
കശ്മീരിലെ പൽഗാമിൽ നടന്ന ഭീകരാക്രമത്തിന്റെയും അതിന്റെ തിരിച്ചടിയുടെയും തുടർന്ന് ഇന്ത്യൻ നിലപാട് ലോകരാജ്യങ്ങളെ ബോധ്യപ്പെടുത്താനുള്ള നടപടികളും ഇന്ന് ഏറെ പ്രതിഫലിക്കുന്നത് തെക്കേയറ്റത്തുള്ള കേരളത്തിൽ. ഇന്ത്യയുടെ നിലപാട് ലോകരാജ്യങ്ങളെ ബോധ്യപ്പെടുത്താൽ പോകുന്ന സർവകക്ഷി സംഘത്തിലെ പ്രാതിനിധ്യവുമായി ബന്ധപ്പെട്ട് കോൺഗ്രസിനുള്ളിലാണ് അമർഷത്തിന്റെ വെടിപൊട്ടിയിരിക്കുന്നത്. ഏഴ് സർവകക്ഷി സംഘങ്ങളാണ് മേയ് 22 മുതൽ ജൂൺ രണ്ട് വരെ സന്ദർശനം നടത്തുക. സർവകക്ഷി സംഘത്തിൽ ഉൾപ്പെടുത്താൻ പാർലമെന്റിന്റെ വിദേശകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാനായ ശശിതരൂരിനെ ഒഴിവാക്കിയാണ് അദ്ദേഹത്തിന്റെ പാർട്ടിയായ കോൺഗ്രസ് നാല് പേരുടെ പട്ടിക സർക്കാരിന് നൽകിയത്. ആനന്ദ് ശർമ്മ, ഗൗരവ് ഗൊഗോയ്,സയ്യിദ് നാസിർ ഹുസൈൻ,അമരീന്ദർ സിങ് രാജാ ബ്രാർ എന്നീ നേതാക്കളുടെ പാരണ് കോൺഗ്രസ് നൽകിയ പട്ടികയിൽ ഉണ്ടായിരുന്നത്. ഇവരിൽ നിന്ന് ആനന്ദ് ശർമ്മയെ മാത്രം ഉൾപ്പെടുത്തുകയും ശശിതരൂർ, മുൻ വിദേശകാര്യമന്ത്രി സൽമാൻ ഖുർഷിദ്,മനീഷ് തിവാരി, അമർ സിങ് എന്നിവരെ സർക്കാർ പ്രതിനിധി സംഘത്തിൽ ഉൾപ്പെടുത്തുകയും ചെയ്തു. സർക്കാർ തീരുമാനം അഭിമാനമായി കാണുന്നുവെന്ന ശശി തരൂരിന്റെ അഭിപ്രായം കൂടെ പുറത്തുവന്നതോടെ അതിരൂക്ഷവിമർശനവുമായി ജയറാം രമേശ്, കോൺഗ്രസിന് വേണ്ടി രംഗത്തെത്തി.
ഇതോടെ വിഷയം ആകെ കലങ്ങി മറിഞ്ഞു തുടങ്ങി. ഓപ്പറേഷൻ സിന്ദൂർ സമയത്ത് ശശിതരൂർ സ്വീകരിച്ച നിലപാട് പല കോൺഗ്രസ് നേതാക്കളിലും അതൃപ്തി ഉണ്ടാക്കിയിരുന്നു. അതിന് പിന്നാലെയാണ് ഇപ്പോഴത്തെ സംഭവവികാസം. കോൺഗ്രസിന് ദേശീയതലത്തിൽ തന്നെ ശശിതരൂർ സംഭവത്തിലെ നിലപാട് വിഷയമാകാം. കേരളത്തിൽ നിലവിലത്തെ സാഹചര്യത്തിൽ ശശിതരൂരിന് മറ്റേത് കോൺഗ്രസ് നേതാക്കളേക്കാളും ജനപ്രീതിയുണ്ട്. അത് രാഷ്ട്രീയ, പ്രായഭേദമന്യേ ഉണ്ടെന്നത് കോൺഗ്രസിനും ശശിതരൂരിനും അറിയുകയും ചെയ്യാം.
ശശി തരൂരിന്റെ അഭിപ്രായപ്രകടനങ്ങൾ അദ്ദേഹത്തിന് രാഷ്ട്രീയത്തിനതീതമായി പിന്തുണയും എതിർപ്പും ഉണ്ടാകുന്നുണ്ട്. എന്നാൽ, ഇപ്പോഴത്തെ വിഷയം കോൺഗ്രസിന്റെ കൈയ്യിൽ നിന്നും വഴുതി പോകുമോ എന്ന ആശങ്കയിലാണ് ഒരുവിഭാഗം കോൺഗ്രസ് നേതാക്കൾ. ശശി തരൂരിനോടോ അദ്ദേഹത്തിന്റെ നിലപാടുകളടോ വിയോജിക്കാം പക്ഷേ, നിലവിലത്തെ സാഹചര്യത്തിൽ പാർട്ടി കുറച്ചുകൂടെ സൂക്ഷ്മമായ നിലപാടാണ് സ്വീകരിക്കേണ്ടിയിരുന്നത് എന്നാണ് അവരുടെ അഭിപ്രായം. എന്നാൽ, ശശിതരൂരിനെതിരെ നടപടിവേണമെന്ന അഭിപ്രായക്കാരാണ് ഹൈക്കമാൻഡുമായി അടുത്തു നിൽക്കുന്നവരിൽ പലരുമെന്നാണ് സൂചന.
ഒരുപക്ഷേ അടുത്തകാലത്ത് കേരള രാഷ്ട്രീയത്തിലും ദേശീയ രാഷ്ട്രീയത്തിലും ഏറെ വിവാദങ്ങൾക്ക് വഴിയൊരുക്കിയ രാഷ്ട്രീയക്കാരനാണ് ശശി തരൂർ. തിരുവനന്തപുരത്ത് മത്സരിക്കാനായി തരൂർ വിമാനമിറങ്ങിയത് തന്നെ വിവാദങ്ങളുടെ തോഴനായാണ്. ഡൽഹിയിൽ നിന്ന് കെട്ടിയിറക്കിയത് എന്നായിരുന്നു ആദ്യ വിവാദത്തിലെ കാതൽ, പിന്നീട് അദ്ദേഹം തന്നെ വിവാദങ്ങൾക്ക് വഴിമരുന്നിട്ടു. കേന്ദ്ര സഹമന്ത്രിയായിരിക്കെ നടത്തിയ കാറ്റിൽക്ലാസ് പ്രയോഗം, ഐ പി എല്ലിലെ വിയർപ്പോഹരി വിവാദം, ഭാര്യ സുനന്ദപുഷ്കറിന്റെ അകാലമരണം, അതുമായി ബന്ധപ്പെട്ട കേസ്, എതിരാളികൾ അതുപയോഗിച്ച് നടത്തിയ പ്രചാരണം, തിരഞ്ഞെടുപ്പ് സമയത്ത് തിരുവനന്തപുരത്ത് അദ്ദേഹത്തെ കാലുവാരാനുള്ള ചില കോൺഗ്രസ് നേതാക്കളുടെ ശ്രമം, അതിനെതിരായ സോണിയാ ഗാന്ധിയുടെ ഇടപെടൽ, എൻ എസ് എസ്സിന്റെ ഡൽഹി നായർ പ്രയോഗം, അതിന് ശേഷം എൻ എസ് എസ് ആസ്ഥാനത്തേക്ക് അദ്ദേഹത്തിന് ലഭിക്കുന്ന ക്ഷണം, എ ഐ സി സി പ്രസിഡന്റായി ഹൈക്കമാൻഡ് ആഗ്രഹത്തിനെതിരായ മത്സരം അങ്ങനെ തരൂർ വിവാദ കേന്ദ്രമാകാത്ത കാലം ചുരുക്കമായിരിക്കും. ദേശീയ തലത്തിലും കേരളത്തിലും തരൂർ തന്റെ നിലപാടുകൾ കൊണ്ട് സ്വന്തം പക്ഷത്തെയും എതിർപക്ഷത്തെയും ചൊടിപ്പിച്ചുകൊണ്ടിരിന്നു.
ശശി തരൂർ കോൺഗ്രസ് പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കുന്ന കാലത്ത് തോറ്റാൽ അദ്ദേഹത്തിനെതിരെ നടപടി വരുമെന്നും അദ്ദേഹം പാർട്ടി വിട്ടുപോകുമെന്നും അഭ്യൂഹമുണ്ടായിരുന്നു. ബി ജെ പിയിലേക്ക് പോകുമെന്നും സി പി എമ്മിലേക്ക് പോകുമെന്നുമൊക്കെ കഥകൾ പടർന്നു. അദ്ദേഹം തോറ്റു. പക്ഷേ നിലവിലത്തെ വർക്കിങ് കമ്മിറ്റിയിൽ അദ്ദേഹമുണ്ട്. 2009 മുതൽ ഇതുവരെയായി നാല് തവണ തിരുവനന്തപുരത്ത് നിന്ന് അദ്ദേഹം തുടർച്ചയായി ലോകസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. നാലാം തവണത്തെ തെരഞ്ഞെടുക്കപ്പെട്ട ശേഷമാണ് അദ്ദേഹം തനിക്ക് മറ്റ് വഴികളുണ്ട് എന്ന് രണ്ട് അഭിമുഖങ്ങളിൽ വ്യക്തമാക്കിയത്. കോൺഗ്രസിൽ നിൽക്കുകയല്ല വഴിയെന്ന് വ്യാഖ്യാനം വന്നെങ്കിലും അതല്ല, സജീവ രാഷ്ട്രീയമല്ലാതെ എഴുത്ത്, പ്രസംഗം അങ്ങനെ തന്റെ വ്യത്യസ്ത മേഖലകളിൽ ശ്രദ്ധ പതിപ്പിക്കുന്നതിനെ കുറിച്ചാണ് അങ്ങനെ പറഞ്ഞതെന്നായിരുന്നനു അദ്ദേഹം അദ്ദേഹവുമായി അടുപ്പമുള്ളവരും വിശദീകരിച്ചത്. എന്നാൽ, ഈ വിശദീകരണം വരുന്നത് വരെ ശശി തരൂരിന്റെ പാർട്ടിമാറ്റമായിരുന്നു പ്രധാന ചർച്ചാ വിഷയം.
ഇപ്പോൾ ഈ നടക്കുന്ന വിവാദങ്ങളിലൊന്നും കാര്യമില്ല, 2014 മുതൽ തന്നെ ശശി തരൂരിനെതിര ഇങ്ങനെയുള്ള പ്രചാരണം ഉണ്ടായിരുന്നതാണെന്ന് ജെ എസ് അടൂർ അഭിപ്രായപ്പെട്ടു. കോൺഗ്രസിന്റെ അഭിപ്രായത്തിന് വിരുദ്ധമായി ശശിതരൂർ ഒന്നും പറഞ്ഞിട്ടുണ്ടെന്ന് ഞാൻ കരുതുന്നില്ല. അഭിപ്രായ സ്വാതന്ത്ര്യമുള്ള പാർട്ടിയാണ് കോൺഗ്രസ് അതുകൊണ്ടാണ് കോൺഗ്രസിൽ ഞാനുൾപ്പടെയുള്ള ആളുകൾ നിൽക്കുന്നത്. 1972 ലെ ലോകസാഹചര്യമല്ല, ഇപ്പോഴുള്ളത് എന്ന് തരൂർ പറഞ്ഞതിൽ എന്താണ് തെറ്റ്. ഇപ്പോഴത്തെ പ്രതിനിധി സംഘത്തിൽ ശശി തരൂരിനെ ഉൾപ്പെടുത്തിയത് സർക്കാരാണ്, രാജീവ് ഗാന്ധിയുടെ കാലത്ത് വാജ്പേയിയെ ഇങ്ങനെ സർവകക്ഷി സംഘം നയിക്കാൻ നിയോഗിച്ചിട്ടുണ്ട്, ഒരുതവണയല്ല, രണ്ട് തവണ. കോൺഗ്രസിൽ ശശി തരൂർ വന്ന വഴിയെ കുറിച്ചാണ് നിങ്ങൾ പറയുന്നതെങ്കിൽ മൻമോഹൻസിങ്ങും ജയറാം രമേശും കപിൽ സിബലുമൊക്കെ താഴെത്തട്ടിൽ രാഷ്ട്രീയ പ്രവർത്തനം നടത്തി വന്നവരല്ലല്ലോ. മണിശങ്കരയ്യർ കോൺഗ്രസിനെ വിമർശിച്ചിട്ടില്ലേ. എന്തിന് മൻമോഹൻ സിങ്ങിന്റെ കാലത്ത് പാർലമെന്റിൽ ബിൽ വലിച്ചുകീറിയത് കോൺഗ്രസ് എം പി അല്ലേ. എന്നിട്ട് എന്തെങ്കിലും സംഭവിച്ചോ കോൺഗ്രസ് പാർട്ടിക്ക് ആ സ്വാതന്ത്ര്യം ഉണ്ട്. അല്ലാതെ ഒരു വിഭാഗം മാധ്യമങ്ങളുടെ താൽപ്പര്യമാണ് കേരളത്തിലെ കോൺഗ്രസിൽ പ്രശ്നങ്ങളുണ്ടെന്ന് വരുത്തി തീർക്കുക എന്നത് ജെ എസ് അടൂർ വിശദീകരിച്ചു.
