Empuraan സെന്‍സര്‍ ബോര്‍ഡ് പാനലില്‍ നാലു പേര്‍ സംഘ നോമിനികള്‍; സിനിമ വെട്ടാതിരുന്നതില്‍ രൂക്ഷ വിമര്‍ശനം, അതൃപ്തി

empuraan
Updated on

തിരുവനന്തപുരം: മോഹന്‍ലാല്‍ നായകനായ പൃഥ്വിരാജ് ചിത്രം എംപുരാനെതിരായ സംഘപരിവാര്‍ വിമര്‍ശനം നീളുന്നത് ഫിലിം സെന്‍സര്‍ ബോര്‍ഡിലെ സംഘ നോമിനികള്‍ക്കെതിരെ. പ്രത്യക്ഷത്തില്‍ തന്നെ സംഘബന്ധമുള്ള നാലു പേരാണ് എംപുരാന്‍ സര്‍ട്ടിഫൈ ചെയ്ത സെന്‍സര്‍ ബോര്‍ഡ് മേഖലാ പാനലില്‍ ഉണ്ടായിരുന്നത്.

ബിജെപിയുടെ സാംസ്‌കാരിക വിഭാഗമായ തപസ്യയുടെ ജനറല്‍ സെക്രട്ടറി ജിഎം മഹേഷ്, ഗവര്‍ണറുടെ പേഴ്‌സനല്‍ സ്റ്റാഫ് അംഗം ഹരി എസ് കര്‍ത്തയുടെ ഭാര്യ സ്വരൂപാ കര്‍ത്ത, ബിജെപിയുടെ നെടുമങ്ങാട് കൗണ്‍സിലര്‍ മഞ്ജു ഹസന്‍, പാര്‍ട്ടി മുന്‍ സംസ്ഥാന കമ്മിറ്റി ഓഫിസ് സെക്രട്ടറി സുനീഷിന്റെ ഭാര്യ റോഷ്‌നി ദാസ് എന്നിവരാണ് എംപുരാന്‍ സെന്‍സര്‍ ചെയ്ത പാനലില്‍ അംഗമായിരുന്നവര്‍. കഴിഞ്ഞ ദിവസം ചേര്‍ന്ന കോര്‍ കമ്മിറ്റി യോഗത്തില്‍ ഇവര്‍ക്കെതിരെയാണ് രൂക്ഷമായ വിമര്‍ശനം ഉയര്‍ന്നത്.

സംഘപരിവാര്‍ ബന്ധമുള്ള സെന്‍സര്‍ ബോര്‍ഡ് അംഗങ്ങള്‍ക്ക് സിനിമയ്ക്കു സര്‍ട്ടിഫിക്കറ്റ് നല്‍കിയതില്‍ കൂടുതല്‍ ഫലപ്രദമായി ഇടപെടാമായിരുന്നു എന്നാണ് യോഗത്തില്‍ അംഗങ്ങള്‍ ചൂണ്ടിക്കാട്ടിയത്. സംഘത്തെ പ്രതിരോധിക്കുന്നതില്‍ സെന്‍സര്‍ ബോര്‍ഡ് അംഗങ്ങള്‍ പാടേ പരാജയപ്പെട്ടതായും നേതാക്കള്‍ കുറ്റപ്പെടുത്തി.

അതേസമയം വിവാദമുണ്ടാക്കുന്നവര്‍ സിനിമ കാണാത്തവരാണെന്ന് സെന്‍സര്‍ ബോര്‍ഡ് അംഗവും ബിജെപിയുടെ സാംസ്‌കാരിക വിഭാഗമായ തപസ്യയുടെ ജനറല്‍ സെക്രട്ടറിയുമായ ജിഎം മഹേഷ് പ്രതികരിച്ചു. എംപുരാനില്‍ ഗോധ്രയെക്കുറിച്ച് ഒരു പരാമര്‍ശവുമില്ലെന്ന് മഹേഷ് പറഞ്ഞു. പറയുന്നത് ഗോധ്രയെക്കുറിച്ചാണോ എന്നൊക്കെ വ്യാഖ്യാനിക്കുന്നത് കാണുന്നവരുടെ വിവേചനാധികാരമാണെന്ന് മഹേഷ് പറഞ്ഞു. എംപുരാനെതിരെ ബിജെപി കേന്ദ്രങ്ങളില്‍നിന്നു തന്നെ വിമര്‍ശനമുയരുന്ന പശ്ചാത്തലത്തിലാണ് മഹേഷിന്റെ പ്രതികരണം.

സെന്‍സര്‍ ബോര്‍ഡിന് നിയമത്തിനു കീഴില്‍ നിന്നു മാത്രമേ പ്രവര്‍ത്തിക്കാനാവൂവെന്ന് മഹേഷ് പറഞ്ഞു. സിനിമ സര്‍ട്ടിഫൈ ചെയ്യുന്നതില്‍ അടുത്തിടെ കേന്ദ്ര സര്‍ക്കാര്‍ ചില മാറ്റങ്ങള്‍ കൊണ്ടുവന്നിട്ടുണ്ട്. പതിനാറു വയസ്സിനു മുകളിലുള്ളവര്‍ക്കു മാത്രം കാണാവുന്ന സിനിമകള്‍ (യുഎ 16+), പതിമൂന്നു വയസ്സിനു മുകളിലുള്ളവര്‍ക്കു മാത്രം കാണാവുന്ന സിനിമകള്‍ (യുഎ 13+), ഏഴു വയസ്സിനു മുകളിലുള്ളവര്‍ക്കു മാത്രം കാണാവുന്ന ചിത്രങ്ങള്‍ (യുഎ 7+) എന്നിങ്ങനെയാണ് മാനദണ്ഡം.

എംപുരാന് യുഎ 16+ സര്‍ട്ടിഫിക്കറ്റ് ആണ് നല്‍കിയത്. ചിത്രത്തില്‍ ഗര്‍ഭിണിയെ ബലാത്സംഗം ചെയ്യുന്ന, 22 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള രംഗമുണ്ടായിരുന്നു. അതു കട്ട് ചെയ്തു. അതു നാലു സെക്കന്‍ഡ് ആക്കി ചുരുക്കി. ദേശീയപതാകയിലെ പച്ച ചൂണ്ടി ഒരു കഥാപാത്രം വര്‍ഗീയത പറയുന്ന രംഗമുണ്ടായിരുന്നു. അതും ഒഴിവാക്കിയെന്ന് മഹേഷ് പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക

Related Stories

No stories found.
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com