'ലീഗ് കോട്ടയില്‍ നിന്നാണ് വരുന്നത്, അല്‍പം ഉശിരുകൂടും'; സ്പീക്കറുമായുള്ള തര്‍ക്കത്തില്‍ കെ ടി ജലീല്‍

സ്വകാര്യ സര്‍വകലാശാലയുമായി ബന്ധപ്പെട്ട ചര്‍ച്ചയില്‍ പ്രസംഗം അവസാനിപ്പിക്കാന്‍ സ്പീക്കര്‍ എ എന്‍ ഷംസീര്‍ ആവശ്യപ്പെട്ടിട്ടും ജലീല്‍ അതിന് തയ്യാറാകാതിരുന്നതിനെ ചൊല്ലി ഇരുവരും തമ്മില്‍ തര്‍ക്കം ഉടലെടുത്തിരുന്നു
KT Jaleel
കെ ടി ജലീല്‍Kerala Niyamasabha
Updated on

മലപ്പുറം: നിയമസഭയിലെ പ്രസംഗവുമായി ബന്ധപ്പെട്ട് സ്പീക്കര്‍ എ എന്‍ ഷംസീര്‍ തനിക്കെതിരെ നടത്തിയ രൂക്ഷ വിമര്‍ശനങ്ങള്‍ക്ക് പരോക്ഷ മറുപടിയുമായി കെ.ടി. ജലീല്‍ എംഎല്‍എ. ഫെയ്‌സ്ബുക്ക് പോസ്റ്റിലാണ് ജലീലിന്റെ വിമര്‍ശനം. സ്വകാര്യ സര്‍വകലാശാലാ ബില്ലിന്റെ ചര്‍ച്ചയില്‍ കാര്യങ്ങള്‍ പറഞ്ഞു വന്നപ്പോള്‍ സമയം അല്‍പം നീണ്ടു പോയി. അതൊരു ക്രിമിനല്‍ കുറ്റമായി ആര്‍ക്കെങ്കിലും തോന്നിയെങ്കില്‍ സഹതപിക്കുകയേ നിര്‍വാഹമുള്ളൂ എന്നാണ് ജലീലിന്റെ പരാമര്‍ശം.

മലപ്പുറത്തെ ലീഗ് കോട്ടയില്‍ നിന്ന് നാലാം തവണയും ജയിച്ചുവന്ന തനിക്ക് ഇത്തിരി ഉശിര് കൂടുമെന്നും കെ ടി ജലീല്‍ മുന്നറിയിപ്പ് നല്‍കുന്നു.

ജലീലിന്റെ പോസ്റ്റ് - ''സ്വകാര്യ സര്‍വകലാശാലാ ബില്ലിന്റെ ചര്‍ച്ചയില്‍ പങ്കെടുത്ത് കൊണ്ട് കഴിഞ്ഞ ദിവസം നിയമസഭയില്‍ ചെയ്ത പ്രസംഗമാണ് താഴെ. ബില്ലുമായി ബന്ധപ്പെട്ട് കാര്യങ്ങള്‍ പറഞ്ഞു വന്നപ്പോള്‍ സമയം അല്‍പം നീണ്ടു പോയി. അതൊരു ക്രിമിനല്‍ കുറ്റമായി ആര്‍ക്കെങ്കിലും തോന്നിയെങ്കില്‍ സഹതപിക്കുകയേ നിര്‍വാഹമുള്ളൂ. ലീഗ് കോട്ടയായ മലപ്പുറത്തു നിന്നാണല്ലോ തുടര്‍ച്ചയായി നാലാം തവണയും നിയമസഭയിലെത്തിയത്. സ്വാഭാവികമായും അല്‍പം 'ഉശിര്'' കൂടും. അത് പക്ഷെ, 'മക്കയില്‍' ഈന്തപ്പഴം വില്‍ക്കുന്നവര്‍ക്ക് അത്ര എളുപ്പം പിടികിട്ടിക്കൊള്ളണമെന്നില്ല.''

സ്വകാര്യ സര്‍വകലാശാലയുമായി ബന്ധപ്പെട്ട ചര്‍ച്ചയില്‍ പ്രസംഗം അവസാനിപ്പിക്കാന്‍ സ്പീക്കര്‍ എ എന്‍ ഷംസീര്‍ ആവശ്യപ്പെട്ടിട്ടും ജലീല്‍ അതിന് തയ്യാറാകാതിരുന്നതിനെ ചൊല്ലി ഇരുവരും തമ്മില്‍ തര്‍ക്കം ഉടലെടുത്തിരുന്നു. ചെയറിനെ ജലീല്‍ മാനിക്കുന്നില്ലെന്നും സമയം കഴിഞ്ഞിട്ടും പ്രസംഗം നിര്‍ത്താത്തത് ധിക്കാരമെന്നും ചൂണ്ടിക്കാട്ടിയിരുന്നു. ഒരുപാട് തവണ ആവശ്യപ്പെട്ടിട്ടും സഹകരിച്ചില്ലെന്നും ജലീലിന് പ്രത്യേക പ്രിവിലേജ് ഇല്ലെന്നുമുള്‍പ്പെടെ രൂക്ഷ വിമര്‍ശനമായിരുന്നു ഷംസീര്‍ ഉന്നയിച്ചത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക

Related Stories

No stories found.
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com