
തിരുവനന്തപുരം: കൊടും ചൂടില്‍ തൊഴിലെടുക്കുന്ന ഗിഗ് തൊഴിലാളികളുടെ സുരക്ഷയില്‍ ആശങ്ക അറിയിച്ച് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി. കൊടും ചൂടില്‍ പുറത്തിറങ്ങി ജോലി ചെയ്യുന്ന ഇത്തരക്കാരുടെ സുരക്ഷയ്ക്കായി ചൂടിന് അനുയോജ്യമായ യൂണിഫോമുകള്‍ നല്‍കുന്നത് ഉള്‍പ്പെടെയുള്ള അടിയന്തര നടപടികള്‍ നടപ്പിലാക്കണമെന്നും അതോറിറ്റി കമ്പനികളോട് നിര്‍ദേശിച്ചു.
ഗിഗ് വര്‍ക്കേഴ്സ് യൂണിയന്‍ പ്രതിനിധികളുമായി കൂടിക്കാഴ്ച നടത്തിയ ദുരന്ത നിവാരണ അതോറിറ്റി ഫുഡ് ഡെലിവറി പ്ലാറ്റ്ഫോമുകളും കൊറിയര്‍ ഏജന്‍സികളും നടത്തുന്ന കമ്പനികള്‍ക്ക് ഇക്കാര്യം ആവശ്യപ്പെട്ട് കത്തയച്ചു. തൊഴിലാളികളുടെ സുരക്ഷ ഉറപ്പാക്കുന്നതിന് ബന്ധപ്പെട്ട ഉത്തരവുകള്‍ പാലിക്കാനും നിര്‍ദ്ദേശിച്ചു.
പീക്ക് ഹവര്‍ ജോലിയില്‍ ഇളവ്, പ്രത്യേകിച്ച് രാവിലെ 11 മുതല്‍ ഉച്ചയ്ക്ക് 3 വരെ, ജലാംശം, വിശ്രമ ഇടവേളകള്‍, ആരോഗ്യ, ലൈഫ് ഇന്‍ഷുറന്‍സ് കവറേജ് എന്നിവ ഇതില്‍ ഉള്‍പ്പെടുന്നു. ഉഷ്ണതരംഗ മുന്നറിയിപ്പുള്ള സമയങ്ങളില്‍ അതത് ജില്ലാ ദുരന്ത നിവാരണ അതോറിറ്റികള്‍, 2005-ലെ ദുരന്ത നിവാരണ നിയമപ്രകാരം നിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിക്കുമെന്നും കമ്പനികള്‍ക്ക് മുന്നറിയിപ്പ് നല്‍കി.
കടുത്ത ചൂടുള്ള സമയങ്ങളില്‍ പീക്ക് സമയങ്ങളില്‍ ഗിഗ് വര്‍ക്കേഴ്സ് തുടര്‍ച്ചയായി ജോലി ചെയ്യുന്നുവെന്ന് ദുരന്ത നിവാരണ അതോറിറ്റി ജോയ് എലമോണ്‍ പറഞ്ഞു. 'ഗിഗ് തൊഴിലാളികള്‍ ജോലിക്കെടുക്കുന്ന എല്ലാ പ്രധാന കമ്പനികളെയും കണ്ടെത്തിയിട്ടുണ്ട്, കടുത്ത ചൂടില്‍ തൊഴിലാളികളെ സംരക്ഷിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് കമ്പനികള്‍ക്ക് കത്തയച്ചിട്ടുണ്ട്. തൊഴിലാളികളെ സംരക്ഷിക്കാന്‍ സ്ഥാപനങ്ങള്‍ മതിയായ നടപടികള്‍ സ്വീകരിക്കുമെന്ന് ഞങ്ങള്‍ പ്രതീക്ഷിക്കുന്നു. അല്ലാത്തപക്ഷം, തൊഴിലാളികളുടെ സംരക്ഷണത്തിനായി സര്‍ക്കാരിന് നിയമപരമായ ഉത്തരവാദിത്തമുണ്ടായിരിക്കുമെന്നും' ജോയ് ദി ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസിനോട് പറഞ്ഞു.
ഡെലിവറി കമ്പനികള്‍ തൊഴിലാളികളെ കടുത്ത ചൂടിലും ജോലി ചെയ്യിക്കാന്‍ ഇലക്ട്രോണിക് ഉപകരണങ്ങള്‍ പോലുള്ള സൗജന്യങ്ങള്‍ നല്‍കുന്നുണ്ടെന്നും ഒരു പ്രമുഖ ഭക്ഷ്യ വിതരണ സ്ഥാപനത്തിലെ ഗിഗ് വര്‍ക്കര്‍ എസ് മഹേഷ് കുമാര്‍ പറഞ്ഞു. 'കടുത്ത ചൂടില്‍ കമ്പനികള്‍ തൊഴിലാളികളുടെ സുരക്ഷയ്ക്കായി ഒന്നും ചെയ്യുന്നില്ല. ഞങ്ങള്‍ സ്വന്തം പോക്കറ്റില്‍ നിന്ന് പണം മുടക്കിയാണ്. ചൂടിനെ പ്രതിരോധിക്കാനുള്ള വസ്ത്രങ്ങളുള്‍പ്പെടെയുള്ളവ വാങ്ങുന്നത്. മഴ, ചൂട്, പീക്ക് സമയങ്ങളില്‍ കമ്പനികള്‍ ഉപഭോക്താക്കളില്‍ കൂടുതല്‍ തുക ഈടാക്കുന്നു. പക്ഷേ തൊഴിലാളികള്‍ക്ക് ഒരിക്കലും ഒന്നും നല്‍കുന്നില്ല,' മഹേഷ് ആരോപിച്ചു.
ഗിഗ് വര്‍ക്കേഴ്സ് നിലവില്‍ ഏറ്റവും കൂടുതല്‍ ചൂഷണം ചെയ്യപ്പെടുന്ന തൊഴിലാളികളില്‍ ഒരാളാണ്. അവര്‍ മോശം കാലാവസ്ഥയില്‍ കുറഞ്ഞ വേതനത്തിന് ജോലി ചെയ്യുന്നു. അവരുടെ അവകാശങ്ങള്‍ക്കായി അവര്‍ സമരങ്ങള്‍ നടത്തുന്നു, എന്നിട്ടും പ്രശ്‌നങ്ങള്‍ പരിഹരിക്കപ്പെട്ടിട്ടില്ല,' ഗിഗ് വര്‍ക്കേഴ്സ് യൂണിയന്‍ (സിഐടിയു) സംസ്ഥാനതല അംഗമായ അരുണ്‍ കൃഷ്ണ പറഞ്ഞു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക