Tehsildar arrest: വാടക വീട്ടില്‍ വിളിച്ചു വരുത്തി കൈക്കൂലി വാങ്ങി; തഹസില്‍ദാര്‍ വിജിലന്‍സ് പിടിയില്‍

കണ്ണൂര്‍ താലൂക്കിലെ ഒരു പടക്കകടയുടെ ലൈസന്‍സ് പുതുക്കുന്നതിനായി 3000 രൂപ കൈക്കൂലി വാങ്ങിയതിനാണ് ഇയാളെ ശനിയാഴ്ച്ച രാത്രി കല്യാശേരിയിലെ വാടക വീട്ടില്‍ നിന്നും വിജിലന്‍സ് സംഘം സുരേഷിനെ അറസ്റ്റ് ചെയ്തത്
Tehsildar arrested by Vigilance for inviting him to a rented house and accepting bribe
തഹസില്‍ദാര്‍ സുരേഷ് ചന്ദ്രബോസ് വിഡിയോ സ്‌ക്രീന്‍ഷോട്ട്
Updated on

കണ്ണൂര്‍: കൈക്കൂലി വാങ്ങുന്നതിനിടെ തഹസില്‍ദാര്‍ പിടിയിലായി. കണ്ണൂര്‍ താലൂക്ക് തഹസില്‍ദാര്‍ സുരേഷ് ചന്ദ്രബോസാണ് വിജിലന്‍സിന്റെ പിടിയിലായത്. കണ്ണൂര്‍ താലൂക്കിലെ ഒരു പടക്കകടയുടെ ലൈസന്‍സ് പുതുക്കുന്നതിനായി 3000 രൂപ കൈക്കൂലി വാങ്ങിയതിനാണ് ഇയാളെ ശനിയാഴ്ച്ച രാത്രി കല്യാശേരിയിലെ വാടക വീട്ടില്‍ നിന്നും വിജിലന്‍സ് സംഘം സുരേഷിനെ അറസ്റ്റ് ചെയ്തത്.

രണ്ടു ദിവസം മുമ്പ് പടക്ക കടയുടെ ഉടമ ലൈസന്‍സ് പുതുക്കുന്നതിനായി സുരേഷ് ചന്ദ്രബോസിനെ സമീപിച്ചപ്പോള്‍ 3000 രൂപ കൈക്കൂലി ആവശ്യപ്പെടുകയായിരുന്നു. എന്നാല്‍ കൈക്കൂലി നല്‍കി ലൈസന്‍സ് പുതുക്കേണ്ടെന്ന് മറുപടി നല്‍കിയ കടയുടമ വിവരം വിജിലന്‍സിനെ അറിയിച്ചു. തുടര്‍ന്ന് വിജിലന്‍സിന്റെ നിര്‍ദ്ദേശപ്രകാരം വീണ്ടും തഹസില്‍ദാരുമായി ബന്ധപ്പെടുകയും പണം നല്‍കാമെന്ന് അറിയിക്കുകയും ചെയ്തു. തുടര്‍ന്ന് 8.30ന് ശേഷം കല്യാശ്ശേരിയിലെ വീട്ടില്‍ പണം എത്തിക്കാന്‍ നിര്‍ദ്ദേശിച്ചു. കടയുടമ കല്യാശ്ശേരിയിലെ വീട്ടിലെത്തി വിജിലന്‍സ് നല്‍കിയ ഫിനോഫ്തലിന്‍ പുരട്ടിയ പണം കൈമാറി. രാത്രി ഒന്‍പതു മണിയോടെയാണ് വിജിലന്‍സ് സംഘം സുരേഷ് ചന്ദ്രബോസിനെ വീട്ടിലെത്തി കടയുടമ കൈമാറിയ പണം കണ്ടെത്തുകയും അറസ്റ്റ് രേഖപ്പെടുത്തുകയും ചെയ്തത്

വിജിലന്‍സ് ഡിവൈ എസ് പി കെ പി സുരേഷ് ബാബുവിന്റെ നേതൃത്വത്തില്‍ ഇന്‍സ്‌പെക്ടര്‍ സി ഷാജു എസ് ഐമാരായ എം കെ ഗിരീഷ്, പി പി വിജേഷ്, കെ രാധാകൃഷ്ണന്‍, എ എസ് ഐ സി വി ജയശ്രീ, എ ശ്രീജിത്ത്, എം സജിത്ത്, ഗസറ്റഡ് ഓഫിസര്‍മാരായ അനൂപ് പ്രസാദ്, കെ സച്ചിന്‍ എന്നിവരുള്‍പ്പെട്ട സംഘമാണ് സുരേഷ് ചന്ദ്ര ബോസിന്റെ വീട് റെയ്ഡ് ചെയ്തത്.

നേരത്തെയും കൈക്കൂലി വാങ്ങിയതിന് ഇയാള്‍ക്കെതിരെ വിജിലന്‍സ് കേസുണ്ട്. പടക്ക കടകളുടെ ലൈസന്‍സ് പുതുക്കുന്നതിനായി തഹസില്‍ദാര്‍ വ്യാപകമായി കൈകൂലി വാങ്ങുന്നുവെന്ന ആരോപണം ഉയര്‍ന്നിരുന്നു. ഇതേ തുടര്‍ന്ന് ചില ഉദ്യോഗസ്ഥര്‍ വിജിലന്‍സ് നിരീക്ഷണത്തിലാണ്. കണ്ണൂര്‍ നഗരത്തില്‍ നിന്നും എട്ടു കിലോമീറ്റര്‍ ദൂരെയുള്ള കല്യാശേരിയില്‍ വാടക വീടെടുത്ത് തഹസില്‍ദാര്‍ താമസിക്കാന്‍ കാരണം കൈക്കൂലി വാങ്ങുന്നതിനുള്ള സൗകര്യത്തിനാണെന്നാണ് വിജിലന്‍സിന്റെ കണ്ടെത്തല്‍.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക

Related Stories

No stories found.
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com