
കോഴിക്കോട്: മോഹന്‍ലാല്‍ ചിത്രമായ 'എംപുരാനെ'തിരെ കടുത്ത വിമര്‍ശനങ്ങള്‍ ഉയരുന്നതിനിടെ നിലപാട് വ്യക്തമാക്കി ബിജെപി നേതാവ് കെ സുരേന്ദ്രന്‍. 'എംപുരാന്‍' സിനിമയുടെ ഉള്ളടക്കത്തെ സംബന്ധിച്ച് പ്രേക്ഷകരാണ് അവരുടെ അഭിപ്രായങ്ങള്‍ പറയുന്നതെന്നും ഇതിന് ബിജെപിയുമായി യാതൊരു ബന്ധവുമില്ലെന്നും കെ സുരേന്ദ്രന്‍ കോഴിക്കോട്ട് പറഞ്ഞു.
'കഴിഞ്ഞ രണ്ടുദിവസമായി മാധ്യമങ്ങള്‍ ചര്‍ച്ച ചെയ്യുന്നത് എംപുരാന്‍ സിനിമയുമായി ബന്ധപ്പെട്ട് ബിജെപിയില്‍ എന്തോ കാര്യമായ ആശയക്കുഴപ്പം ഉണ്ടെന്നാണ്. ഒരു തരത്തിലുമുള്ള ആശയക്കുഴപ്പവും പാര്‍ട്ടിക്കുള്ളില്‍ ഇല്ല. ഒരു രാഷ്ട്രീയ പാര്‍ട്ടി എന്ന നിലയില്‍ നാട്ടിലെ സിനിമകളെല്ലാം കണ്ട് അതിനെ വിലയിരുത്തുന്ന സമീപനം കേരളത്തില്‍ ഇല്ല. ഒരു രാഷ്ട്രീയ പാര്‍ട്ടിയും അങ്ങനെ ചെയ്യാറില്ല. എംപുരാനെ ഇങ്ങനെ വിലയിരുത്താന്‍ ബിജെപിയും തയ്യാറായിട്ടില്ല. സിനിമയെ വിലയിരുത്തുന്നത് പ്രേക്ഷകരാണ്. ഇതുസംബന്ധിച്ചുള്ള അഭിപ്രായം പാര്‍ട്ടി ജനറല്‍ സെക്രട്ടറിമാരായ എം.ടി. രമേശും പി.സുധീറും സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖറും വ്യക്തമാക്കിയിട്ടുണ്ട്. ഇതില്‍കൂടുതലൊന്നും തനിക്ക് പറയാനില്ല', സുരേന്ദ്രന്‍ പറഞ്ഞു.
വിവാദങ്ങളുടെ പശ്ചാത്തലത്തില്‍ അടുത്തയാഴ്ച മുതല്‍ തീയറ്ററില്‍ ചിത്രത്തിലെ 17 രംഗങ്ങള്‍ ഒഴിവാക്കിയും ചില പരാമര്‍ശങ്ങള്‍ മ്യൂട്ട് ചെയ്തുമായിരിക്കും പ്രദര്‍ശിപ്പിക്കുക. സ്ത്രീകള്‍ക്കെതിരായ അതിക്രമവും കലാപത്തിലെ ചില രംഗങ്ങളുമാണ് ഒഴിവാക്കുക. എംപുരാനില്‍ കാണിക്കുന്ന ഏതെങ്കിലും സീനുകളോ ഡയലോഗുകളോ ആരെയെങ്കിലും വേദനിപ്പിച്ചുവെങ്കില്‍ അതില്‍ മാറ്റം വരുത്താന്‍ സംവിധായകനായ പൃഥ്വിരാജിനോട് പറഞ്ഞിട്ടുണ്ടന്നാണ് ഗോകുലം ഗോപാലന്‍ അറിയിച്ചത്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക