സിബിഐ കുറ്റപത്രം റദ്ദാക്കണം; വാളയാർ പെൺകുട്ടികളുടെ മാതാപിതാക്കൾ ഹൈക്കോടതിയിൽ

കോടതി സിബിഐക്ക് നോട്ടീസ് അയച്ചു
 High Court kerala
ഹൈക്കോടതി ഫയൽ
Updated on

കൊച്ചി: വാളയാർ കേസിൽ സിബിഐക്കെതിരെ ഹർജിയുമായി മരിച്ച പെൺകുട്ടികളുടെ മാതാപിതാക്കൾ ഹൈക്കോടതിയിൽ. തങ്ങൾക്കെതിരെ സിബിഐ സമർപ്പിച്ച കുറ്റപത്രം റദ്ദാക്കണമെന്നു ആവശ്യപ്പെട്ടാണ് മാതാപിതാക്കൾ ഹൈക്കോടതിയെ സമീപിച്ചത്. കുട്ടികളുടെ മരണം കൊലപാതകമാണെന്നും മരണത്തെക്കുറിച്ചു തുടരന്വേഷണം നടത്തണമെന്നും മാതാപിതാക്കൾ നൽകിയ ഹർജിയിലുണ്ട്. ഹർജിയിൽ കോടതി സിബിഐക്ക് നോട്ടീസ് അയച്ചു.

​​ഹർജിക്കാരായ തങ്ങളെ പ്രതികളാക്കിയത് യുക്തിസഹമായ കാരണങ്ങൾ ഇല്ലാതെയാണ്. അന്വേഷണ ഏജൻസി കേസ് ആത്മഹത്യാ കേസായി എഴുതിത്തള്ളാനുള്ള ശ്രമമാണ് നടത്തുന്നത്. സിബിഐ നടത്തിയ തുടരന്വേഷണം പക്ഷപാതപരമാണ്. ഔ​ദ്യോ​ഗിക അധികാരത്തിന്റെ ദുരുപയോ​ഗം നടന്നു. മരണം എങ്ങനെ സംഭവിച്ചു എന്നതു സംബന്ധിച്ചു അന്വേഷണ ഏജൻസിക്ക് യാതൊരു നി​ഗമനവുമില്ലെന്നും ഹർജിയിൽ ആരോപിക്കുന്നു.

കുട്ടികളുടെ മരണം കൊലപാതകത്തിലേക്ക് വിരൽ ചൂണ്ടുന്നതാണെന്നു ഫോറൻസിക് റിപ്പോർട്ടിലുണ്ട്. കേസിലെ പ്രതികളായ പ്രദീപ്, കുട്ടി മധു എന്ന മധു, പ്രതിയെന്നു സംശയിക്കപ്പെടുന്ന ജോൺ പ്രവീൺ എന്നിവരുടെ സംശയാസ്പദമായ മരണങ്ങളിൽ ഇതുവരെ ഒരു അന്വേഷണവും നടത്തിയിട്ടില്ലെന്നും മാതാപിതാക്കൾ ​ഹർജിയിൽ പറയുന്നു.

കേസിൽ അന്വേഷണം നടത്തിയ സിബിഐ തിരുവനന്തപുരം യൂണിറ്റാണ് മാതാപിതാക്കളെ പ്രതികളാക്കി കൊച്ചി സിബിഐ കോടതിയിൽ അനുബന്ധ കുറ്റപത്രം നൽകിയത്. പെൺകുട്ടികളുടെ മരണവുമായി ബന്ധപ്പെട്ട് രജിസ്റ്റർ ചെയ്ത ആറ് കേസുകളിലാണ് കുറ്റപത്രം സമർപ്പിച്ചത്.

കുട്ടികളുടെ മരണത്തിൽ മാതാപിതാക്കൾക്കു പങ്കുണ്ടെന്നാണ് സിബിഐ അന്വേഷണത്തിലെ കണ്ടെത്തൽ. ആത്മഹത്യാ പ്രേരണാക്കുറ്റം, ബലാത്സം​ഗ പ്രേരണാക്കുറ്റം, പീഡന വിവരം അറിഞ്ഞിട്ടും അതു മറച്ചുവയ്ക്കൽ തുടങ്ങിയ കുറ്റങ്ങളാണ് കുട്ടികളുടെ അച്ഛനും അമ്മയ്ക്കുമെതിരെ ചുമത്തിയത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക

Related Stories

No stories found.
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com