മണലിലും പനയോലയിലും എഴുതി 'മലയാളത്തിന്റെ മധുരം' നുണയാം; ഈ സ്കൂളിലുണ്ട് 'നിലത്തെഴുത്തു കളരി'

അടിമാലിയിലെ വിവേകാനന്ദ വിദ്യാസദൻ സ്കൂളിലാണ് മണലിലും പനയോലയിലും എഴുതി മലയാളം ഭാഷ പഠിപ്പിക്കുന്നത്
Adimali school's 'nilathezhuth kalari'
വിവേകാനന്ദ വിദ്യാസദൻ സ്കൂളിലെ നിലത്തെഴുത്ത് കളരിഎക്സ്പ്രസ്
Updated on

തൊടുപുഴ: കഴിഞ്ഞ ആറ് വർഷമായി, കുട്ടികൾക്ക് മലയാള ഭാഷയിൽ അടിത്തറയുണ്ടാക്കാൻ പഴയ കാലത്തെ നിലത്തെഴുത്തു കളരി വിജയകരമായി നടത്തുന്ന ഒരു സ്കൂൾ. അടിമാലിയിലെ വിവേകാനന്ദ വിദ്യാസദൻ സ്കൂളിലാണ് മണലിലും പനയോലയിലും എഴുതി മലയാളം ഭാഷ പഠിപ്പിക്കുന്നത്. അടിമാലി വിദ്യാഭ്യാസ ഉപജില്ലയ്ക്കു കീഴിലുള്ള അൺ എയ്ഡഡ് ഹൈസ്കൂളാണ് വിവേകാനന്ദ വിദ്യാസദൻ. 1979ലാണ് സ്കൂൾ സ്ഥാപിതമായത്.

2019ലാണ് നിലത്തെഴുത്ത് കളരി ആരംഭിക്കുന്നത്. അന്ന് കവി ബാലചന്ദ്രൻ ചുള്ളിക്കാടാണ് കളരി ഉദ്ഘാടനം ചെയ്തത്. അതേ വർഷം തന്നെയാണ് സംസ്ഥാനത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ മലയാള പഠനത്തിന്റെ ​ഗുണനിലവാരമില്ലായ്മ ചൂണ്ടിക്കാട്ടി അദ്ദേഹം തന്റെ കവിതകൾ സ്കൂൾ പാഠ്യപദ്ധയിൽ നിന്നു പിൻവലിക്കണമെന്നു അധികാരികളോടു അഭ്യർഥിച്ചതെന്നു സ്കൂൾ മാനേജർ ശ്രീകാന്ത് പി പറഞ്ഞു.

'ചുള്ളിക്കാട് ഇക്കാര്യം ചൂണ്ടിക്കാട്ടും മുൻപു തന്നെ ഞങ്ങൾക്ക് അതു മനസിലായിരുന്നു. മലയാളം അധ്യാപക തസ്തികയിലേക്ക് അഭിമുഖത്തിനു ക്ഷണിച്ച ഉദ്യോ​ഗാർഥികളുടെ ഭാഷയെക്കുറിച്ചുള്ള അടിസ്ഥാന അറിവില്ലായ്മ പ്രകടമായി തന്നെ ഞങ്ങൾക്കു മനസിലാക്കാൻ സാധിച്ചു. ഇതേ തുടർന്നു എന്റെ പിതാവാണ് കുട്ടികൾക്കു ചെറുപ്പത്തിൽ തന്നെ ഭാഷാ അടിത്തറ നൽകുന്നതിനായി നിലത്തെഴുത്തു കളരി ആരംഭിക്കുക എന്ന ആശയം മുന്നോട്ടു വച്ചത്.'

'നിലത്തെഴുത്തു പഠിപ്പിക്കുന്നവർ പരമ്പരാ​ഗതമായി 'ആശാൻ', 'ആശാട്ടി' എന്നിങ്ങനെയാണ് അറിയപ്പെടുന്നത്. എന്നാൽ അത്തരം അധ്യാപകർ ഇന്നില്ല. ഇപ്പോൾ മലയാള ഭാഷയിൽ നല്ല പ്രാവീണ്യമുള്ള ബിരുദാന്തര ബിരുദമുള്ള അധ്യാപകനെയാണ് കളരിയിൽ ഞങ്ങൾ നിയമിച്ചിരിക്കുന്നത്.'

