
പാലക്കാട്: മുതിർന്ന സിപിഐ നേതാവ് കെഇ ഇസ്മയിൽ ആത്മകഥ എഴുതുന്നു. കഴിഞ്ഞ ഏഴ് പതിറ്റാണ്ടു നീണ്ട രാഷ്ട്രീയ അനുഭവങ്ങളായിരിക്കും ആത്മകഥയിലെന്നു അദ്ദേഹം വ്യക്തമാക്കി. പാർട്ടി, ജീവിതാനുഭവങ്ങളുടെ സത്യസന്ധമായ വിവരണങ്ങളായിരിക്കും പുസ്തകമെന്നും അദ്ദേഹം ദി ന്യൂ ഇന്ത്യൻ എക്സ്പ്രസിനോടു വ്യക്തമാക്കി.
'ഞാൻ ആത്മകഥ എഴുതി തുടങ്ങിയിട്ടുണ്ട്. എന്നു പ്രസിദ്ധീകരിക്കുമെന്നു തീരുമാനിച്ചിട്ടില്ല. ഉടൻ തന്നെ പുറത്തിറങ്ങും. പാർട്ടിക്കും പുറത്തുമുള്ള എന്റെ എല്ലാ അനുഭവങ്ങളും പുസ്തകത്തിലുണ്ടാകും. ഏഴ് പതിറ്റാണ്ടായുള്ള പാർട്ടി പ്രവർത്തകനെന്ന നിലയിലുള്ള ജീവിതവും എഴുതുന്നുണ്ട്'- അദ്ദേഹം പറഞ്ഞു.
സിപിഐയിൽ നിന്നു കഴിഞ്ഞ ദിവസം അദ്ദേഹത്തെ ആറ് മാസത്തേക്ക് സസ്പെൻഡ് ചെയ്തിരുന്നു. പിന്നാലെയാണ് അദ്ദേഹം ആത്മകഥയുടെ കാര്യം വെളിപ്പെടുത്തിയത്.
'പാർട്ടി തീരുമാനത്തെക്കുറിച്ച് അഭിപ്രായം പറയാൻ ഞാൻ ആഗ്രഹിക്കുന്നില്ല. എന്റെ ജീവിതകാലം മുഴുവൻ ഞാൻ ഈ പാർട്ടിക്കു വേണ്ടിയാണ് ജീവിച്ചത്. ഒരു സിപിഐ അംഗമായി തന്നെ ഞാൻ ജീവിക്കുന്നു. മരിക്കുമ്പോഴും അങ്ങിനെ തന്നെ ആയിരിക്കും'- അദ്ദേഹം വ്യക്തമാക്കി.
സിപിഐ മുൻ എറണാകുളം ജില്ലാ സെക്രട്ടറി പി രാജുവിന്റെ മരണവുമായി ബന്ധപ്പെട്ട് അദ്ദേഹം നടത്തിയ വിവാദ പ്രസ്താവനകളെ തുടർന്നാണ് പാർട്ടി സംസ്ഥാന എക്സിക്യൂട്ടീവ് കമ്മിറ്റി അച്ചടക്ക നടപടി സ്വീകരിച്ചത്. പി രാജുവിനെ പാര്‍ട്ടിയില്‍ ഒതുക്കുന്നതിന് വ്യാജമായി സാമ്പത്തിക ആരോപണം ഉന്നയിക്കുകയായിരുന്നെന്ന ആക്ഷേപമാണ് ഇസ്മയിലിനെതിരെ നടപടിക്ക് കാരണമായത്. എറണാകുളം ജില്ലാ കമ്മിറ്റിയുടെ പരാതിയിലാണ് സംസ്ഥാന എക്‌സിക്യൂട്ടിവിന്റെ നടപടി.
രാജുവിന്റെ കുടുംബം ഉന്നയിച്ച ആശങ്കകളെ പരോക്ഷമായി സാധൂകരിക്കുന്ന തരത്തിൽ പാർട്ടിക്കുള്ളിൽ ഭിന്നത സൃഷ്ടിക്കാൻ ശ്രമിച്ചുവെന്ന ആരോപണമാണ് അദ്ദേഹത്തിനെതിരെ ഉയർന്നത്. സിപിഐ എറണാകുളം ജില്ലാ കമ്മിറ്റി ഇസ്മായിലിനെതിരെ നടപടിയെടുക്കാൻ ആവശ്യപ്പെടുകയായിരുന്നു. പിന്നാലെ സംസ്ഥാന എക്സിക്യൂട്ടീവ് അദ്ദേഹത്തിൽ നിന്നു വിശദീകരണം തേടി. എന്നാൽ മറുപടി തൃപ്തികരമല്ലെന്ന് കണ്ടെത്തിയാണ് സസ്പെൻഡ് ചെയ്തത്.
മുൻ സിപിഐ ദേശീയ എക്സിക്യൂട്ടീവ് അംഗം, സംസ്ഥാന റവന്യൂ മന്ത്രി, രാജ്യസഭാ എംപി എന്നീ നിലകളിൽ പ്രവർത്തിച്ച ഇസ്മയിൽ വർഷങ്ങളായി പാർട്ടിയിൽ സുപ്രധാന സ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട്. അടുത്തിടെ സിപിഐ പാലക്കാട് ജില്ലാ കൗൺസിലിലെ ക്ഷണിതാവിന്റെ പദവിയിലേക്ക് അദ്ദേഹത്തെ തരം താഴ്ത്തിയിരുന്നു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക