
ദൈവദാസൻ ബിഷപ് മാർ മാത്യു മാക്കീലിനെ ധന്യൻ പദവയിലേക്ക് ഉയർത്താൻ ലിയോ പതിനാലാമൻ മാർപാപ്പയുടെ അനുമതി ലഭിച്ചു. തുടർന്ന് ഇതു സംബന്ധിച്ച ഉത്തരവ് കർദ്ദിനാൾ മാർച്ചെല്ലല്ലോ സെമരാറോ പ്രസിദ്ധീകരിച്ചു. വിശുദ്ധരുടെ നാമകരണച്ചടങ്ങുകൾക്കായുള്ള വത്തിക്കാൻ മെത്രാൻസംഘത്തിന്റെ അധ്യക്ഷനാണ് കർദിനാൾ മർച്ചെല്ലോ.
പുതിയ പോപ്പായി സ്ഥാനമേറ്റ് ഒരു ആഴ്ചയ്ക്കുള്ളിലാണ്,ഇന്ത്യൻ ബിഷപ്പ് മാത്യു മാക്കിലിന് (Bishop Makil) പുറമെ കൊളംബിയൻ കന്യാസ്ത്രീ ആഗ്നീസ് അരാംഗോ വെലാസ്ക്വസ്, സ്പാനിഷ് ബിഷപ്പ് അലസ്സാന്ദ്രോ ലബാക്ക ഉഗാർട്ടെ എന്നിവരെ ധന്യ പദവിയിലേക്ക് ഉയർത്തുന്നതിനുള്ള കൽപ്പന പ്രഖ്യാപിക്കാൻ ലിയോ പതിനാലാമൻ മാർപ്പാപ്പ അംഗീകാരം നൽകിയത്.
മാർ മാക്കീൽ 2009-ലാണ് ദൈവദാസ പദവിയിലേക്ക് ഉയർത്തപ്പെട്ടത്. സെന്റ് തോമസ് സ്ഥാപിച്ച സമൂഹത്തിന്റെ പിൻഗാമികളായി കരുതുന്ന "വടക്കൻ ജനത"ക്കും മെസൊപ്പൊട്ടേമിയൻ കുടിയേറ്റക്കാരുടെ പിൻഗാമികളായി കണക്കാക്കുന്നവരായ "തെക്കൻ ജനത"ക്കും ഇടയിൽ സൗഹൃദം സ്ഥാപിക്കാൻ പ്രവർത്തിച്ച അദ്ദേഹം സമാധാനത്തിന്റെ ശിൽപ്പി എന്നറിയപ്പെട്ടു. ചങ്ങനാശേരി ഇടവകയെ രണ്ട് വ്യത്യസ്ത വികാരിയേറ്റുകളായി വിഭജിക്കാൻ 1911-ൽ അദ്ദേഹം നിർദ്ദേശം സമർപ്പിച്ചു : ഒന്ന് "തെക്കൻ ജനതയ്ക്കും" മറ്റൊന്ന് "വടക്കൻ ജനതയ്ക്കും". പയസ് പത്താമൻ മാർപ്പാപ്പ ഈ നിർദ്ദേശം അംഗീകരിക്കുകയും "തെക്കൻ ജനതയ്ക്കായി" കോട്ടയം വികാരിയേറ്റ് രൂപീകരിക്കുകയും അതിന്റെ നേതൃത്വം മാർ മാക്കീലിനെ ഏൽപ്പിക്കുകയും ചെയ്തു.
കോട്ടയത്തെ മാഞ്ഞൂരിൽ 1851 മാർച്ച് 27 ന് ജനിച്ച അദ്ദേഹം 1865-ൽ 14-ാം വയസ്സിൽ വൈദികനായി. 1889-ൽ കോട്ടയം വികാരി ജനറലായി നിയമിക്കപ്പെട്ടു. മൂന്ന് വർഷത്തിന് ശേഷം, അദ്ദേഹം സിസ്റ്റേഴ്‌സ് ഓഫ് ദി വിസിറ്റേഷൻ ഓഫ് ദി ബ്ലെസ്ഡ് വിർജിൻ മേരി എന്ന സന്യാസിനീ സമൂഹം സ്ഥാപിച്ചു. പെൺകുട്ടികളുടെ വിദ്യാഭ്യാസമായിരുന്നു അവരുടെ പ്രധാന ദൗത്യം.
വികാരി ജനറൽ എന്ന നിലയിൽ, അദ്ദേഹം ക്നാനായ സ്ത്രീകളുടെ ആത്മീയ ജീവിതം, വിദ്യാഭ്യാസം, ഉന്നമനം എന്നിവയിൽ വളരെയധികം താല്പര്യം കാണിച്ചിരുന്നു. 1896-ൽ ലിയോ പതിമൂന്നാമൻ മാർപ്പാപ്പ രണ്ട് സീറോ-മലബാർ വികാരിയേറ്റുകളെ തൃശൂർ, എറണാകുളം, ചങ്ങനാശേരി എന്നിങ്ങനെ മൂന്നായി പുനഃസംഘടിപ്പിച്ച് തദ്ദേശീയ ബിഷപ്പുമാരെ നിയമിച്ചപ്പോൾ, 1896 ഒക്ടോബർ 25-ന് മാർ മാക്കിലിനെ ചങ്ങനാശേരി വികാരി അപ്പസ്തോലിക്കയായും നിയമിച്ചു.
തിരുവിതാംകൂറിലെ കത്തോലിക്കർക്ക് ഉന്നത വിദ്യാഭ്യാസത്തിന് സൗകര്യങ്ങളൊന്നുമില്ലാതിരുന്നതിനാൽ, ചങ്ങനാശ്ശേരി വികാരിയേറ്റ് അന്ന് സാമ്പത്തിക ബുദ്ധിമുട്ടുകൾ നേരിട്ടിരുന്നെങ്കിലും, മാർ മാക്കീൽ, സെന്റ് ബെർക്ക്മാൻസ് സ്കൂളിന് സർക്കാർ അംഗീകാരം നേടി. മതബോധനം, സ്കൂൾ വിദ്യാഭ്യാസം, മതസംഘടനകളുടെയും അസോസിയേഷനുകളുടെയും രൂപീകരണം, അക്കാലത്ത് സമൂഹത്തെ ഏറെ ബാധിച്ചിരുന്ന ദാരിദ്ര്യത്തിനെതിരായ പോരാട്ടം എന്നിവയിൽ അദ്ദേഹം സജീവമായി. സമർപ്പിത ജീവിതത്തിലേക്കുള്ള ദൈവവിളിയെയും അദ്ദേഹം പ്രോത്സാഹിപ്പിച്ചു.
ശാന്തതയും അനുരഞ്ജന മനോഭാവവും കൊണ്ട്, "വടക്കൻ" വിഭാഗത്തിനും "തെക്കൻ" വിഭാഗത്തിനും ഇടയിൽ സമാധാനം സ്ഥാപിക്കാൻ മാർ മാക്കിൽ അക്ഷീണം പ്രവർത്തിച്ചു. അസുഖത്തെത്തുടർന്ന് 1914 ജനുവരിയിൽ മരിക്കുന്നതുവരെ അദ്ദേഹം മിഷനറി പ്രവർത്തനങ്ങൾക്കായി ജീവിതം പൂർണ്ണമായും സമർപ്പിച്ചു. ജീവിതത്തിന്റെ വിവിധ മേഖലകളിലുമുള്ളവർ അദ്ദേഹത്തെ വിശുദ്ധനായി കണക്കാക്കുകയും കോട്ടയത്തെ എടക്കാട് ഫൊറോന പള്ളിയിലെ അദ്ദേഹത്തിന്റെ ശവകുടീരം സന്ദർശിക്കുകയും ചെയ്യുന്നു.
ഇക്വഡോറിലെ മഴക്കാടുകളിലെ തദ്ദേശീയ ജനതയുടെ അവകാശങ്ങൾക്കുവേണ്ടി പോരാടിയാണ് സിസ്റ്റർ വെലാസ്ക്വസും ബിഷപ്പ് ഉഗാർട്ടെയും മരിച്ചത്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ ക്ലിക്ക് ചെയ്യൂ