നിലവിൽ ആ സാഹചര്യമെല്ലാം മാറിക്കഴിഞ്ഞു എന്നാണ് കാര്യങ്ങളുടെ പോക്ക് വിരൽ ചൂണ്ടുന്നത്. പ്രസിഡന്റ് സ്ഥാനത്തേക്ക് ശശിതരൂർ മത്സരിക്കാൻ തീരുമാനിച്ച സമയം മുതൽ കോൺഗ്രസ് നേതൃത്വത്തിന് അതൃപ്തി തുടങ്ങിയിരുന്നു. എന്നാൽ, പാർട്ടിയുടെ ജനാധിപത്യ സ്വഭാവം എന്ന പേര് വെല്ലുവിളിക്കപ്പെടുമോ എന്ന സംശയമുള്ളതുകൊണ്ടാണ് അദ്ദേഹത്തിനെതിരെ നടപടിയുണ്ടാകാത്തത്. വർക്കിങ് കമ്മിറ്റിയിൽ ശശി തരൂരിനെ എടുത്തു എന്നത് ശരിയാണ് പക്ഷേ അവിടെ എന്ത് ചുമതലയാണ് തരൂരിന് കൊടുത്തിട്ടുള്ളത് എന്ന് ആരെങ്കിലും അന്വേഷിച്ചിട്ടുണ്ടോ? പ്രത്യേകിച്ച് ചുമതലകളൊന്നും ഇല്ലെന്നാണ് കോൺഗ്രസിലുള്ളവർ തന്നെ പറയുന്നത്.
തരൂരിന്റെ നിലപാടുകളോട് പലതവണ പാർട്ടി നേതൃത്വം വിയോജിപ്പ് പലവിധത്തിൽ രേഖപ്പെടുത്തിയെങ്കിലും അതൊന്നും ഗൗനിക്കാതെയാണ് തരൂർ വീണ്ടും സ്വന്തം അഭിപ്രായം പ്രകടിപ്പിക്കുന്നത്. അതായത് താൻ തന്റെ നിലപാടുകളുമായി മുന്നോട്ട് പോകും പാർട്ടിക്ക് പാർട്ടിയുടെ നിലപാട് സ്വീകരിക്കാം എന്നതാണ് അദ്ദേഹത്തിന്റെ സമീപനം. അതിനോട് യോജിക്കാനാവില്ല. എന്നാൽ, ഇപ്പോൾ കോൺഗ്രസ് നേതൃത്വം തരൂരിനോട് എടുക്കുന്ന സമീപനം പാർട്ടിക്ക് ദോഷം ചെയ്യുകയേ ഉള്ളൂവെന്ന് കോൺഗ്രസിലെ മുതിർന്ന നേതാവ് അഭിപ്രായപ്പെട്ടു. ഇത് രാജ്യം ലോകത്തിന് മുന്നിൽ വളരെ നിർണ്ണായകമായൊരു വിഷയം അവതരിപ്പിക്കാൻ പോവുകയാണ്. ആ സമയത്ത് കോൺഗ്രസിൽ നിന്ന് തരൂരിനെ പോലൊരാളെ നിർദ്ദേശിക്കാനുള്ള ബുദ്ധിയാണ് നേതൃത്വം കാണിക്കേണ്ടിയിരുന്നത്. പാർലമെന്റിന്റെ വിദേശകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാനായ തരൂരിന്റെ പേര് നിർദ്ദേശിക്കുന്നതിൽ തടസ്സം എന്തായിരുന്നുവെന്ന് അറിയില്ല. ലോകരാഷ്ട്രങ്ങൾക്ക് മുന്നിൽ തരൂരിന് കാര്യങ്ങൾ അവതരിപ്പിക്കാനുള്ള കഴിവ് കോൺഗ്രസ് പാർട്ടിയുടെ നേട്ടമായി