മോ​ദിക്ക് നന്ദി പറഞ്ഞ് പ്രസ്താവന; ഓർത്തഡോക്സ് സഭയും ബിജെപിയോട് അടുക്കുന്നു?

യാക്കോബായ സഭ അധ്യക്ഷൻ സ്ഥാനമേൽക്കുന്ന ചടങ്ങിനു മന്ത്രിതല പ്രതിനിധി സംഘത്തെ അയക്കാതെ പ്രധാനമന്ത്രി ഇന്ത്യയുടെ ഭരണഘടനാ മൂല്യങ്ങൾ ഉയർത്തിപ്പിടിച്ചതായി പ്രസ്താവന
Orthodox Church's soft stance towards BJP
പ്രതീകാത്മക ചിത്രം
Updated on

കോട്ടയം: ക്രിസ്ത്യൻ സമൂഹങ്ങളുമായി കൂടുതൽ അടുത്തു പാർട്ടി അടിത്തറ ശക്തിപ്പെടുത്താൻ ബിജെപി പരമാവധി ശ്രമിക്കുമ്പോൾ സീറോ മലബാർ സഭയ്ക്കു പിന്നാലെ മറ്റൊരു ക്രിസ്ത്യൻ വിഭാ​ഗവും അവരുമായി കൂടുതലായി അടുക്കുന്നുവെന്ന അഭ്യൂഹങ്ങൾ ശക്തം. യാക്കോബായ സഭയുടെ അധ്യക്ഷനായി ജോസഫ് മാര്‍ ഗ്രിഗോറിയോസ് മെത്രാപ്പൊലീത്ത സ്ഥാനമേൽക്കുന്ന ചടങ്ങിനു മന്ത്രിതല പ്രതിനിധി സംഘത്തെ അയക്കാത്ത പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് നന്ദി പറഞ്ഞ് കഴിഞ്ഞ ദിവസം മലങ്കര ഓർത്തഡോക്സ് സിറിയൻ ചർച്ച് (എംഒഎസ്‍സി) പുറത്തിറക്കിയ പ്രസ്താവനയാണ് അഭ്യൂഹങ്ങൾ ശക്തമാക്കിയത്.

മലങ്കര ഓർത്തഡോക്സ് സഭ സ്ഥാനാരോഹണ ചടങ്ങിനു എതിരല്ല. ഭരണഘടന പ്രകാരം സത്യപ്രതിജ്ഞ ചെയ്തവർ ഉൾപ്പെടെയുള്ള ഇന്ത്യൻ പൗരൻമാർ അത്തരമൊരു പരിപാടിയിൽ പങ്കെടുക്കുന്നതിലെ അനൗചിത്യമാണ് സഭ എടുത്തുകാണിക്കുന്നത്. ചടങ്ങിനു മന്ത്രിതല സംഘത്തെ അയക്കാതെ വിട്ടുനിന്ന് ഇന്ത്യയുടെ ഭരണഘടനാ മൂല്യങ്ങൾ ഉയർത്തിപ്പിച്ചതിനു നരേന്ദ്ര മോദി സർക്കാരിനോട് നന്ദി പറയുന്നതായും പ്രസ്താവനയിൽ വ്യക്തമാക്കുന്നു.

യാക്കോബായ വിഭാ​ഗവുമായുള്ള തർക്കങ്ങളിൽ ഭരണ, പ്രതിപക്ഷ സഖ്യങ്ങളുടെ പിന്തുണയില്ലായ്മ ഓർത്തഡോക്സ് സമൂഹത്തിൽ വലിയ അതൃപ്തി ഉണ്ട്. അതിനിടെയുള്ള ഈ പ്രസ്താവനയ്ക്ക് അതീവ പ്രാധാന്യമാണ് വന്നിരിക്കുന്നത്. സമൂഹ മാധ്യമങ്ങളിൽ സംസ്ഥാനത്തെ ഇരു മുന്നണികളേയും നിശിതമായി വിമർശിച്ചും ബിജെപി അനുകൂല രാഷ്ട്രീയ നിലപാടുകൾ തുറന്നു പറഞ്ഞും പലരും രം​ഗത്തെത്തുന്നു.

ബിജെപി മുതിർന്ന നേതാവും ​ഗോവ ​ഗവർണറുമായ പി ശ്രീധരൻ പിള്ളയടക്കമുള്ളവർക്കു ഓർത്തഡോക്സ് സഭയുമായി നല്ല ബന്ധമുണ്ടെന്നതും ചേർത്തു വായിക്കണം. കഴിഞ്ഞ വർഷം കോട്ടയത്തു നടന്ന മാർത്തോമൻ ഹെറിറ്റേജ് അസംബ്ലിയിൽ അദ്ദേഹം പങ്കെടുക്കുകയും ചെയ്തിരുന്നു. ബിജെപി നേതാക്കൾ ഓർത്തഡോക്സ് സഭയെ ഇന്ത്യൻ സഭയായാണ് കാണുന്നതെന്നു സഭയോടടുത്ത വൃത്തങ്ങൾ സൂചിപ്പിച്ചു. മാത്രമല്ല വടക്കേ ഇന്ത്യൻ സംസ്ഥാനങ്ങളിൽ ബിജെപിയിൽ നിന്നു ഒരിക്കലും വെല്ലുവിളി നേരിടേണ്ടി വന്നിട്ടില്ലെന്നും സഭ അഭിപ്രായപ്പെടുന്നു.

മധ്യ തിരുവിതാംകൂറിലെ ചെങ്ങന്നൂർ, കോന്നി, ആറന്മുള, പത്തനംതിട്ട, മാവേലിക്കര അടക്കമുള്ള നിയമസഭാ സീറ്റുകളിൽ ഓർത്തഡോക്സ് സഭയുടെ പിന്തുണയോടെ ബിജെപി കണ്ണു വച്ചിട്ടുണ്ടെന്നാണ് വിവരം. തിരുവനന്തപുരത്തെ വട്ടിയൂർക്കാവ് മുതൽ കോട്ടയത്തെ ചങ്ങനാശ്ശേരി വരെ വ്യാപിച്ചു കിടക്കുന്ന 25 മണ്ഡലങ്ങളിൽ തങ്ങൾക്കു സ്വാധീനമുണ്ടെന്നാണ് ഓർത്തഡോക്സ് സഭയുടെ അവകാശവാദം.

എല്ലാ രാഷ്ട്രീയ പാർട്ടികളോടും തുല്യ അകലം പാലിക്കുക എന്ന ഔദ്യോ​ഗിക നിലപാട് പുനഃപരിശോധിക്കണമെന്ന സമ്മർദ്ദം സാധാരണ വിശ്വാസികളിൽ നിന്നു സഭ നേരിടുന്നുണ്ടെന്നു നേതൃത്വം തന്നെ സമ്മതിക്കുന്നു.

നിലവിൽ ഒരു നിലപാട് മാറ്റത്തിനു സഭ ഔദ്യോ​ഗികമായി തീരുമാനിച്ചിട്ടില്ല. സഭാ തർക്കങ്ങളിൽ ഒരു വിഭാ​ഗത്തോടു ഭരണകക്ഷി പക്ഷപാതപരമായി പെരുമാറുന്നു എന്നത് വസ്തുതയാണ്. പ്രതിപക്ഷത്തിന്റെ പിന്തുണയും പ്രതീക്ഷിക്കുന്നില്ല. നിലവിലെ പ്രശ്നത്തിനു ഒരു രാഷ്ട്രീയ പരിഹാരം തേടണമെന്നു സഭയ്ക്കുള്ളിൽ ശക്തമായ ആവശ്യമുണ്ട്. സഭ അതിനെക്കുറിച്ച് ​ഗൗരവമായി ചിന്തിക്കേണ്ടതുണ്ടെന്നും ഓർത്തഡോക്സ് സഭയുടെ വൈദിക സെക്രട്ടറി ഫാ. തോമസ് വർ​ഗീസ് അമയിൽ വ്യക്തമാക്കി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക

Related Stories

No stories found.
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com