TN police
11 വര്‍ഷം മുമ്പ് കോയമ്പത്തൂരില്‍ നിന്ന് കാണാതായ ധരിണി എവിടെ?പ്രതീകാത്മക ചിത്രം

11 വര്‍ഷം മുമ്പ് കോയമ്പത്തൂരില്‍ നിന്ന് കാണാതായ ധരിണി എവിടെ?, യുവതിയെ തേടി പത്തനംതിട്ടയില്‍ തമിഴ്‌നാട് ക്രൈംബ്രാഞ്ച്

2014 സെപ്റ്റംബര്‍ 17 നാണ് ധരിണിയെ കാണാതാകുന്നത്
Published on

പത്തനംതിട്ട: 11 വര്‍ഷം മുമ്പ് കാണാതായ യുവതിയുടെ തിരോധാനത്തില്‍ അന്വേഷണവുമായി തമിഴ്‌നാട് പൊലീസ് സംഘം പത്തനംതിട്ടയില്‍. കോയമ്പത്തൂര്‍ ജില്ലയിലെ കുരുമത്തംപട്ടി സ്വദേശിനിയായ ധരിണി തിരോധാനക്കേസിലാണ് തുമ്പു തേടി തമിഴ്‌നാട് ക്രൈംബ്രാഞ്ച് സിഐഡി സംഘം പത്തനംതിട്ടയിലെത്തിയത്. 2014 സെപ്റ്റംബര്‍ 17 നാണ് ധരിണിയെ കാണാതാകുന്നത്.

കാണാതാകുമ്പോള്‍ 38 വയസ്സായിരുന്നു യുവതിക്ക്. കംപ്യൂട്ടര്‍ എഞ്ചിനീയറിങ്ങ് ബിരുദധാരിണിയാണ്. 2015 ഫെബ്രുവരി 27 ന് ചെങ്ങന്നൂരില്‍ നിന്നും പത്തനംതിട്ട ജില്ലാ സ്റ്റേഡിയം ഭാഗത്തേക്ക് വന്നുവെന്നാണ് അവസാനമായി പൊലീസിന് ലഭിച്ച റിപ്പോര്‍ട്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ് തമിഴ്‌നാട് ക്രൈംബ്രാഞ്ച് പത്തനംതിട്ടയിലെത്തിയത്. ഒറ്റയ്ക്ക് പലപ്പോഴും യാത്ര ചെയ്തിരുന്ന ധാരിണിക്ക് ആരാധനാലയങ്ങള്‍ സന്ദര്‍ശിക്കാന്‍ പ്രത്യേക താല്‍പ്പര്യമായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.

യുവതിയുടെ വലതു കവിള്‍ത്തടത്തിലുള്ള അരിമ്പാറയാണ് പെട്ടെന്ന് ശ്രദ്ധിക്കപ്പെടുന്ന ഒരു സവിശേഷത. 2005 ല്‍ സുരേഷ് കുമാര്‍ എന്നയാളെ വിവാഹം കഴിച്ച യുവതി ഭര്‍ത്താവിനൊപ്പം അമേരിക്കയിലെ കണക്റ്റിക്കട്ടിലേക്ക് താമസം മാറി. പിന്നീട് ഇവര്‍ക്ക് ബൈപോളാര്‍ ഡിസോര്‍ഡര്‍ ഉണ്ടെന്ന് കണ്ടെത്തി. വിദേശത്ത് താമസത്തിനിടെ രണ്ടു തവണ കാണാതായിരുന്നു. ഇതേത്തുടര്‍ന്ന്, 2014 ല്‍ വിവാഹമോചനം നേടി. 2014 ഓഗസ്റ്റില്‍ ധരിണി കോയമ്പത്തൂരിലേക്ക് മടങ്ങുകയും ചെയ്തു.

2014 സെപ്റ്റംബറില്‍ വീട്ടുകാര്‍ കോയമ്പത്തൂര്‍ നഗരത്തിലെ സിദ്ധ വൈദ്യനായ സെന്തില്‍ കുമാറിന്റെ അടുത്ത് ചികിത്സയ്ക്കായി എത്തിച്ചു. സെപ്റ്റംബര്‍ 4 മുതല്‍ 14 വരെ സെന്തില്‍കുമാറിന്റെ വീട്ടില്‍ താമസിച്ച് ചികിത്സ തേടി. തുടര്‍ന്ന് കരുമത്തംപെട്ടിയിലെ സ്വന്തം വീട്ടിലേക്ക് പോയി. 2014 സെപ്റ്റംബര്‍ 17 ന്, അവര്‍ കരുമത്തംപട്ടിയിലെ ചെന്നിയണ്ടവര്‍ ക്ഷേത്രത്തില്‍ പോയ ധരിണി പിന്നീട് വീട്ടില്‍ തിരിച്ചെത്തിയില്ല.

കാണാതാകുന്നതിന് മുമ്പ്, ധാരിണി തിരുപ്പൂര്‍, അവിനാശി, കോയമ്പത്തൂര്‍, കരുമത്തംപട്ടി എന്നിവിടങ്ങളില്‍ താമസിച്ചിരുന്നു. സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളില്‍ യുവതി നേരത്തെ സജീവമായിരുന്നു. നിരവധി ഇമെയില്‍ അക്കൗണ്ടുകളുമുണ്ടായിരുന്നു. എന്നാല്‍ പത്തനംതിട്ടയില്‍ എത്തിയശേഷം ഈ അക്കൗണ്ടുകളെല്ലാം ഡിലീറ്റ് ചെയ്യുകയും, ഓണ്‍ലൈന്‍ ഇടപെടലുകള്‍ നിര്‍ത്തുകയും ചെയ്തുവെന്ന് പൊലീസ് പറഞ്ഞു. യുവതിയെക്കുറിച്ച് വിശ്വസനീയ വിവരങ്ങള്‍ അറിയിക്കുന്നവര്‍ക്ക് ഉചിതമായ പാരിതോഷികം നല്‍കുമെന്ന് ക്രൈംബ്രാഞ്ച് പ്രഖ്യാപിച്ചിട്ടുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക

logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com