കാണണമായിരുന്നു. കോൺഗ്രസ് നിർദ്ദേശിച്ചിട്ട് സർക്കാർ തരൂരിനെ എടുത്തിരുന്നില്ലെങ്കിൽ തരൂരിനെ പോലെ കാര്യപ്രാപ്തിയുള്ള ഒരാളെ ഒഴിവാക്കിയതിനെ നമുക്ക് വിമർശിക്കാൻ ന്യായമുണ്ടായിരന്നു. ഇപ്പോഴങ്ങനെയല്ല, ഇതൊരു സെൽഫ് ഗോളായി പോയി. ഇത് കോൺഗ്രസ് നേതൃത്വത്തോട് പറയാൻ ആരുമില്ലേ എന്ന് ചോദിച്ചാൽ, കള്ളം പറഞ്ഞാൽ തല പൊട്ടിപോകും, സത്യം പറഞ്ഞാൽ രാജാവ് തലവെട്ടും എന്ന് പറഞ്ഞതുപോലെയാണ് ഇപ്പോഴത്തെ കാര്യങ്ങൾ. കോൺഗ്രസ് നേതാവ് നിസ്സഹായവസ്ഥ പ്രകടിപ്പിച്ചു.
ശശിതരൂർ സ്വീകരിക്കുന്ന സമീപനങ്ങളിൽ കോൺഗ്രസിന് തിരഞ്ഞെടുക്കാനുള്ള വഴിയിൽ ഒന്ന് അച്ചടക്ക നടപടി സ്വീകരിക്കുക എന്നതാണ്. അത് താക്കീതാകാം, വർക്കിങ് കമ്മിറ്റിയിൽ നിന്നൊഴിവാക്കലാകാം. കടുത്ത നടപടി എന്ന നിലയിൽ പാർട്ടിയിൽ നിന്ന് പുറത്താക്കലുമാകാം. ഇല്ലെങ്കിൽ ഇപ്പോൾ മൗനം പാലിച്ച് അടുത്ത തിരഞ്ഞെടുപ്പ് വരെ മുന്നോട്ട് പോകാം അവിടെ വച്ച് തരൂരിന് സീറ്റ് നിഷേധിക്കാം. എന്തു തന്നെയായാലും ഇതോടെ കോൺഗ്രസിന്റെ വാതിലടയും. എന്നാൽ തരൂരിനെ സംബന്ധിച്ച് ഇതിലേത് നടപടിയെടുത്താലും തരൂരിന്റെ മുന്നിൽ പുതിയ ഒന്നിലേറെ വാതിലുകൾ തുറക്കും. കോൺഗ്രസ് നേതൃത്വത്തെ വെട്ടിലാക്കിയിരിക്കുന്നതും ഇതാണ്. മല്ലികാർജ്ജുന ഖാർഗെയ്ക്കെതിര മത്സരിച്ച ശേഷം കേരളത്തിലും ഇന്ത്യയിലും കോൺഗ്രസുകാരുടെ ഇടയിൽ ശശിതരൂർ എന്ന പേര് കുറച്ചുകൂടെ പ്രസക്തമായി. ഇന്ത്യൻ രാഷ്ട്രീയത്തിലും ആ പേരിന് ഗരിമ കൂടി എന്നത് വസ്തുതയാണ്. തോറ്റെങ്കിലും ശശി തരൂർ തന്റെ ലക്ഷ്യം കണ്ടു. അതിന് ശേഷം തരൂർ കേരള മുഖ്യമന്ത്രി പദത്തിലേക്ക് കണ്ണ് വച്ചപ്പോഴാണ് കേരളത്തിലെ കോൺഗ്രസ് നേതാക്കളിൽ ചിലർക്ക് നെഞ്ചിടിപ്പ് കൂടിയത്. അവരുടെ പാൽപ്പിറ്റേഷൻ സിൻഡ്രോമാണ് തരൂരിനെയും ഹൈക്കമാൻഡിനെയും തമ്മിൽ അകറ്റിയതെന്നാണ് തരൂരിനോട് അടുപ്പമുള്ളവരുടെ വിശ്വാസം.
