
കോഴിക്കോട്: നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പ് ഇപ്പോള്‍ വേണ്ടിയിരുന്നോയെന്ന് കോണ്‍ഗ്രസ് നേതാവ് കെ മുരളീധരന്‍. ഇത് തന്റെ വ്യക്തിപരമായ സംശയമാണ്. അതേസമയം കോണ്‍ഗ്രസിനെയും യുഡിഎഫിനെയും സംബന്ധിച്ചിടത്തോളം ഇത് ഞങ്ങളുടെ കരുത്ത് തെളിയിക്കാനുള്ള സന്ദര്‍ഭം കൂടിയാണെന്നും കെ മുരളീധരന്‍ അഭിപ്രായപ്പെട്ടു.
അടുത്ത വര്‍ഷം നിയമസഭ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുകയാണ്. അതിനിടയ്ക്ക് തദ്ദേശ തെരഞ്ഞെടുപ്പ് വരുന്നു. പുതുതായി തെരഞ്ഞെടുക്കപ്പെടുന്ന എംഎല്‍എയ്ക്ക് പ്രവര്‍ത്തിക്കാന്‍ എട്ടുമാസം പോലും കിട്ടില്ല. രണ്ടാമതായി കാലവര്‍ഷം ഏറ്റവും ശക്തിപ്രാപിക്കുന്ന സമയത്താണ് തെരഞ്ഞെടുപ്പ് വരുന്നത്.
കാലവര്‍ഷത്തിന്റെ കെടുതികള്‍ നേരിടേണ്ട ചുമതലയും എല്ലാവര്‍ക്കുമുണ്ട്. അത്തരമൊരു സാഹചര്യത്തില്‍ തെരഞ്ഞെടുപ്പ് വേണ്ടിയിരുന്നോയെന്ന് എന്നെപോലെയുള്ളവര്‍ക്കുണ്ട്. അതേസമയം യുഡിഎഫിനെ സംബന്ധിച്ചിടത്തോളം കരുത്ത് തെളിയിക്കാനുള്ള ഏറ്റവും നല്ല അവസരമാണ്. സ്ഥാനാര്‍ത്ഥിയെ സംബന്ധിച്ച് ഏതൊണ്ടൊരു കൂട്ടായ തീരുമാനത്തില്‍ പാര്‍ട്ടി എടുത്തിട്ടുണ്ട്.
ഇക്കാര്യം പാര്‍ട്ടി ദേശീയ നേതൃത്വവുമായി ആലോചിച്ച ശേഷം പ്രഖ്യാപിക്കും. സ്ഥാനാര്‍ത്ഥി പ്രഖ്യാപനം ഉടനുണ്ടാകും. ഇനി വെച്ചു താമസിപ്പിക്കാന്‍ കഴിയില്ല. ജൂണ്‍ രണ്ടിനാണ് നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനുള്ള അവസാന തീയതി. സ്ഥാനാര്‍ത്ഥിക്ക് പ്രവര്‍ത്തിക്കാന്‍ സമയം വേണമല്ലോ. ഇനി 25 ദിവസം മാത്രമല്ലേയുള്ളൂ. പ്രവര്‍ത്തിക്കാന്‍ സമയം കുറവാണ്. അതുകൊണ്ട് വളരെ സ്പീഡില്‍ തന്നെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി രംഗത്തു വരും.
തെരഞ്ഞെടുപ്പില്‍ പി വി അന്‍വറിന്റെ പൂര്‍ണ സഹകരണം ഉണ്ടാകും. അദ്ദേഹം രാജിവെച്ച ഒഴിവിലാണ് ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്. കഴിഞ്ഞ യുഡിഎഫ് യോഗത്തില്‍ പി വി അന്‍വറിനെ കൂടി സഹകരിപ്പിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. അതുകൊണ്ടു തന്നെ ഉപതെരഞ്ഞടുപ്പില്‍ പി വി അന്‍വര്‍ പൂര്‍ണമായും യുഡിഎഫിനൊപ്പം ഉണ്ടാകുമെന്നും കെ മുരളീധരന്‍ വ്യക്തമാക്കി.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ ക്ലിക്ക് ചെയ്യൂ