'സര്‍ക്കാരിനെതിരെയുള്ള കുറ്റപത്രവുമായി സതീശന്‍ രംഗത്തിറങ്ങട്ടെ, അക്കമിട്ട മറുപടി ഞങ്ങളും പറയാം; തുടര്‍ ഭരണത്തിന്റെ പച്ചക്കൊടിയായിരിക്കും സ്വരാജിന്റെ വിജയം'

കിഫ്ബിയില്ലായിരുന്നെങ്കില്‍ നിലമ്പൂരിലെ വിദ്യാലയങ്ങള്‍ ഇങ്ങനെ വികസിക്കുമായിരുന്നോ? വകുപ്പുകള്‍ക്ക് ബജറ്റില്‍ നീക്കിവെയ്ക്കുന്ന പണം മാത്രം ഉപയോഗിച്ച് ആരോഗ്യ, വിദ്യാഭ്യാസ, കായിക മേഖലകളില്‍ മേല്‍പ്പറഞ്ഞ അടിസ്ഥാന സൗകര്യ വികസനം സാധ്യമാണോ?
Dr.T.M Thomas Isaac
Dr.T.M Thomas Isaacഫയൽ ചിത്രം
Updated on

മലപ്പുറം: എല്‍ഡിഎഫ് തുടര്‍ ഭരണത്തിന്റെ പച്ചക്കൊടിയായിരിക്കും നിലമ്പൂരില്‍ എം സ്വരാജിന്റെ വിജയമെന്നും അദ്ദേഹത്തിന്റെ സ്ഥാനാര്‍ഥിത്വത്തിന് ലഭിച്ച പൊതു സ്വീകാര്യത് ആ ലക്ഷ്യത്തിലേയ്ക്കുള്ള പടയോട്ടത്തിന് വലിയ ആത്മവിശ്വാസം നല്‍കുന്നുണ്ടെന്നും സിപിഎം കേന്ദ്രകമ്മിറ്റി അംഗം ടി എം തോമസ് ഐസക്. നിലമ്പൂരില്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ കഴിഞ്ഞ ഒമ്പത് വര്‍ഷം കൊണ്ട് വികസന വിസ്മയം തീര്‍ത്തിട്ടുണ്ട്. 227 കോടി ചെലവില്‍ നിലമ്പൂര്‍ ബൈപാസ് പണിയുന്നത് എല്‍ഡിഎഫ് സര്‍ക്കാരാണെന്നും തോമസ് ഐസക് (Dr.T.M Thomas Isaac) ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

കിഫ്ബിയില്ലായിരുന്നെങ്കില്‍ നിലമ്പൂരിലെ വിദ്യാലയങ്ങള്‍ ഇങ്ങനെ വികസിക്കുമായിരുന്നോ? വകുപ്പുകള്‍ക്ക് ബജറ്റില്‍ നീക്കിവെയ്ക്കുന്ന പണം മാത്രം ഉപയോഗിച്ച് ആരോഗ്യ, വിദ്യാഭ്യാസ, കായിക മേഖലകളില്‍ മേല്‍പ്പറഞ്ഞ അടിസ്ഥാന സൗകര്യ വികസനം സാധ്യമാണോ? യുഡിഎഫിന്റെ അഞ്ചുകൊല്ലക്കാലത്ത് കിഫ്ബി ഉണ്ടായിരുന്നില്ലല്ലോ. അക്കാലത്ത് നിലമ്പൂരിന് നിങ്ങള്‍ എന്തു നല്‍കി? എത്ര റോഡുകള്‍ അന്താരാഷ്ട്ര നിലവാരത്തിലാക്കി, എത്ര വിദ്യാലയങ്ങള്‍ക്ക് പുതിയ കെട്ടിടങ്ങളുണ്ടായി, എത്ര ക്ലാസ് മുറികള്‍ ഹൈടെക്കായി...?

ഫെയ്‌സ്ബുക്ക് കുറിപ്പിന്റെ പൂര്‍ണ രൂപം

നിലമ്പൂരിലെ എം സ്വരാജിന്റെ സ്ഥാനാര്‍ത്ഥിത്വം സോഷ്യല്‍ മീഡിയയിലും മുഖ്യധാരാ മാധ്യമങ്ങളിലും വലിയ ആവേശം സൃഷ്ടിച്ചതിന് കാരണമുണ്ട്. സ്വരാജിന്റെ വ്യക്തിത്വത്തിന്റെ സ്വീകാര്യത ഒരു ഘടകം. ഉപതിരഞ്ഞെടുപ്പിനെ ഇടതുപക്ഷം യഥാര്‍ത്ഥ രാഷ്ട്രീയപോരാട്ടമായി ഏറ്റെടുത്തതിന് ലഭിച്ച പിന്തുണ മറ്റൊരു ഘടകം. സംസ്ഥാന സെക്രട്ടേറിയറ്റ് അംഗത്തെ മത്സരിക്കാന്‍ നിയോഗിച്ചതു വഴി തുടര്‍ഭരണം എന്ന ലക്ഷ്യത്തിനു മുന്നില്‍ ഒരു വിട്ടുവീഴ്ചയുമില്ലെന്ന് സിപിഐഎമ്മും ഇടതുപക്ഷവും പ്രഖ്യാപിക്കുകയാണ്. ആ തീരുമാനത്തിന് ലഭിച്ച സ്വീകാര്യതയാണ് സ്വരാജിന്റെ സ്ഥാനാര്‍ത്ഥിത്വം സൃഷ്ടിച്ച ആവേശത്തില്‍ പ്രതിഫലിക്കുന്നത്.

എന്തിന് തുടര്‍ഭരണം? നിലമ്പൂരിലെയും കേരളത്തിലെയും ജനങ്ങള്‍ക്കു മുന്നില്‍ വെയ്ക്കാന്‍ എല്‍ഡിഎഫിന് വ്യക്തമായ ഉത്തരമുണ്ട്. വി.ഡി. സതീശന്റെ വെല്ലുവിളി ഞങ്ങള്‍ ഏറ്റെടുക്കുന്നു. സര്‍ക്കാരിനെതിരെയുള്ള കുറ്റപത്രവുമായി സതീശന്‍ രംഗത്തിറങ്ങട്ടെ. അക്കമിട്ട മറുപടി ഞങ്ങളും പറയാം. നിലമ്പൂരിലാണല്ലോ തിരഞ്ഞെടുപ്പ്? 2011 മുതല്‍ 2016 വരെ യുഡിഎഫ് സര്‍ക്കാരിലെ മന്ത്രിയായിരുന്നല്ലോ ആ നാട്ടിലെ ജനപ്രതിനിധി. അക്കാലത്ത് നിലമ്പൂരില്‍ ഉണ്ടായ വികസനവും 2016നു ശേഷം ഉണ്ടായ വികസനവും നമുക്കു താരതമ്യം ചെയ്യാം. നിലമ്പൂരില്‍ ഇടതുപക്ഷ സര്‍ക്കാരിനെതിരെ കുറ്റപത്രവുമായി രംഗത്തിറങ്ങുമ്പോള്‍ ഈ പോയിന്റ് വി ഡി സതീശന്‍ വിട്ടുപോകരുത്. 227 കോടി ചെലവില്‍ നിലമ്പൂര്‍ ബൈപാസ് പണിയുന്നത് എല്‍ഡിഎഫ് സര്‍ക്കാരാണ്. എന്തു റോഡു വികസനമാണ് യുഡിഎഫിന്റെ കാലത്ത് നിലമ്പൂരിലുണ്ടായത്?

2011-16 കാലത്ത് നിലമ്പൂരില്‍ യുഡിഎഫ് സര്‍ക്കാര്‍ എത്രപേര്‍ക്ക് വീടു കൊടുത്തു? കേരളമാകെ നടന്ന് യുഡിഎഫ് നേതാക്കള്‍ വ്യാജപ്രചരണം നടത്തുന്നതുപോലെ എളുപ്പമല്ല ഈ ചോദ്യത്തിന് ഉത്തരം പറയല്‍. നാട്ടുകാരുടെ മുന്നില്‍ വെറുതെ എണ്ണം പറഞ്ഞാല്‍പ്പോര. ഏതു പഞ്ചായത്തില്‍, ഏത് വാര്‍ഡില്‍, എത്രപേര്‍ക്ക് ഉമ്മന്‍ചാണ്ടിയുടെ സര്‍ക്കാര്‍ വീടു നല്‍കിയെന്ന് പറയണം. 2016-നുശേഷമുള്ള കണക്ക് ഞങ്ങള്‍ പറയാം. ജനം തീരുമാനിക്കട്ടെ, ആരുടെ ഭരണമാണ് നല്ലതെന്ന്...?

2011-16 കാലത്ത് നിലമ്പൂരില്‍ എത്രപേര്‍ക്ക് യുഡിഎഫ് മുടങ്ങാതെ പെന്‍ഷന്‍ കൊടുത്തു? പഞ്ചായത്തും വാര്‍ഡും തിരിച്ച്, തെളിവു സഹിതമുള്ള കണക്ക് കുറ്റപത്രത്തിലുണ്ടാകണം. 2016നു ശേഷം നിലമ്പൂരില്‍ എത്ര പേര്‍ക്ക് എത്ര രൂപ വെച്ച് മുടങ്ങാതെ പെന്‍ഷന്‍ കിട്ടിയെന്ന കണക്ക് ഞങ്ങളും വെയ്ക്കാം. ഏതാണ് മെച്ചമെന്ന് നിലമ്പൂരുകാര്‍ തീരുമാനിക്കട്ടെ.

കിഫ്ബിയെ തകര്‍ക്കാന്‍ പഠിച്ചപണി പതിനെട്ടും പയറ്റിയവരാണല്ലോ യുഡിഎഫുകാര്‍. കിഫ്ബി വഴി നിലമ്പൂരില്‍ എത്രകോടിയുടെ വികസനമാണ് സാധ്യമായത് എന്നറിയാമോ? റോഡുവികസനത്തിന്റെ കാര്യം ആദ്യം പറയാം. 131 കോടി ചെലവിലാണ് പൂക്കോട്ടുപാടം കാളികാവ് + കരുവാരക്കുണ്ട് റോഡു വികസിക്കുന്നത്. 115 കോടി ചെലവിലാണ് പൂക്കോട്ടുപാടം മുണ്ടേരി റോഡ് വികസിക്കുന്നത്. പൂക്കോട്ടുംപാടം മൂലേപ്പാടം റോഡിന് 101 കോടിയാണ് ചെലവ്. മൂന്നു റോഡിന് 307 കോടി. കിഫ്ബി ഇല്ലായിരുന്നെങ്കില്‍ എങ്ങനെ ഈ ഫണ്ട് കണ്ടെത്തുമായിരുന്നു? എങ്ങനെ ഈ റോഡുകള്‍ ഇങ്ങനെ വികസിക്കുമായിരുന്നു? ഇക്കാര്യങ്ങള്‍ നിലമ്പൂരുകാരോട് വിശദീകരിക്കാനുള്ള ഉത്തരവാദിത്തം യുഡിഎഫ് കാണിക്കണം.

നിലമ്പൂരില്‍ കിഫ്ബി വഴി നടക്കുന്ന മറ്റു പദ്ധതികള്‍ പറയാം.. മിനി സ്റ്റേഡിയത്തിന് 18.3 കോടി, മണ്ഡലത്തിലെ ഏഴ് സ്‌കൂളുകളുടെ നവീകരണത്തിന് 5.79 കോടി, മൂത്തേടം, വഴിക്കടവ് ഗ്രാമപഞ്ചായത്തുകളില്‍ ആധുനിക ശ്മശാനങ്ങള്‍ (3.76 കോടി), നിലമ്പൂര്‍ കോളജിന്റെ അടിസ്ഥാന സൗകര്യവികസനത്തിന് 1.25 കോടി,. ചുങ്കത്തറ സിഎച്ച്‌സിയില്‍ 10 ബെഡുകളുള്ള ഐസൊലേഷന്‍ വാര്‍ഡിന് 1.66 കോടി, ഇങ്ങനെ എത്രയോ പദ്ധതികള്‍...

കിഫ്ബിയില്ലായിരുന്നെങ്കില്‍ നിലമ്പൂരിലെ വിദ്യാലയങ്ങള്‍ ഇങ്ങനെ വികസിക്കുമായിരുന്നോ? വകുപ്പുകള്‍ക്ക് ബജറ്റില്‍ നീക്കിവെയ്ക്കുന്ന പണം മാത്രം ഉപയോഗിച്ച് ആരോഗ്യ, വിദ്യാഭ്യാസ, കായിക മേഖലകളില്‍ മേല്‍പ്പറഞ്ഞ അടിസ്ഥാന സൗകര്യ വികസനം സാധ്യമാണോ? യുഡിഎഫിന്റെ അഞ്ചുകൊല്ലക്കാലത്ത് കിഫ്ബി ഉണ്ടായിരുന്നില്ലല്ലോ. അക്കാലത്ത് നിലമ്പൂരിന് നിങ്ങള്‍ എന്തു നല്‍കി? എത്ര റോഡുകള്‍ അന്താരാഷ്ട്ര നിലവാരത്തിലാക്കി, എത്ര വിദ്യാലയങ്ങള്‍ക്ക് പുതിയ കെട്ടിടങ്ങളുണ്ടായി, എത്ര ക്ലാസ് മുറികള്‍ ഹൈടെക്കായി...?

ഞങ്ങളുടെ വെല്ലുവിളി കൃത്യമാണ്. നിലമ്പൂരില്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ കഴിഞ്ഞ ഒമ്പതു വര്‍ഷം കൊണ്ട് വികസന വിസ്മയം തീര്‍ത്തിട്ടുണ്ട്. ചിത്രങ്ങളും തെളിവുകളും ഞങ്ങള്‍ നിരത്താം. ഈ വികസന വിസ്മയത്തെ 2011-2016കാലത്തെ യുഡിഎഫിന്റെ നിര്‍ജീവ ഭരണത്തോട് താരതമ്യപ്പെടുത്താന്‍ യുഡിഎഫിനെ ഞങ്ങള്‍ വെല്ലുവിളിക്കുകയാണ്. ധൈര്യമുണ്ടോ, ആ വെല്ലുവിളി ഏറ്റെടുക്കാന്‍?

ഈ വികസന മുന്നേറ്റം കൂടുതല്‍ കരുത്തോടെ സ.എം. സ്വരാജ് മുന്നോട്ടു കൊണ്ടു പോകുമെന്നാണ് എല്‍ഡിഎഫ് നിലമ്പൂരിന് നല്‍കുന്ന ഉറപ്പ്. തുടര്‍ഭരണത്തിന്റെ പച്ചക്കൊടിയായിരിക്കും നിലമ്പൂരില്‍ സ്വരാജിന്റെ വിജയം. അദ്ദേഹത്തിന്റെ സ്ഥാനാര്‍ത്ഥിത്വത്തിന് ലഭിച്ച പൊതുസ്വീകാര്യത ആ ലക്ഷ്യത്തിലേയ്ക്കുള്ള പടയോട്ടത്തിന് വലിയ ആത്മവിശ്വാസമാണ് നല്‍കുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക

ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com