കോൺഗ്രസ് നേതൃത്വം ആദ്യത്തെ മൂന്ന് സാധ്യതകൾ ഏത് സ്വീകരിച്ചാലും ശശിതരൂരിന് ഗുണം മാത്രമേ ചെയ്യുകയുള്ളൂവെന്നാണ് രാഷ്ട്രീയ നിരീക്ഷകർ കണക്കുകൂട്ടുന്നത്. ഭീകരവാദത്തിനെതിരെ രാജ്യം സ്വീകരിച്ച നിലപാടിനൊപ്പം നിന്നതിനാൽ ഇരയാക്കപ്പെട്ട നേതാവ് എന്ന പരിവേഷം തരൂരിന് കിട്ടുമെന്നതാണ് ഇതിൽ പ്രധാനം. അതോടെ തരൂരിന് ഇപ്പോൾ ലഭിക്കുന്ന പിന്തുണ വീണ്ടും വർദ്ധിക്കും. തരൂരിനെ ഒഴിവാക്കി സർക്കാരിന് പട്ടിക കൊടുക്കുകയും തരൂരിനെ സർക്കാർ തീരുമാനിക്കുകയും ചെയ്തപ്പോൾ വിമർശനവുമായി വന്ന കോൺഗ്രസ് നേതൃത്വം മൗനം പാലിച്ചാൽ തങ്ങൾ ചെയ്തത് തെറ്റാണെന്നും തരൂരായിരുന്നു ശരിയെന്നും വ്യാഖ്യാനം വരും. എന്തുചെയ്താലും തങ്ങൾത്തന്നെ തിരിഞ്ഞു കുത്തുന്ന അവസ്ഥയിലാണ് ഹൈക്കമാൻഡ് എന്നതാണ് തരൂർ നിലപാട് അവരെ കൊണ്ടെത്തിച്ചിരിക്കുന്നത്.
ഇനി തരൂരിന് മുന്നിലുള്ള മറ്റ് വഴികൾ കേരളാ മുഖ്യമന്ത്രിയായി ഉയർത്തിക്കാട്ടുന്നതു മുതൽ ക്യാബിനറ്റ് പദവി വരെ വന്ന് ചേരാം. സി പി എമ്മിനെ തരൂർ പലപ്പോഴും രൂക്ഷമായി വിമർശിച്ചുവെങ്കിലും അടുത്തിടെയായി ബി ജെ പി വിമർശനം അങ്ങനെയില്ല എന്നിടത്ത് നിന്ന് തന്നെ വാതിലുകൾ തുറന്നു തുടങ്ങുന്നു. കേരളത്തിൽ ബി ജെ പിയെ സംബന്ധിച്ച് സമൂഹത്തിന് സ്വീകര്യനായ നേതാവ് ഇല്ല എന്നതാണ് പ്രശ്നം. തരൂരിനെ സ്വീകരിക്കാൻ ബി ജെ പിയുടെ നിലവിലെ നേതൃത്വത്തിന് സന്തോഷം മാത്രമേയുള്ളൂ. തരൂരിനെ മുഖ്യമന്ത്രി സ്ഥാനാർത്ഥിയാക്കി ബി ജെ പിക്ക് 2026 ലെ നിയമസഭാ തിരഞ്ഞെടുപ്പ് നേരിടാനുള്ള അവസരമായിരിക്കും പുറത്താക്കൽ നടപടിയുണ്ടായാൽ ഉണ്ടാകാവുന്ന ദീർഘകാല സംഭവം. അതിനേക്കാൾ വേഗത്തിൽ നടക്കാവുന്ന മറ്റൊരു കാര്യം ഏതാനും മാസങ്ങൾക്കുള്ളിൽ കേന്ദ്രത്തിൽ മന്ത്രിസഭാ പുനഃസംഘടനയുണ്ടായകാനുള്ള സാധ്യതയുണ്ട്. അവിടെ ഒരു കസേര തരൂരിന് കൊടുക്കുന്നതിന് പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് എതിർപ്പുണ്ടാകില്ല. മറ്റൊന്ന് രാജ്യാന്തര തലത്തിൽ ഇന്ത്യയെ പ്രതിനിധീകരിക്കുന്ന ഒരു തസ്തിക തരൂരിന് നൽകാനും കേന്ദ്ര സർക്കാരിന് മടിയുണ്ടാകില്ല. തങ്ങളുടെ നയം ലോകത്തോട് ഏറ്റവും നന്നായി അവതരിപ്പിക്കാൻ കഴിയുന്ന, ബന്ധങ്ങളുള്ള ഒരാളുടെ സാധ്യത എന്തിന് ഉപയോഗിക്കാതിരിക്കണം.
