
കാസര്‍കോട്: സര്‍ക്കാര്‍ നിയന്ത്രിക്കുന്ന ബാങ്ക് നിര്‍ധന കുടുംബത്തെ ജപ്തിയുടെ പേരില്‍ തെരുവിലിറക്കിയപ്പോള്‍ സംരക്ഷണ കരങ്ങള്‍ നീട്ടി പ്രവാസി സംരംഭകന്‍. വായ്പകള്‍ക്ക് ഈട് താമസിക്കുന്ന വീടെങ്കില്‍ ജപ്തി ഒഴിവാക്കണം എന്ന സംസ്ഥാന സര്‍ക്കാര്‍ നിര്‍ദേശം നിലനില്‍ക്കെ ആയിരുന്നു കാസര്‍കോട് പരപ്പച്ചാലിലെ ജാനകിയുടെ വീട് കേരള ബാങ്ക് അധികൃതര്‍ ജപ്തി ചെയ്തത്. കര്‍ഷകത്തൊഴിലാളിയായ മകന്‍ വിജേഷ് അമ്മയുമായി വ്യാഴാഴ്ച ആശുപത്രിയിലേക്ക് പോയ സമയത്തായിരുന്നു ബാങ്കിന്റെ നടപടി.
ആശുപത്രിയില്‍ നിന്ന് വിജേഷ് തിരിച്ചുവന്നപ്പോള്‍ വീട് പൂട്ടി കേരള ബാങ്കിന്റെ ജപ്തി നോട്ടിസ് പതിച്ചിരുന്നു. ഭാര്യയേയും കുഞ്ഞുങ്ങളെയും പുറത്താക്കി സാധനങ്ങളെല്ലാം പുറത്തു വലിച്ചിട്ടായിരുന്നു നടപടി. കോടതി ഉത്തരവ് പ്രകാരമാണ് നടപടിയെന്ന് കേരള ബാങ്കിന്റെ വിശദീകരണം.
ഇനിയെന്തെന്നറിയാതെ വീടിന്റെ വരാന്തയില്‍ കഴിച്ചുകൂട്ടിയ കുടുംബത്തെക്കുറിച്ചുള്ള റിപ്പോര്‍ട്ട് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തതോടെയാണ് സഹായ ഹസ്തവുമായി പ്രവാസി സംരംഭകൻ രംഗത്തെത്തിയത്. ആലപ്പുഴ ചേര്‍ത്തല സ്വദേശിയായ മന്നത്ത് ഉണ്ണികൃഷ്ണന്‍ നായരാണ് സഹായവുമായി രംഗത്തെത്തിയത്. കേരള ബാങ്ക് ഡെപ്യൂട്ടി ജനറല്‍ മാനേജരുമായി ഉണ്ണികൃഷ്ണന്‍ നടത്തിയ ചര്‍ച്ചയില്‍ 1.92 ലക്ഷം അടച്ച് ജപ്തി ഒഴിവാക്കാമെന്ന് അറിയിക്കുകയായിരുന്നു. പിന്നാലെ ബാങ്ക് അധികൃതരെത്തി വീട് തുറന്നു നല്‍കുകയും ചെയ്തു.
കേരള ബാങ്കിന്റെ നീലേശ്വരം ശാഖയില്‍ നിന്നും 2013 ലാണ് വ്യക്തിഗത വായ്പയായി കുടുംബം രണ്ട് ലക്ഷം രൂപ വാങ്ങിയത്. 16 സെന്റ് സ്ഥലം ഈടായി നല്‍കുകയും ചെയ്തു. ഇതിന്റെ വിജേഷ് തെങ്ങില്‍ നിന്ന് വീണ് കിടപ്പിലായതോടെ തിരിച്ചടവ് മുടങ്ങി. 2013 ജൂണിന് ശേഷം തിരിച്ചടവ് മുടങ്ങുകയും ചെയ്തു. നിലവില്‍ പലിശയടക്കം 6 ലക്ഷം രൂപയാണ് കുടുംബത്തിനുള്ള ബാധ്യത. ജപ്തി സംബന്ധിച്ച് മുന്‍കൂട്ടി അറിയിച്ചിരുന്നു എന്നും ബാങ്ക് അധികൃതര്‍ വിശദീകരിക്കുന്നു.
അതേസമയം, കുടുംബത്തിന്റെ ദുരവസ്ഥ മാധ്യമങ്ങളിലൂടെ അറിഞ്ഞ ഉണ്ണികൃഷ്ണന്‍ നായര്‍ തന്റെ കുടുംബം പണ്ട് നേരിട്ട അവസ്ഥ മറ്റൊര്‍ക്കും ഉണ്ടാകരുതെന്ന് കരുതിയാണ് ഇടപെട്ടത്. സ്വകാര്യ പണമിടപാട് സ്ഥാപനത്തില്‍ നിന്നും വായ്പ എടുത്തതിന്റെ പേരില്‍ ചേര്‍ത്തല സ്വദേശികളായ മന്നത്ത് ഉണ്ണികൃഷ്ണനും കുടുംബവും ജപ്തി നേരിട്ടിരുന്നു. നിലവില്‍ മന്നത്ത് ഗ്രൂപ്പ് ഇന്റര്‍നാഷണല്‍ എന്ന കമ്പനിയുടെ ഉടമായണ് ഉണ്ണികൃഷ്ണന്‍.
ജപ്തിയും സര്‍ക്കാര്‍ നിലപാടും
ഇക്കഴിഞ്ഞ ഫെബ്രുവരിയില്‍ നിയമസഭയില്‍ ആയിരുന്നു ജപ്തിയില്‍ മാനുഷിക പരിഗണന വേണമെന്ന് മുഖ്യമന്ത്രി പ്രഖ്യാപിച്ചത്. വീട് ജാമ്യമായിട്ടുണ്ടെങ്കില്‍ സര്‍ഫാസി നിയമപ്രകാരം നടപടിയെടുക്കുമ്പോള്‍ അത് ജപ്തി ചെയ്യരുതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍ദേശിച്ചിരുന്നു. വീട് അവിടെ താമസിക്കുന്നവരുടെ അവകാശമാണ്. അവരെ വഴിയാധാരമാക്കുന്ന ഒരു നിലപാടും സ്വീകരിക്കരുത്. ആ നില സഹകരണമേഖലയാകെ മാതൃകയാക്കി പോകണം. അത് കര്‍ശനമായി പാലിക്കാന്‍ എല്ലാ സഹകരണ സ്ഥാപനങ്ങളും തയ്യാറാകണമെന്നും മുഖ്യമന്ത്രി ചോദ്യോത്തരവേളയില്‍ വ്യക്തമാക്കിയിരുന്നു.
മൂന്ന് സെന്റില്‍ താഴെയിരിക്കുന്ന വീടുകള്‍ ബാങ്ക് നപടികളുടെ ഭാഗമായി ജപ്തി ചെയ്യുമ്പോള്‍ ബോര്‍ഡ് സ്ഥാപിക്കരുതെന്നും ജപ്തിക്ക് മുമ്പ് പകരം ഷെല്‍ട്ടര്‍ കണ്ടെത്തി അവരെ പുനരധിവസിപ്പിക്കണമെന്നും ബാങ്കുകളോട് നിര്‍ദേശിച്ചിട്ടുണ്ടെന്ന് സഹകരണ മന്ത്രി വി എന്‍ വാസവനും നിയമസഭയില്‍ പറഞ്ഞിരുന്നു. സര്‍ഫാസി നിയമപ്രകാരം ജപ്തി നടപടിയുടെ ഭാഗമായി ബാങ്കുകള്‍ വസ്തുവില്‍ ബോര്‍ഡ് സ്ഥാപിക്കുന്നത് ശരിയല്ല. കേരള ബാങ്ക് ഇത്തരത്തില്‍ ചെയ്യുന്നില്ലെന്നും വി ആര്‍ സുനില്‍ കുമാര്‍, ജി എസ് ജയലാല്‍, മുഹമ്മദ് മുഹ്‌സീന്‍, സി സി മുകുന്ദന്‍ തുടങ്ങിയവരുടെ ചോദ്യങ്ങള്‍ക്ക് മറുപടിയെന്നോണമായിരുന്നു പ്രതികരണം.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക