International organization supports ASHA workers' strike
ആശ വര്‍ക്കര്‍മാര്‍ സെക്രട്ടേറിയറ്റിന് മുന്നില്‍ നടത്തുന്ന സമരം ചിത്രം: ബി പി ദീപു-എക്സ്പ്രസ്

'ജീവിക്കാനുള്ള വേതനവും, ബഹുമാനവും അര്‍ഹിക്കുന്നു'; ആശ വര്‍ക്കര്‍മാരുടെ സമരത്തിന് അന്താരാഷ്ട്ര സംഘടനയുടെ പിന്തുണ; മുഖ്യമന്ത്രിക്ക് കത്ത്

22 രാജ്യങ്ങളിലെ മൂന്ന് കോടി തൊഴിലാളികള്‍ അംഗമായിട്ടുള്ള 122 യൂണിയനുകളെ പ്രതിനിധീകരിക്കുന്ന സംഘടനയാണിത്.
Published on

തിരുവനന്തപുരം: ആശ വര്‍ക്കര്‍മാരുടെ സമരത്തെ പിന്തുണച്ച് 22 രാജ്യങ്ങളില്‍ പ്രവര്‍ത്തിക്കുന്ന അന്താരാഷ്ട്ര യൂണിയന്‍ ഫെഡറേഷനായ പബ്ലിക് സര്‍വീസസ് ഇന്റര്‍നാഷണലിന്റെ (പിഎസ്‌ഐ) പിന്തുണ. ആശാ വര്‍ക്കര്‍മാരുടെ ആവശ്യങ്ങള്‍ പരിഹരിക്കണമെന്ന് പിഎസ്‌ഐ മുഖ്യമന്ത്രി പിണറായി വിജയന് അയച്ച കത്തില്‍ ആവശ്യപ്പെട്ടു. 22 രാജ്യങ്ങളിലെ മൂന്ന് കോടി തൊഴിലാളികള്‍ അംഗമായിട്ടുള്ള 122 യൂണിയനുകളെ പ്രതിനിധീകരിക്കുന്ന സംഘടനയാണിത്.

ആശ വര്‍ക്കര്‍മാര്‍ക്ക് ന്യായവും മാന്യവുമായ തൊഴില്‍ സാഹചര്യങ്ങള്‍ ഉറപ്പാക്കി ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങള്‍ക്ക് മാതൃകയാക്കത്തക്കവണ്ണം കേരളം അടിയന്തര നടപടികള്‍ സ്വീകരിക്കണമെന്ന് പിഎസ്‌ഐയുടെ റീജിയണല്‍ സെക്രട്ടറി കേറ്റ് ലാപ്പിന്‍ മുഖ്യമന്ത്രിക്ക് അയച്ച കത്തില്‍ സംസ്ഥാന സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.

'ഇന്ത്യയില്‍ പത്ത് ലക്ഷത്തിലധികം ആശ വര്‍ക്കര്‍മാരുടെ മൗലികാവകാശങ്ങള്‍ നിഷേധിക്കപ്പെടുന്നു. പൊതുജനാരോഗ്യത്തിനും സുസ്ഥിര വികസനത്തിനും കമ്മ്യൂണിറ്റി ഹെല്‍ത്ത് വര്‍ക്കര്‍മാരുടെ സേവനം അത്യന്താപേക്ഷിതമാണ്, ഇവരുടേത് ഒരു ജോലിയായി കണക്കാക്കണം, ജീവിക്കാനുള്ള വേതനം, ബഹുമാനം, അംഗീകാരം എന്നിവ ഇവര്‍ അര്‍ഹിക്കുന്നു.' സംഘടന കത്തില്‍ ചൂണ്ടിക്കാട്ടി.

'ലോകാരോഗ്യ സംഘടനയുടെ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ അനുസരിച്ച് കമ്മ്യൂണിറ്റി ഹെല്‍ത്ത് വര്‍ക്കര്‍മാര്‍ വഹിക്കുന്ന ജോലി, സാമ്പത്തിക പാക്കേജിന്റെ വ്യവസ്ഥകള്‍, ധനസഹായം നല്‍കുന്നതിലെ ഉത്തരവാദിത്തങ്ങള്‍, ജോലി സാഹചര്യങ്ങള്‍, വേതനം, തൊഴിലാളി അവകാശങ്ങള്‍ എന്നിവ വ്യക്തമാക്കുന്ന നയങ്ങള്‍ ആവിഷ്‌കരിക്കാനും സര്‍ക്കാരുകളോട് ആവശ്യപ്പെടുന്നു.' പിഎസ്‌ഐ കത്തില്‍ ആവശ്യപ്പെട്ടു. സംസ്ഥാന സര്‍ക്കാരുമായി ഈ വിഷയം ചര്‍ച്ച ചെയ്യാനും അധികൃതര്‍ താല്‍പര്യം പ്രകടിപ്പിച്ചിട്ടുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക

logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com