സി പി എമ്മിനോടാണ് തരൂരിന് താൽപ്പര്യമെങ്കിൽ അവർ നേരത്തെ തന്നെ അദ്ദേഹത്തിന് ഗുഡ് സർട്ടിഫിക്കറ്റ് കൊടുത്തിട്ടുണ്ട്. എപ്പോൾ വേണമെങ്കിലും അവിടെയും എത്താം. സ്വതന്ത്രന്മാരുടെ കാര്യത്തിൽ കടുംപിടുത്തമില്ലാത്ത പാർട്ടിയായി സി പി എം മാറിക്കഴിഞ്ഞ സ്ഥിതിക്ക് തരൂരിന് ഇടം കിട്ടുക എന്നത് അവിടെ ഒരു പ്രശ്നമേ ആകില്ല.
ഇനി ഇതൊന്നുമില്ലാതെ തരൂരിന് തനിവഴികളും ഉണ്ട്. പ്രസംഗം, എഴുത്ത് അങ്ങനെ ലോകത്തിന് മുന്നിൽ സജീവമായി നിൽക്കാനുള്ള സാധ്യത സ്വന്തമായി തന്നെ നേടിയിട്ടുള്ള വ്യക്തിത്വമാണ്.
എന്നാൽ, തരൂരിനെതിരെ നടപടിയെത്താൽ കോൺഗ്രസിന് ഏറെ വിശദീകരണം വേണ്ടിവരും. എന്തുകൊണ്ട് തരൂരിനെ പോലെ ഒരാളെ ഒഴിവാക്കി പട്ടിക നൽകി എന്നതിൽ തുടങ്ങേണ്ടി വരും അത്. രണ്ടാമത്തെ വിഷയം ശശിതരൂർ രാജിവെക്കുകയും തിരുവനന്തപുരം ലോകസഭാ മണ്ഡലത്തിൽ ഒരു തിരഞ്ഞെടുപ്പ് ഉണ്ടാവുകയും ചെയ്താൽ കോൺഗ്രസിന് ഉള്ള സീറ്റിന്റെ എണ്ണം കുറയാനേ സാധ്യതയുള്ളൂ. തരൂരിനെ പോലെ ഒരാൾ നിന്നിട്ടു പോലും കഴിഞ്ഞ തവണ കഷ്ടിച്ചാണ് തിരുവനന്തപുരത്ത് രക്ഷപ്പെട്ടത്.നിയമസഭയിൽ തരൂരിനെ മുൻ നിർത്തി ബി ജെ പി മത്സരിക്കാൻ തീരുമാനിച്ചാൽ കാര്യം വീണ്ടും കൈവിട്ടുപോകും. കേന്ദ്രത്തിലും കേരളത്തിലും തുടർച്ചയായി പ്രതിപക്ഷത്തിരുന്നിട്ടും പാഠങ്ങൾ പഠിക്കാത്ത പാർട്ടിയായി കോൺഗ്രസ് തുടരുന്നുവെന്ന ആക്ഷേപത്തിന് അടിസ്ഥാനമാവുകയും ചെയ്യും. രാഷ്ട്രീയത്തിലെ തിരയും ചുഴിയും തിരിച്ചറിയാനാകാതെ സ്വീകരിക്കുന്ന നിലപാടുകളാണ് കഴിഞ്ഞ കുറേക്കാലമായി കോൺഗ്രസിനെ കുഴിയിൽചാടിക്കുന്നത്. അതിന്റെ ആവർത്തനമാണ് കഴിഞ്ഞ ദിവസങ്ങളിലും കാണുന്നത്. അത് ലോകത്തിന് മുന്നിൽ വെളിപ്പെടുന്നതിന് തരൂർ ഒരു കാരണമാകുന്നുവെന്ന് മാത്രം.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ ക്ലിക്ക് ചെയ്യൂ