
തിരുവനന്തപുരം:ദലിത് സ്ത്രീ (dalit women) യെ വ്യാജക്കേസില്‍ കുടുക്കി മാനസികമായി പീഡിപ്പിച്ച പേരൂര്‍ക്കട എസ്എച്ച്ഒ ശിവകുമാറിന് സ്ഥലം മാറ്റം. കോഴിക്കോട്ടേക്കാണ് സ്ഥലം മാറ്റം. സംഭവത്തില്‍ പേരൂര്‍ക്കട എസ്‌ഐ പ്രസാദിനെയും എഎസ്‌ഐ പ്രസന്നനെയും നേരത്തെ സസ്‌പെന്‍ഡ് ചെയ്തിരുന്നു.
പനവൂര്‍ പനയമുട്ടം പാമ്പാടി തോട്ടരികത്തു വീട്ടില്‍ ബിന്ദുവിനെയാണ് കഴിഞ്ഞ മാസം 23 നു പൊലീസ് സ്റ്റേഷനിലേക്കു വിളിച്ചു വരുത്തി വെള്ളം പോലും നല്‍കാതെ മാനസികമായി പീഡിപ്പിച്ചത്. ബിന്ദു ജോലിക്കു നില്‍ക്കുന്ന വീട്ടിലെ വീട്ടമ്മ സ്വര്‍ണമാല മോഷ്ടിച്ചെന്നാരോപിച്ച് നല്‍കിയ പരാതിയില്‍ 20 മണിക്കൂറോളം നേരമാണ് പൊലീസ് മാനസികമായി പീഡിപ്പിച്ചത്.
മാല നഷ്ടപ്പെട്ടത് ഏപ്രില്‍ 18നാണെങ്കിലും പരാതി നല്‍കിയത് 23നായിരുന്നു. വീട്ടില്‍ അറിയിക്കാതെ ഒരു രാത്രി മുഴുവന്‍ സ്റ്റേഷനില്‍ ഇരുത്തി ബിന്ദുവിനെ ക്രൂരമായി ചോദ്യം ചെയ്യുകയും പിറ്റേന്ന് ഉച്ചയ്ക്ക് 12 മണി വരെ അനധികൃതമായി കസ്റ്റഡിയില്‍ വയ്ക്കുകയും ചെയ്തിരുന്നു. മോഷണം പോയെന്ന് കരുതിയ മൂന്ന് പവന്‍ സ്വര്‍ണമാല അതേ വീട്ടില്‍തന്നെ കണ്ടെത്തിയെങ്കിലും ബിന്ദു കുറ്റം സമ്മതിച്ചെന്നു കാട്ടി എഫ്‌ഐആര്‍ റദ്ദാക്കാതെ പൊലീസ് തുടര്‍നിയമ നടപടിക്ക് ഒരുങ്ങുകയായിരുന്നു.
തുടര്‍ന്ന്, മുഖ്യമന്ത്രിക്കും പൊലീസ് മേധാവിക്കും യുവതി പരാതി നല്‍കി. അസി.കമ്മിഷണര്‍ നടത്തിയ അന്വേഷണത്തില്‍ പൊലീസിനു വീഴ്ചയുണ്ടായതായി കണ്ടെത്തി. കൂലിവേലക്കാരനായ ഭര്‍ത്താവും പ്ലസ്ടുവിനും പത്തിലും പഠിക്കുന്ന 2 മക്കളും അടങ്ങുന്നതാണ് കുടുംബം. നഗരത്തിലെ വീടുകളിലും ഫ്‌ലാറ്റുകളിലും ജോലി ചെയ്തു ലഭിക്കുന്ന വരുമാനമാണ് ബിന്ദുവിന്റെ ആശ്രയം
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ ക്ലിക്ക് ചെയ്യൂ