മുകളില്‍ റോഡ്, താഴെ നടപ്പാത, കേരളീയ വാസ്തുവിദ്യയില്‍ എട്ട് വാച്ച് ടവറുകള്‍; ഉദ്ഘാടനത്തിന് ഒരുങ്ങി കേരളത്തിലെ ആദ്യത്തെ പാത്ത് വേ പാലം- വിഡിയോ

വിനോദസഞ്ചാര മേഖലക്ക് മറ്റൊരു തിലകക്കുറി ചാര്‍ത്തി സംസ്ഥാനത്തെ ആദ്യത്തെ പാത്ത് വേ പാലം ഉദ്ഘടനത്തിനൊരുങ്ങുന്നു
 Pathway Bridge at Alappuzha, is set to open
സംസ്ഥാനത്തെ ആദ്യത്തെ പാത്ത് വേ പാലം ഉദ്ഘടനത്തിനൊരുങ്ങുന്നു
Updated on

ആലപ്പുഴ: വിനോദസഞ്ചാര മേഖലക്ക് മറ്റൊരു തിലകക്കുറി ചാര്‍ത്തി സംസ്ഥാനത്തെ ആദ്യത്തെ പാത്ത് വേ പാലം ഉദ്ഘടനത്തിനൊരുങ്ങുന്നു. തകഴി, നെടുമുടി പഞ്ചായത്തുകളെ ബന്ധിപ്പിച്ച് പമ്പാ നദിക്ക് കുറുകെ നിര്‍മ്മിച്ച പടഹാരം പാലം ആലപ്പുഴയുടെ പാലപ്പെരുമക്ക് വീണ്ടും പകിട്ടേകും.

കുട്ടനാട്ടിലൂടെ കടന്നുപോകുന്ന പ്രധാന പാതകളായ ആലപ്പുഴ-ചങ്ങനാശ്ശേരി റോഡിനെയും (എ സി റോഡ്) അമ്പലപ്പുഴ- തിരുവല്ല റോഡിനെയും തമ്മില്‍ ബന്ധിപ്പിക്കുന്ന പ്രധാന പാലം കൂടിയാണ് കരുവാറ്റ-കുപ്പപ്പുറം റോഡില്‍ സ്ഥിതിചെയ്യുന്ന പടഹാരം പാലം. 2016-17ലെ ബജറ്റില്‍ ഉള്‍പ്പെടുത്തി കിഫ്ബി ധനസഹായത്തോടെ കേരള റോഡ് ഫണ്ട് ബോര്‍ഡിന്റെ മേല്‍നോട്ടത്തിലാണ് നിര്‍മ്മാണം. 63.35 കോടി രൂപയാണ് നിര്‍മ്മാണ ചെലവ്. വശങ്ങളിലെ അവസാനഘട്ട പണികളും പെയിന്റിങ് ഉള്‍പ്പെടെയുള്ള ജോലികളും മാത്രമാണ് ബാക്കിയുള്ളത്. 453 മീറ്ററാണ് പാലത്തിന്റെ ദൈര്‍ഘ്യം. 45 മീറ്റര്‍ നീളമുള്ള മൂന്ന് സെന്റര്‍ സ്പാനുകളും 35 മീറ്റര്‍ നീളമുള്ള ആറ് സ്പാനുകളും 12 മീറ്റര്‍ നീളമുള്ള ഒന്‍പത് സ്പാനുകളുമാണ് പാലത്തിനുള്ളത്.

കുട്ടനാടിന്റെ ജീവനാഡിയാകാന്‍ ഒരുങ്ങുന്ന പാലം രൂപകല്‍പ്പനയുടെ പ്രത്യേകതകള്‍ കൊണ്ടും ഏറെ ശ്രദ്ധേയമാണ്. സാധാരണ പാലങ്ങളുടേതില്‍ നിന്ന് വ്യത്യസ്തമായി 7.5 മീറ്റര്‍ വീതിയിലുള്ള പാലത്തിന്റെ സ്പാനുകള്‍ക്ക് താഴെ 1.70 മീറ്റര്‍ വീതിയില്‍ ഇരുവശത്തുമായാണ് കാല്‍നടയാത്രക്കാര്‍ക്കുള്ള നടപ്പാത (പാത്ത് വേ) രൂപകല്പന ചെയ്തിരിക്കുന്നത്. മുകളിലെ നിലയില്‍ റോഡും താഴെ നിലയില്‍ പാത്ത് വേയും സജ്ജീകരിച്ച് രൂപകല്‍പ്പന ചെയ്ത കേരളത്തിലെ ആദ്യത്തെ പാലമാണിത്.

കേരളീയ വാസ്തുവിദ്യയില്‍ ഒരുക്കിയ എട്ട് വാച്ച് ടവറുകളും പാലത്തിലുണ്ട്. വാച്ച് ടവറുകളില്‍ നിന്നുകൊണ്ട് കുട്ടനാടന്‍ പാടശേഖരങ്ങള്‍ ആസ്വദിക്കാന്‍ സഞ്ചാരികള്‍ക്ക് അവസരം ലഭിക്കും. പാലത്തിന്റെ ടൂറിസം സാധ്യതകള്‍ വര്‍ദ്ധിപ്പിക്കാന്‍ വ്യത്യസ്തമായ ഈ നിര്‍മിതിയിലൂടെ സാധിക്കുമെന്ന് കരുതുന്നു. ഭാവിയില്‍ ചമ്പക്കുളവും നെടുമുടി - കരുവാറ്റ റോഡും കൂട്ടിയോജിപ്പിക്കുമ്പോള്‍ എ സി റോഡില്‍ നിന്ന് ചമ്പക്കുളം വഴി അമ്പലപ്പുഴ - തിരുവല്ല സംസ്ഥാന പാതയിലേക്കുള്ള ബൈപ്പാസ് ആയും പടഹാരം പാലം മാറും.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക

Related Stories

No stories found.
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com