പ്രസാദ ഊട്ടിന് ഭക്തര്‍ക്ക് ഇനി ഷര്‍ട്ട് ധരിക്കാം, തിരക്ക് കുറയ്ക്കാന്‍ നാലമ്പലത്തിലേക്കുള്ള പ്രവേശന കവാടത്തിന്റെ വീതി കൂട്ടാന്‍ ആലോചന; ഗുരുവായൂരില്‍ മാറ്റങ്ങള്‍

ഗുരുവായൂര്‍ ക്ഷേത്രത്തില്‍ പ്രസാദ ഊട്ടിനെത്തുന്ന ഭക്തര്‍ ഷര്‍ട്ട് അഴിക്കണമെന്ന നിബന്ധന മാറ്റാന്‍ തീരുമാനിച്ച് ദേവസ്വം ഭരണസമിതി
guruvayur temple
ഗുരുവായൂര്‍ ക്ഷേത്രം ഫയല്‍
Updated on

തൃശൂര്‍: ഗുരുവായൂര്‍ ക്ഷേത്രത്തില്‍ പ്രസാദ ഊട്ടിനെത്തുന്ന ഭക്തര്‍ ഷര്‍ട്ട് അഴിക്കണമെന്ന നിബന്ധന മാറ്റാന്‍ തീരുമാനിച്ച് ദേവസ്വം ഭരണസമിതി. പടിഞ്ഞാറെ നടയിലെ അന്നലക്ഷ്മി ഹാളില്‍ പ്രസാദ ഊട്ട് കഴിക്കാനെത്തുന്ന ഭക്തര്‍ ഷര്‍ട്ട് അഴിക്കണമെന്ന നിബന്ധന മാറ്റാന്‍ മെയ് 22ന് ചേര്‍ന്ന ഗുരുവായൂര്‍ ദേവസ്വം ഭരണസമിതി യോഗമാണ് തീരുമാനിച്ചത്. പ്രസാദ ഊട്ട് വിളമ്പുന്ന ഹാളിനുള്ളില്‍ ഷര്‍ട്ട് ധരിക്കാന്‍ അനുവദിക്കണമെന്നത് ഭക്തരുടെ ദീര്‍ഘകാല ആവശ്യമായിരുന്നു.

ക്ഷേത്രത്തിലേക്ക് പ്രവേശിക്കുന്നതുപോലെ ഷര്‍ട്ട് അഴിച്ചു വേണം അന്നലക്ഷ്മി ഹാളില്‍ പ്രവേശിക്കാന്‍ എന്നതാണ് നിലവിലെ രീതി. പ്രസാദ ഊട്ട് വിളമ്പുന്നവര്‍ തൊപ്പിയും ​ഗ്ലൗസും ധരിക്കണമെന്നും നിര്‍ദേശമുണ്ട്. എന്നു മുതലാണ് പുതിയ നിര്‍ദേശം നടപ്പാക്കുന്നതെന്ന് തീരുമാനിച്ചിട്ടില്ല.

പ്രസാദ ഊട്ടിനായി കാത്തിരിക്കുമ്പോള്‍ ഭക്തരോട് ഷര്‍ട്ട് ഊരിമാറ്റാന്‍ ജീവനക്കാര്‍ ആവശ്യപ്പെടുന്നത് വളരെക്കാലമായി ഗുരുവായൂര്‍ ക്ഷേത്രത്തില്‍ പതിവാണ്. പലപ്പോഴും, മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വിദേശത്തുനിന്നുമുള്ളവര്‍ പോലും അത്തരം നിര്‍ദ്ദേശങ്ങളെ എതിര്‍ക്കുകയും അത് ഡൈനിങ് ഹാളിനുള്ളില്‍ തര്‍ക്കങ്ങള്‍ക്ക് കാരണമാകുകയും ചെയ്യാറുണ്ട്.

തന്ത്രിയുമായി കൂടിയാലോചിച്ച തീരുമാനം ഇതുവരെ പ്രാബല്യത്തില്‍ വന്നിട്ടില്ലെങ്കിലും ഇപ്പോള്‍ ഷര്‍ട്ട് ഊരിമാറ്റാന്‍ ആവശ്യപ്പെടുന്നില്ല. ജൂണ്‍ മുതല്‍ തീരുമാനം നടപ്പിലാക്കുമെന്നാണ് പ്രതീക്ഷ.

കൂടാതെ ശുചിത്വം ഉറപ്പാക്കാന്‍ ഭക്ഷണം വിളമ്പുന്നവര്‍ തൊപ്പിയും കയ്യുറകളും ധരിക്കുന്നത് നിര്‍ബന്ധമാക്കാനും കമ്മിറ്റി തീരുമാനിച്ചു. ക്ഷേത്രത്തില്‍ ദര്‍ശനത്തിനായി എത്തുന്ന ഭക്തരുടെ എണ്ണം വര്‍ദ്ധിച്ചതിനെത്തുടര്‍ന്ന് നാലമ്പലത്തിലേക്കുള്ള പ്രവേശന കവാടം വീതികൂട്ടുന്നതിനെക്കുറിച്ച് ഗുരുവായൂര്‍ ദേവസ്വം ആലോചിക്കുന്നുണ്ട്. നാലമ്പലത്തിലേക്കുള്ള പ്രവേശന കവാടം ഇടുങ്ങിയതായതിനാല്‍ ദര്‍ശനത്തിനുള്ള ക്യൂ ശ്രീകോവിലിനു മുന്നിലുള്ള ഇടനാഴിയിലെത്തുമ്പോള്‍ വലിയ തിരക്ക് അനുഭവപ്പെടുന്നുണ്ട്.

ക്ഷേത്രത്തിനുള്ളിലെ തിരക്ക് കുറയ്ക്കുന്നതിനുള്ള മാര്‍ഗങ്ങള്‍ മാനേജ്മെന്റ് കമ്മിറ്റി പരിശോധിച്ചുവരികയാണെന്ന് ഗുരുവായൂര്‍ ദേവസ്വം ചെയര്‍മാന്‍ വി കെ വിജയന്‍ പറഞ്ഞു. വാസ്തു വിദഗ്ദ്ധനും ജ്യോതിഷിയുമായ കാണിപ്പയ്യൂര്‍ കൃഷ്ണന്‍ നമ്പൂതിരി ക്ഷേത്രം സന്ദര്‍ശിക്കുകയും പ്രവേശന കവാടത്തിന്റെ വീതികൂട്ടലുമായി ബന്ധപ്പെട്ട വാസ്തു വശങ്ങള്‍ വിശകലനം ചെയ്യുകയും ചെയ്തിരുന്നു. 'വീതികൂട്ടല്‍ ജോലികള്‍ക്കായി കാണിപ്പയ്യൂര്‍ ഒരു നിര്‍ദ്ദേശം സമര്‍പ്പിക്കും. അത് തന്ത്രിയും കമ്മിറ്റിയും അംഗീകരിക്കേണ്ടതുണ്ട്. നിലവില്‍, പ്രവേശന കവാടം വീതികൂട്ടുന്നതില്‍ വാസ്തു ശാസ്ത്രപരമായി എതിര്‍പ്പില്ലെന്നാണ് മനസ്സിലാക്കുന്നത്,'- വി കെ വിജയന്‍ പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക

ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com