fake drug case
ഷീല സണ്ണി, നാരായണ ദാസ്

ഷീലയുടെ വണ്ടിയില്‍ ലഹരി വച്ചത് മരുമകളുടെ സഹോദരി; എക്‌സൈസിനെ വിളിച്ചറിയിച്ചത് നാരായണ ദാസ്

ചാലക്കുടിയിലെ ബ്യൂട്ടിപാര്‍ലര്‍ ഉടമയായിരുന്ന ഷീല സണ്ണിയെ വ്യാജ ലഹരിമരുന്നു കേസില്‍ കുടുക്കിയതിനു പിന്നില്‍ വ്യക്തിവൈരാഗ്യമെന്ന് പൊലീസ്
Published on

തൃശൂര്‍: ചാലക്കുടിയിലെ ബ്യൂട്ടിപാര്‍ലര്‍ ഉടമയായിരുന്ന ഷീല സണ്ണിയെ വ്യാജ ലഹരിമരുന്നു കേസില്‍ കുടുക്കിയതിനു പിന്നില്‍ വ്യക്തിവൈരാഗ്യമെന്ന് പൊലീസ്. ഷീലാ സണ്ണിയെ മയക്കുമരുന്ന് കേസില്‍ കുടുക്കാന്‍ ഗൂഢാലോചന നടന്നതായും അന്വേഷണത്തില്‍ തെളിഞ്ഞതായും പൊലീസ് പറയുന്നു.

കുടുംബപ്രശ്‌നങ്ങളാണ് കള്ളക്കേസിന് പിന്നില്‍. ഷീലയുടെ ഇറ്റലി യാത്ര മുടക്കലും പ്രതികളുടെ ലക്ഷ്യമായിരുന്നുവെന്നും പൊലീസ് പറയുന്നു. ഷീലയുടെ മകന്റെ ഭാര്യാസഹോദരി ലിവിയ ജോസിനെ രണ്ടാം പ്രതിയാക്കും. ഷീലയെ കള്ളക്കേസില്‍ കുടുക്കിയതില്‍ പങ്കുണ്ടെന്ന് ആരോപണമുയര്‍ന്നതിനു പിന്നാലെ ലിവിയ ദുബായിലേക്കു കടന്നിരുന്നു. ഇവരെ നാട്ടിലെത്തിക്കാന്‍ ഇന്റര്‍പോളിന്റെ സഹായം തേടും. നേരത്തേ ഹൈക്കോടതി ലിവിയയുടെ അറസ്റ്റ് തടഞ്ഞിരുന്നു.

ഷീലയെ കുടുക്കാനുപയോഗിച്ച ലഹരിസ്റ്റാംപ് വാങ്ങിയതും അത് ഷീലയുടെ സ്‌കൂട്ടറില്‍ വച്ചതും ലിവിയയാണെന്ന് കേസില്‍ അറസ്റ്റിലായ ഒന്നാം പ്രതി നാരായണ ദാസ് മൊഴി നല്‍കിയതായി സൂചനയുണ്ട്. ലിവിയയ്ക്കു വ്യാജ എല്‍എസ്ഡി സ്റ്റാംപ് കൈമാറിയതും ലിവിയയുടെ നിര്‍ദേശ പ്രകാരം എക്‌സൈസിനെ വിളിച്ചറിയിച്ചതും താനാണെന്നും നാരായണ ദാസിന്റെ മൊഴിയിലുണ്ട്. അന്വേഷണത്തിനിടെയാണ് നാരായണ ദാസാണ് ലിവിയയുടെ സുഹൃത്തെന്നു പൊലീസ് കണ്ടെത്തിയത്.

കേസിലെ മുഖ്യപ്രതി നാരായണ ദാസിനെ പ്രത്യേക അന്വേഷണ സംഘം ബംഗളൂരുവില്‍ നിന്നാണ് പിടികൂടിയത്. നാരായണ ദാസും ലിവിയയും ചേര്‍ന്നാണ് ഗൂഢാലോചന നടത്തിയത്. 2023 ഫെബ്രുവരി 27നാണ് ഷീലയുടെ സ്‌കൂട്ടറില്‍ നിന്ന് എല്‍എസ്ഡി സ്റ്റാമ്പുകളെന്ന് സംശയിക്കുന്നവ ചാലക്കുടി എക്‌സൈസ് പിടിച്ചെടുത്തത്. അറസ്റ്റിലായ ഷീല 72 ദിവസം ജയിലിലായി. രാസപരിശോധനയില്‍ മയക്കുമരുന്നിന്റെ സാന്നിധ്യം കണ്ടെത്താനായില്ല. തുടര്‍ന്ന് ഷീലയെ പ്രതിസ്ഥാനത്ത് നിന്ന് ഒഴിവാക്കുകയായിരുന്നു. ഷീലയെ കുടുക്കാന്‍ നാരായണ ദാസാണ് എക്‌സൈസിന് ഫോണ്‍ ചെയ്തതെന്നും പൊലീസ് പറഞ്ഞു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com