
മലപ്പുറം: പിണറായിസത്തെ തോല്‍പ്പിക്കുകയാണ് അന്‍വറിന്റെ ലക്ഷ്യമെങ്കില്‍ യുഡിഎഫ് സ്ഥാനാര്‍ഥിയെ പിന്തുണയ്ക്കണമെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കെ മുരളീധരന്‍ (K Muraleedharan) . നിലമ്പൂരിലെ (Nilambur Election 2025) സ്ഥാനാര്‍ഥി ആര്യാടന്‍ ഷൗക്കത്തിനും യുഡിഎഫ് ചെയര്‍മാനുമെതിരെ നടത്തിയ പരാമര്‍ശങ്ങള്‍ അന്‍വര്‍ പിന്‍വലിക്കണം. നിലമ്പൂരില്‍ എന്തുവന്നാലും യുഡിഎഫ് വിജയിക്കും. അന്‍വര്‍ ഉണ്ടെങ്കില്‍ ഭൂരിപക്ഷം 35000 ആയിരിക്കുമെന്നും ഇല്ലെങ്കില്‍ കുറച്ചുകുറയുമെന്നും മുരളീധരന്‍ മാധ്യമങ്ങളോട് പറഞ്ഞു.
അന്‍വര്‍ ആര്യാടന്‍ മുഹമ്മദിനെ സ്ഥാനാര്‍ഥിയായി അംഗീകരിക്കണമെന്ന് മുരളീധരന്‍ പറഞ്ഞു. 'സ്ഥാനാര്‍ഥിക്കെതിരെയും യുഡിഎഫ് ചെയര്‍മാനെതിരെയും അദ്ദേഹം പറഞ്ഞ തെറ്റായ കാര്യങ്ങള്‍ പിന്‍വലിക്കണം. ഇത് രണ്ടും ചെയ്തു കഴിഞ്ഞാല്‍ അന്‍വറിന്റെ ഡിമാന്റ് ചര്‍ച്ച ചെയ്ത് പരിഹരിക്കാന്‍ ഒരു പ്രയാസവുമില്ല. ഈ രണ്ടുകാര്യങ്ങളില്‍ വിട്ടുവീഴ്ച ചെയ്യാന്‍ പാര്‍ട്ടിക്ക് കഴിയില്ല. പാര്‍ട്ടി അംഗീകരിച്ച സ്ഥാനാര്‍ഥിയാണ് ആര്യാടന്‍ ഷൗക്കത്ത്. അങ്ങനെയുള്ള സ്ഥാനാര്‍ഥിയെ മോശപ്പെടുത്തിക്കൊണ്ട് പറയുന്നത് യുഡിഎഫിനെ മൊത്തം അധിക്ഷേപിക്കുന്നതിന് തുല്യമാണ്. ഈ രണ്ടുപരാമര്‍ശവും പിന്‍വലിച്ച് യുഡിഎഫിന് നിരുപാധികം പിന്തുണ പ്രഖ്യാപിച്ചാല്‍ ബാക്കി എല്ലാ കാര്യങ്ങളും ചര്‍ച്ച ചെയ്ത് അദ്ദേഹത്തിന് കൂടി സ്വീകാര്യമായ തീരുമാനം എടുക്കാന്‍ യുഡിഎഫ് തയ്യാറാണ്. അത് വേണോ വേണ്ടയോ എ്‌ന് തീരുമാനിക്കേണ്ടത് അദ്ദേഹമാണ്. ഓരോ നിമിഷത്തിലും അദ്ദേഹത്തിന്റെ അഭിപ്രായങ്ങളോട് പ്രതികരിക്കേണ്ടതില്ല'.
എല്ലാവിഷയങ്ങളും പാര്‍ട്ടിയും യുഡിഎഫും ചര്‍ച്ച ചെയ്താണ് തീരുമാനമെടുത്തിട്ടുള്ളത്. ആരും സ്വന്തം നിലയ്ക്ക് ഒരുതീരുമാനവും എടുത്തിട്ടില്ല. എല്ലാ കുട്ടായ തീരുമാനമാണ്. പാലക്കാട് സ്ഥാനാര്‍ഥി നിര്‍ണയത്തിലുണ്ടായ അപാകതയുണ്ടാകാതിരിക്കാന്‍ പഴുതടച്ചാണ് സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ചത്. അന്‍വര്‍ പറ്റിയ തെറ്റ് തിരുത്തി യുഡിഎഫുമായി സഹകരിക്കണം. പിണറായിസത്തെയാണ് തോല്‍പ്പിക്കേണ്ടത്. അല്ലാതെ യുഡിഎഫിനെയോ അതിലെ ഏതെങ്കിലും വ്യക്തികളെയോ അല്ല. അന്‍വറിന്റെ പ്രസ്താവനയാണ് വിലങ്ങുതടിയായി നില്‍ക്കുന്നത്. അദ്ദേഹത്തിന്റെ യുഡിഎഫ് പ്രവേശം വിഡി സതീശന്‍ എതിര്‍ത്തിട്ടില്ല. യുഡിഎഫില്‍ അസോസിയേറ്റ് അംഗമാക്കാന്‍ തീരുമാനത്തിലെത്തിയിരുന്നു. അത് പ്രഖ്യാപിക്കാന്‍ താമസം വന്നു. അത് യുദ്ധത്തിന്റെ സാഹചര്യം ഉണ്ടായതുകൊണ്ടും ബൈ ഇലക്ഷന് സാധ്യതയില്ല എന്നതുകൊണ്ടുമാണ്.
ഈ ഉപതെരഞ്ഞെടുപ്പ് യുഡിഎഫിന് വെല്ലുവിളിയല്ല. സ്ഥാനാര്‍ഥിയെ കിട്ടാതെ സിപിഎം പരക്കം പായുകയാണ്. അവസാന ഒരു ഡോക്ടറെ കിട്ടിയിട്ടുണ്ട്. നിലമ്പൂര്‍ താലൂക്ക് ആശുപത്രിയിലെ സൂപ്രണ്ടാണെന്നാണ് കേള്‍ക്കുന്നത്. തൃക്കാക്കരയില്‍ മത്സരിച്ച് ഒരു ഡോക്ടറെ വഴിയാധാരമാക്കി. ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ അടിയന്തരമായി പ്രമേയം പാസാക്കണം. ഞങ്ങളെ സഭയിലെ അംഗങ്ങളെ വഴിയാധാരമാക്കരുതെന്ന് മുഖ്യന്ത്രിയോടും സിപിഎമ്മിനോടും എന്തുവന്നാലും നിലമ്പൂരില്‍ യുഡിഎഫ് ജയിച്ചിരിക്കും. അന്‍വര്‍ ഉണ്ടെങ്കില്‍ 35,000ത്തിന് ജയിക്കും അല്ലെങ്കില്‍ ഭൂരിപക്ഷം അല്‍പം കുറയും' - മുരളീധരന്‍ പറഞ്ഞു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ ക്ലിക്ക് ചെയ്യൂ