കളരിയിലെ പരമ്പരാഗത അധ്യാപകരായ ‘ആശട്ടി’ കുട്ടിയെ അക്ഷരങ്ങൾ എഴുതിപ്പിക്കുന്നു
കളരിയിലെ പരമ്പരാഗത അധ്യാപകരായ ‘ആശട്ടി’ കുട്ടിയെ അക്ഷരങ്ങൾ എഴുതിപ്പിക്കുന്നു
'ചിന്തം വര'യ്ക്ക് ഉപയോഗിക്കുന്ന ഉണങ്ങിയ പനയോലയും നാരായവും
'ചിന്തം വര'യ്ക്ക് ഉപയോഗിക്കുന്ന ഉണങ്ങിയ പനയോലയും നാരായവും

'പ്ലേ സ്കൂൾ, കിന്റർ‌​ഗാർടൻ പോലെ കളരിയിലെ ക്ലാസുകൾ ജൂണിൽ ആരംഭിച്ച് ഒരു വർഷം വരെ നീണ്ടു നിൽക്കും. രണ്ടര വയസ് മുതൽ കുട്ടികളെ കളരിയിൽ പ്രവേശിപ്പിക്കും. പരമ്പരാഗത പഠന രീതികൾക്കു പുറമേ കിന്റർഗാർട്ടനിൽ പോകുന്ന വിദ്യാർഥികൾക്ക് പെൻസിൽ ഉപയോഗിച്ച് സ്ലേറ്റുകളിലും പുസ്തകങ്ങളിലും എഴുതാനും പരിശീലനം നൽകുന്നു.'

'മണലിൽ അക്ഷരങ്ങൾ എഴുതി തുടങ്ങുന്നതു മുതലാണ് പഠന പ്രക്രിയ. 'ചിന്തം വര'യിലാണ് പഠനം അവസാനിക്കുന്നത്. നാരായം ഉപയോ​ഗിച്ചു കുട്ടികൾ താളിയോല എഴുതുന്നതും പഠനത്തിന്റെ തുടർ പ്രക്രിയയിലുണ്ട്. 'ചിന്തം വര' എന്നത് ബിരുദദാന ചടങ്ങ് പോലെയാണ്. ആ ദിവസം അവർക്ക് താളിയോലയിൽ തയ്യാറാക്കിയ കോഴ്സിന്റെ സർട്ടിഫിക്കറ്റ് സമ്മാനിക്കും. കുട്ടിയുടെ കഴിവുകളനുസരിച്ച് മൂന്ന് മുതൽ ആറ് മാസത്തിനുള്ളിൽ തന്നെ ചിന്തം വര പൂർത്തിയാക്കാൻ സാധിക്കും.'

'ഇംഗ്ലീഷ് ഭാഷാ പഠനത്തിന് മുൻഗണന നൽകുന്ന സിബിഎസ്ഇ, ഐസിഎസ്ഇ വിദ്യാഭ്യാസത്തിന് പിന്നാലെയാണ് മിക്ക രക്ഷിതാക്കളും ഇപ്പോൾ പോകുന്നത്. അടിസ്ഥാന വിദ്യാഭ്യാസ കാലത്ത് കുട്ടികൾക്ക് നല്ല മലയാള ഭാഷ കിട്ടണമെന്നു ആഗ്രഹിക്കുന്നവരെ നിലത്തെഴുത്ത് കളരിയിൽ പ്രവേശിപ്പിക്കും. കളരിയിൽ പങ്കെടുക്കുന്ന വിദ്യാർഥികൾക്ക് പ്രായപരിധിയില്ല. അവധിക്കാലത്ത് ഹൈസ്കൂൾ വിദ്യാർഥികളടക്കം പഠിക്കാനെത്തുന്നുണ്ട്. എല്ലാ വർഷവും കുറഞ്ഞത് 10 മുതൽ 15 വരെ കുട്ടികൾ കളരിയിൽ പ്രവേശനം നേടുന്നു. രാവിലെ 9.30 മുതൽ ഉച്ചകഴിഞ്ഞ് 3.30 വരെയാണ് ക്ലാസുകൾ നടക്കുന്നത്'- ശ്രീകാന്ത് വ്യക്തമാക്കി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക

Related Stories

No stories found.
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com