈ 29 നാണ് ദുരൂഹസാഹചര്യത്തില്‍ കാണാതാകുന്നത്. മതപ്രഭാഷണത്തിനെന്ന പേരില്‍ ചിലര്‍ അദ്ദേഹത്തെ വിളിച്ചുകൊണ്ടുപോകുകയും, പിന്നീട് കൊലപ്പെടുത്തിയെന്നുമാണ് ആരോപണം. ചേകനൂര്‍ മൗലവി തിരോധനക്കേസ് ഒടുവില്‍ സിബിഐ അന്വേഷിച്ചെങ്കിലും, ശരീരാവശിഷ്ടങ്ങള്‍ കണ്ടെത്താനോ പ്രതികളെ പിടികൂടാനോ സാധിച്ചില്ല.
ഈ രണ്ടു കേസുകളില്‍ നിന്നും ഷാബാ ഷെരീഫ് വധക്കേസ് വ്യത്യസ്തമാകുന്നത്, ശരീരാവശിഷ്ടങ്ങള്‍ കണ്ടെത്താനായില്ലെങ്കിലും, ശാസ്ത്രീയ തെളിവുകളുടെ പിന്‍ബലത്തോടെ പൊലീസ് പ്രതികളെ അറസ്റ്റ് ചെയ്തു എന്നതിലാണ്. നിലമ്പൂര്‍ മുക്കട്ട സ്വദേശിയും വ്യവസായിയുമായ ഷൈബിന്‍ അഷ്‌റഫ് ആണ് കേസിലെ മുഖ്യപ്രതി. ഇയാളടക്കം 15 പേരാണ് അറസ്റ്റിലായത്. ഇതില്‍ മൂന്നു പ്രതികള്‍ കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തുകയും ചെയ്തു. കുറ്റവാളികള്‍ കൊലപ്പെടുത്തിയതായി ആരോപിക്കപ്പെടുന്ന ഇരയുടെ മൃതദേഹം ഹാജരാക്കാതെ കേരള പൊലീസ് അന്വേഷിച്ച് കണ്ടെത്തിയ അപൂര്‍വങ്ങളില്‍ അപൂര്‍വമായ കേസായി ചരിത്രത്തില്‍ ഇടംനേടുകയും ചെയ്തു.
ഒരാളും അറിയാതിരുന്ന കേസ് വളരെ നാടകീയമായാണ് പുറംലോകം അറിയുന്നത്. 2022 ഏപ്രില്‍ 23 ന് ഒരു സംഘം ആളുകള്‍ തന്റെ വീട്ടില്‍ അതിക്രമിച്ചു കയറി തന്നെ ആക്രമിച്ചുവെന്ന് ആരോപിച്ച് ഷൈബിന്‍ അഷറഫ് ലോക്കല്‍ പൊലീസിനെ സമീപിച്ചതോടെയാണ് വഴിത്തിരിവായത്. ഇതിന് പിന്നാലെ ഷൈബിനില്‍ നിന്നും ഭീഷണിയുണ്ടെന്ന് ആരോപിച്ച് പ്രതികളില്‍ അഞ്ച് പേര്‍ 2022 ഏപ്രില്‍ 29 ന് സെക്രട്ടേറിയറ്റിന് മുന്നില്‍ ആത്മഹത്യാ ശ്രമമാണ് കൊലപാതകത്തിന്റെ ചുരുള്‍ നിവര്‍ത്തുന്നത്. ഇവരെ കസ്റ്റഡിയിലെടുത്ത് പൊലീസ് ചോദ്യം ചെയ്തപ്പോഴാണ് ഷാബ ഷെരീഫ് വധക്കേസിന്റെ വിവരങ്ങള്‍ പുറത്തുവന്നത്.
മലപ്പുറം എസ്പിയായിരുന്ന സുജിത് ദാസ് വെല്ലുവിളി നിറഞ്ഞ ഈ കേസിന്റെ അന്വേഷണത്തിനായി പ്രത്യേക സംഘത്തെ നിയോഗിച്ചു. നിലമ്പൂര്‍ ഡിവൈഎസ്പി സാജു കെ എബ്രഹാം, ഇന്‍സ്‌പെക്ടര്‍ പി വിഷ്ണു, എസ്‌ഐ നവീന്‍ ഷാജ്, എം അസൈനാര്‍, എഎസ്‌ഐ റെനി ഫിലിപ്പ്, അനില്‍കുമാര്‍, സതീഷ് കുമാര്‍, വി കെ പ്രദീപ്, എ ജാഫര്‍, എന്‍ പി സുനില്‍, അഭിലാഷ് കൈപ്പിനി, കെ ടി ആസിഫ് അലി, ടി നിബിന്‍ദാസ്, അന്‍വര്‍ സാദത്ത്, ജിയോ ജേക്കബ്, സന്ധ്യ, ആതിര, ദീപ എന്നിവരായിരുന്നു പ്രത്യേക അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക